പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, May 13, 2016

അല്ലാഹുവിന്റെ വിധിയും കണ്ണേറും | എ അബ്ദുസ്സലാം സുല്ലമി



അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ. നാവ്, കണ്ണ്, കറുത്തപൂച്ച, നായ, കൂമന്‍ മുതലായവയെല്ലാം ദൃശ്യവും ഭൗതികവുമായ  സൃഷ്ടികളാണ്. ദൃശ്യവും ഭൗതികവുമായ ജീവികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ദൃശ്യവും ഭൗതികവുമായ നിലയ്ക്ക് മാത്രമേ നന്മയും തിന്മയും വരികയുള്ളൂ. ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതിനാല്‍ അവര്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നാം ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നമുക്ക് ന്മയും തിന്മയും ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് നന്മയും തിന്മയും ചെയ്യാന്‍ സാധിക്കുന്നതുപോലെ.

ഇത്രയും വിവരിച്ചത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ പ്രധാന ആശയമാണ്. അദൃശ്യവും അഭൗതികവുമായ (ഗൈബ്) നിലയ്ക്ക് അല്ലാഹുവിനെ മാത്രമേ ഭയപ്പെടാന്‍ പാടുള്ളൂ എന്നത് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയതാണ്. ഒരാളുടെ കണ്ണിനെയും നാവിനെയും അഭൗതികവും അദൃശ്യവുമായ നിലയ്ക്ക് ഭയപ്പടല്‍ ശിര്‍ക്കാണ്. ഇവ ഫലിക്കുമെങ്കില്‍ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് ഇവയെ ഭയപ്പെടല്‍ അനിവാര്യമാകുന്നതാണ്. അദൃശ്യവും അഭൗതികവുമായ ഭയം ശിര്‍ക്കായതുകൊണ്ടാണ് ശകുനം ശിര്‍ക്കായി വിശുദ്ധ ഖുര്‍ആനും സുന്നത്തും ദര്‍ശിക്കുന്നത്. അദൃശ്യമായ ഭയത്തിനാണ് ശകുനം, നഹ്‌സ് എന്നെല്ലാം പറയുന്നത്. ശകുനത്തിന്റെ ഒരു ഇനം തന്നെയാണ് നാക്കേറും കണ്ണേറും. നാവിന്റെ പരദൂഷണവും ഏഷണിയും കളവുംഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ ഭയമല്ല. ഇവ കാരണം ദൃശ്യവും ഭൗതികവുമായ നിലയ്ക്കാണ് നന്മയും തിന്മയും ഉണ്ടാവുക. ഇതുപോലെ കണ്ണിന്റെ വശ്യത മൂലം ഉണ്ടാകുന്ന നന്മയും തിന്മയും ദൃശ്യവും ഭൗതികവുമാണ്.

പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായതിനാണ് അദൃശ്യം. എന്നാല്‍ ശാസ്ത്രീയമായ ഉപകരണങ്ങളിലൂടെ മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്നവക്ക് സാങ്കേതികമായി അദൃശ്യം, അഭൗതികം എന്ന് പറയുകയില്ല. ഒരു കാലത്ത് അദൃശ്യവും അഭൗതികവുമായത് പില്‍ക്കാലത്ത് ദൃശ്യവും ഭൗതികവുമാകുന്നില്ല. അതേസമയം ഒരു കാലത്ത് അജ്ഞാതമായതും പില്‍ക്കാലത്ത് കണ്ടുപിടിച്ചതുമായ വസ്തുക്കള്‍ അജ്ഞാതമായ കാലത്തും അദൃശ്യവും അഭൗതികവുമായ വസ്തുക്കളായിരുന്നില്ല. ശൂന്യതയില്‍ നിന്ന് ഒരു വസ്തുവിന് അസ്തിത്വം നല്‍കുന്നതിനാണ് സാങ്കേതികമായി സൃഷ്ടിപ്പ് എന്ന് പറയുക. പരിവര്‍ത്തനം ചെയ്യുന്നതിന് പറയുകയില്ല. എന്നാല്‍ ഭാഷാപരമായി പരിവര്‍ത്തനം ചെയ്യുന്നതിനും നാം സൃഷ്ടിപ്പ് എന്ന് പറയാറുണ്ട്.

ഭാഷാപരമായ അര്‍ഥവും സാങ്കേതികമായ അര്‍ഥവും രണ്ടാണ്. കണ്ണേറ് ഫലിക്കുമോ, ഇല്ലയോ എന്നത് വിശ്വാസപരമായ കാര്യമാണ്. തൗഹീദുമായി ബന്ധപ്പെടുന്നതാണ്. ഇത്തരം വിഷയങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ പേരാ. ഹദീസ് സ്വഹീഹാകാന്‍ ആശയത്തിനും പരമ്പരയ്ക്കും ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ച നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയായാലും ഖബറുല്‍ വാഹിദ് കൊണ്ട് വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുകയില്ല എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് ഇമാം ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മുസ്‌ലിം ലോകവും അഭിപ്രായപ്പെടുന്നത് ഖബറുല്‍ വാഹിദ് കൊണ്ട് ഇല്‍മ് ലഭിക്കുമെന്ന് പറയുന്നവരും ദൃഢമായ അറിവ് ലഭിക്കുമെന്നും അതിനാല്‍ ബാഹ്യമായ തെളിവുകള്‍ ഇല്ലാതെതന്നെ വിശ്വാസകാര്യത്തിന് പറ്റുമെന്നും പറയുന്നില്ല.

എന്നാല്‍ ജിന്നുവാദികള്‍ കണ്ണേറ് സ്ഥാപിക്കാന്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാറുണ്ട്. ജിന്നുവാദികളുടെ നേതാവ് എഴുതുന്നു: അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ! ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്യിച്ചോളൂ). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു (തിര്‍മിദി 2059, ഇബ്‌നുമാജ 3510). തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുള്ളത് ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് പെട്ടെന്ന് ഫലിക്കുകയാണ് എന്നാണ്.'' (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുഖിയ, ശറഇയ്യ: ഒരു പ്രാമാണിക പഠനം, കെ കെ സകരിയ്യാ സ്വലാഹി, പേ. 108)

ആശയവും പരമ്പരയും ദുര്‍ബലമായ ഹദീസാണിത്. ആശയത്തിന്റെ ദുര്‍ബലത നാം വിവരിച്ചു. ഒരാള്‍ക്ക് കണ്ണേറ് മൂലം ഉണ്ടായ ഉപദ്രവവും അല്ലാതെ ഉണ്ടായ ഉപദ്രവവും എങ്ങനെയാണ് വേര്‍തിരിച്ച് മനസ്സിലാക്കുക? രണ്ടും ഒരേ ചികിത്സയാണോ? അതിനാല്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതില്ല എന്നാണോ മറുപടി. എല്ലാ മനുഷ്യന്റെ കണ്ണേറും ഫലിക്കുമോ? അതല്ല പ്രത്യേകം ചിലരുടെ കണ്ണേറ് മാത്രമാണോ ഫലിക്കുക? കേരളത്തില്‍ അപ്രകാരം അറിയപ്പെട്ട ആരെങ്കിലുമുണ്ടോ? കണ്ണേറ് ഫലിക്കുമെങ്കില്‍ സെക്യൂരിറ്റി കൊണ്ട് എന്ത് ഫലമാണ് ലഭിക്കുക? തീവ്രവാദികള്‍ക്ക് കണ്ണേറുകാരെ വാടകക്ക് എടുത്താല്‍പോരേ? കണ്ണേറ്‌കൊണ്ട് ഉപദ്രവിച്ചതാണ് എന്ന് പറഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കുമോ? കണ്ണേറുപോലെ സുരക്ഷിതമാര്‍ഗം ഉണ്ടാകുമ്പോള്‍ എന്തിനാണ് കേസില്‍ കുടുങ്ങുന്ന ബോംബ് പോലെയുള്ള മാര്‍ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കുന്നത്?

എന്റെ കണ്ണേറ് ഫലിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന വല്ലവരും ഉണ്ടോ? കണ്ണേറ് ഫലിപ്പിക്കാന്‍ അവനെ വെല്ലുവിളിച്ചാല്‍ വെല്ലുവിളി അവന്‍ സ്വീകരിക്കുമോ? നിന്റെ കണ്ണേറാണ് എനിക്ക് പറ്റിയത് എന്ന് പറഞ്ഞാല്‍ അയാള്‍ അത് അംഗീകരിക്കുമോ? കണ്ണേറുകൊണ്ട് എന്തെല്ലാം ഉപദ്രവങ്ങള്‍ ഒരാളെ ഏല്‍പിക്കാന്‍ സാധിക്കും? വധിക്കാന്‍ സാധിക്കുമോ? വധിച്ചാല്‍ കൊലക്കുറ്റത്തിന് അയാളെ ശിക്ഷിക്കാന്‍ മതം അനുവദിക്കുമോ? വസ്തു നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കാന്‍ അവകാശമുണ്ടോ? കെട്ടിടം തകര്‍ത്താല്‍ എന്താണ് ശിക്ഷ? പാലം പൊളിക്കാനും വിമാനം വീഴ്ത്താനും ആളെ വീഴ്ത്താനും കണ്ണേറുകൊണ്ട് സാധിക്കുമോ? കണ്ണ് മാറ്റിവെച്ചാല്‍ ഈ സിദ്ധി നഷ്ടപ്പെടുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ.

കണ്ണേറ് ഫലിക്കുമെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. തിര്‍മിദിയുടെയും ഇബ്‌നുമാജയുടെയും പരമ്പരയില്‍ അംറുബ്‌നു ദീനാര്‍ എന്നയാളുണ്ട്. ഇയാളെക്കുറിച്ച് ഒരാളും വിശ്വ സ്തനാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇയാളുടെ കണ്ണേറിന്റെ ഹദീസ് ഉദ്ധരിച്ച തിര്‍മിദി തന്നെ ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ബുഖാരിയും മുസ്‌ലിമും ഇയാളെ വര്‍ജിച്ചിരിക്കുന്നു. ഇബ്‌നുഇല്ലിയ്യ(റ) പറയുന്നു: ഇയാള്‍ക്ക് ഹദീസുകള്‍ മനപ്പാഠമില്ല. ഇമാം അഹ്മദ്(റ) പറയുന്നു: ദുര്‍ബലനാണ്. ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. ഹദീസുകള്‍ എല്ലാം അവഗണിക്കേണ്ടതാണ്. അംറുബ്‌നു അലി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇമാം അബൂഹാതിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ വ്യക്തിയാണ്.

ഇദ്ദേഹത്തെപ്പറ്റി മുഹദ്ദിസുകള്‍ പറയുന്നു: ''അബൂസൂര്‍അ: ഇയാളുടെ ഹദീസുകള്‍ വളരെ ദുര്‍ബലമാണ്. ഇമാം ബുഖാരി(റ): വിമര്‍ശിക്കപ്പെട്ടവനാണ്. ഇമാം അബൂദാവൂദ്(റ): യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. തിര്‍മിദി(റ): ഇയാള്‍ പ്രബലനല്ല. ഇമാം നസാഈ(റ): ഇയാള്‍ വിശ്വസ്തനല്ല. മുറ(റ): ദുര്‍ബലനാണ്. ഇമാം ജൗസിജാനി(റ): ദുര്‍ബലനാണ്. ഇമാം ദാറഖുത്‌നി(റ): ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുഹിബ്ബാന്‍(റ): ഇയാളുടെ ഹദീസുകള്‍ അനുവദനീയമല്ല. നിര്‍മിതമായ ഹദീസുകള്‍ ഇയാള്‍ ഉദ്ധരിക്കാറുണ്ട്. ഇമാം ഹാകിം(റ): പ്രബലനല്ല. ഇമാം സാജി(റ): ഇയാള്‍ ദുര്‍ബലനാണ്.'' (തഹ്ദീബ്, മീസാന്‍)

ഇയാളുടെ വാചകങ്ങളാണ് നബി(സ) പറയുന്നു എന്ന് പറഞ്ഞ് ജിന്നുവാദികള്‍ ഉദ്ധരിക്കുന്നത്. ഹദീസിനെ അല്ലാഹു സംരക്ഷിക്കും എന്ന് ഇവര്‍ പറഞ്ഞതിന്റെ ശരിയായ ഉദ്ദേശമാണ് നാം മുകളില്‍ കണ്ടത്. ജിന്നുവാദികള്‍ വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്.

നബി(സ)യുടെ ഹദീസിനെ കള്ള ഹദീസുകളില്‍ നിന്ന് മോചിപ്പിക്കലാണ്. ഹദീസ് നിഷേധം എന്നതിന്റെ മുന്നില്‍ ഒരു പദംകൂടി ചേര്‍ത്തിയാല്‍ മതി. കള്ള ഹദീസ് നിഷേധം.   



ശബാബ്,
2016 മെയ് 13

Wednesday, March 23, 2016

ഖുര്‍ആന്‍ ഒന്നാം പ്രമാണമാണ് എന്നതിന്റെ ഉദ്ദേശ്യം | എ അബ്ദുസ്സലാം സുല്ലമി



മുസ്‌ലിം ലോകം അഭിപ്രായ വ്യത്യാസമില്ലാതെ ഐക്യരൂപത്തില്‍ അംഗീകരിച്ചുവരുന്ന മൗലികവും അടിസ്ഥാനപരവുമായ തത്വമാണ് വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമാണെന്നത്. ഇമാം ഗസ്സാലി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ മുസ്തസ്വ്ഫയില്‍ ഇപ്രകാരമാണ് ഖുര്‍ആന്‍ നിര്‍വചനം പറയുന്നത്. ജിന്നുവാദികള്‍ മാത്രമാണ് ഈ തത്വത്തെ എതിര്‍ക്കുന്നത്.

Friday, September 18, 2015

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ? -2

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്) ആയത്തുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ക്രിസ്ത്യാനികളും ജൂതന്മാരും പ്രസിദ്ധീകരിച്ച തഅ്‌ലീഖാത്ത് പോലെയുള്ള ഗ്രന്ഥങ്ങളില്‍ എടുത്തുകാണിക്കാറുള്ള തെളിവുകളെ വിശകലനം ചെയ്യാം:
മരണവും ഇദ്ദയും

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ?

വയാഥാസ്ഥിതികര്‍ എഴുതുന്നു: ''ഖുര്‍ആനില്‍ നസ്ഖ് ഉണ്ടോ എന്ന വിഷയത്തില്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്നു തെറ്റി ചേകന്നൂരി മതക്കാരുടെ ആദര്‍ശത്തിലാണ് മടവൂരികള്‍ എത്തിനില്ക്കുന്നത്. ഒരു ചേകന്നൂരി നേതാവിന്റെ വരികള്‍ കാണുക: ''ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം മാറ്റിപ്പറയുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന സമ്പ്രദായം ദൈവത്തിനില്ല. (ഖുര്‍ആന്‍ ട്രൂത്ത് ദര്‍ശനം -2007 സപ്തംബര്‍, പേജ് 27).'' (അല്‍ഇസ്വ്‌ലാഹ് മാസിക -2012 മെയ്, പേജ് 29)

Wednesday, December 24, 2014

നബിദിനവും ഖുര്‍ആനും



നബിദിനം എന്ന അനാചാരത്തെ ഇസ്‌ലാമിലെ പുണ്യകര്‍മമാക്കുവാന്‍വേണ്ടി പുരോഹിതന്‍ 53 ആയത്തുകളാണ്  ഉദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ആയത്തിലെങ്കിലും നബിദിനം ആഘോഷിക്കല്‍ പുണ്യകര്‍മമാണെന്നതിന് ഒരു സൂചനയെങ്കിലും കണ്ടെത്തുവാന്‍ സാധ്യമല്ല. സാധിക്കുമെങ്കില്‍ നബി(സ)ക്കും സ്വഹാബിവര്യന്മാര്‍ക്കും നാലാംനൂറ്റാണ്ട് വരെ ജീവിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും അത് അജ്ഞാതമാവുകയില്ല. മുസ്‌ലിയാര്‍ ഉദ്ധരിച്ച ആയത്തുകളുടെ പൊതുവായ സ്വഭാവം വിവരിക്കാം.

1. ''അനുഗ്രഹത്തെ സ്മരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ്: 172). ഇതില്‍ ആര്‍ക്കും അഭിപ്രായ ഭിന്നതയില്ല. അനുഗ്രഹത്തെ ഓര്‍മിച്ച് അനാചാരങ്ങള്‍ ചെയ്യുകയല്ല പ്രത്യുത, അവയെ വര്‍ജിച്ച് നബിചര്യ സ്വീകരിക്കുകയാണ് വേണ്ടത്. പെരുന്നാളുകള്‍ ആഘോഷിക്കുവാന്‍ ഇസ്‌ലാം കല്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്യപാനത്തില്‍ ഏര്‍പെടുന്നതിനെയും സിനിമാ നടന്‍മാരെയും നടിമാരെയും ക്ഷണിച്ച് വരുത്തി നൃത്തംചവിട്ടിക്കുന്നതിനെയും അംഗീകരിക്കുവാന്‍ സാധ്യമല്ല. അനുഗ്രഹത്തെ ഓര്‍മിക്കുവാന്‍ പറഞ്ഞതില്‍ നബിദിനത്തിന് തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് നബിക്കും സ്വഹാബിവര്യന്മാര്‍ക്കും അത് മനസ്സിലായില്ല?

''അനുഗ്രഹം എടുത്തുപറയുവാന്‍ കല്‍പിക്കുന്ന സൂക്തങ്ങള്‍'' (പേജ്: 173). ഇതിനും വിരോധം പറയുന്നില്ല. നബി(സ)യുടെ ജന്മദിനം ആഘോഷിക്കുവാന്‍ ഇതില്‍ തെളിവില്ല. ഗവേഷണത്തിലൂടെ പുണ്യകര്‍മം സ്ഥിരപ്പെടുകയില്ല. സ്ഥിരപ്പെടുമെങ്കില്‍ പതിനായിരക്കണക്കിന് പുണ്യകര്‍മങ്ങള്‍ ഇനിയും ഉണ്ടാക്കുവാന്‍ സാധിക്കുന്നതാണ്.

''പ്രവാചകന്മാരുടെ മദ്ഹ് ഖുര്‍ആനില്‍ പറഞ്ഞ സൂക്തങ്ങള്‍'' (പേജ് 173). എന്നിട്ടും ഈ നബിമാരുടെ ജന്മദിനം ആഘോഷിക്കുവാന്‍ മുഹമ്മദ് നബി(സ) നിര്‍ദേശിച്ചില്ല. സുന്നികള്‍ ഇബ്‌റാഹീം നബി(അ), മൂസാനബി(അ), ഈസാനബി(അ) എന്നിവരുടെ ജന്മദിനം പോലും ആഘോഷിക്കുന്നില്ലല്ലോ. ക്രിസ്തുമസ് എന്തുകൊണ്ട് ഇവര്‍ ആഘോഷിക്കുന്നില്ല? പ്രവാചകന്‍മാരുടെ മദ്ഹ് മാത്രമല്ല സ്വഹാബിവര്യന്മാരുടെ മദ്ഹും ഖുര്‍ആനില്‍ പറയുന്നുണ്ട്. എന്നിട്ടും ഒരു സ്വഹാബിവര്യന്റെ ജന്മദിനംപോലും ഇവര്‍ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല?

എല്ലാ പക്ഷികളും മൃഗങ്ങളും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നുണ്ടെന്നും  എങ്ങനെ  നമസ്‌കരിക്കണമെന്ന് അവ ഗ്രഹിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ വിവരിച്ച് തന്നു. അവയുടെ മദ്ഹും പറയുന്നുണ്ട്. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മദ്ഹും വിവരിക്കുന്നതു കാണാം.

''അല്ലാഹുവിന്റെ ചിഹ്‌നങ്ങളെ ആദരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (പേജ്: 175). ഈ സൂക്തങ്ങള്‍ ഇവര്‍ക്ക് എതിരാണ്. ഇവര്‍ നബിചര്യയെ അല്ല, പ്രത്യുത അനാചാരങ്ങളെയാണ് ആദരിക്കുന്നത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നവര്‍ ഇസ്‌ലാമില്‍ പുതിയ പുണ്യകര്‍മങ്ങള്‍ ഉണ്ടാക്കുകയില്ല. നബി(സ) ഉപേക്ഷിച്ചത് ഉപേക്ഷിക്കലും സുന്നത്താണ്. (അല്‍ ഉമ്മ്)

''മുഹമ്മദ് നബി(സ)യെ ആദരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (പേജ് 176). ഈ വര്‍ഗത്തിന് മൗലിദിന്റെ പൈസയും ചോറും കണ്ട് ബുദ്ധിഭ്രമം സംഭവിച്ചിരിക്കുകയാണ്. മതത്തില്‍ പുതിയതായി ഉണ്ടാക്കുന്നതെല്ലാം അനാചാരമാണെന്നും അവയെല്ലാം വര്‍ജിക്കണമെന്നും നബി(സ) പ്രഖ്യാപിച്ചതിനെ അവഗണിച്ചുകൊണ്ടാണ് ഇവര്‍ നബിയുടെ ജന്മദിനം ആഘോഷിക്കുന്നതുതന്നെ.

''പൂര്‍വിക നബിമാരെ പിന്‍പറ്റുവാന്‍ മുഹമ്മദ് നബി(സ)യോട് കല്പിച്ച സൂക്തങ്ങള്‍'' (പേജ്: 178). ഇതുകൊണ്ട് തന്നെയാണ് നബി(സ) പൂര്‍വിക നബിമാരുടെ ജന്മദിനം ആഘോഷിക്കാതിരുന്നത്; നബി(സ) തന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കല്പിക്കാതിരുന്നതും.

''സത്യവിശ്വാസികളുടെ മദ്ഹ് പറയുന്ന സൂക്തങ്ങള്‍'' (പേജ്: 179). എന്നിട്ട് എന്തുകൊണ്ട് ഇവര്‍ സ്വഹാബിവര്യന്മാരുടെ ജന്മദിനംപോലും ആഘോഷിക്കുന്നില്ല, ഇവരുടെ ഉസ്താദുമാരുടെ ജന്മദിനം ആഘോഷിക്കുന്നില്ല?

''മുഹമ്മദ് നബി(സ)യുടെ ശ്രേഷ്ഠത വിവരിക്കുന്ന സൂക്തങ്ങള്‍''(പേജ്: 181). ഇതില്‍ തന്റെ ജന്മദിനം ആഘോഷിക്കാന്‍ തെളിവുള്ളതായി നബി(സ)ക്കുപോലും മനസ്സിലായില്ല. നബി(സ) ജനിച്ച ദിവസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മാസത്തിന്റെ കാര്യത്തില്‍പോലും പൂര്‍വിക പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഇന്ന മാസത്തിലാണ് ജനിച്ചത്, ഇന്ന തിയ്യതിയിലാണ് ജനിച്ചത് എന്ന് നബി(സ) വിവരിച്ചു തരികയുണ്ടായില്ല. മുഹമ്മദ് നബി(സ)യിലൂടെ ദീന്‍ പൂര്‍ത്തിയാക്കി തന്നതും അനുഗ്രഹമാണ്. ആ ദീനില്‍ ജന്മദിനം ആഘോഷിക്കുക എന്ന സമ്പ്രദായമില്ല. ജനനദിനത്തിനും മാസത്തിനും വര്‍ഷത്തിനും പുണ്യം കല്‍പിക്കുന്ന സമ്പ്രദായവും ഇസ്‌ലാമില്‍ ഇല്ല. ഇതുകൊണ്ടാണ് പ്രഗത്ഭരായ പല സ്വഹാബിവര്യന്മാരുടെയും സ്വഹാബി വനിതകളുടെയും മഹാന്‍മാരായ ഇമാമുകളുടെയും ഔലിയാഇന്റെയും ജന്മദിനവും മാസവും വര്‍ഷവും സംബന്ധിച്ച് തര്‍ക്കം ഉണ്ടായത്. ചിലരുടേത് പൂര്‍ണമായി അജ്ഞാതവുമാണ്.

''നബി(സ) ലോകത്തിന് അനുഗ്രഹമാണെന്നു പറഞ്ഞ സൂക്തം'' (പേജ്: 183). എന്നിട്ടും ഈ വര്‍ഗം സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍വേണ്ടി നബി(സ) കാണിച്ചുതരാത്ത ജന്മദിനം ആഘോഷിക്കുകയാണ്.

''നബി(സ) സാധാരണ മനുഷ്യനല്ലെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം'' (പേജ്: 184, 185). നബി(സ) അസാധാരണ മനുഷ്യനായിട്ടും തന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കല്പിച്ചില്ല. അവിടുന്ന് ആഘോഷിച്ചതുമില്ല.

അല്ലാഹുവിന്റെ ദിവസങ്ങള്‍

''പ്രവാചകന്‍ ജനിച്ചദിവസത്തില്‍ മദ്ഹ് പറയുന്നതിന് വല്ല പ്രത്യേകതയുമുണ്ടോ? ഉണ്ടെന്നാണ് ഖുര്‍ആനില്‍നിന്ന് വ്യക്തമാകുന്നത്. (അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളെക്കുറിച്ച് നബിയേ, തങ്ങള്‍ അവരെ അനുസ്മരിപ്പിക്കുക. എല്ലാ നന്ദിയുള്ള ക്ഷമാശീലര്‍ക്കും ഇതില്‍ ദൃഷ്ടാന്തമുണ്ട്). ഇബ്‌റാഹീം:5'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ് 189)

എങ്കില്‍ എന്തുകൊണ്ട് പ്രവാചകന്‍ ജനിച്ചദിവസവും മാസവും സംബന്ധിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി? നബി(സ) എന്തുകൊണ്ട് താന്‍ ജനിച്ചമാസമെങ്കിലും വ്യക്തമാക്കിതന്നില്ല?

ഖുര്‍ആനിന്റെ നിര്‍ദേശം പാലിക്കുവാന്‍ കൂടുതല്‍ ബാധ്യതയുള്ള നബി(സ)യും സ്വഹാബിവര്യന്മാരും എന്തുകൊണ്ട് ഈ മാസത്തിലും ദിവസത്തിലും മദ്ഹ് പ്രത്യേകമായി ചൊല്ലിയില്ല. മദ്ഹബിന്റെ ഇമാമുകളില്‍ ആരെങ്കിലും നബി(സ) ജനിച്ച മാസത്തിലോ ദിവസത്തിലോ നബി(സ)യുടെ മദ്ഹ് പറയുവാന്‍ നിര്‍ദേശിച്ചതായി തെളിയിക്കുവാന്‍ സാധിക്കുമോ? ഇമാം ശാഫിഈ(റ)ക്ക് ധാരാളം കിതാബുകള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും ഒരു കിതാബിലെങ്കിലും നബി(സ)യുടെ ജന്മദിനത്തില്‍ മദ്ഹ് വര്‍ധിപ്പിക്കുവാന്‍ പറഞ്ഞത് കാണിച്ചുതരുമോ? നബിദിനം ആഘോഷിക്കുവാന്‍ അദ്ദേഹം നിര്‍ദേശിച്ചതു ഉദ്ധരിക്കാമോ?

മുസ്‌ലിയാര്‍ ആയത്തിന്റെ ആദ്യഭാഗം വെട്ടിമാറ്റിയാണ് വളരെ നീചമായ ദുര്‍വ്യാഖ്യാനത്തിനു കളമൊരുക്കിയത്. ആയത്തിന്റെ പൂര്‍ണരൂപവും അതിന് സുന്നികളുടെ തന്നെ പരിഭാഷയില്‍ നല്കിയ അര്‍ഥവും കാണുക: ''സത്യമായും മൂസയെ നാം നമ്മുടെ (ഒമ്പത്) ദൃഷ്ടാന്തങ്ങളുമായി നിയോഗിച്ചു. (അദ്ദേഹത്തോടു നാം പറഞ്ഞു:) താങ്കളുടെ ജനതയെ (ഇസ്‌റാഈല്‍ സന്തതികള്‍) അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുക. അല്ലാഹുവിന്റെ ദിനങ്ങളെ (അവന്റെ അനുഗ്രഹം) കുറിച്ച് അവരെ അനുസ്മരിപ്പിക്കുകയും ചെയ്യുക. എല്ലാ കൃതജ്ഞരായ ക്ഷമാശീലര്‍ക്കും നിശ്ചയം ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്''(ഇബ്‌റാഹീം 5). (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 258) മൂസാനബി(അ)യോട്, അല്ലാഹു ബനൂ ഇസ്‌റാഈല്യര്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹം അവരെ ഓര്‍മിപ്പിച്ച് തൗറാത്ത് അനുസരിച്ച് ജീവിക്കുവാന്‍ അവരോടു കല്പിക്കുവാന്‍ അല്ലാഹു നിര്‍ദേശിക്കുകയാണ്. അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളില്‍ അനുസ്മരിപ്പിക്കുവാനല്ല, പ്രത്യുത ആ ദിവസങ്ങളെ സംബന്ധിച്ച് അനുസ്മരിപ്പിക്കുവാനാണ് കല്പന. അനുഗ്രഹം ലഭിച്ച ദിവസങ്ങളില്‍ അനുസ്മരിക്കുവാനാണ് കല്പിക്കുന്നതെന്ന് അര്‍ഥം നല്‍കി നബി(സ) ജനിച്ച ദിവസത്തില്‍ ആ അനുഗ്രഹം എടുത്തുപറയല്‍ പ്രത്യേക പുണ്യകര്‍മമാണെന്ന് ഈ പുരോഹിതന്‍ ജല്‍പിക്കുകയാണ്. 'അല്ലാഹുവിന്റെ ദിവസങ്ങളെക്കുറിച്ച്' (ബി അയ്യാമില്ലാഹി) എന്നത് 'അല്ലാഹുവിന്റെ ദിവസങ്ങളില്‍' (ഫീ അയ്യാമില്ലാഹി) എന്നാക്കി അട്ടിമറിക്കുകയാണ് ഇവര്‍ ചെയ്തത്.

'അതുകൊണ്ട് അവര്‍ സന്തോഷിക്കട്ടെ'

''റബീഉല്‍ അവ്വല്‍ 12 മുസ്‌ലിംകള്‍ ആഘോഷിക്കുന്നത് പ്രവാചകനായ മുഹമ്മദ് നബി ജന്മംകൊണ്ടു എന്ന അനുഗ്രഹം ആ ദിവസത്തിനുള്ളതുകൊണ്ടാണ്. ഇതിന് ഖുര്‍ആന്‍ സാക്ഷിയാണ്. (ജനങ്ങളേ നിങ്ങളുടെ നാഥനില്‍നിന്ന് സദുപദേശവും ഹൃദയങ്ങളിലുള്ളവയ്ക്ക് (രോഗങ്ങള്‍ക്ക്) ചികിത്സയും വന്നിരിക്കുന്നു. നേര്‍വഴിയും സത്യവിശ്വാസികള്‍ക്കുള്ള അനുഗ്രഹവുമത്രെ അത്. പറയുക, അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവുംകൊണ്ട് അവര്‍ സന്തോഷിക്കട്ടെ! അത് അവര്‍ സംഭരിക്കുന്നതില്‍ ഏറ്റവും ഉത്തമമാണ്) (യൂനുസ്: 57,58)'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ്: 191) അത് എന്നാണ് മുസ്‌ലിയാര്‍പോലും നല്‍കുന്ന അര്‍ഥം. അപ്പോള്‍ ഖുര്‍ആനിന്റെ ശ്രേഷ്ഠതയാണ് ആയത്തില്‍ വിവരിക്കുന്നത്. ഖുര്‍ആന്‍ റമദാന്‍ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന രാത്രിയിലാണ് അവതരിക്കപ്പെട്ടത്. റബീഉല്‍ അവ്വല്‍ 12ന് അല്ല. നബി(സ)യെ സംബന്ധിച്ച് 'അത്' എന്ന് പറയാന്‍ ന്യായമില്ലല്ലോ. ഈ വര്‍ഗം തന്നെ ജന്മദിനം ആഘോഷിക്കാറുള്ളത് റബീഉല്‍ അവ്വല്‍ 12ന് മാത്രമല്ല. ആ മാസത്തിലെ പലദിവസങ്ങളിലും അവര്‍ ഈ അനാചാരം നടത്തുന്നുണ്ടല്ലോ.

''പറയുക, അല്ലാഹുവിന്റെ ഔദാര്യവും (ഇസ്‌ലാം) അവന്റെ കാരുണ്യവും (ഖുര്‍ആന്‍) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ'' (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 218) ബ്രാക്കറ്റുകള്‍ മുസ്‌ലിയാരുടേതു തന്നെ.
കൂറ്റനാട് മുസ്‌ലിയാരുടെ പരിഭാഷയില്‍ പറയുന്നത് ഖുര്‍ആനിന്റെ അവതരണം അല്ലാഹുവിന്റെ കാരുണ്യം മൂലമാണെന്നാണ്. അതുകൊണ്ട്, ഖുര്‍ആന്‍ ലഭിച്ചതുകാരണം അവര്‍ സന്തോഷിക്കട്ടെ എന്നാണ് (ഫത്ഹുര്‍റഹ്മാന്‍, 2:524)

''റഹ്മത്ത് എന്നതിന്റെ വിവക്ഷ ഖുര്‍ആനാണ്'' (ജലാലൈനി). ഖുര്‍ആനിന്റെ അവതരണമാണ് ഇവിടെ ഉദ്ദേശ്യം. (റൂഹുല്‍ബയാന്‍ 4:54) ''ഖുര്‍ആന്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടത് അല്ലാഹു നിങ്ങളുടെ മേല്‍ പ്രകടിപ്പിച്ച റഹ്മത്തുകൊണ്ടാണ്.''(ഖാസിന്‍, 3:195)

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''ഖുര്‍ആനും ഇസ്‌ലാമുമാണ് വിവക്ഷ'' (സഈദുബ്‌നു മന്‍സൂര്‍, ഇബ്‌നു മുന്‍ദിര്‍, ബൈഹഖി) (തഫ്‌സീര്‍ ഇബ്‌നുഅബ്ബാസ്, പേജ് 176). റഹ്മത്ത് എന്നതുകൊണ്ട് മുഹമ്മദ് നബിയാണ് ഉദ്ദേശ്യം എന്ന് വന്നാലും നബിദിനം ആഘോഷിക്കുവാന്‍ അതില്‍ യാതൊരു തെളിവുമില്ല. നബിചര്യ ജീവിതത്തില്‍ അനുഷ്ഠിച്ചുകൊണ്ടാണ് പ്രവാചകത്വത്തില്‍ നാം സന്തോഷിക്കേണ്ടത്; മതത്തില്‍ പുതിയ പുണ്യകര്‍മങ്ങള്‍ നിര്‍മിച്ചുകൊണ്ടല്ല.

ഇബ്‌നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: ''തീര്‍ച്ചയായും മൗലിദിന്റെ അടിസ്ഥാനം (അസ്വ്‌ല്) തന്നെ ബിദ്അത്താണ്. ഇത് മൂന്നാം നൂറ്റാണ്ട് വരെയുള്ള നല്ലവരായ സലഫുകളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.'' (അല്‍ ഹാവി 1:260) ഇമാം ഫാകിഹാനി(റ) പറയുന്നു: ''ഈ മൗലിദിന് ഖുര്‍ആനിലും സുന്നത്തിലും യാതൊരു രേഖയുമില്ല. മതത്തില്‍ മാതൃകയായ പൂര്‍വികരുടെ ചര്യയെ അനുഗമിക്കുന്ന ഒരു പണ്ഡിതനില്‍നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ ഇത് മറ്റൊരു പണിയുമില്ലാത്തവരുണ്ടാക്കിയ അനാചാരമാണ്. ശാപ്പാടു രാമന്മാര്‍ മനുഷ്യന്റെ ദേഹേച്ഛയെ മുതലെടുത്തതുമാണ്.'' (അല്‍ഹാവി, 1: 255)           

എ അബ്ദുസ്സലാം സുല്ലമി  

Monday, December 5, 2011

ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍

എ അബ്‌ദുസ്സലാം സുല്ലമി  

``ജിന്നുകളെയും മലക്കുകളെയും അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്‌ പ്രാര്‍ഥന അല്ല എന്ന്‌ ഗവേഷണം ചെയ്യപ്പെട്ടതോടെ പ്രാര്‍ഥിക്കാനുള്ള അത്തരം സന്ദര്‍ഭം പോലും നഷ്‌ടമായി. ഇനി ബസ്സിന്റെ ബ്രേക്ക്‌ പൊട്ടുമ്പോള്‍ മലക്കിനെയും ഇഫ്‌രീത്തിനെയും വിളിക്കാം. കാരണം കാര്യകാരണ ബന്ധം മുറിയുന്നില്ല. പ്രാര്‍ഥനയോ ശിര്‍ക്കോ ആകുന്നുമില്ല.'' (സുന്നിവോയ്‌സ്‌ -2010 ഏപ്രില്‍ 1-15 പേജ്‌ 25)

ഈ വിമര്‍ശനം എ പി വിഭാഗം മുജാഹിദുകളെ ഉദ്ദേശിച്ചുള്ളതാണ്‌. കാരണം, പ്രാര്‍ഥനക്ക്‌ മുജാഹിദുകള്‍ നല്‌കിയിരുന്ന വിശദീകരണം വരെ ഇടക്കാലത്ത്‌ തിരുത്തിയവരാണിവര്‍! അടിസ്ഥാന പ്രമാണത്തെ പോലും ഇവര്‍ അട്ടിമറിച്ചു. ഇവരുടെ പുതിയ നിര്‍വചനപ്രകാരം ഭൗതിക കാര്യങ്ങള്‍ക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ മാത്രം സഹായംതേടുകയും മറ്റുള്ളവരോട്‌ സഹായം തേടിയാല്‍ ശിര്‍ക്ക്‌ വന്നുപോകുകയും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നും അത്‌ ശിര്‍ക്കാവുകയില്ലെന്നും വരുന്നു. മനുഷ്യന്‌ ചെയ്യാന്‍ സാധിക്കുന്ന സംഗതികള്‍ മലക്കുകളോടും ജിന്നുകളോടും ചോദിക്കുന്നതിന്‌ വിരോധമില്ലെന്നും ഇവര്‍ എഴുതുന്നു. ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:

1). ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി മനുഷ്യനിയന്ത്രണം വിടുന്ന അപകടങ്ങളില്‍ പെടുക. മനുഷ്യകഴിവിന്‌ അതീതമായ ഇത്തരം സന്ദര്‍ഭങ്ങളിലായിരുന്നു അല്ലാഹുവിനോടു മാത്രം സഹായം തേടാന്‍ പാടുള്ള രംഗമായി നാം വിവരിച്ചിരുന്നത്‌. നമ്മുടെ മദ്‌റസ പാഠപുസ്‌തകങ്ങളില്‍ വരെ ഇതു ഉദാഹരണമായി എടുത്തുകാണിച്ചതു കാണാം. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ മലക്കുകളോടും ജിന്നുകളോടും സഹായംതേടിയാല്‍ അത്‌ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല എന്നാണ്‌. ഇതിന്‌ രേഖയായി അവര്‍ ഉദ്ധരിക്കുന്നത്‌ ഹാജറബീവി മലക്കിനോട്‌ ദാഹജലത്തിനു വേണ്ടി മരുഭൂമിയില്‍ വെച്ച്‌ സഹായംതേടിയ സംഭവമാണ്‌. അപ്പോള്‍ മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ മനുഷ്യര്‍ അകപ്പെടുമ്പോള്‍ മലക്കിനെ വിളിച്ച്‌ സഹായംതേടല്‍ അനുവദനീയവും അനിവാര്യവുമായി.
നിങ്ങള്‍ മരുഭൂമിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്റെ ദാസന്മാരെ നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ എന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമെന്നുമാണ്‌ മറ്റൊരു തെളിവായി ഇവര്‍ പറയുന്നത്‌. അപ്പോള്‍ മലക്കിനെയും ജിന്നുകളെയും വിളിച്ചുതേടല്‍ അനുവദനീയമോ സുന്നത്തോ നിര്‍ബന്ധമോ ആയി. ഹറാംചെയ്യാനും വിഡ്‌ഢിത്തം ചെയ്യാനും നബി(സ) നിര്‍ദേശിക്കുകയില്ലല്ലോ.

2). ഒരാള്‍ ഒഴുക്കില്‍ പെട്ട സന്ദര്‍ഭത്തില്‍ അദൃശ്യമായ നിലക്കു അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ തേടാന്‍ പാടുള്ളൂ. നമ്മുടെ പുസ്‌തകങ്ങളില്‍ ഇത്‌ ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു. നവയാഥാസ്ഥിതികര്‍ പറയുന്നത്‌ മലക്കുകളെയും ജിന്നുകളെയും ഈ അവസരങ്ങളിലും വിളിച്ച്‌ സഹായം തേടാം എന്നാണ്‌. സഹായംതേടിയാല്‍ അത്‌ കാര്യകാരണബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല. കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ വരുന്നതും ദൃശ്യവും ഭൗതികവുമായ മാര്‍ഗമാണെന്നുമാണ്‌ ഇവര്‍ പറയുന്നത്‌. അപ്പോള്‍ ഈ സന്ദര്‍ഭങ്ങളില്‍ മലക്കിനെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച്‌ സഹായംതേടല്‍ അനിവാര്യമായി.
ഒരാള്‍ക്കു സന്താനം ലഭിക്കാന്‍ വിവാഹംചെയ്‌തു ദാമ്പത്യബന്ധം സ്ഥാപിക്കല്‍ നിര്‍ബന്ധമായതു പോലെ. കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനമായ കാര്യങ്ങളില്‍ കാര്യകാരണബന്ധം പ്രവര്‍ത്തിച്ചുകൊണ്ടായിരിക്കണം നാം അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കേണ്ടത്‌.

3). വരള്‍ച്ചയും ക്ഷാമവും ബാധിക്കുന്ന രംഗങ്ങളില്‍ അല്ലാഹുവിനോട്‌ മാത്രമേ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ. മനുഷ്യകഴിവില്‍ പെട്ട സംഗതികള്‍ നീക്കാന്‍ വേണ്ടി നമുക്ക്‌ ഗവണ്‍മെന്റിനോട്‌ സഹായം ആവശ്യപ്പെടാം. എന്നാല്‍ ജിന്നുകളോടും മലക്കുകളോടും സഹായം തേടാന്‍ പാടില്ല. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടല്‍ കാര്യകാരണബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല എന്നാണ്‌. അപ്പോള്‍ വരള്‍ച്ചയും ക്ഷാമവും കൃഷിനാഷവും മറ്റും സംഭവിക്കുമ്പോള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

4). ഭൂചലനങ്ങളും ഭൂമികുലുക്കവും നിയന്ത്രിക്കാന്‍ മനുഷ്യ കഴിവില്‍ പെട്ട സംഗതികള്‍ മനുഷ്യനോടു ചോദിക്കാം. എന്നാല്‍ മനുഷ്യ കഴിവിന്‌ അതീതമായ കാര്യത്തില്‍ അല്ലാഹുവിനോടു മാത്രമേ സഹായംചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും സഹായംചോദിക്കല്‍ പ്രാര്‍ഥനയും ശിര്‍ക്കും കുഫ്‌റുമാണ്‌.
എന്നാല്‍ ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമല്ലെന്നും കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും നവയാഥാസ്ഥിതികര്‍ പറയുന്നു. അദൃശ്യവും അഭൗതികവുമായ മാര്‍ഗമല്ലെന്നും പ്രഖ്യാപിക്കുന്നു. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കല്ലെന്ന്‌ ജല്‌പിക്കുന്നു. അപ്പോള്‍ ഇത്തരം രംഗങ്ങളിലും മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടല്‍ അനുവദനീയവും അനിവാര്യവുമായി.

5). ശാരീരികമായ രോഗങ്ങളും ന്യൂനതകളും ഉള്ള ദമ്പതിമാര്‍ സന്താനലബ്‌ധിക്കു വേണ്ടി മനുഷ്യകഴിവില്‍ പെട്ട സഹായത്തിനുവേണ്ടി ഒരു ഡോക്‌ടറെ സമീപിക്കുന്നത്‌ അനുവദനീയമാണ്‌. എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്ത തടസ്സങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ. ജിന്നുകളോടും മലക്കുകളോടും പിശാചുക്കളോടും സഹായംചോദിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. കാരണം ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അഭൗതികവും അദൃശ്യവും മറഞ്ഞ വഴിയുമാണ്‌.
എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ സഹായ തേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അദൃശ്യവും അഭൗതികവുമല്ല എന്നാണ്‌. ജിന്നുകളെയും മലക്കുകളെയും കാര്യകാരണ ബന്ധത്തിന്റെയും അദൃശ്യത്തിന്റെയും അഭൗതികത്തിന്റെയും പ്രശ്‌നം തീരുമാനിക്കുമ്പോള്‍ പരിഗണിക്കണം. അവരെ ഒഴിവാക്കിക്കൊണ്ടായിരിക്കണം കാര്യകാരണ ബന്ധത്തിന്‌ അതീതം, അദൃശ്യം, അഭൗതികം എന്നെല്ലാം പറയേണ്ടത്‌. അതിനാല്‍ സന്താനലബ്‌ധിക്കു വേണ്ടി-ശാരീരികദുര്‍ബലതകള്‍ ഉള്ളവര്‍-ഡോക്‌ടറെ സമീപിക്കുന്നതുപോലെ തന്നെ മലക്കുകളോടും ജിന്നുകളോടും സഹായം ചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

6). രോഗം ബാധിച്ചവര്‍ ഡോക്‌ടറെ സമീപിച്ച്‌ രോഗശമനത്തിനുവേണ്ടി സഹായം ആവശ്യപ്പെടല്‍ അനുവദനീയമാണ്‌. മനുഷ്യകഴിവിന്‌ അതീതമായ നിലക്ക്‌ രോഗശമനത്തിനു വേണ്ടി അല്ലാഹുവിനോടു മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും രോഗശമനം ആവശ്യപ്പെട്ടാല്‍ ശിര്‍ക്കും പ്രാര്‍ഥനയുമാണത്‌. ഇതു കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗമാണ്‌. അല്ലെന്ന്‌ നവയാഥാസ്ഥിതികര്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ രോഗശമനത്തിനു വേണ്ടി ഡോക്‌ടറെ സമീപിക്കുന്നതു പോലെ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

7). മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളില്‍ മക്കാ മുശ്‌രിക്കുകള്‍ വരെ അല്ലാഹുവിനോട്‌ മാത്രമാണ്‌ സഹായംതേടിയിരുന്നത്‌. മറ്റുള്ളവരോടു സഹായംതേടല്‍ ഏകദൈവ വിശ്വാസത്തിന്‌ എതിരാണെന്ന്‌ അവര്‍ പോലും ഗ്രഹിച്ചിരുന്നു. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷ ലഭിക്കാന്‍ ഏകദൈവ വിശ്വാസത്തെ അവര്‍ നിഷ്‌കളങ്കമാക്കും. അങ്ങനെ മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം ചോദിക്കാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം ചോദിക്കും.

മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ സഹായം തേടുവാന്‍ പാടുള്ളൂവെന്ന്‌ മക്കയിലെ വിഗ്രഹാരാധകന്മാർ‍ അംഗീകരിച്ചിരുന്നു. മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടല്‍ ശിർ‍ക്കാണെന്നും സമ്മതിച്ചിരുന്നു. നവയാഥാസ്ഥിതികർ‍ ഇത്‌ സമ്മതിക്കുന്നില്ല. സമ്മതിക്കുമെങ്കിൽ‍ ഇത്‌ ശിർ‍ക്കാണെന്ന്‌ അവർ‍ എഴുതുമോ?

മലയാള ഖുത്വ്‌ബ, ഖുര്‍ആന്‍ പരിഭാഷ ഇന്നും തുടരുന്ന വിരോധത്തിനു പിന്നില്‍


അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

ഭാഷ മനുഷ്യന്‌ അല്ലാഹു നല്‍കിയ പ്രത്യേകതയും വലിയ അനുഗ്രഹവുമാണ്‌. ജന്തുക്കള്‍ ആശയവിനിമയം നടത്തുന്നത്‌ അവയ്‌ക്ക്‌ അല്ലാഹു നല്‍കിയ ജന്മബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌. അവയുടെ ആശയവിനിമയോപാധി കാലപ്പകര്‍ച്ചയ്‌ക്ക്‌ വിധേയമാകാതെ, മാറ്റങ്ങളേതുമില്ലാതെ തുടരുകയാണ്‌. മനുഷ്യന്‍ അങ്ങനെയല്ല. മനുഷ്യന്‍ പുതിയ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിച്ച്‌ മറ്റുള്ളവരിലേക്ക്‌ സംവേദനം ചെയ്യുന്നു. ഇതിനുപയോഗിക്കുന്ന മാധ്യമം ഭാഷയാണ്‌.

ഭാഷാബോധം ജന്മസിദ്ധമാണെങ്കിലും അതില്‍ നിരന്തരം മാറ്റങ്ങളും പഠനഗവേഷണങ്ങളും പുരോഗതികളും ഉണ്ടാകുന്നു. ഭാഷകള്‍ പുതുതായി ജനിക്കുന്നു. ചില ഭാഷകള്‍ മരിക്കുന്നു. ചിലത്‌ പരിവര്‍ത്തനവിധേയമാകുന്നു. ചിലതെങ്കിലും മാറ്റമില്ലാതെ തുടരുന്നു. `ഭാഷ'യെ സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും (ലിംഗ്വിസ്റ്റിക്‌സ്‌) ഇന്ന്‌ ഒരു ശാസ്‌ത്രശാഖയായി വികസിച്ചിരിക്കുന്നു.
ലോകത്ത്‌ മൂവ്വായിരത്തിലേറെ ഭാഷകള്‍ ഉണ്ടത്രേ. ഭാഷാഭേദങ്ങള്‍ വേറെയും. ഇത്രയേറെ ഭാഷകള്‍ ഉണ്ടായിട്ടും മനുഷ്യന്‍ പുരോഗതിപ്പെടുന്നു. ഇത്‌ ദൈവികദൃഷ്‌ടാന്തമല്ലാതെ മറ്റെന്താണ്‌? ഭാഷകളുടെയും നമ്മുടെയും സ്രഷ്‌ടാവായ അല്ലാഹു പറയുന്നു: ``ആകാശഭൂമികളുടെ സൃഷ്‌ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌'' (30:22). ഒരു ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ആശയം ഇതര ഭാഷക്കാര്‍ക്ക്‌ മനസ്സിലാകത്തക്കവണ്ണം ഭാഷാന്തരണം നടത്തുക എന്നത്‌ ഭാഷാവൈവിധ്യത്തിന്റെ അനിവാര്യതകളിലൊന്നാണ്‌. വിവിധ ഭാഷക്കാരെ കൂട്ടിയിണക്കുന്ന കണ്ണിയാണ്‌ ഭാഷാന്തരണം (ട്രാന്‍സ്‌ലേഷന്‍). ഐക്യരാഷ്‌ട്രസഭയിലെ ആശയവിനിമയം മുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ചോദിച്ചു മനസ്സിലാക്കുന്ന സാധാരണക്കാരന്‍ വരെ ഭാഷാന്തരണത്തിന്റെ കണ്ണികളാണ്‌. `നാനാത്വത്തില്‍ ഏകത്വം' കാണുന്ന ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭ (പാര്‍ലമെന്റ്‌) ഭാഷാവൈവിധ്യത്തിന്റെയും ഭാഷാന്തരണത്തിന്റെയും മികച്ച ഉദാഹരണമാണ്‌.
ദൈവികമതമെന്ന നിലയില്‍ ഇസ്‌ലാമിനും അതംഗീകരിച്ച മുസ്‌ലിംസമൂഹത്തിനും ഭാഷയും ഭാഷാന്തരണവും പ്രത്യേകം ശ്രദ്ധാര്‍ഹമായ വിഷയങ്ങളാണ്‌. ഇസ്‌ലാം ലോകത്തിന്റെ മതമാണ്‌; മനുഷ്യര്‍ക്കുള്ളതാണ്‌. ലോകത്ത്‌ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്‌ അറബി ഭാഷയിലാണ്‌. അന്ത്യപ്രവാചകന്റെ ഭാഷ അറബിയായിരുന്നു. പ്രവാചക ചര്യ അറബിയില്‍ രേഖപ്പെട്ടു കിടക്കുന്നുകളിലും അറബിഭാഷയും പ്രചരിച്ചു. ചിലേടങ്ങളില്‍ പ്രാദേശിക ഭാഷയെ അറബി ആദേശം ചെയ്‌തു. ചില അറബി ഭാഷാഭേദങ്ങള്‍ ഖുര്‍ആനിന്റെ ആഗമനത്തോടെ ക്ലാസിക്‌ ഭാഷയ്‌ക്ക്‌ വഴിമാറിക്കൊടുത്തു. എന്നാല്‍ വിദൂരദിക്കുകളിലെ, പ്രത്യേകിച്ചും സെമിറ്റിക്‌ ഭാഷാ കുടുംബത്തില്‍ പെടാത്ത, ഭാഷകളിലേക്ക്‌ ഇസ്‌ലാമികാശയങ്ങള്‍ ഭാഷാന്തരണം നടത്തേണ്ടിവന്നു. ഇന്നും ഈ പ്രക്രിയ അഭംഗുരം തുടരുന്നു. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രവാചകന്മാരുടെ ചരിത്രവുമെല്ലാം ലോകത്ത്‌ പ്രചരിച്ചതിങ്ങനെയാണ്‌.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്‌. അത്‌ ഭാഷാന്തരണം നടത്താന്‍ പാടുണ്ടോ? ഖുര്‍ആന്‍ പരിഭാഷ ഖുര്‍ആനാകുമോ? ഇത്യാദി സംശയങ്ങളും ആശങ്കകളും എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. ഒരു സമൂഹത്തിന്റെ മാതൃഭാഷ അറബിയല്ല എന്നത്‌, ദൈവികനിര്‍ദേശങ്ങള്‍ അവര്‍ക്ക്‌ ലഭിക്കാതിരിക്കാന്‍ കാരണമായിക്കൂടാ. ഖുര്‍ആനിന്റെ മഹത്വം പരിഭാഷകള്‍ക്കില്ലെങ്കിലും ഖുര്‍ആനിന്റെ ആശയം ജനങ്ങള്‍ക്കെത്തിക്കാന്‍ ഇതുതന്നെയാണ്‌ വഴി. ഈ യാഥാര്‍ഥ്യം ലോകം തിരിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ഭാഷകളിലും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചുമലയാളത്തിലും.
ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം കടന്നുവന്ന കേരളക്കരയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍, മറ്റെല്ലാ സ്ഥലങ്ങളിലുമെന്ന പോലെ, മുസ്‌ലിംകള്‍ പ്രമാണങ്ങളില്‍ നിന്നകലുകയും ആദര്‍ശം നാമമാത്രമായിത്തീരുകയും ചെയ്‌തു. തത്‌ഫലമായി മുസ്‌ലിംസമൂഹം പിന്നാക്കത്തിന്റെ പിന്നണിയിലായിത്തീര്‍ന്നു. മുസ്‌ലിം സമൂഹത്തെ പ്രമാണങ്ങളിലേക്ക്‌ തിരിച്ചുകൊണ്ട്‌ പ്രബുദ്ധമാക്കാന്‍ വേണ്ടിയുള്ള നവോത്ഥാനയജ്ഞം, മറ്റെല്ലാ സ്ഥലങ്ങളിലുമെന്ന പോലെ, ഇവിടെയും ആരംഭിച്ചു. ഒരു നൂറ്റാണ്ടു മുമ്പ്‌ തുടങ്ങിയ ഇസ്‌ലാഹീ പ്രവര്‍ത്തനം ഇന്നും തുടരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആശയം ജനങ്ങളെ പഠിപ്പിച്ചുകൊണ്ടായിരുന്നു ഇസ്‌ലാഹിന്റെ തുടക്കം. മതം പഠിച്ച പുരഹോതിനും കേവലചടങ്ങുകള്‍ ചെയ്‌ത്‌ സായൂജ്യമടയുന്ന സാധാരണക്കാരനുമെന്ന സങ്കല്‌പമല്ല ഇസ്‌ലാമിന്റേത്‌. `എല്ലാവരും പഠിക്കുക; എല്ലാവരും പ്രവര്‍ത്തിക്കുക. താന്‍ പ്രവര്‍ത്തിച്ചതുമാത്രമേ ഓരോ വ്യക്തിക്കും ലഭിക്കൂ. ഒരാളുടെ പാപഭാരം വേറൊരാള്‍ പേറേണ്ടിവരില്ല. ആര്‍ക്കും മറ്റൊരാളെ പരലോകത്ത്‌ രക്ഷിക്കാനാവില്ല.' (53:38,29) ഈ അടിസ്ഥാനതത്വം ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു.
യാഥാസ്ഥിതികതയില്‍ മൂടുറച്ച സമൂഹവും അവര്‍ക്ക്‌ നേതൃത്വം നല്‌കിയിരുന്ന അല്‌പജ്ഞരായ പണ്ഡിതന്മാരും ഈ ആദര്‍ശത്തെ ശക്തമായി എതിര്‍ത്തു. എതിര്‍പ്പിന്റെ ആദ്യമുനയേറ്റത്‌ ഖുര്‍ആന്‍ പരിഭാഷയ്‌ക്കു നേരെയാണ്‌. ഖുര്‍ആനിലെ നിയമനിര്‍ദേശങ്ങള്‍ സാധാരണക്കാര്‍ അറിയുന്നത്‌ അപകടകരമാണെന്ന്‌ തിരിച്ചറിഞ്ഞ നേതൃത്വം പക്ഷേ, പുറത്തുപറഞ്ഞത്‌ വിശുദ്ധ ഖുര്‍ആനിന്റെ പവിത്രതയാണ്‌. നിത്യപ്രാര്‍ഥനയ്‌ക്ക്‌ (നമസ്‌കാരം) ആവശ്യമായ സൂറത്തുല്‍ഫാതിഹ പോലും ആശയം അറിയേണ്ടതില്ല എന്ന്‌ വ്യക്തമായി എഴുതിയ പണ്ഡിതന്മാര്‍ മണ്‍മറഞ്ഞുപോയി. എന്നാല്‍ എതിര്‍പ്പിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനിന്ന്‌, ഒഴുക്കിനെതിരെ നീന്തി, ഖുര്‍ആന്‍ ആശയം പഠിപ്പിക്കുന്ന ഇസ്‌ലാഹി പണ്ഡിതന്മാരുടെ ക്ലാസുകളിലൂടെ കേരള ജനത ദൈവിക നിര്‍ദേശങ്ങളുടെ അകംപൊരുള്‍ അറിഞ്ഞുതുടങ്ങി. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ലിഖിത പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. കേരളത്തില്‍ ആദ്യമായി മായിന്‍കുട്ടി എളയാ എന്ന പണ്ഡിതന്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയെങ്കിലും അത്‌ വെളിച്ചം കാണിക്കാന്‍ പോലും യാഥാസ്ഥിതികര്‍ അനുവദിച്ചില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇന്ന്‌ കേരളത്തില്‍ മൂന്നു ഡസനിലേറെ ഖുര്‍ആന്‍ പരിഭാഷകളുള്ളതില്‍ മുജാഹിദ്‌ പ്രസ്ഥാനവുമായി ബന്ധമുള്ളത്‌ മൂന്നോ നാലോ മാത്രമേയുള്ളൂ. ഇത്‌ പരിഭാഷാ പരിവര്‍ത്തനത്തിന്റെ ഒരു കൊടുങ്കാറ്റായിരുന്നു. പരിഭാഷാ വിരോധ ചരിത്രത്തിന്റെ ഈ നാള്‍വഴികള്‍ ഇന്നത്തെ തലമുറയ്‌ക്ക്‌ ഓര്‍മയുടെ പരിധിക്കു പുറത്താണ്‌. ഇത്‌ ഓര്‍ക്കാതിരിക്കാന്‍, ഓര്‍മയുള്ളവര്‍, ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു.
പരിഭാഷയുമായി ബന്ധപ്പെട്ട്‌ മുസ്‌ലിം സമൂഹത്തിന്നിടയില്‍ ചര്‍ച്ചയായ മറ്റൊരു പ്രധാനവിഷയം ജുമുഅ ഖുത്വ്‌ബയാണ്‌. ആഴ്‌ചയിലൊരിക്കല്‍ ഓരോ പ്രദേശത്തുമുള്ള മുസ്‌ലിംകള്‍ പള്ളികളില്‍ ഒത്തുകൂടുന്നു. ഈ ഒത്തുകൂടലിന്‌ ജുമുഅ എന്ന്‌ പറയുന്നു. ഇതൊരു നിര്‍ബന്ധകര്‍മമാണ്‌. സജീവമായ സമൂഹസൃഷ്‌ടിക്കു വേണ്ടി ഇസ്‌ലാം നിശ്ചയിച്ച ക്രിയാത്മകമായ ഒരു സംവിധാനം. ഇതൊരാരാധനയാണ്‌. നിര്‍ബന്ധ നമസ്‌കാരമായ ദുഹ്‌റിന്റെ നേരത്താണ്‌. ഇമാം ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക; തുടര്‍ന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. വിശുദ്ധ ഖുര്‍ആനില്‍ (62:9-11) ഇക്കാര്യം സാമാന്യമായി പറഞ്ഞു. നബിചര്യ ഇത്‌ പ്രായോഗികമായി വിവരിച്ചു. ``ഉദ്‌ബോധനം ജനങ്ങള്‍ക്ക്‌ മനസ്സിലാകേണ്ടതുണ്ടോ അതോ അറബിയില്‍ ഉരുവിടുന്ന ഒരു കേവല ചടങ്ങോ?'' ഇതാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒരുപാടു കാലം നിലനിന്നിരുന്ന ഒരു ചര്‍ച്ച! നബി(സ) പത്ത്‌ വര്‍ഷത്തോളം ജുമുഅയ്‌ക്ക്‌ നേതൃത്വം നല്‍കി. അഞ്ഞൂറില്‍ പരം ഖുത്വ്‌ബകള്‍ നിര്‍വഹിച്ചു. പ്രവാചകന്റെ ഓരോ അടക്കവും അനക്കവും രേഖപ്പെടുത്തിയും ഓര്‍മയില്‍ വച്ചും കാത്തുസൂക്ഷിച്ച സ്വഹാബികള്‍, പക്ഷേ നബി(സ)യുടെ ഒരൊറ്റ ഖുത്വ്‌ബയും രേഖപ്പെടുത്തിവെച്ചില്ല. അതിന്നര്‍ഥം, സന്ദര്‍ഭോചിതമായ ഉദ്‌ബോധനങ്ങളായിരുന്നു അവ എന്നാണ്‌. ഈ ചര്യ പിന്‍പറ്റി ഓരോ കാലത്തെയും ഇമാമുകള്‍ ജുമുഅയില്‍ ജനങ്ങള്‍ക്ക്‌ അവരുടെ ഭാഷയില്‍ ഉദ്‌ബോധനം നല്‍കിക്കൊണ്ടിരിക്കണം എന്ന്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു. അത്‌ ജനങ്ങള്‍ക്ക്‌ ഏറെക്കുറെ മനസ്സിലാവുകയും ചെയ്‌തു.
ഇങ്ങനെ പറയേണ്ടി വന്ന പശ്ചാത്തലം കൂടി മനസ്സിലാക്കുന്നത്‌ നന്ന്‌. നബി(സ) ജുമുഅ ഖുത്വ്‌ബയില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഖുലഫാഉര്‍റാശിദ അത്‌ തുടര്‍ന്നു. നബി ചെയ്‌ത ഖുത്വ്‌ബ അവര്‍ ആവര്‍ത്തിക്കുകയായിരുന്നില്ല. (പ്രവാചകന്റെ ആ പുണ്യവചനങ്ങള്‍ ലഭ്യമായിരുന്നുമില്ല). പില്‍ക്കാലത്തും അത്‌ തുടര്‍ന്നു. കാലം പിന്നിട്ടപ്പോള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വവും ഭരണകൂടവുമൊക്കെ നാമമാത്രമായിത്തീര്‍ന്നു.
ഖുര്‍ആനും ഹദീസും ഉദ്ധരിച്ച്‌ ഉല്‍ബോധനം നടത്താന്‍ പോലും കെല്‍പില്ലാത്ത `ഇമാമുകള്‍' വര്‍ധിച്ചു. ജുമുഅകള്‍ ചടങ്ങുകളായി മാറി. ചില പ്രഗത്ഭ പണ്ഡിതന്മാര്‍ തങ്ങളുടെ ജുമുഅ ഖുത്വ്‌ബകള്‍ രേഖപ്പെടുത്തിവച്ചിരുന്നു. ആ `ഏടുകള്‍' വായിച്ചുകൊണ്ട്‌ ജുമുഅ ഖുത്വ്‌ബയെന്ന `കടമ' തീര്‍ത്തിരുന്നവര്‍ ഏറെ. കേരളത്തിലെ പള്ളികളില്‍ ഇബ്‌നുനബാത അല്‍മിസ്‌രിയുടെ ഖുത്വ്‌ബ സമാഹാരം വായിക്കലായിരുന്നു പതിവ്‌. അത്‌ കടുകട്ടി സാഹിത്യമായിരുന്നു. ഇക്കാലത്തേക്ക്‌ പറ്റിയതല്ല. ഇന്നാട്ടിലേക്ക്‌ യോജിച്ചതല്ല. കാരണം അത്‌ ആ പണ്ഡിതന്‍ അദ്ദേഹത്തിന്റെ കാലത്ത്‌ ഈജിപ്‌തിലേക്ക്‌ വേണ്ടി തയ്യാറാക്കിയ കാലിക പ്രഭാഷണങ്ങളായിരുന്നു. `അറബ്‌ ഭാഷയിലുള്ള എന്തെങ്കിലും മതി' എന്ന ഒരു രീതിയിലേക്ക്‌ സമുദായം അധപ്പതിച്ച സന്ദര്‍ഭത്തിലാണ്‌ എന്താണ്‌ ജുമുഅയുടെ ഉദ്ദേശ്യമെന്നും എങ്ങനെയാണ്‌ ഖുത്വ്‌ബ എന്നും കേരളക്കാര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം നിര്‍ബന്ധിതമായത്‌.
ജുമുഅ ഖുത്വ്‌ബയുടെ ആവശ്യകത ഉള്‍ക്കൊണ്ട സാത്വികരായ നിരവധി പണ്ഡിതന്മാര്‍ കേരളത്തില്‍ അന്നും ഉണ്ടായിരുന്നു. പള്ളിയിലെ ഇമാമുകള്‍ എല്ലാവരും ജനങ്ങളെ സന്ദര്‍ഭോചിതം ഉദ്‌ബോധിപ്പിക്കാന്‍ (ആഴ്‌ചതോറും) അശക്തരാണെന്ന്‌ ബോധ്യമുള്ളവര്‍ പ്രായോഗികമായ ഒരു പരിഹാരമെന്ന നിലയില്‍ നിലവിലുള്ള `നബാത്തീഖുതുബ' മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി അറബി മലയാള ലിപിയില്‍ പ്രസിദ്ധപ്പെടുത്തി. വൈലത്തൂര്‍ ഞവനേക്കാട്‌ പുതിയ വീട്ടില്‍ മൂലയില്‍ മുഹ്‌യിദ്ദീന്‍ മൗലവി അല്‍യാഖൂത്തുല്‍ അത്വിയ്യ അലല്‍ ഖുതബിന്നബാത്തിയ്യ ബില്ലുഗത്തില്‍ മലൈബാരിയ്യ എന്ന പേരിലാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചത്‌ (നൂറു വര്‍ഷം മുമ്പ്‌ ഹിജ്‌റ 1320ലാണിത്‌ എന്നോര്‍ക്കുക). കേരളത്തിലെ മിക്ക പള്ളികളിലും ഈ `ഖുത്വ്‌ബപരിഭാഷ' (പരിഭാഷപ്പെടുത്തിയ ഖുത്വ്‌ബ) ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രമുഖരായ പണ്ഡിതന്മാര്‍ ഖുത്വ്‌ബ നിര്‍വഹിച്ചിരുന്നത്‌ മാതൃഭാഷയിലായിരുന്നു. അവര്‍ക്ക്‌ പരിഭാഷയുടെ ആവശ്യമില്ലായിരുന്നു. കേരളത്തിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂര്‍ മുതല്‍ നിരവധി പള്ളികളില്‍ ഇതായിരുന്നു സ്ഥിതി.
`നബാതിയ്യ ഖുത്വ്‌ബ' പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്‌ ഏതെങ്കിലും ഒരു പണ്ഡിതന്‍ സ്വന്തം നിലയില്‍ ചെയ്‌തതല്ല. അന്ന്‌ കേരളത്തില്‍ ജീവിച്ചിരുന്ന സുന്നീ പണ്ഡിതന്മാരില്‍ പ്രമുഖരായ നാല്‌പത്‌ പേര്‍ ആ പരിഭാഷ കണ്ട്‌, വായിച്ച്‌ അംഗീകരിച്ച്‌, പള്ളികളില്‍ ഉപയോഗിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തിയതാണ്‌. ആ നാല്‌പത്‌ പണ്ഡിതന്മാര്‍ ഇനി പറയുന്നവരാണ്‌:
ഞവനേക്കാട്‌ പീടികക്കല്‍ ഏനിക്കുട്ടി മുസ്‌ല്യാര്‍, കട്ടിലശ്ശേരി ആലി മുസ്‌ല്യാര്‍, പൊന്നാനി മഖ്‌ദൂം തങ്ങളുടെ മകന്‍ പുതിയകത്ത്‌ അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ല്യാര്‍, പള്ളിപ്പുറം മടത്തൊടുക യൂസുഫ്‌ മുസ്‌ല്യാര്‍, പൊന്നാനി തുന്നന്‍വീട്ടില്‍ മുഹമ്മദ്‌ മുസ്‌ല്യാര്‍, പുളിക്കല്‍ കൊല്ലോളി അഹ്‌മദ്‌കുട്ടി മുസ്‌ല്യാര്‍, തലശ്ശേരി ടി യു കുഞ്ഞഹമ്മദ്‌ മൗലവി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരുടെ പിതാവ്‌ ഹസ്സന്‍ മുസ്‌ല്യാര്‍, പുതിയ പടത്തല അലി മുസ്‌ല്യാര്‍, പാറൂറ്‌ വെളിയത്ത്‌ കുഞ്ഞഹമ്മദ്‌ മുസ്‌ല്യാര്‍, ചേറൂര്‌ മങ്ങാട്ടില്‍ മൊയ്‌തീന്‍ മുസ്‌ല്യാര്‍, മുഹമ്മദുബ്‌നു യൂസുഫുല്‍ ഫദ്‌ഫരി, കോക്കൂര്‍ പുത്തന്‍പുരയില്‍ മരക്കാര്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാദി സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, സയ്യിദ്‌ ഹൈദ്രോസ്‌ കുഞ്ഞിക്കോയ തങ്ങള്‍, ഒതളക്കാട്ടില്‍ അഹ്‌മദ്‌ മുസ്‌ല്യാര്‍, ഇരുവേരി മുഹ്‌യിദ്ദീന്‍ കുഞ്ഞുമുസ്‌ല്യാര്‍, ചാലിലകത്ത്‌ മുഹമ്മദ്‌ മൗലവി, അണ്ടത്തോട്‌ ഖാദിര്‍കുട്ടി മുസ്‌ല്യാര്‍, പെരുമ്പടപ്പ്‌ തോപ്പില്‍ വീരാന്‍ മുസ്‌ല്യാര്‍, പൊന്മുണ്ടത്ത്‌ ആറ്റക്കോയ തങ്ങള്‍, തിരൂര്‍ കുഞ്ഞമ്മു മുസ്‌ല്യാര്‍, കൂട്ടായി അബ്‌ദുല്ലക്കുട്ടി മുസ്‌ല്യാര്‍, കോക്കൂര്‍ അഹ്‌മദ്‌ മൗലവി, ഇരിങ്ങാവൂര്‍ മാദക്കല്‍ അബ്‌ദു��ുല്‍ഖാദര്‍ മൗലവി (വക്കം), വടുതല ഹമദാനി തങ്ങള്‍, കായല്‍പട്ടണം ലബ്ബ മൗലവി, ശൈഖ്‌ ഇബ്‌റാഹീം ആരിഫ്‌ ബില്ലാഹ്‌ ചിശ്‌ത്തില്‍ ഖാദിരിയ്യില്‍ വേലൂരി, ശൈഖ്‌ മുഹമ്മദ്‌ ചിശ്‌ത്തി കവരത്തി.

കേരളത്തിലങ്ങോളമിങ്ങോളം മുദര്‍രിസ്‌, ഖാദി, വാഇദ്‌ (വയദ്‌ പറയുന്നവന്‍) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇരുത്തംവന്ന ഈ പണ്ഡിതന്മാരില്‍ പലരുടെയും പേരുപോലും ഇന്നത്തെ തലമുറ കേട്ടിട്ടുണ്ടാവില്ല.

`ഖുത്വ്‌ബ പരിഭാഷ' എന്ന സംജ്ഞതന്നെ മലയാളത്തിന്‌ ലഭിച്ചത്‌ ഇവ്വിധമാണ്‌. ഖുര്‍ആന്‍ പരിഭാഷ പോലെ നബി(സ)യുടെയോ സ്വഹാബിമാരുടെയോ ഖുത്വ്‌ബകളുടെ മലയാള പരിഭാഷയെപ്പറ്റിയല്ല ഇപ്പറയുന്നത്‌. (ഖുത്വ്‌ബ എന്നാല്‍ പ്രസംഗമാണ്‌ എന്നുപോലും സമൂഹത്തിനറിയില്ലായിരുന്നു) മേല്‍പറഞ്ഞ പണ്ഡിതന്മാര്‍ ഖുത്വ്‌ബയെ മലയാളികള്‍ക്കിങ്ങനെ പരിചയപ്പെടുത്തിയത്‌ അവര്‍ `വഹ്‌ഹാബികളാ'യതു കൊണ്ടല്ല. അവര്‍ പഠിച്ച്‌ വളര്‍ന്ന്‌ ആദര്‍ശമായി കൊണ്ടുനടക്കുന്ന ശാഫിഈ മദ്‌ഹബിന്റെ അടിസ്ഥാനത്തിലാണത്‌ ചെയ്‌തത്‌. ജുമുഅ ഖുത്വ്‌ബയുടെ അര്‍കാനുകള്‍ (അവശ്യഘടകങ്ങള്‍) അറബിയിലും തവാബിഅ്‌ (അനുബന്ധങ്ങള്‍) ശ്രോതാക്കളുടെ ഭാഷയിലും ആവാമെന്നാണ്‌ പ്രമുഖ ശാഫിഈ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെട്ടുകിടക്കുന്നത്‌. 1922ല്‍ രൂപീകൃതമായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ ജെ യു)യെയും മുജാഹിദുപ്രസ്ഥാനത്തെയും എതിര്‍ത്തു തോല്‌പിക്കാന്‍ എന്തും ചെയ്യാമെന്ന ലക്ഷ്യവുമായി 1926ല്‍ രൂപീകരിക്കപ്പെട്ട `സമസ്‌ത' എന്ന സംഘം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌ മുതല്‍ക്കാണ്‌ ജുമുഅ ഖുത്വ്‌ബ ഒരു വലിയ വിവാദ വിഷയമായി കേരളീയര്‍ കാണാന്‍ തുടങ്ങിയത്‌. ഇരുപത്‌ വര്‍ഷങ്ങള്‍ക്കു ശേഷം 1947ല്‍ ഒരു പ്രമേയത്തിലൂടെ `സമസ്‌ത' ജുമുഅ ഖുത്വ്‌ബക്കു നേരെ ആഞ്ഞടിച്ചു. അത്‌ ജനങങള്‍ക്ക്‌ മനസ്സിലായിക്കൂടാ എന്ന്‌ ശഠിച്ചു. ആ പ്രമേയം ഇങ്ങനെയായിരുന്നു:

`ജുമുഅന്റെ ഖുത്‌ബയില്‍ അറബിഭാഷ അല്ലാതെ ഉപയോഗിക്കുന്നത്‌ നല്ലതല്ലാത്തും മുന്‍കറത്തായ ബിദ്‌അത്തുമാണെന്ന്‌ (നിരോധിക്കേണ്ട അനാചാരം) ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഇന്ന്‌ ഖുത്വ്‌ബ പരിഭാഷ നടപ്പിലുള്ള ജുമുഅത്ത്‌ പള്ളി ഭാരവാഹികളോടും ഖത്വീബുമാരോടും അത്‌ നിര്‍ത്തല്‍ ചെയ്‌വാന്‍ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു.''

എന്തായിരുന്നു ഈ പിന്തിരിപ്പന്‍ പ്രമേയത്തിന്റെ അനന്തരഫലം? 1), സാധുക്കളായ ചില ഖത്വീബുമാരും അവരെ പിന്താങ്ങുന്ന മഹല്ലുകാരും മനമില്ലാമനസ്സോടെ ഖുത്വ്‌ബക്ക്‌ പകരം അറബി ഏട്‌ വായിക്കല്‍ മാത്രായി ജുമുഅയെ പരിവര്‍ത്തിപ്പിച്ചു. 2), പ്രമേയത്തിന്റെ അന്തസ്സത്ത കാറ്റില്‍പറത്തി, എന്നാല്‍ ഒരുവാക്കു പോലും എതിരുപറയാതെ, തങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്ന മലായള ഖുത്വ്‌ബയോ പരിഭാഷയോ നിര്‍ബാധം തുടര്‍ന്നുപോന്നു. 3), സമസ്‌ത മുശാവറ അംഗവും കൊടിയത്തൂര്‍ ഖാദിയുമായ പ്രമുഖ പണ്ഡിതന്‍ മുസ്‌ല്യാരകത്ത്‌ അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാര്‍, പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ പതിറ്റാണ്ടുകളോളം ജംഉല്‍ ജവാമിഅ്‌ പോലുള്ള ഫിഖ്‌ഹ്‌ സൈദ്ധാന്തിക ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചിരുന്ന ടി സി മുഹമ്മദ്‌ മുസ്‌ല്യാര്‍, യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി തുടങ്ങിയ നിരവധി പേര്‍ സമസ്‌തയുമായി തെറ്റിപ്പിരിഞ്ഞു. തികഞ്ഞ സുന്നി മുസ്‌ല്യാരായി തന്നെ കഴിഞ്ഞുകൂടിയ അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാര്‍ ശാഫിഈ മദ്‌ഹബിലെ ഗ്രന്ഥങ്ങള്‍ മാത്രം ഉദ്ധരിച്ചുകൊണ്ട്‌, ജുമുഅ ഖുത്വ്‌ബ മാതൃഭാഷയില്‍ നടത്താമെന്ന്‌ സമര്‍ഥിച്ചുകൊണ്ട്‌ ഗ്രന്ഥങ്ങള്‍ എഴുതി. ജംഇയ്യത്തുല്‍ ഉലമാഇസ്സുന്നിയ്യ എന്ന ഒരു സംഘടന തന്നെ ഇപ്പേരില്‍ രൂപീകരിക്കപ്പെട്ടു. കാലം മുന്നോട്ടുപോയി. സമസ്‌ത വീണ്ടും പിളര്‍ന്നു.

ഒരു വിഭാഗം തങ്ങളുടെ വാദങ്ങള്‍ക്ക്‌ തീവ്രത കൂട്ടി. തൂക്കം ഒപ്പിക്കാന്‍ ഗത്യന്തരമില്ലാതെ മറ്റവരും വാദങ്ങള്‍ക്ക്‌ ശക്തികൂട്ടി. ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഖുത്വ്‌ബകള്‍ ഈ തീവ്രവാദങ്ങളുടെ ബലിയാടായി. സമുദായത്തിന്‌ പകരം കിട്ടിയത്‌ ജുമുഅക്ക്‌ മുമ്പായി മിഹ്‌റാബിന്റെ മുന്നില്‍ വച്ച്‌ നടത്തപ്പെടുന്ന നെടുങ്കന്‍ വഅദുകള്‍! കൊടുങ്ങല്ലൂര്‍ പോലുളള പല പള്ളികളിലും നൂറ്റാണ്ടുകള്‍ തുടര്‍ന്ന പ്രാദേശിക ഭാഷയിലെ ഖുത്വ്‌ബ യാഥാസ്ഥിതികതയ്‌ക്ക്‌ വഴിമാറിയപ്പോള്‍ മഞ്ചേരി പള്ളി പോലുള്ള പല മഹല്ലുകളും യഥാസ്ഥിതിയില്‍ ഇപ്പോഴും നിലകൊള്ളുന്നു.

പരിഭാഷാ വിരോധ ചരിത്രത്തിന്റെ ഈ നാള്‍വഴികള്‍ ഇപ്പോള്‍ ഓര്‍ത്തുപോകാന്‍ ഒരു നിമിത്തമുണ്ടായി. സപ്‌തംബര്‍ 16-30ലെ സുന്നീ വോയ്‌സ്‌ ദൈ്വവാരികയുടെ കവര്‍‌സ്റ്റോറിയായി നല്‍കിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: `ഖുത്വ്‌ബയുടെ ഭാഷയും ബിദ്‌അത്തുകാരുടെ കൈക്രിയകളും.' ലേഖനകര്‍ത്താവിനെ വല്ലാതെ പ്രകോപിപ്പിച്ച ഒരു വാക്യമുണ്ട്‌. കെ എന്‍ എം ദഅ്‌വ വിംഗ്‌ പ്രസിദ്ധീകരിച്ച അഹ്‌ലുസ്സുന്ന വല്‍ജമാഅ: സംശയും മറുപടിയും എന്ന ലഘുലേഖയിലെ പ്രസ്‌തുത വാക്യം ഇതാണ്‌: ``സമസ്‌ത എന്ന സംഘടന രൂപീകരിച്ചതിനു ശേഷമാണ്‌ മാതൃഭാഷയില്‍ ഖുത്വ്‌ബ നടത്തല്‍ ഹറാമാണെന്ന്‌ ഫത്‌വ വന്നത്‌. മദ്‌ഹബുകള്‍ക്കത്‌ പരിചയമില്ല.''

ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്‌ മുജാഹിദ്‌ പ്രസ്ഥാനത്തെ പുലഭ്യം പറയുന്ന ലേഖകന്‌ മറുപടി പറയുന്നതിന്‌ മുന്‍പായി ഈ ചരിത്രയാഥാര്‍ഥ്യം ഓര്‍ത്തുപോയതാണ്‌. വ യുശ്‌തറത്വു കൗനുഹാ അറബിയ്യതന്‍ അയ്‌ അല്‍അര്‍കാനു ദൂന മാ അദാഹാ എന്ന ശാഫിഈ ഫിഖ്‌ഹിന്റെ വാക്യങ്ങളും ആശയവും ബോധപൂര്‍വം മറച്ചുവച്ച്‌ പദക്കസര്‍ത്ത്‌ നടത്തിയ സഖാഫി, ജുമുഅ ഖുത്വ്‌ബ കാര്യത്തില്‍ തിരൂര്‍കോടതി ഇ കെ ഹസ്സന്‍ മുസ്‌ല്യാരെ വിചാരണ ചെയ്‌തതിന്റെ പ്രൊസീഡിംഗ്‌സും എം അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാരുടെ പുസ്‌തകങ്ങളും വായിക്കുന്നത്‌ നന്ന്‌.

തങ്ങളുടെതല്ലാത്ത താളുകള്‍ വായിക്കില്ല എന്നുറപ്പുള്ള ഒരു അനുവാചക വൃന്ദത്തിനു മുന്നില്‍ പദക്കസര്‍ത്ത്‌ നടത്താം. എന്നാല്‍ ചരിത്രം വിസ്‌മരിച്ചവരല്ലല്ലോ കേരളത്തിലെ മുഴുവന്‍ മനുഷ്യരും. നടന്നു കയറിയ പാതകളിലേക്ക്‌ തിരിഞ്ഞുനോക്കുന്നത്‌ ചിലര്‍ക്ക്‌ ഭയമാണ്‌. ചരിത്രമെന്ന പദത്തോടുതന്നെ അലര്‍ജിയാവുന്നത്‌ വിശ്വാസിയുടെ ലക്ഷണമല്ല. തെറ്റുകള്‍ വന്നുപോയെങ്കില്‍ തിരുത്തുക. പോരായ്‌മയുണ്ടെങ്കില്‍ നികത്തുക. അതാണ്‌ മാന്യത. അതാണ്‌ വിനയം. അതാണ്‌ വിശ്വാസിയുടെ മര്‍ഗം.