പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Monday, December 5, 2011

ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍

എ അബ്‌ദുസ്സലാം സുല്ലമി  

``ജിന്നുകളെയും മലക്കുകളെയും അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്‌ പ്രാര്‍ഥന അല്ല എന്ന്‌ ഗവേഷണം ചെയ്യപ്പെട്ടതോടെ പ്രാര്‍ഥിക്കാനുള്ള അത്തരം സന്ദര്‍ഭം പോലും നഷ്‌ടമായി. ഇനി ബസ്സിന്റെ ബ്രേക്ക്‌ പൊട്ടുമ്പോള്‍ മലക്കിനെയും ഇഫ്‌രീത്തിനെയും വിളിക്കാം. കാരണം കാര്യകാരണ ബന്ധം മുറിയുന്നില്ല. പ്രാര്‍ഥനയോ ശിര്‍ക്കോ ആകുന്നുമില്ല.'' (സുന്നിവോയ്‌സ്‌ -2010 ഏപ്രില്‍ 1-15 പേജ്‌ 25)

ഈ വിമര്‍ശനം എ പി വിഭാഗം മുജാഹിദുകളെ ഉദ്ദേശിച്ചുള്ളതാണ്‌. കാരണം, പ്രാര്‍ഥനക്ക്‌ മുജാഹിദുകള്‍ നല്‌കിയിരുന്ന വിശദീകരണം വരെ ഇടക്കാലത്ത്‌ തിരുത്തിയവരാണിവര്‍! അടിസ്ഥാന പ്രമാണത്തെ പോലും ഇവര്‍ അട്ടിമറിച്ചു. ഇവരുടെ പുതിയ നിര്‍വചനപ്രകാരം ഭൗതിക കാര്യങ്ങള്‍ക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ മാത്രം സഹായംതേടുകയും മറ്റുള്ളവരോട്‌ സഹായം തേടിയാല്‍ ശിര്‍ക്ക്‌ വന്നുപോകുകയും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നും അത്‌ ശിര്‍ക്കാവുകയില്ലെന്നും വരുന്നു. മനുഷ്യന്‌ ചെയ്യാന്‍ സാധിക്കുന്ന സംഗതികള്‍ മലക്കുകളോടും ജിന്നുകളോടും ചോദിക്കുന്നതിന്‌ വിരോധമില്ലെന്നും ഇവര്‍ എഴുതുന്നു. ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:

1). ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി മനുഷ്യനിയന്ത്രണം വിടുന്ന അപകടങ്ങളില്‍ പെടുക. മനുഷ്യകഴിവിന്‌ അതീതമായ ഇത്തരം സന്ദര്‍ഭങ്ങളിലായിരുന്നു അല്ലാഹുവിനോടു മാത്രം സഹായം തേടാന്‍ പാടുള്ള രംഗമായി നാം വിവരിച്ചിരുന്നത്‌. നമ്മുടെ മദ്‌റസ പാഠപുസ്‌തകങ്ങളില്‍ വരെ ഇതു ഉദാഹരണമായി എടുത്തുകാണിച്ചതു കാണാം. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ മലക്കുകളോടും ജിന്നുകളോടും സഹായംതേടിയാല്‍ അത്‌ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല എന്നാണ്‌. ഇതിന്‌ രേഖയായി അവര്‍ ഉദ്ധരിക്കുന്നത്‌ ഹാജറബീവി മലക്കിനോട്‌ ദാഹജലത്തിനു വേണ്ടി മരുഭൂമിയില്‍ വെച്ച്‌ സഹായംതേടിയ സംഭവമാണ്‌. അപ്പോള്‍ മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ മനുഷ്യര്‍ അകപ്പെടുമ്പോള്‍ മലക്കിനെ വിളിച്ച്‌ സഹായംതേടല്‍ അനുവദനീയവും അനിവാര്യവുമായി.
നിങ്ങള്‍ മരുഭൂമിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്റെ ദാസന്മാരെ നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ എന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമെന്നുമാണ്‌ മറ്റൊരു തെളിവായി ഇവര്‍ പറയുന്നത്‌. അപ്പോള്‍ മലക്കിനെയും ജിന്നുകളെയും വിളിച്ചുതേടല്‍ അനുവദനീയമോ സുന്നത്തോ നിര്‍ബന്ധമോ ആയി. ഹറാംചെയ്യാനും വിഡ്‌ഢിത്തം ചെയ്യാനും നബി(സ) നിര്‍ദേശിക്കുകയില്ലല്ലോ.

2). ഒരാള്‍ ഒഴുക്കില്‍ പെട്ട സന്ദര്‍ഭത്തില്‍ അദൃശ്യമായ നിലക്കു അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ തേടാന്‍ പാടുള്ളൂ. നമ്മുടെ പുസ്‌തകങ്ങളില്‍ ഇത്‌ ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു. നവയാഥാസ്ഥിതികര്‍ പറയുന്നത്‌ മലക്കുകളെയും ജിന്നുകളെയും ഈ അവസരങ്ങളിലും വിളിച്ച്‌ സഹായം തേടാം എന്നാണ്‌. സഹായംതേടിയാല്‍ അത്‌ കാര്യകാരണബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല. കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ വരുന്നതും ദൃശ്യവും ഭൗതികവുമായ മാര്‍ഗമാണെന്നുമാണ്‌ ഇവര്‍ പറയുന്നത്‌. അപ്പോള്‍ ഈ സന്ദര്‍ഭങ്ങളില്‍ മലക്കിനെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച്‌ സഹായംതേടല്‍ അനിവാര്യമായി.
ഒരാള്‍ക്കു സന്താനം ലഭിക്കാന്‍ വിവാഹംചെയ്‌തു ദാമ്പത്യബന്ധം സ്ഥാപിക്കല്‍ നിര്‍ബന്ധമായതു പോലെ. കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനമായ കാര്യങ്ങളില്‍ കാര്യകാരണബന്ധം പ്രവര്‍ത്തിച്ചുകൊണ്ടായിരിക്കണം നാം അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കേണ്ടത്‌.

3). വരള്‍ച്ചയും ക്ഷാമവും ബാധിക്കുന്ന രംഗങ്ങളില്‍ അല്ലാഹുവിനോട്‌ മാത്രമേ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ. മനുഷ്യകഴിവില്‍ പെട്ട സംഗതികള്‍ നീക്കാന്‍ വേണ്ടി നമുക്ക്‌ ഗവണ്‍മെന്റിനോട്‌ സഹായം ആവശ്യപ്പെടാം. എന്നാല്‍ ജിന്നുകളോടും മലക്കുകളോടും സഹായം തേടാന്‍ പാടില്ല. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടല്‍ കാര്യകാരണബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല എന്നാണ്‌. അപ്പോള്‍ വരള്‍ച്ചയും ക്ഷാമവും കൃഷിനാഷവും മറ്റും സംഭവിക്കുമ്പോള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

4). ഭൂചലനങ്ങളും ഭൂമികുലുക്കവും നിയന്ത്രിക്കാന്‍ മനുഷ്യ കഴിവില്‍ പെട്ട സംഗതികള്‍ മനുഷ്യനോടു ചോദിക്കാം. എന്നാല്‍ മനുഷ്യ കഴിവിന്‌ അതീതമായ കാര്യത്തില്‍ അല്ലാഹുവിനോടു മാത്രമേ സഹായംചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും സഹായംചോദിക്കല്‍ പ്രാര്‍ഥനയും ശിര്‍ക്കും കുഫ്‌റുമാണ്‌.
എന്നാല്‍ ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമല്ലെന്നും കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും നവയാഥാസ്ഥിതികര്‍ പറയുന്നു. അദൃശ്യവും അഭൗതികവുമായ മാര്‍ഗമല്ലെന്നും പ്രഖ്യാപിക്കുന്നു. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കല്ലെന്ന്‌ ജല്‌പിക്കുന്നു. അപ്പോള്‍ ഇത്തരം രംഗങ്ങളിലും മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടല്‍ അനുവദനീയവും അനിവാര്യവുമായി.

5). ശാരീരികമായ രോഗങ്ങളും ന്യൂനതകളും ഉള്ള ദമ്പതിമാര്‍ സന്താനലബ്‌ധിക്കു വേണ്ടി മനുഷ്യകഴിവില്‍ പെട്ട സഹായത്തിനുവേണ്ടി ഒരു ഡോക്‌ടറെ സമീപിക്കുന്നത്‌ അനുവദനീയമാണ്‌. എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്ത തടസ്സങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ. ജിന്നുകളോടും മലക്കുകളോടും പിശാചുക്കളോടും സഹായംചോദിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. കാരണം ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അഭൗതികവും അദൃശ്യവും മറഞ്ഞ വഴിയുമാണ്‌.
എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ സഹായ തേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അദൃശ്യവും അഭൗതികവുമല്ല എന്നാണ്‌. ജിന്നുകളെയും മലക്കുകളെയും കാര്യകാരണ ബന്ധത്തിന്റെയും അദൃശ്യത്തിന്റെയും അഭൗതികത്തിന്റെയും പ്രശ്‌നം തീരുമാനിക്കുമ്പോള്‍ പരിഗണിക്കണം. അവരെ ഒഴിവാക്കിക്കൊണ്ടായിരിക്കണം കാര്യകാരണ ബന്ധത്തിന്‌ അതീതം, അദൃശ്യം, അഭൗതികം എന്നെല്ലാം പറയേണ്ടത്‌. അതിനാല്‍ സന്താനലബ്‌ധിക്കു വേണ്ടി-ശാരീരികദുര്‍ബലതകള്‍ ഉള്ളവര്‍-ഡോക്‌ടറെ സമീപിക്കുന്നതുപോലെ തന്നെ മലക്കുകളോടും ജിന്നുകളോടും സഹായം ചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

6). രോഗം ബാധിച്ചവര്‍ ഡോക്‌ടറെ സമീപിച്ച്‌ രോഗശമനത്തിനുവേണ്ടി സഹായം ആവശ്യപ്പെടല്‍ അനുവദനീയമാണ്‌. മനുഷ്യകഴിവിന്‌ അതീതമായ നിലക്ക്‌ രോഗശമനത്തിനു വേണ്ടി അല്ലാഹുവിനോടു മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും രോഗശമനം ആവശ്യപ്പെട്ടാല്‍ ശിര്‍ക്കും പ്രാര്‍ഥനയുമാണത്‌. ഇതു കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗമാണ്‌. അല്ലെന്ന്‌ നവയാഥാസ്ഥിതികര്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ രോഗശമനത്തിനു വേണ്ടി ഡോക്‌ടറെ സമീപിക്കുന്നതു പോലെ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

7). മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളില്‍ മക്കാ മുശ്‌രിക്കുകള്‍ വരെ അല്ലാഹുവിനോട്‌ മാത്രമാണ്‌ സഹായംതേടിയിരുന്നത്‌. മറ്റുള്ളവരോടു സഹായംതേടല്‍ ഏകദൈവ വിശ്വാസത്തിന്‌ എതിരാണെന്ന്‌ അവര്‍ പോലും ഗ്രഹിച്ചിരുന്നു. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷ ലഭിക്കാന്‍ ഏകദൈവ വിശ്വാസത്തെ അവര്‍ നിഷ്‌കളങ്കമാക്കും. അങ്ങനെ മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം ചോദിക്കാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം ചോദിക്കും.

മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ സഹായം തേടുവാന്‍ പാടുള്ളൂവെന്ന്‌ മക്കയിലെ വിഗ്രഹാരാധകന്മാർ‍ അംഗീകരിച്ചിരുന്നു. മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടല്‍ ശിർ‍ക്കാണെന്നും സമ്മതിച്ചിരുന്നു. നവയാഥാസ്ഥിതികർ‍ ഇത്‌ സമ്മതിക്കുന്നില്ല. സമ്മതിക്കുമെങ്കിൽ‍ ഇത്‌ ശിർ‍ക്കാണെന്ന്‌ അവർ‍ എഴുതുമോ?

മലയാള ഖുത്വ്‌ബ, ഖുര്‍ആന്‍ പരിഭാഷ ഇന്നും തുടരുന്ന വിരോധത്തിനു പിന്നില്‍


അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

ഭാഷ മനുഷ്യന്‌ അല്ലാഹു നല്‍കിയ പ്രത്യേകതയും വലിയ അനുഗ്രഹവുമാണ്‌. ജന്തുക്കള്‍ ആശയവിനിമയം നടത്തുന്നത്‌ അവയ്‌ക്ക്‌ അല്ലാഹു നല്‍കിയ ജന്മബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌. അവയുടെ ആശയവിനിമയോപാധി കാലപ്പകര്‍ച്ചയ്‌ക്ക്‌ വിധേയമാകാതെ, മാറ്റങ്ങളേതുമില്ലാതെ തുടരുകയാണ്‌. മനുഷ്യന്‍ അങ്ങനെയല്ല. മനുഷ്യന്‍ പുതിയ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിച്ച്‌ മറ്റുള്ളവരിലേക്ക്‌ സംവേദനം ചെയ്യുന്നു. ഇതിനുപയോഗിക്കുന്ന മാധ്യമം ഭാഷയാണ്‌.

ഭാഷാബോധം ജന്മസിദ്ധമാണെങ്കിലും അതില്‍ നിരന്തരം മാറ്റങ്ങളും പഠനഗവേഷണങ്ങളും പുരോഗതികളും ഉണ്ടാകുന്നു. ഭാഷകള്‍ പുതുതായി ജനിക്കുന്നു. ചില ഭാഷകള്‍ മരിക്കുന്നു. ചിലത്‌ പരിവര്‍ത്തനവിധേയമാകുന്നു. ചിലതെങ്കിലും മാറ്റമില്ലാതെ തുടരുന്നു. `ഭാഷ'യെ സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും (ലിംഗ്വിസ്റ്റിക്‌സ്‌) ഇന്ന്‌ ഒരു ശാസ്‌ത്രശാഖയായി വികസിച്ചിരിക്കുന്നു.
ലോകത്ത്‌ മൂവ്വായിരത്തിലേറെ ഭാഷകള്‍ ഉണ്ടത്രേ. ഭാഷാഭേദങ്ങള്‍ വേറെയും. ഇത്രയേറെ ഭാഷകള്‍ ഉണ്ടായിട്ടും മനുഷ്യന്‍ പുരോഗതിപ്പെടുന്നു. ഇത്‌ ദൈവികദൃഷ്‌ടാന്തമല്ലാതെ മറ്റെന്താണ്‌? ഭാഷകളുടെയും നമ്മുടെയും സ്രഷ്‌ടാവായ അല്ലാഹു പറയുന്നു: ``ആകാശഭൂമികളുടെ സൃഷ്‌ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌'' (30:22). ഒരു ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ആശയം ഇതര ഭാഷക്കാര്‍ക്ക്‌ മനസ്സിലാകത്തക്കവണ്ണം ഭാഷാന്തരണം നടത്തുക എന്നത്‌ ഭാഷാവൈവിധ്യത്തിന്റെ അനിവാര്യതകളിലൊന്നാണ്‌. വിവിധ ഭാഷക്കാരെ കൂട്ടിയിണക്കുന്ന കണ്ണിയാണ്‌ ഭാഷാന്തരണം (ട്രാന്‍സ്‌ലേഷന്‍). ഐക്യരാഷ്‌ട്രസഭയിലെ ആശയവിനിമയം മുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ചോദിച്ചു മനസ്സിലാക്കുന്ന സാധാരണക്കാരന്‍ വരെ ഭാഷാന്തരണത്തിന്റെ കണ്ണികളാണ്‌. `നാനാത്വത്തില്‍ ഏകത്വം' കാണുന്ന ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭ (പാര്‍ലമെന്റ്‌) ഭാഷാവൈവിധ്യത്തിന്റെയും ഭാഷാന്തരണത്തിന്റെയും മികച്ച ഉദാഹരണമാണ്‌.
ദൈവികമതമെന്ന നിലയില്‍ ഇസ്‌ലാമിനും അതംഗീകരിച്ച മുസ്‌ലിംസമൂഹത്തിനും ഭാഷയും ഭാഷാന്തരണവും പ്രത്യേകം ശ്രദ്ധാര്‍ഹമായ വിഷയങ്ങളാണ്‌. ഇസ്‌ലാം ലോകത്തിന്റെ മതമാണ്‌; മനുഷ്യര്‍ക്കുള്ളതാണ്‌. ലോകത്ത്‌ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്‌ അറബി ഭാഷയിലാണ്‌. അന്ത്യപ്രവാചകന്റെ ഭാഷ അറബിയായിരുന്നു. പ്രവാചക ചര്യ അറബിയില്‍ രേഖപ്പെട്ടു കിടക്കുന്നുകളിലും അറബിഭാഷയും പ്രചരിച്ചു. ചിലേടങ്ങളില്‍ പ്രാദേശിക ഭാഷയെ അറബി ആദേശം ചെയ്‌തു. ചില അറബി ഭാഷാഭേദങ്ങള്‍ ഖുര്‍ആനിന്റെ ആഗമനത്തോടെ ക്ലാസിക്‌ ഭാഷയ്‌ക്ക്‌ വഴിമാറിക്കൊടുത്തു. എന്നാല്‍ വിദൂരദിക്കുകളിലെ, പ്രത്യേകിച്ചും സെമിറ്റിക്‌ ഭാഷാ കുടുംബത്തില്‍ പെടാത്ത, ഭാഷകളിലേക്ക്‌ ഇസ്‌ലാമികാശയങ്ങള്‍ ഭാഷാന്തരണം നടത്തേണ്ടിവന്നു. ഇന്നും ഈ പ്രക്രിയ അഭംഗുരം തുടരുന്നു. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രവാചകന്മാരുടെ ചരിത്രവുമെല്ലാം ലോകത്ത്‌ പ്രചരിച്ചതിങ്ങനെയാണ്‌.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്‌. അത്‌ ഭാഷാന്തരണം നടത്താന്‍ പാടുണ്ടോ? ഖുര്‍ആന്‍ പരിഭാഷ ഖുര്‍ആനാകുമോ? ഇത്യാദി സംശയങ്ങളും ആശങ്കകളും എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. ഒരു സമൂഹത്തിന്റെ മാതൃഭാഷ അറബിയല്ല എന്നത്‌, ദൈവികനിര്‍ദേശങ്ങള്‍ അവര്‍ക്ക്‌ ലഭിക്കാതിരിക്കാന്‍ കാരണമായിക്കൂടാ. ഖുര്‍ആനിന്റെ മഹത്വം പരിഭാഷകള്‍ക്കില്ലെങ്കിലും ഖുര്‍ആനിന്റെ ആശയം ജനങ്ങള്‍ക്കെത്തിക്കാന്‍ ഇതുതന്നെയാണ്‌ വഴി. ഈ യാഥാര്‍ഥ്യം ലോകം തിരിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ഭാഷകളിലും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചുമലയാളത്തിലും.
ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം കടന്നുവന്ന കേരളക്കരയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍, മറ്റെല്ലാ സ്ഥലങ്ങളിലുമെന്ന പോലെ, മുസ്‌ലിംകള്‍ പ്രമാണങ്ങളില്‍ നിന്നകലുകയും ആദര്‍ശം നാമമാത്രമായിത്തീരുകയും ചെയ്‌തു. തത്‌ഫലമായി മുസ്‌ലിംസമൂഹം പിന്നാക്കത്തിന്റെ പിന്നണിയിലായിത്തീര്‍ന്നു. മുസ്‌ലിം സമൂഹത്തെ പ്രമാണങ്ങളിലേക്ക്‌ തിരിച്ചുകൊണ്ട്‌ പ്രബുദ്ധമാക്കാന്‍ വേണ്ടിയുള്ള നവോത്ഥാനയജ്ഞം, മറ്റെല്ലാ സ്ഥലങ്ങളിലുമെന്ന പോലെ, ഇവിടെയും ആരംഭിച്ചു. ഒരു നൂറ്റാണ്ടു മുമ്പ്‌ തുടങ്ങിയ ഇസ്‌ലാഹീ പ്രവര്‍ത്തനം ഇന്നും തുടരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആശയം ജനങ്ങളെ പഠിപ്പിച്ചുകൊണ്ടായിരുന്നു ഇസ്‌ലാഹിന്റെ തുടക്കം. മതം പഠിച്ച പുരഹോതിനും കേവലചടങ്ങുകള്‍ ചെയ്‌ത്‌ സായൂജ്യമടയുന്ന സാധാരണക്കാരനുമെന്ന സങ്കല്‌പമല്ല ഇസ്‌ലാമിന്റേത്‌. `എല്ലാവരും പഠിക്കുക; എല്ലാവരും പ്രവര്‍ത്തിക്കുക. താന്‍ പ്രവര്‍ത്തിച്ചതുമാത്രമേ ഓരോ വ്യക്തിക്കും ലഭിക്കൂ. ഒരാളുടെ പാപഭാരം വേറൊരാള്‍ പേറേണ്ടിവരില്ല. ആര്‍ക്കും മറ്റൊരാളെ പരലോകത്ത്‌ രക്ഷിക്കാനാവില്ല.' (53:38,29) ഈ അടിസ്ഥാനതത്വം ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു.
യാഥാസ്ഥിതികതയില്‍ മൂടുറച്ച സമൂഹവും അവര്‍ക്ക്‌ നേതൃത്വം നല്‌കിയിരുന്ന അല്‌പജ്ഞരായ പണ്ഡിതന്മാരും ഈ ആദര്‍ശത്തെ ശക്തമായി എതിര്‍ത്തു. എതിര്‍പ്പിന്റെ ആദ്യമുനയേറ്റത്‌ ഖുര്‍ആന്‍ പരിഭാഷയ്‌ക്കു നേരെയാണ്‌. ഖുര്‍ആനിലെ നിയമനിര്‍ദേശങ്ങള്‍ സാധാരണക്കാര്‍ അറിയുന്നത്‌ അപകടകരമാണെന്ന്‌ തിരിച്ചറിഞ്ഞ നേതൃത്വം പക്ഷേ, പുറത്തുപറഞ്ഞത്‌ വിശുദ്ധ ഖുര്‍ആനിന്റെ പവിത്രതയാണ്‌. നിത്യപ്രാര്‍ഥനയ്‌ക്ക്‌ (നമസ്‌കാരം) ആവശ്യമായ സൂറത്തുല്‍ഫാതിഹ പോലും ആശയം അറിയേണ്ടതില്ല എന്ന്‌ വ്യക്തമായി എഴുതിയ പണ്ഡിതന്മാര്‍ മണ്‍മറഞ്ഞുപോയി. എന്നാല്‍ എതിര്‍പ്പിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനിന്ന്‌, ഒഴുക്കിനെതിരെ നീന്തി, ഖുര്‍ആന്‍ ആശയം പഠിപ്പിക്കുന്ന ഇസ്‌ലാഹി പണ്ഡിതന്മാരുടെ ക്ലാസുകളിലൂടെ കേരള ജനത ദൈവിക നിര്‍ദേശങ്ങളുടെ അകംപൊരുള്‍ അറിഞ്ഞുതുടങ്ങി. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ലിഖിത പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. കേരളത്തില്‍ ആദ്യമായി മായിന്‍കുട്ടി എളയാ എന്ന പണ്ഡിതന്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയെങ്കിലും അത്‌ വെളിച്ചം കാണിക്കാന്‍ പോലും യാഥാസ്ഥിതികര്‍ അനുവദിച്ചില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇന്ന്‌ കേരളത്തില്‍ മൂന്നു ഡസനിലേറെ ഖുര്‍ആന്‍ പരിഭാഷകളുള്ളതില്‍ മുജാഹിദ്‌ പ്രസ്ഥാനവുമായി ബന്ധമുള്ളത്‌ മൂന്നോ നാലോ മാത്രമേയുള്ളൂ. ഇത്‌ പരിഭാഷാ പരിവര്‍ത്തനത്തിന്റെ ഒരു കൊടുങ്കാറ്റായിരുന്നു. പരിഭാഷാ വിരോധ ചരിത്രത്തിന്റെ ഈ നാള്‍വഴികള്‍ ഇന്നത്തെ തലമുറയ്‌ക്ക്‌ ഓര്‍മയുടെ പരിധിക്കു പുറത്താണ്‌. ഇത്‌ ഓര്‍ക്കാതിരിക്കാന്‍, ഓര്‍മയുള്ളവര്‍, ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു.
പരിഭാഷയുമായി ബന്ധപ്പെട്ട്‌ മുസ്‌ലിം സമൂഹത്തിന്നിടയില്‍ ചര്‍ച്ചയായ മറ്റൊരു പ്രധാനവിഷയം ജുമുഅ ഖുത്വ്‌ബയാണ്‌. ആഴ്‌ചയിലൊരിക്കല്‍ ഓരോ പ്രദേശത്തുമുള്ള മുസ്‌ലിംകള്‍ പള്ളികളില്‍ ഒത്തുകൂടുന്നു. ഈ ഒത്തുകൂടലിന്‌ ജുമുഅ എന്ന്‌ പറയുന്നു. ഇതൊരു നിര്‍ബന്ധകര്‍മമാണ്‌. സജീവമായ സമൂഹസൃഷ്‌ടിക്കു വേണ്ടി ഇസ്‌ലാം നിശ്ചയിച്ച ക്രിയാത്മകമായ ഒരു സംവിധാനം. ഇതൊരാരാധനയാണ്‌. നിര്‍ബന്ധ നമസ്‌കാരമായ ദുഹ്‌റിന്റെ നേരത്താണ്‌. ഇമാം ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക; തുടര്‍ന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. വിശുദ്ധ ഖുര്‍ആനില്‍ (62:9-11) ഇക്കാര്യം സാമാന്യമായി പറഞ്ഞു. നബിചര്യ ഇത്‌ പ്രായോഗികമായി വിവരിച്ചു. ``ഉദ്‌ബോധനം ജനങ്ങള്‍ക്ക്‌ മനസ്സിലാകേണ്ടതുണ്ടോ അതോ അറബിയില്‍ ഉരുവിടുന്ന ഒരു കേവല ചടങ്ങോ?'' ഇതാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒരുപാടു കാലം നിലനിന്നിരുന്ന ഒരു ചര്‍ച്ച! നബി(സ) പത്ത്‌ വര്‍ഷത്തോളം ജുമുഅയ്‌ക്ക്‌ നേതൃത്വം നല്‍കി. അഞ്ഞൂറില്‍ പരം ഖുത്വ്‌ബകള്‍ നിര്‍വഹിച്ചു. പ്രവാചകന്റെ ഓരോ അടക്കവും അനക്കവും രേഖപ്പെടുത്തിയും ഓര്‍മയില്‍ വച്ചും കാത്തുസൂക്ഷിച്ച സ്വഹാബികള്‍, പക്ഷേ നബി(സ)യുടെ ഒരൊറ്റ ഖുത്വ്‌ബയും രേഖപ്പെടുത്തിവെച്ചില്ല. അതിന്നര്‍ഥം, സന്ദര്‍ഭോചിതമായ ഉദ്‌ബോധനങ്ങളായിരുന്നു അവ എന്നാണ്‌. ഈ ചര്യ പിന്‍പറ്റി ഓരോ കാലത്തെയും ഇമാമുകള്‍ ജുമുഅയില്‍ ജനങ്ങള്‍ക്ക്‌ അവരുടെ ഭാഷയില്‍ ഉദ്‌ബോധനം നല്‍കിക്കൊണ്ടിരിക്കണം എന്ന്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു. അത്‌ ജനങ്ങള്‍ക്ക്‌ ഏറെക്കുറെ മനസ്സിലാവുകയും ചെയ്‌തു.
ഇങ്ങനെ പറയേണ്ടി വന്ന പശ്ചാത്തലം കൂടി മനസ്സിലാക്കുന്നത്‌ നന്ന്‌. നബി(സ) ജുമുഅ ഖുത്വ്‌ബയില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഖുലഫാഉര്‍റാശിദ അത്‌ തുടര്‍ന്നു. നബി ചെയ്‌ത ഖുത്വ്‌ബ അവര്‍ ആവര്‍ത്തിക്കുകയായിരുന്നില്ല. (പ്രവാചകന്റെ ആ പുണ്യവചനങ്ങള്‍ ലഭ്യമായിരുന്നുമില്ല). പില്‍ക്കാലത്തും അത്‌ തുടര്‍ന്നു. കാലം പിന്നിട്ടപ്പോള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വവും ഭരണകൂടവുമൊക്കെ നാമമാത്രമായിത്തീര്‍ന്നു.
ഖുര്‍ആനും ഹദീസും ഉദ്ധരിച്ച്‌ ഉല്‍ബോധനം നടത്താന്‍ പോലും കെല്‍പില്ലാത്ത `ഇമാമുകള്‍' വര്‍ധിച്ചു. ജുമുഅകള്‍ ചടങ്ങുകളായി മാറി. ചില പ്രഗത്ഭ പണ്ഡിതന്മാര്‍ തങ്ങളുടെ ജുമുഅ ഖുത്വ്‌ബകള്‍ രേഖപ്പെടുത്തിവച്ചിരുന്നു. ആ `ഏടുകള്‍' വായിച്ചുകൊണ്ട്‌ ജുമുഅ ഖുത്വ്‌ബയെന്ന `കടമ' തീര്‍ത്തിരുന്നവര്‍ ഏറെ. കേരളത്തിലെ പള്ളികളില്‍ ഇബ്‌നുനബാത അല്‍മിസ്‌രിയുടെ ഖുത്വ്‌ബ സമാഹാരം വായിക്കലായിരുന്നു പതിവ്‌. അത്‌ കടുകട്ടി സാഹിത്യമായിരുന്നു. ഇക്കാലത്തേക്ക്‌ പറ്റിയതല്ല. ഇന്നാട്ടിലേക്ക്‌ യോജിച്ചതല്ല. കാരണം അത്‌ ആ പണ്ഡിതന്‍ അദ്ദേഹത്തിന്റെ കാലത്ത്‌ ഈജിപ്‌തിലേക്ക്‌ വേണ്ടി തയ്യാറാക്കിയ കാലിക പ്രഭാഷണങ്ങളായിരുന്നു. `അറബ്‌ ഭാഷയിലുള്ള എന്തെങ്കിലും മതി' എന്ന ഒരു രീതിയിലേക്ക്‌ സമുദായം അധപ്പതിച്ച സന്ദര്‍ഭത്തിലാണ്‌ എന്താണ്‌ ജുമുഅയുടെ ഉദ്ദേശ്യമെന്നും എങ്ങനെയാണ്‌ ഖുത്വ്‌ബ എന്നും കേരളക്കാര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം നിര്‍ബന്ധിതമായത്‌.
ജുമുഅ ഖുത്വ്‌ബയുടെ ആവശ്യകത ഉള്‍ക്കൊണ്ട സാത്വികരായ നിരവധി പണ്ഡിതന്മാര്‍ കേരളത്തില്‍ അന്നും ഉണ്ടായിരുന്നു. പള്ളിയിലെ ഇമാമുകള്‍ എല്ലാവരും ജനങ്ങളെ സന്ദര്‍ഭോചിതം ഉദ്‌ബോധിപ്പിക്കാന്‍ (ആഴ്‌ചതോറും) അശക്തരാണെന്ന്‌ ബോധ്യമുള്ളവര്‍ പ്രായോഗികമായ ഒരു പരിഹാരമെന്ന നിലയില്‍ നിലവിലുള്ള `നബാത്തീഖുതുബ' മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി അറബി മലയാള ലിപിയില്‍ പ്രസിദ്ധപ്പെടുത്തി. വൈലത്തൂര്‍ ഞവനേക്കാട്‌ പുതിയ വീട്ടില്‍ മൂലയില്‍ മുഹ്‌യിദ്ദീന്‍ മൗലവി അല്‍യാഖൂത്തുല്‍ അത്വിയ്യ അലല്‍ ഖുതബിന്നബാത്തിയ്യ ബില്ലുഗത്തില്‍ മലൈബാരിയ്യ എന്ന പേരിലാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചത്‌ (നൂറു വര്‍ഷം മുമ്പ്‌ ഹിജ്‌റ 1320ലാണിത്‌ എന്നോര്‍ക്കുക). കേരളത്തിലെ മിക്ക പള്ളികളിലും ഈ `ഖുത്വ്‌ബപരിഭാഷ' (പരിഭാഷപ്പെടുത്തിയ ഖുത്വ്‌ബ) ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രമുഖരായ പണ്ഡിതന്മാര്‍ ഖുത്വ്‌ബ നിര്‍വഹിച്ചിരുന്നത്‌ മാതൃഭാഷയിലായിരുന്നു. അവര്‍ക്ക്‌ പരിഭാഷയുടെ ആവശ്യമില്ലായിരുന്നു. കേരളത്തിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂര്‍ മുതല്‍ നിരവധി പള്ളികളില്‍ ഇതായിരുന്നു സ്ഥിതി.
`നബാതിയ്യ ഖുത്വ്‌ബ' പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്‌ ഏതെങ്കിലും ഒരു പണ്ഡിതന്‍ സ്വന്തം നിലയില്‍ ചെയ്‌തതല്ല. അന്ന്‌ കേരളത്തില്‍ ജീവിച്ചിരുന്ന സുന്നീ പണ്ഡിതന്മാരില്‍ പ്രമുഖരായ നാല്‌പത്‌ പേര്‍ ആ പരിഭാഷ കണ്ട്‌, വായിച്ച്‌ അംഗീകരിച്ച്‌, പള്ളികളില്‍ ഉപയോഗിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തിയതാണ്‌. ആ നാല്‌പത്‌ പണ്ഡിതന്മാര്‍ ഇനി പറയുന്നവരാണ്‌:
ഞവനേക്കാട്‌ പീടികക്കല്‍ ഏനിക്കുട്ടി മുസ്‌ല്യാര്‍, കട്ടിലശ്ശേരി ആലി മുസ്‌ല്യാര്‍, പൊന്നാനി മഖ്‌ദൂം തങ്ങളുടെ മകന്‍ പുതിയകത്ത്‌ അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ല്യാര്‍, പള്ളിപ്പുറം മടത്തൊടുക യൂസുഫ്‌ മുസ്‌ല്യാര്‍, പൊന്നാനി തുന്നന്‍വീട്ടില്‍ മുഹമ്മദ്‌ മുസ്‌ല്യാര്‍, പുളിക്കല്‍ കൊല്ലോളി അഹ്‌മദ്‌കുട്ടി മുസ്‌ല്യാര്‍, തലശ്ശേരി ടി യു കുഞ്ഞഹമ്മദ്‌ മൗലവി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരുടെ പിതാവ്‌ ഹസ്സന്‍ മുസ്‌ല്യാര്‍, പുതിയ പടത്തല അലി മുസ്‌ല്യാര്‍, പാറൂറ്‌ വെളിയത്ത്‌ കുഞ്ഞഹമ്മദ്‌ മുസ്‌ല്യാര്‍, ചേറൂര്‌ മങ്ങാട്ടില്‍ മൊയ്‌തീന്‍ മുസ്‌ല്യാര്‍, മുഹമ്മദുബ്‌നു യൂസുഫുല്‍ ഫദ്‌ഫരി, കോക്കൂര്‍ പുത്തന്‍പുരയില്‍ മരക്കാര്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാദി സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, സയ്യിദ്‌ ഹൈദ്രോസ്‌ കുഞ്ഞിക്കോയ തങ്ങള്‍, ഒതളക്കാട്ടില്‍ അഹ്‌മദ്‌ മുസ്‌ല്യാര്‍, ഇരുവേരി മുഹ്‌യിദ്ദീന്‍ കുഞ്ഞുമുസ്‌ല്യാര്‍, ചാലിലകത്ത്‌ മുഹമ്മദ്‌ മൗലവി, അണ്ടത്തോട്‌ ഖാദിര്‍കുട്ടി മുസ്‌ല്യാര്‍, പെരുമ്പടപ്പ്‌ തോപ്പില്‍ വീരാന്‍ മുസ്‌ല്യാര്‍, പൊന്മുണ്ടത്ത്‌ ആറ്റക്കോയ തങ്ങള്‍, തിരൂര്‍ കുഞ്ഞമ്മു മുസ്‌ല്യാര്‍, കൂട്ടായി അബ്‌ദുല്ലക്കുട്ടി മുസ്‌ല്യാര്‍, കോക്കൂര്‍ അഹ്‌മദ്‌ മൗലവി, ഇരിങ്ങാവൂര്‍ മാദക്കല്‍ അബ്‌ദു��ുല്‍ഖാദര്‍ മൗലവി (വക്കം), വടുതല ഹമദാനി തങ്ങള്‍, കായല്‍പട്ടണം ലബ്ബ മൗലവി, ശൈഖ്‌ ഇബ്‌റാഹീം ആരിഫ്‌ ബില്ലാഹ്‌ ചിശ്‌ത്തില്‍ ഖാദിരിയ്യില്‍ വേലൂരി, ശൈഖ്‌ മുഹമ്മദ്‌ ചിശ്‌ത്തി കവരത്തി.

കേരളത്തിലങ്ങോളമിങ്ങോളം മുദര്‍രിസ്‌, ഖാദി, വാഇദ്‌ (വയദ്‌ പറയുന്നവന്‍) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇരുത്തംവന്ന ഈ പണ്ഡിതന്മാരില്‍ പലരുടെയും പേരുപോലും ഇന്നത്തെ തലമുറ കേട്ടിട്ടുണ്ടാവില്ല.

`ഖുത്വ്‌ബ പരിഭാഷ' എന്ന സംജ്ഞതന്നെ മലയാളത്തിന്‌ ലഭിച്ചത്‌ ഇവ്വിധമാണ്‌. ഖുര്‍ആന്‍ പരിഭാഷ പോലെ നബി(സ)യുടെയോ സ്വഹാബിമാരുടെയോ ഖുത്വ്‌ബകളുടെ മലയാള പരിഭാഷയെപ്പറ്റിയല്ല ഇപ്പറയുന്നത്‌. (ഖുത്വ്‌ബ എന്നാല്‍ പ്രസംഗമാണ്‌ എന്നുപോലും സമൂഹത്തിനറിയില്ലായിരുന്നു) മേല്‍പറഞ്ഞ പണ്ഡിതന്മാര്‍ ഖുത്വ്‌ബയെ മലയാളികള്‍ക്കിങ്ങനെ പരിചയപ്പെടുത്തിയത്‌ അവര്‍ `വഹ്‌ഹാബികളാ'യതു കൊണ്ടല്ല. അവര്‍ പഠിച്ച്‌ വളര്‍ന്ന്‌ ആദര്‍ശമായി കൊണ്ടുനടക്കുന്ന ശാഫിഈ മദ്‌ഹബിന്റെ അടിസ്ഥാനത്തിലാണത്‌ ചെയ്‌തത്‌. ജുമുഅ ഖുത്വ്‌ബയുടെ അര്‍കാനുകള്‍ (അവശ്യഘടകങ്ങള്‍) അറബിയിലും തവാബിഅ്‌ (അനുബന്ധങ്ങള്‍) ശ്രോതാക്കളുടെ ഭാഷയിലും ആവാമെന്നാണ്‌ പ്രമുഖ ശാഫിഈ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെട്ടുകിടക്കുന്നത്‌. 1922ല്‍ രൂപീകൃതമായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ ജെ യു)യെയും മുജാഹിദുപ്രസ്ഥാനത്തെയും എതിര്‍ത്തു തോല്‌പിക്കാന്‍ എന്തും ചെയ്യാമെന്ന ലക്ഷ്യവുമായി 1926ല്‍ രൂപീകരിക്കപ്പെട്ട `സമസ്‌ത' എന്ന സംഘം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌ മുതല്‍ക്കാണ്‌ ജുമുഅ ഖുത്വ്‌ബ ഒരു വലിയ വിവാദ വിഷയമായി കേരളീയര്‍ കാണാന്‍ തുടങ്ങിയത്‌. ഇരുപത്‌ വര്‍ഷങ്ങള്‍ക്കു ശേഷം 1947ല്‍ ഒരു പ്രമേയത്തിലൂടെ `സമസ്‌ത' ജുമുഅ ഖുത്വ്‌ബക്കു നേരെ ആഞ്ഞടിച്ചു. അത്‌ ജനങങള്‍ക്ക്‌ മനസ്സിലായിക്കൂടാ എന്ന്‌ ശഠിച്ചു. ആ പ്രമേയം ഇങ്ങനെയായിരുന്നു:

`ജുമുഅന്റെ ഖുത്‌ബയില്‍ അറബിഭാഷ അല്ലാതെ ഉപയോഗിക്കുന്നത്‌ നല്ലതല്ലാത്തും മുന്‍കറത്തായ ബിദ്‌അത്തുമാണെന്ന്‌ (നിരോധിക്കേണ്ട അനാചാരം) ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഇന്ന്‌ ഖുത്വ്‌ബ പരിഭാഷ നടപ്പിലുള്ള ജുമുഅത്ത്‌ പള്ളി ഭാരവാഹികളോടും ഖത്വീബുമാരോടും അത്‌ നിര്‍ത്തല്‍ ചെയ്‌വാന്‍ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു.''

എന്തായിരുന്നു ഈ പിന്തിരിപ്പന്‍ പ്രമേയത്തിന്റെ അനന്തരഫലം? 1), സാധുക്കളായ ചില ഖത്വീബുമാരും അവരെ പിന്താങ്ങുന്ന മഹല്ലുകാരും മനമില്ലാമനസ്സോടെ ഖുത്വ്‌ബക്ക്‌ പകരം അറബി ഏട്‌ വായിക്കല്‍ മാത്രായി ജുമുഅയെ പരിവര്‍ത്തിപ്പിച്ചു. 2), പ്രമേയത്തിന്റെ അന്തസ്സത്ത കാറ്റില്‍പറത്തി, എന്നാല്‍ ഒരുവാക്കു പോലും എതിരുപറയാതെ, തങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്ന മലായള ഖുത്വ്‌ബയോ പരിഭാഷയോ നിര്‍ബാധം തുടര്‍ന്നുപോന്നു. 3), സമസ്‌ത മുശാവറ അംഗവും കൊടിയത്തൂര്‍ ഖാദിയുമായ പ്രമുഖ പണ്ഡിതന്‍ മുസ്‌ല്യാരകത്ത്‌ അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാര്‍, പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ പതിറ്റാണ്ടുകളോളം ജംഉല്‍ ജവാമിഅ്‌ പോലുള്ള ഫിഖ്‌ഹ്‌ സൈദ്ധാന്തിക ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചിരുന്ന ടി സി മുഹമ്മദ്‌ മുസ്‌ല്യാര്‍, യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി തുടങ്ങിയ നിരവധി പേര്‍ സമസ്‌തയുമായി തെറ്റിപ്പിരിഞ്ഞു. തികഞ്ഞ സുന്നി മുസ്‌ല്യാരായി തന്നെ കഴിഞ്ഞുകൂടിയ അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാര്‍ ശാഫിഈ മദ്‌ഹബിലെ ഗ്രന്ഥങ്ങള്‍ മാത്രം ഉദ്ധരിച്ചുകൊണ്ട്‌, ജുമുഅ ഖുത്വ്‌ബ മാതൃഭാഷയില്‍ നടത്താമെന്ന്‌ സമര്‍ഥിച്ചുകൊണ്ട്‌ ഗ്രന്ഥങ്ങള്‍ എഴുതി. ജംഇയ്യത്തുല്‍ ഉലമാഇസ്സുന്നിയ്യ എന്ന ഒരു സംഘടന തന്നെ ഇപ്പേരില്‍ രൂപീകരിക്കപ്പെട്ടു. കാലം മുന്നോട്ടുപോയി. സമസ്‌ത വീണ്ടും പിളര്‍ന്നു.

ഒരു വിഭാഗം തങ്ങളുടെ വാദങ്ങള്‍ക്ക്‌ തീവ്രത കൂട്ടി. തൂക്കം ഒപ്പിക്കാന്‍ ഗത്യന്തരമില്ലാതെ മറ്റവരും വാദങ്ങള്‍ക്ക്‌ ശക്തികൂട്ടി. ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഖുത്വ്‌ബകള്‍ ഈ തീവ്രവാദങ്ങളുടെ ബലിയാടായി. സമുദായത്തിന്‌ പകരം കിട്ടിയത്‌ ജുമുഅക്ക്‌ മുമ്പായി മിഹ്‌റാബിന്റെ മുന്നില്‍ വച്ച്‌ നടത്തപ്പെടുന്ന നെടുങ്കന്‍ വഅദുകള്‍! കൊടുങ്ങല്ലൂര്‍ പോലുളള പല പള്ളികളിലും നൂറ്റാണ്ടുകള്‍ തുടര്‍ന്ന പ്രാദേശിക ഭാഷയിലെ ഖുത്വ്‌ബ യാഥാസ്ഥിതികതയ്‌ക്ക്‌ വഴിമാറിയപ്പോള്‍ മഞ്ചേരി പള്ളി പോലുള്ള പല മഹല്ലുകളും യഥാസ്ഥിതിയില്‍ ഇപ്പോഴും നിലകൊള്ളുന്നു.

പരിഭാഷാ വിരോധ ചരിത്രത്തിന്റെ ഈ നാള്‍വഴികള്‍ ഇപ്പോള്‍ ഓര്‍ത്തുപോകാന്‍ ഒരു നിമിത്തമുണ്ടായി. സപ്‌തംബര്‍ 16-30ലെ സുന്നീ വോയ്‌സ്‌ ദൈ്വവാരികയുടെ കവര്‍‌സ്റ്റോറിയായി നല്‍കിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: `ഖുത്വ്‌ബയുടെ ഭാഷയും ബിദ്‌അത്തുകാരുടെ കൈക്രിയകളും.' ലേഖനകര്‍ത്താവിനെ വല്ലാതെ പ്രകോപിപ്പിച്ച ഒരു വാക്യമുണ്ട്‌. കെ എന്‍ എം ദഅ്‌വ വിംഗ്‌ പ്രസിദ്ധീകരിച്ച അഹ്‌ലുസ്സുന്ന വല്‍ജമാഅ: സംശയും മറുപടിയും എന്ന ലഘുലേഖയിലെ പ്രസ്‌തുത വാക്യം ഇതാണ്‌: ``സമസ്‌ത എന്ന സംഘടന രൂപീകരിച്ചതിനു ശേഷമാണ്‌ മാതൃഭാഷയില്‍ ഖുത്വ്‌ബ നടത്തല്‍ ഹറാമാണെന്ന്‌ ഫത്‌വ വന്നത്‌. മദ്‌ഹബുകള്‍ക്കത്‌ പരിചയമില്ല.''

ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്‌ മുജാഹിദ്‌ പ്രസ്ഥാനത്തെ പുലഭ്യം പറയുന്ന ലേഖകന്‌ മറുപടി പറയുന്നതിന്‌ മുന്‍പായി ഈ ചരിത്രയാഥാര്‍ഥ്യം ഓര്‍ത്തുപോയതാണ്‌. വ യുശ്‌തറത്വു കൗനുഹാ അറബിയ്യതന്‍ അയ്‌ അല്‍അര്‍കാനു ദൂന മാ അദാഹാ എന്ന ശാഫിഈ ഫിഖ്‌ഹിന്റെ വാക്യങ്ങളും ആശയവും ബോധപൂര്‍വം മറച്ചുവച്ച്‌ പദക്കസര്‍ത്ത്‌ നടത്തിയ സഖാഫി, ജുമുഅ ഖുത്വ്‌ബ കാര്യത്തില്‍ തിരൂര്‍കോടതി ഇ കെ ഹസ്സന്‍ മുസ്‌ല്യാരെ വിചാരണ ചെയ്‌തതിന്റെ പ്രൊസീഡിംഗ്‌സും എം അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാരുടെ പുസ്‌തകങ്ങളും വായിക്കുന്നത്‌ നന്ന്‌.

തങ്ങളുടെതല്ലാത്ത താളുകള്‍ വായിക്കില്ല എന്നുറപ്പുള്ള ഒരു അനുവാചക വൃന്ദത്തിനു മുന്നില്‍ പദക്കസര്‍ത്ത്‌ നടത്താം. എന്നാല്‍ ചരിത്രം വിസ്‌മരിച്ചവരല്ലല്ലോ കേരളത്തിലെ മുഴുവന്‍ മനുഷ്യരും. നടന്നു കയറിയ പാതകളിലേക്ക്‌ തിരിഞ്ഞുനോക്കുന്നത്‌ ചിലര്‍ക്ക്‌ ഭയമാണ്‌. ചരിത്രമെന്ന പദത്തോടുതന്നെ അലര്‍ജിയാവുന്നത്‌ വിശ്വാസിയുടെ ലക്ഷണമല്ല. തെറ്റുകള്‍ വന്നുപോയെങ്കില്‍ തിരുത്തുക. പോരായ്‌മയുണ്ടെങ്കില്‍ നികത്തുക. അതാണ്‌ മാന്യത. അതാണ്‌ വിനയം. അതാണ്‌ വിശ്വാസിയുടെ മര്‍ഗം.

Friday, April 1, 2011

അഭൗതികമാര്‍ഗത്തില്‍ ആത്മീയ ചികിത്സകളോ?

തുടര്‍ച്ച/ എ അബ്‌ദുസ്സലാം സുല്ലമി

ബര്‍കത്ത്‌ എടുക്കുന്നതിനെ രണ്ടായി തിരിക്കാം. ഒന്ന്‌), അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാനും ആഗ്രഹിക്കാനും പാടുള്ളൂവെന്ന രീതിയില്‍. ഇത്‌ തൗഹീദിന്റെ പ്രധാന വശമാണ്‌. അല്ലാഹുവിന്‌ പുറമെയുള്ള സൃഷ്‌ടികളില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ നന്മ ആഗ്രഹിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. പ്രവാചകന്റെ മുടികൊണ്ടോ വസ്‌ത്രം കൊണ്ടോ വിയര്‍പ്പ്‌ കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ നന്മ ആഗ്രഹിച്ചുകൊണ്ട്‌ ബര്‍ക്കത്ത്‌ എടുക്കല്‍ ഈ വകുപ്പില്‍ പെടുന്നു.

രണ്ട്‌). ഒരു വസ്‌തു മുഖേന ആവേശം സ്വീകരിക്കല്‍. വിശുദ്ധഖുര്‍ആന്‍ കൈയിലെടുത്ത്‌ മുസ്‌ലിംകള്‍ യുദ്ധക്കളത്തിലിറങ്ങിയപ്പോള്‍ ഖുര്‍ആന്‍ കൊണ്ട്‌ അവര്‍ ബര്‍കത്തെടുത്തു എന്ന്‌ പറയാം. സത്യത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിച്ച പിതാവ്‌ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ച സ്‌മരണ ആവേശവും പ്രചോദനവും നല്‌കാനായി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്‌തുക്കള്‍ (ഉദാ: കണ്ണട, വടി, ഡയറി) സൂക്ഷിച്ചുവെക്കുകയും അതില്‍ നിന്ന്‌ മാനസികമായ പ്രചോദനം നേടുകയും ചെയ്‌താല്‍ അതിനും ബര്‍കത്തെടുത്തു എന്ന്‌ പറയാം. മാനസികമായ പ്രചോദനത്തിലുപരി അദൃശ്യമാര്‍ഗത്തിലൂടെയുള്ള നന്മയോ തിന്മയോ ഈ അവശിഷ്‌ടങ്ങളില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നില്ല. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിച്ചാല്‍ അതു മുഖേന ബര്‍കത്തെടുത്തു എന്ന്‌ പറയാം.

ആദ്യത്തെ രീതിയിലുള്ള ബര്‍കത്തെടുക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. ഏതു കാലത്തും ബഹുദൈവ വിശ്വാസികള്‍ സ്വീകരിച്ച മാര്‍ഗമാണത്‌. കേരളത്തിലെ മുസ്‌ലിയാക്കള്‍ ബര്‍കത്തെടുക്കല്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഇതാണ്‌. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന ഇബാദത്തിന്റെ ആശയത്തെ തകര്‍ക്കാന്‍ വേണ്ടി അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യാമെന്ന്‌ സ്ഥാപിക്കാനാണ്‌ തൗഹീദ്‌ ഒരു സമഗ്രപഠനം എന്ന പുസ്‌തകത്തില്‍ നെല്ലിക്കുത്ത്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ ചില സലഫീ പണ്ഡിതന്മാര്‍ തബര്‍റുക്ക്‌ അനുവദനീയമാണെന്ന്‌ പറയാന്‍ ഉദ്ധരിക്കാറുള്ള തെളിവുകള്‍ ഉദ്ധരിച്ചിട്ടുള്ളത്‌.

മുസ്‌ലിയാര്‍ എഴുതുന്നു: ``മറഞ്ഞ വഴിയിലൂടെ ഗുണം തേടുകയും സിദ്ധിക്കുകയും ചെയ്‌തതിന്‌ നബിയുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ തെളിവുകള്‍ അനേകമുണ്ട്‌. ഖൈബര്‍ യുദ്ധത്തില്‍ ധീര സമരം നടത്തിയ സലമത്ത്‌ബ്‌നുല്‍ അഖ്‌വഅ്‌(റ) പറയുന്നത്‌ കാണുക: ഖൈബര്‍ യുദ്ധത്തില്‍ എനിക്കൊരു വെട്ടേറ്റു. ജനങ്ങള്‍ സലമത്ത്‌ നശിച്ചു എന്ന്‌ പറഞ്ഞു. അപ്പോള്‍ ഞാന്‍ നബി(സ) തങ്ങളെ സമീപിച്ചു. നബി ആ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. പിന്നീടതിനു ഇതുവരെ ഒരു രോഗവും ബാധിച്ചില്ല (ബുഖാരി, മിശ്‌കാത്ത്‌ 2:533). ഈ സംഭവം മറഞ്ഞ വഴിക്ക്‌ ഗുണം തേടലല്ലേ?... നബിയെ അകമഴിഞ്ഞു സ്‌നേഹിക്കുകയും നബിയുടെ തബര്‍റുകില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരായിരുന്നു സ്വഹാബാക്കള്‍. നബി വുദ്വൂവെടുത്ത വെള്ളത്തിന്റെ അവശിഷ്‌ടമെടുത്ത്‌ അവര്‍ ശരീരത്തില്‍ പുരട്ടിയിരുന്നത്‌ അഴുക്കുകളയാന്‍ വേണ്ടിയായിരുന്നില്ല, പ്രത്യുത അനുഗ്രഹം മോഹിച്ചുകൊണ്ടായിരുന്നു. മാത്രമല്ല, ഈ ബര്‍കത്ത്‌ ലഭിക്കാനായി അവര്‍ തമ്മില്‍ മത്സരം തന്നെ നടത്തിയിരുന്നതായി ബുഖാരി തന്നെ രേഖപ്പെടുത്തുന്നു. ഒരാള്‍ തുപ്പിയ വെള്ളം അറപ്പൊന്നുമില്ലാതെ കുടിക്കാനാരാണ്‌ തയ്യാറാവുക?

ഉമ്മസുലൈം(റ) നബിയുമായി മുലകുടിബന്ധമുള്ള ഒരു സ്വഹാബി സ്‌ത്രീയാണ്‌. ഒരിക്കല്‍ നബി ഉറങ്ങിയപ്പോള്‍ വിയര്‍ത്ത്‌ കുളിച്ചു. ആ വിയര്‍പ്പ്‌ ഉമ്മുസുലൈം(റ) വടിച്ചെടുത്ത്‌ സൂക്ഷിച്ചു. നബി അത്‌ കണ്ടപ്പോള്‍ എന്തിനാണെന്നന്വേഷിച്ചു. റസൂലേ, ഞങ്ങളുടെ കുട്ടികള്‍ക്ക്‌ അതിന്റെ ബര്‍കത്ത്‌ ഞങ്ങളാഗ്രഹിക്കുന്നു എന്ന്‌ ഉമ്മുസുലൈം(റ) പറഞ്ഞു. നബി(സ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം, മിശ്‌കാത്ത്‌ 517). ഉസ്‌മാനുബിന്‍ അബ്‌ദില്ല പറയുന്നത്‌ കാണുക: എന്നെ എന്റെ വീട്ടുകാര്‍ ഒരു വെള്ളപാത്രവുമായി ഉമ്മുസലമ ബീവിയുടെ സന്നിധിയിലേക്കയച്ചു. അക്കാലത്ത്‌ ഒരാള്‍ക്ക്‌ കണ്ണേറോ മറ്റു രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യയായ ഉമ്മുസലമ ബീവിയിലേക്ക്‌ ഒരു വെള്ളപാത്രം കൊടുത്തയച്ചു അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചുവെച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കി കൊടുത്തയക്കുകയും അതില്‍ നിന്ന്‌ കുടിക്കുകയും ചെയ്യല്‍ പതിവായിരുന്നു (ബുഖാരി). നബി അത്‌ അബൂത്വല്‍ഹതിന്‌ കൊടുത്തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാനാവശ്യപ്പെട്ടു (ബുഖാരി).'' (തൗഹീദ്‌ ഒരു സമഗ്രപഠനം, പേജ്‌ 113-118).

നബി(സ)യുടെ മുടികൊണ്ട്‌ ബര്‍കത്തെടുക്കുകയാണെങ്കില്‍ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ചുകൊണ്ടാണെന്ന്‌ ഇവര്‍ തന്നെ പ്രഖ്യാപിക്കുന്നു. ശിര്‍ക്കിന്റെ അടിത്തറയും ആരംഭവും ഈ ബര്‍ക്കത്തെടുക്കലാണ്‌. ഇമാം ശാത്വിബി (മരണം ഹി. 790) എഴുതുന്നു: ``ഈ ബര്‍കത്തെടുക്കലാണ്‌ ആരാധനയുടെ അടിത്തറ. നബി(സ)ക്ക്‌ സ്വഹാബിമാര്‍ ബൈഅത്ത്‌ ചെയ്‌ത മരത്തെ ഉമര്‍(റ) മുറിച്ചുകളഞ്ഞത്‌ ഇതുകൊണ്ടാണ്‌. ഈ ബര്‍കത്തെടുക്കല്‍ ആണ്‌ പൂര്‍വികസമുദായങ്ങളിലെ വിഗ്രഹാരാധനയുടെ അടിത്തറയും.'' (ഇഅ്‌തിസ്വാം 2:9-11).

ലാത്ത, ഉസ്സ, മനാത്ത എന്നീ വിഗ്രഹങ്ങളെ ആരാധിക്കാന്‍ മുശ്‌രിക്കുകളെ പ്രേരിപ്പച്ചത്‌ തബര്‍റുക്ക്‌ എടുക്കാന്‍ വേണ്ടിയായിരുന്നുവെന്ന്‌ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: ``അവര്‍ മഹാന്മാരുടെ പ്രതിമകളുടെ അടുക്കല്‍ നിന്ന്‌ ബര്‍കത്തെടുക്കല്‍ മുഖേന മഴയെ ആഗ്രഹിച്ചിരുന്നു.'' (മദാരിക്ക്‌ 4:196). ഒരാളെ ദൈവമാക്കിക്കൊണ്ട്‌ അയാളില്‍ നിന്ന്‌ ബര്‍കത്തെടുക്കാന്‍ പാടില്ലെന്ന്‌ സര്‍വ മുസ്‌ലിയാക്കന്മാരും സമ്മതിക്കുമല്ലോ. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ ഒരാളില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ നന്മയോ അനുഗ്രഹമോ പ്രതീക്ഷിച്ചാല്‍ അത്‌ ആ മനുഷ്യനെ/വസ്‌തുവിനെ ദൈവമാക്കലാണ്‌; ദൈവമാക്കുക എന്ന വിശ്വാസം ഇല്ലെങ്കില്‍ പോലും. എന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച്‌ പരിപാലിച്ചുപോരുന്നത്‌ ഇന്നവനാണ്‌/ഇന്ന വസ്‌തുവാണ്‌ എന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ ഒരാളെ ദൈവമാക്കലാവുകയുള്ളൂ എന്നത്‌ മുസ്‌ലിയാക്കന്മാരുടെ മാത്രം ജല്‌പനമാണ്‌. എങ്കില്‍ മക്കാമുശ്‌രിക്കുകളെ സംബന്ധിച്ച്‌ ലാത്തയും ഉസ്സയും ഇലാഹാവുകയില്ല. ദാതുഅന്‍വാത്വ്‌ എന്ന മരത്തെ ഇലാഹ്‌ എന്ന്‌ നബി(സ) വിശേഷിപ്പിച്ചത്‌ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ചതുകൊണ്ടാണ്‌.

അവരുടെ തെളിവുകള്‍

1). നബി(സ) ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ തടവുകയും ഊതുകയും ഉമിനീര്‍ പുരട്ടുകയും ചെയ്‌തപ്പോള്‍ രോഗശമനം ലഭിച്ചതായി പറയുന്ന ഹദീസുകള്‍.

മറുപടി: അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക്‌ അല്ലാഹു അല്ലാത്തവരില്‍ നിന്ന്‌ നന്മ ആഗ്രഹിച്ചുകൊണ്ട്‌ ബര്‍കത്തെടുക്കാമെന്നതിന്‌ ഈ ഹദീസുകള്‍ തെളിവല്ല. നബി(സ)യുടെ പ്രാര്‍ഥനകൊണ്ടാണ്‌ ഈ സന്ദര്‍ഭങ്ങളില്‍ ഫലം സിദ്ധിച്ചത്‌. നബി(സ)യില്‍ നിന്ന്‌ പ്രാര്‍ഥന മാത്രമാണ്‌ സ്വഹാബികള്‍ ആഗ്രഹിച്ചത്‌. ഊതലിനും ഉമിനീരിനും തടവലിനും അദൃശ്യവും അഭൗതികവുമായ കഴിവുകള്‍ ഉള്ളതുകൊണ്ടല്ല. പ്രാര്‍ഥിക്കുമ്പോള്‍ കൈ ഉയര്‍ത്തുക, മുഖത്തു തടവുക പോലെയുള്ള ചില ബാഹ്യപ്രവര്‍ത്തനങ്ങള്‍ മാത്രമാണിതെല്ലാം. നാം പ്രാര്‍ഥിക്കുമ്പോഴും ഇപ്രകാരമെല്ലാം ചെയ്യാറുണ്ടല്ലോ. ശരീരത്തില്‍ ഊതാറുണ്ട്‌. സ്വഹാബിമാര്‍ നബിയില്‍ നിന്ന്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ നബി(സ)യുടെ അടുക്കല്‍ വരാതെ തന്നെ അവര്‍ നബിയെ വിളിച്ച്‌ സഹായം തേടുമായിരുന്നു. അല്ലാഹുവിനോടു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയുമില്ല. ഭൗതിക സഹായങ്ങള്‍ ചോദിക്കുന്നതു പോലെ ചോദിക്കുക മാത്രമാണ്‌ ചെയ്യുക. ഖൈബര്‍ യുദ്ധത്തില്‍ അടിമകളെ ലഭിച്ചപ്പോള്‍ മകള്‍ ഫാതിമ(റ) വന്ന്‌ ഒരു വേലക്കാരിയെ നേരിട്ടു ചോദിക്കുകയാണ്‌ ചെയ്‌തത്‌. അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല.

2). നബി(സ) ഹജ്ജിന്റെ വേളയില്‍ തന്റെ മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പറഞ്ഞ ഹദീസുകള്‍ (ബുഖാരി 171, മുസ്‌ലിം 1365). അബൂത്വല്‍ഹത്തിനും അനസിനും ഉമ്മുസുലൈമിനും ഇതില്‍ നിന്നും മുടികള്‍ നല്‌കിയത്‌ (മുസ്‌ലിം 1306).

മറുപടി 1: എന്റെ മുടിക്ക്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ ചെയ്യാന്‍ സാധിക്കും; അതിനാല്‍ ഈ ഉദ്ദേശ്യത്തോടു കൂടി എന്റെ മുടികള്‍ കൊണ്ട്‌ നിങ്ങള്‍ ബര്‍കത്തെടുക്കുക എന്ന്‌ നബി(സ) ഈ സന്ദര്‍ഭത്തില്‍ ആരോടും പറഞ്ഞിരുന്നില്ല.

മറുപടി 2: മുടി കരസ്ഥമാക്കിയെന്നു പറയുന്ന അനസ്‌(റ), ഉമ്മുസുലൈം(റ), അബൂത്വല്‍ഹ(റ) മുതലായവര്‍ ഈ മുടികൊണ്ട്‌ രോഗശമനത്തിനും മറ്റും തബര്‍റുക്ക്‌ എടുത്തതായി ഒരൊറ്റ ഹദീസിലും പറയുന്നില്ല.

മറുപടി 3: പിന്നെ എന്തിനാണ്‌ ഇപ്രകാരമെല്ലാം ചെയ്‌യത്‌? ഹാഫിള്‌ ഇബ്‌നുഹജര്‍(റ) എഴുതുന്നു: ``സ്വഹാബിമാര്‍ അപ്രകാരം ചെയ്‌തത്‌- ഉര്‍വതിന്റെ മുന്നില്‍ വെച്ച്‌- അവരതില്‍ അതിരുകവിഞ്ഞതും യുദ്ധംനടന്നാല്‍ സ്വഹാബിമാര്‍ നബിയെ ഉപേക്ഷിച്ച്‌ ഓടിക്കളയും എന്ന്‌ ഭയപ്പെട്ടതിനെ ഖണ്ഡിക്കാന്‍ വേണ്ടിയായിരിക്കാം. സാഹചര്യത്തിന്റെ ഭാഷ്യമനുസരിച്ച്‌ അവര്‍ ഇപ്രകാരം പറഞ്ഞതുപോലെയാണിത്‌: ആരാണ്‌ തങ്ങളുടെ നേതാവിനെ ഇപ്രകാരം സ്‌നേഹിക്കുക? ആരാണ്‌ ഇപ്രകാരം ആദരിക്കുക. എങ്കില്‍, എങ്ങനെയാണ്‌ ഞങ്ങള്‍ അദ്ദേഹത്തെ ശത്രുക്കളെ ഏല്‌പിച്ചുകൊണ്ട്‌ ഓടിക്കളയുക? എന്നാല്‍ അവര്‍ അദ്ദേഹത്തെ കൊണ്ട്‌ വളരെ കഠിനമായ സന്തോഷമുള്ളവരാണ്‌. അദ്ദേഹത്തിന്റെ മതംകൊണ്ടും അദ്ദേഹത്തെ സഹായിക്കല്‍ കൊണ്ടും. ഗോത്രങ്ങളില്‍ ചിലര്‍ ചിലരെ കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സ്‌നേഹിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 7:231, നമ്പര്‍ 2731)

നബി(സ)യുടെ മുടി സൂക്ഷിക്കാന്‍ വേണ്ടി അവിടുന്ന്‌ അനുവദിച്ചതും സ്വഹാബിമാര്‍ നബി(സ)യുടെ മുടി, പാദുകം, പാത്രങ്ങള്‍, പടയങ്കി, ഊന്നുവടി, വാള്‍, കോപ്പ, മോതിരം മുതലായവ നബി(സ)യുടെ മരണശേഷം സൂക്ഷിച്ചുവെച്ചിരുന്നതും നബി(സ)യോട്‌ ആത്മാര്‍ഥമായ സ്‌നേഹം അനുയായികള്‍ക്ക്‌ ഉണ്ടെന്ന്‌ ബോധ്യപ്പെടുത്തി ശത്രുക്കളെ ഭയപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അതുപോലെ രണ്ടാമത്തെ ഇനമായി മുകളില്‍ വിവരിച്ച രീതിയില്‍ തബര്‍റുക്‌ എടുക്കാന്‍ വേണ്ടിയുമായിരുന്നു.

3. ആര്‍ക്കെങ്കിലും കണ്ണേറോ രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യ ഉമ്മുസലമ(റ)യിലേക്ക്‌ ഒരു വെള്ളപ്പാത്രം കൊടുത്തയച്ച്‌ അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കിക്കൊണ്ട്‌ കൊടുത്തയച്ചിരുന്നു എന്ന്‌ പറയുന്ന ഹദീസ്‌ (ബുഖാരി 5896)

മറുപടി 1. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഉപകാരം ചെയ്യാന്‍ ഈ മുടിക്ക്‌ കഴിവുണ്ടെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ഉമ്മുസലമ(റ)യോ മറ്റു സ്വഹാബികളോ യാഥാസ്ഥിതികര്‍ ബര്‍കത്തെടുക്കുന്നതു പോലെ ഈ മുടികൊണ്ട്‌ ബര്‍ക്കത്ത്‌ എടുത്തിരുന്നില്ല. ഉമ്മുസലമ(റ)യും ഉമ്മുസുലൈമും(റ) മറ്റു സ്വഹാബിമാരും നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗശമനത്തിന്‌ ഉപയോഗിച്ചിരുന്നുവെങ്കില്‍ തേന്‍, കരിഞ്ചീരകം, പച്ചമരുന്നുകള്‍, കൂന്‌ മുതലായവ രോഗശമനത്തിന്‌ ഉപയോഗിക്കുമ്പോള്‍ എന്ത്‌ വീക്ഷണമാണോ ഉണ്ടായിരുന്നത്‌ ആ വീക്ഷണം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. തേന്‍ സ്വഹാബിമാര്‍ മരുന്നിന്‌ ഉപയോഗിക്കുമ്പോള്‍ ദൃശ്യവും ഭൗതികവുമായ നിലയ്‌ക്ക്‌ ഉപകാരം പ്രതീക്ഷിച്ചതു പോലെ തന്നെയാണ്‌ ഇവ മരുന്നിന്‌ ഉപയോഗിച്ച സന്ദര്‍ഭത്തിലും പ്രതീക്ഷിച്ചിരുന്നത്‌.

മറുപടി 2: ഒരാള്‍ രോഗശമനത്തിന്‌ തേന്‍ ഉപയോഗിക്കുമ്പോഴും, ദാഹശമനത്തിന്‌ വെള്ളം കുടിക്കുമ്പോഴും വിശപ്പടക്കാന്‍ ഭക്ഷണം കഴിക്കുമ്പോഴും തേന്‍, വെള്ളം, ഭക്ഷണം കൊണ്ട്‌ ബര്‍കത്തെടുത്തുവെന്ന്‌ പറയാം. ഇതുപോലെയുള്ള ബര്‍കത്തെടുക്കലാണ്‌ സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ചെയ്‌തിരുന്നത്‌. ഒരാള്‍ രോഗശമനത്തിന്‌ വിഷം കഴിച്ചാലോ വിശപ്പടക്കാന്‍ പന്നിമാംസം കഴിച്ചാലോ ദാഹശമനത്തിന്‌ മദ്യപിച്ചാലോ ബര്‍കത്തെടുത്തുവെന്ന്‌ പറയാന്‍ പറ്റില്ല.

മറുപടി 3: ഈ ഹദീസ്‌ പ്രമാണയോഗ്യമല്ല. നബി(സ) ഉമ്മുസലമ(റ)യോട്‌ തന്റെ മുടി രോഗശമനത്തിന്‌ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്‌ പ്രസ്‌താവിക്കുന്നില്ല. നബി(സ)യുടെ അംഗീകാരത്തോടു കൂടിയാണ്‌ അവര്‍ ഇപ്രകാരം ചെയ്‌തതെന്നും പ്രസ്‌താവിക്കുന്നില്ല. നബി(സ)ക്ക്‌ രോഗമായപ്പോള്‍ തന്റെ തലമുടി വെള്ളത്തില്‍ മുക്കി അവിടുന്ന്‌ കുടിച്ചതായി ഉമ്മുസലമ(റ)യോ മറ്റു സ്വഹാബിമാരോ രേഖപ്പെടുത്തിയിട്ടില്ല.

മറുപടി 4: ഇമാം ശാത്വിബി എഴുതുന്നു: ``തബര്‍റുക്ക്‌ എടുക്കല്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്ന്‌ സ്വഹാബിമാര്‍ വിശ്വസിച്ചിരുന്നു. കാരണം പ്രവാചകന്റെ പദവി ഇവയെ എല്ലാം വിശാലമാക്കും. സ്വഹാബിമാര്‍ നബിയുടെ മരണശേഷം അവരെക്കൊണ്ട്‌ അവര്‍ക്കുശേഷം വന്നവര്‍ (താബിഉകള്‍) ബര്‍ക്കത്തെടുക്കുന്നതിനെ ഒരു രീതിയിലും അനുവദിച്ചിരുന്നില്ല. ഇത്തരം സംഭവം അവരില്‍ നിന്നുണ്ടായിട്ടില്ല. നബി(സ)യുടെ മരണശേഷം ഈ സമുദായത്തിന്‌ അബൂബക്കറിനെക്കാള്‍(റ) ഉത്തമനായ മറ്റൊരു വ്യക്തിയെ അവിടുന്നു വിട്ടേച്ചു പോയിട്ടില്ല. കാരണം അബൂബക്കര്‍(റ) നബിയുടെ ഖലീഫയായിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കൊണ്ട്‌ ആരും തബര്‍റുക്ക്‌ എടുക്കുകയുണ്ടായില്ല.

അബൂബക്കറിന്‌ ശേഷം സമുദായത്തില്‍ ഏറ്റവും ഉത്തമന്‍ ഉമര്‍(റ) ആയിരുന്നു. ശേഷം ഉസ്‌മാനും അലി(റ)യും മറ്റുള്ള സ്വഹാബിമാരും. ഇവരെക്കാള്‍ ശ്രേഷ്‌ഠരായവര്‍ ഈ ഉമ്മത്തിന്‌ ഇല്ല തന്നെ. എന്നാല്‍ ഇവരില്‍ ഒരാളെക്കൊണ്ടും ആരും ബര്‍കത്തെടുത്തതായി സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നില്ല. നബിയെക്കൊണ്ടു അവര്‍ തബര്‍റുക്ക്‌ എടുത്ത മാര്‍ഗത്തിലൂടെയോ മറ്റോ ഇവരില്‍ നിന്ന്‌ ബര്‍കത്തെടുത്തതായി ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അവരുടെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍തുടരുകയാണ്‌ അവര്‍ ചെയ്‌തത്‌. ഇതുപോലെ നബിചര്യ പിന്‍തുടരുന്നതിലും. അപ്പോള്‍ ബര്‍കത്തെടുക്കല്‍ ഉപേക്ഷിക്കുന്നതില്‍ സ്വഹാബിമാരുടെ ഇജ്‌മാഅ്‌ (ഏകാഭിപ്രായം) ഉണ്ടായിട്ടുണ്ട്‌.'' (ഇഅ്‌തിസ്വാം 2:10)


രോഗശമനത്തിന്‌ തേന്‍ ഉപയോഗിച്ച വീക്ഷണത്തില്‍ മാത്രമായിരുന്നു സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗമനത്തിന്‌ ഉപയോഗിച്ചിരുന്നത്‌ എന്നും രോഗശമനത്തിന്‌ തേന്‍ ഉപയോഗിക്കുന്നതിന്‌ ബര്‍കത്തെടുത്തു എന്ന്‌ പറയുന്നതുപോലെ തന്നെയാണ്‌ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ സ്വഹാബിമാര്‍ ബര്‍കത്തെടുത്തു എന്ന്‌ പറയുന്നതും എന്ന്‌ മുമ്പ്‌ വിശദീകരിച്ചതിനെ ഇമാം ശാത്വിബി(റ)യുടെ വിവരണം ബലപ്പെടുത്തുന്നു.

മറുപടി 5: സ്വഹാബിമാര്‍ നബി(സ)യെ ഖബറടക്കിയപ്പോള്‍ ഒരു മുടിപോലും മുറിച്ചെടുക്കാതെയാണ്‌ ഖബറടക്കം ചെയ്‌തത്‌ എന്നതില്‍ നിന്നും നാം എന്താണ്‌ മനസ്സിലാക്കേണ്ടത്‌? ഖബറടക്കം ചെയ്യുമ്പോള്‍ എടുക്കുവാന്‍ പറ്റുന്നതും ആദരിക്കപ്പെടുന്നതുമായ വസ്‌തുക്കള്‍ എടുത്തുമാറ്റണം എന്നാണ്‌ കര്‍മശാസ്‌ത്രവിധി.

മറുപടി 6: ബുഖാരിയുടെ നിവേദകന്മരില്‍ വിമര്‍ശന വിധേയരായവര്‍ ഈ ഹദീസിന്റെ പരമ്പരയിലുണ്ട്‌. അതില്‍പെട്ട ഒരാളാണ്‌ ഇസ്‌റാഈല്‍ ഇബ്‌നുയൂനുസ്‌. ഇയാളെക്കുറിച്ച്‌ ഇബ്‌നുഹജര്‍(റ) പറയുന്നു: യഹ്‌യാ ഖത്വാന്‍(റ) പറയുന്നു: ദ്വഈഫായ ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇമാം അഹ്‌മദ്‌(റ) പറയുന്നു: ഇമാം യഹ്‌യാ(റ) ഇയാളില്‍ നിന്ന്‌ യാതൊന്നും നിവേദനം ചെയ്യാറില്ല. ഇബ്‌നുശൈബ(റ) പറയുന്നു: ഹദീസിന്റെ വിഷയത്തില്‍ ഇയാള്‍ അയോഗ്യനാണ്‌. അലിയ്യുബ്‌നു മദീനി(റ) പറയുന്നു: ഇദ്ദേഹം ദുര്‍ബലനാണ്‌. ഇബ്‌നുസഅ്‌ദ്‌(റ) പറയുന്നു: ഹദീസ്‌ പണ്ഡിതന്മാരില്‍ ഇയാളെ ദുര്‍ബലപ്പെടുത്തിയവരുണ്ട്‌. ഇബ്‌നുഹസം(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്‌. ഇബ്‌നുമഹ്‌ദി(റ) പറയുന്നു: ഇയാള്‍ ഹദീസുകള്‍ മോഷ്‌ടിക്കുന്നയാളാണ്‌.'' (തഹ്‌ദീബ്‌ 1:231). ഇബ്‌നുഹജര്‍(റ) പ്രഖ്യാപിക്കുന്നു: ``ബുഖാരിക്കും മുസ്‌ലിമിനും ശ്രേഷ്‌ഠതയുണ്ടെന്ന്‌ പറയുന്നത്‌ അവരുടെ ഗ്രന്ഥത്തില്‍ പെട്ട ഹദീസുകളില്‍ ഹാഫിദുകളില്‍ ആരും വിമര്‍ശിക്കാത്തതിന്‌ മാത്രം പ്രത്യേകമായതാണ്‌.'' (നുഖ്‌ബത്തുല്‍ ഫിക്‌റി, പേജ്‌ 31)

മറുപടി 7: ഫത്‌ഹുല്‍മുഈനില്‍ എഴുതുന്നു: ``വുദ്വൂവിലെ കാല്‍ കഴുകലെന്ന കര്‍മത്തെ കുളി കഴിയുന്നതു വരെ നബി പിന്തിച്ചത്‌ ബുഖാരിയിലുണ്ടെങ്കിലും പിന്തിക്കാതിരിക്കലാണ്‌ ശ്രേഷ്‌ഠമെന്ന്‌ ഇമാം നവവി(റ) റൗളയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.'' (ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ പരിഭാഷ, പേജ്‌ 59) ധാരാളം ഹദീസുകളില്‍ നബിയിലേക്ക്‌ ചേര്‍ത്തിക്കൊണ്ട്‌ തന്നെ ബുഖാരിയിലും മുസ്‌ലിമിലും നബി(സ) കാല്‍ അവസാനമാണ്‌ കഴുകിയിരുന്നതെന്ന്‌ പറയുന്നു. എന്നിട്ടും ശാഫിഈ മദ്‌ഹബ്‌ ഈ ഹദീസുകളെ വര്‍ജിക്കുന്നു. ഉമ്മുസലമ(റ)യുടെ ഹദീസ്‌ നബി(സ)യിലേക്ക്‌ ബന്ധിക്കപ്പെടുന്നില്ല. ഹദീസിന്റെ പരിധിയില്‍ പോലും വരുന്നതുമല്ല. ഇതു ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുമില്ല.

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: മനുഷ്യന്‍ അല്ലാഹുവിന്‌ തൃപ്‌തിപ്പെട്ട ഒരു വാക്കു പറയും. പ്രാധാന്യം കല്‌പിച്ച്‌ കൊണ്ടല്ല അത്‌ പറയുക. ആ വാക്ക്‌ കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന്‌ കാരണമായ ഒരു വാക്ക്‌ പറയും. അതിന്‌ അവന്‍ പ്രാധാന്യം കല്‌പിക്കുകയില്ല. ആ വാക്ക്‌ കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്‌ത്തും.'' (ബുഖാരി 6478). ഈ ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ട്‌ തന്നെ സ്ഥിരപ്പെട്ടതാണ്‌. എന്നിട്ടും അല്‍ബാനി ഈ ഹദീസിനെ ദുര്‍ബലമാക്കുന്നു. അദ്ദേഹം എഴുതുന്നു: ``ഈ ഹദീസ്‌ ദുര്‍ബലമാണ്‌. ബുഖാരി ഇത്‌ നിവേദനം ചെയ്യുന്നു. ഒന്നാമത്തെ കാരണം അബ്‌ദുര്‍റഹ്‌മാന്റെ ഓര്‍മയില്‍ ചീത്തയുണ്ട്‌. ബുഖാരി ഇദ്ദേഹത്തെ തെളിവ്‌ പിടിക്കുന്നതോടൊപ്പം.'' (സില്‍സില 3:463, നമ്പര്‍ 1299)


ശേഷം ഈ ഹദീസിനെ ദുര്‍ബലമാക്കാനുള്ള കാരണം വിവരിച്ച്‌ എഴുതുന്നത്‌ ശ്രദ്ധിക്കുക: ``തീര്‍ച്ചയായും ഞാന്‍ ഈ ഹദീസിനെ സംബന്ധിച്ചും അതിന്റെ നിവേദകനെ സംബന്ധിച്ചും ഇത്ര ദീര്‍ഘമായി സംസാരിച്ചത്‌ സുന്നത്തിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌. കെട്ടിച്ചമക്കുന്നവന്‍ കെട്ടിച്ചമക്കാതിരിക്കാന്‍ വേണ്ടിയും അജ്ഞനോ അസൂയക്കാരനോ ആരോപിക്കുന്നവനോ അല്‍ബാനി ബുഖാരിയിലെ ഹദീസിനെ വിമര്‍ശിക്കുകയും ദുര്‍ബലമാക്കുകയും ചെയ്‌തുവെന്ന്‌ പറയാതിരിക്കാന്‍ വേണ്ടിയുമാണ്‌. തീര്‍ച്ചയായും കാഴ്‌ചയുള്ള സര്‍വ മനുഷ്യര്‍ക്കും ഞാന്‍ സ്വന്തം ബുദ്ധികൊണ്ടും അഭിപ്രായം കൊണ്ടും ബുഖാരിയിലെ ഹദീസിനെ ദുര്‍ബലമാക്കിയിട്ടില്ലെന്ന്‌ വ്യക്തമാണ്‌. സ്വാഭീഷ്‌ട പ്രകാരം വ്യാഖ്യാനിക്കുന്ന ആളുകള്‍ മുമ്പും പിമ്പും ചെയ്യുന്നതുപോലെ. തീര്‍ച്ചയായും ഞാന്‍ അവലംബിച്ചത്‌ ഈ നിവേദകനെ സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായത്തെ മാത്രമാണ്‌. മഹത്തായ ഹദീസ്‌ വിജ്ഞാനശാഖയിലെ പൊതുനിയമങ്ങളെയുമാണ്‌ ആധാരമാക്കിയിട്ടുള്ളത്‌. ദുര്‍ബല ഹദീസിനെ തള്ളാനുള്ള അവരുടെ സാങ്കേതിക നിയമങ്ങളെയും മാത്രമാണ്‌ അവലംബിച്ചിട്ടുള്ളത്‌.'' (സില്‍സില, പേജ്‌ 463, വാ. 3, നമ്പര്‍ 1299)

4. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ അല്ലാഹുവില്‍ നിന്ന്‌ മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന്‌ പറയുന്ന തൗഹീദിന്റെ ആശയത്തെ തബര്‍റുക്ക്‌ കൊണ്ട്‌ തകര്‍ക്കാന്‍ വേണ്ടി നെല്ലിക്കുത്ത്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ എഴുതുന്നു: ``താബിഉകളില്‍ പ്രമുഖനായിരുന്ന ഇബ്‌നുസീരിന്‍(റ) മറ്റൊരു താബിഅ്‌ ആയിരുന്ന അബീദത്തിനോട്‌(റ) പറഞ്ഞു: അനസ്‌(റ) മുഖേന ലഭിച്ച നബിയുടെ മുടി എന്റെ കൈവശമുണ്ട്‌. ഇത്‌ കേട്ട്‌ സന്തോഷാധിക്യത്താല്‍ മുടിയുടെ ബഹുമാനം ഓര്‍ത്തുകൊണ്ട്‌ അബീദത്ത്‌(റ) പറഞ്ഞു: ആ മുടിയില്‍ നിന്ന്‌ ഒന്ന്‌ എന്റെ അടുക്കല്‍ ഉണ്ടാകുന്നത്‌ ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക്‌ ലഭിക്കുന്നതിനേക്കാള്‍ പ്രിയങ്കരമാണ്‌. (ബുഖാരി)'' (തൗഹീദ്‌ ഒരു സമഗ്രപഠനം, പേജ്‌ 145)

മറുപടി 1: ഇതു ഹദീസല്ല. സ്വഹാബിയുടെ (അനസിന്റെ) പ്രസ്‌താവനയുമല്ല. അബീദത്ത്‌ എന്ന താബിഅ്‌ന്റെ പ്രസ്‌താവനയാണ്‌.

മറുപടി 2: അനസ്‌(റ) ഈ മുടികൊണ്ട്‌ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നന്മ പ്രതീക്ഷിച്ചുകൊണ്ട്‌ ബര്‍കത്ത്‌ എടുത്തത്‌ ഹദീസില്‍ പ്രസ്‌താവിക്കുന്നില്ല.

മറുപടി 3: മുകളിലത്തെ ഹദീസില്‍ നാം വിവരിച്ച ഇസ്‌റാഈല്‍ ഇബ്‌നു യൂനുസ്‌ എന്ന നിവേദകന്‍ ഇതിന്റെ പരമ്പരയിലുണ്ട്‌.

മറുപടി 4: നബി(സ)യുടെ മുടിയില്‍ നിന്ന്‌ ഒന്ന്‌ എന്റെ അടുക്കല്‍ ഉണ്ടാകുന്നത്‌ ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക്‌ ലഭിക്കുന്നതിനെക്കാള്‍ പ്രിയങ്കരമാണ്‌ എന്ന്‌ നമുക്കും പറയാവുന്നതാണ്‌. ഇങ്ങനെ നാം പറയുന്നത്‌ നബി(സ)യോടുള്ള സ്‌നേഹം കൊണ്ട്‌ മാത്രമാണ്‌. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഇതില്‍ നിന്ന്‌ നന്മ പ്രതീക്ഷിച്ച്‌ ശിര്‍ക്ക്‌ ചെയ്യാനും ഈ മുടി മുഖേന സാമ്പത്തികചൂഷണം നടത്താനും വേണ്ടിയല്ല. സ്വഹാബികള്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ബര്‍കത്തെടുത്തിരുന്നത്‌ ഒരാള്‍ രോഗശമനത്തിന്‌ തേന്‍ കുടിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. അല്ലാതെ, യാഥാസ്ഥിതികര്‍ വിവരിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.

--
*കടപ്പാട്: ശബാബ് വാരിക
(http://www.shababweekly.net/index.php?option=com_content&view=article&id=728:2011-04-01-08-03-36&catid=48:lead3)
2011 ഏപ്രിൽ 1 വെള്ളി
1432 റബീഉൽ ആഖർ 27

Friday, March 25, 2011

തിരുമുടിയും നബിയുടെ ഭൗതികാവശിഷ്‌ടങ്ങളും -ഒരു പ്രാമാണിക വിശകലനം

എ അബ്‌ദുസ്സലാം സുല്ലമി

ഒരു മനുഷ്യനെയോ വസ്‌തുവിനെയോ ദൈവമാക്കിയാല്‍ മാത്രമേ (ഇലാഹാക്കിയാല്‍ മാത്രമേ) ബഹുദൈവ വിശ്വാസം (ശിര്‍ക്ക്‌) സംഭവിക്കുകയുള്ളൂ എന്ന്‌ യാഥാസ്ഥിതികര്‍ പ്രചരിപ്പിച്ചുവരുന്നു. അതിനാല്‍ ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ടവരെ വിളിച്ച്‌

തേടിയാലും അവരുടെ പേരില്‍ നേര്‍ച്ചയാക്കിയാലും അവരെ പിടിച്ച്‌ സത്യംചെയ്‌താലും ആഗ്രഹസഫലീകരണത്തിനു വേണ്ടി ഖബറുകള്‍ സന്ദര്‍ശിച്ചാലും മരണപ്പെട്ടവരുടെ പ്രീതി ലഭിക്കാന്‍ വേണ്ടി അവരുടെ ആണ്ട്‌ കഴിച്ചാലും മൗലീദ്‌ ആഘോഷിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകില്ലത്രെ! മുസ്‌ലിംകള്‍ക്കിടയില്‍ ബഹുദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുരോഹിത വിഭാഗം തെളിവിന്റെ അഭാവത്തിലും ദുര്‍ബലതയിലും ഇത്തരം വിഷയങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ ആത്മീയവാണിഭത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇപ്പോള്‍ പുതിയൊരു തര്‍ക്കവിഷയം ഇറക്കുമതി ചെയ്‌തിരിക്കുകയാണ്‌. ഈ വിഷയത്തില്‍ ഹദീസുകളുടെ പിന്‍ബലം ഉണ്ടെന്ന തെറ്റിദ്ധാരണയും കുടില താല്‌പര്യവുമാണ്‌ ഇവരെ നബി(സ)യുടേതാണെന്ന്‌ ജല്‌പിച്ച്‌ രണ്ടു കഷ്‌ണം തലമുടിയുമായി രംഗപ്രവേശം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. നബി(സ)യുടെ ശാരീരിക അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ഇക്കാലത്തും തബര്‍റുക്ക്‌ (അനുഗ്രഹം) എടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? തബര്‍റുക്കിന്റെ എല്ലാ ഇനങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ? മുതലായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്‌. അതിനു മുമ്പായി പ്രവാചകന്റെ മുടി, രക്തം പോലെയുള്ള ശാരീരിക അവിശിഷ്‌ടങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ വിധി പരിശോധിക്കാം:

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‌കപ്പെടുന്നു.'' (അല്‍കഹ്‌ഫ്‌ 110) ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി(റ) എഴുതുന്നത്‌ ശ്രദ്ധിക്കുക: ``അതായത്‌ വിശേഷണങ്ങളില്‍ യാതൊരു കാര്യത്തിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു പ്രത്യേകതയുമില്ല. തീര്‍ച്ചയായും അല്ലാഹു എനിക്ക്‌ ദിവ്യസന്ദേശം നല്‌കി എന്നത്‌ അല്ലാതെ. നിശ്ചയം ഏകനും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാത്തവനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല.'' (റാസി 11:177).

``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌'' (ഫുസ്സിലത്ത്‌ 7). ഈ സൂക്തത്തെ വ്യാഖ്യാനിച്ച്‌ അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി (തിരൂരങ്ങാടി ഖാസി) എഴുതുന്നു: ``പ്രകൃത്യാ നബി തിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്‌.'' (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, വാള്യം 2, പേജ്‌ 1022) 
 
വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പ്രഖ്യാപിക്കുമ്പോള്‍ നബി(സ)യുടെ വിസര്‍ജ്യ വസ്‌തുക്കള്‍ക്ക്‌ സാധാരണ മനുഷ്യന്റേതില്‍ നിന്ന്‌ വ്യത്യാസമുണ്ട്‌; അവ അശുദ്ധമല്ല, മറിച്ച്‌ ശുദ്ധിയാണെന്ന്‌ വാദിക്കാന്‍ ഖണ്ഡിതമായ തെളിവുകള്‍ അനിവാര്യമാണ്‌. എന്നാല്‍ യാഥാസ്ഥിതികര്‍ എഴുതുന്നതു കാണുക: ``തിരുനബി(സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന്‌ പറഞ്ഞത്‌ ഗ്രന്ഥങ്ങളില്‍ കണ്ടിട്ടും അത്തരം വരികള്‍ ചാടിക്കടക്കുകയാണ്‌ അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ-ലോങ്‌ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്‌പീരിയന്‍സ്‌ എത്രയുണ്ടെന്ന്‌ മനസ്സിലാകും. നടു ഇടിച്ച്‌ നിലംപരിശാകുന്നത്‌ നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക്‌ ഈ വരികള്‍ തന്നെയാണ്‌ അവലംബം.'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). ശാഫിഈ മദ്‌ഹബിലെ മുഗ്‌നി എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``രക്തം, ചലം, ഛര്‍ദിച്ചത്‌, മലം, മൂത്രം, കാമജലം, മൂത്രത്തിലുള്ള കൊഴുത്ത വെള്ളം മുതലായവ നബി(സ)യുടേത്‌ ശുദ്ധിയുള്ളതാണ്‌. ബഗ്‌വിയും മറ്റുള്ളവരും ഇപ്രകാരം ഉറപ്പിച്ചുപറയുന്നു. ഖാളി ഈ അഭിപ്രായത്തെ ശരിയാക്കുന്നു. മറ്റുള്ളവരും. എന്റെ ശൈഖും ഇപ്രകാരം മതവിധി നല്‌കുന്നു. ഈ അഭിപ്രായം ശറഹു സ്വഗീറില്‍ പ്രകടിപ്പിച്ചതിന്‌ എതിരാണ്‌'' (മുഗ്‌നി 1:113). ഈ വിഷയത്തില്‍ ശാഫിഈ മദ്‌ഹബില്‍ പോലും ഏകാഭിപ്രായമില്ലെന്ന്‌ മുഗ്‌നിയിലെ ഈ പ്രസ്‌താവന വ്യക്തമാക്കുന്നു. ഇമാം നവവി(റ) ഉദ്ധരിക്കുന്നതു കാണുക:

``നബി(സ)യുടെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ പറയുന്നവന്‍ നബി(സ) മലമൂത്ര വിസര്‍ജനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ശുദ്ധിയാക്കിയെന്നതിന്‌ അത്‌ നല്ലത്‌ എന്ന നിലക്കും ശുദ്ധീകരണം എന്ന നിലക്കുമാണെന്ന്‌ മറുപടി പറയുന്നു. എന്നാല്‍ ഭൂരിപക്ഷപ്രകാരം ശരിയായിട്ടുള്ളത്‌ രക്തവും മറ്റുള്ള വിസര്‍ജ്യവസ്‌തുക്കളും അശുദ്ധമാണെന്നാണ്‌. ഇറാഖുകാര്‍ ഇപ്രകാരം ഖണ്ഡിതമായി പറയുന്നു. ഖാളി ഹുസൈന്‍ അവര്‍ക്ക്‌ എതിരഭിപ്രായം പറയുന്നു. അദ്ദേഹം പറഞ്ഞു: ഏറ്റവും ശരിയായത്‌ അവയെല്ലാം ശുദ്ധിയുള്ളതാണെന്നാണ്‌.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ഇമാം നവവി(റ) പറയുന്നു: ``ഖഫാല്‍ തല്‍ഖീസിന്റെ ശറഹില്‍ ഖസ്വാഇസ്വില്‍ പറയുന്നു: നമ്മുടെ ചില അനുയായികള്‍ നബി(സ)യില്‍ നിന്ന്‌ പുറത്തുവരുന്നതെല്ലാം ശുദ്ധമാണെന്ന്‌ പറയുന്നു. ഈ അഭിപ്രായം ശരിയല്ല. ഇപ്രകാരം ഖഫാല്‍ ഉദ്ധരിക്കുന്നു. അദ്ദേഹം ഖുറാസാന്‍കാരുടെ അഭിപ്രായം ഉദ്ധരിക്കുന്ന ശൈഖാണ്‌. അദ്ദേഹത്തിന്റെ മേല്‍ ആണ്‌ അവലംബം.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ശാഫിഈ മദ്‌ഹബിലെ ധാരാളം ഗ്രന്ഥങ്ങളില്‍ ഇവയെല്ലാം അശുദ്ധമാണെന്ന്‌ പറയുന്നു (മിന്‍ഹാജിന്റെ ശറഹായ നിഹായഃ, 1:242). ശുദ്ധമാണെന്ന്‌ പറയുന്നവര്‍ താഴെ പറയുന്ന ഹദീസുകളാണ്‌ തെളിവ്‌ പിടിക്കുന്നത്‌.

ഉമ്മുഅയ്‌മന്‍(റ) പറയുന്നു: ``നബി(സ)ക്ക്‌ രാത്രി മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പാത്രമുണ്ടായിരുന്നു. പ്രഭാതമായാല്‍ ഞാനത്‌ പുറത്ത്‌ ഒഴിച്ചുകളയും. ഒരു ദിവസം രാത്രി ദാഹിക്കുന്നവളായി ഞാന്‍ ഉണര്‍ന്നു. എനിക്ക്‌ ഇരുട്ടില്‍ പിഴവ്‌ സംഭവിച്ചു. ഞാന്‍ പാത്രത്തിലെ മൂത്രം കുടിച്ചു. ഈ സംഭവം നബി(സ)യോടു പറഞ്ഞപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: നിന്റെ വയറിനെ അഗ്നി സ്‌പര്‍ശിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍: നിന്റെ വയറിന്‌ യാതൊരു അസുഖവും ഈ ദിവസത്തിനു ശേഷം സംഭവിക്കുകയില്ല.'' (ദാറഖുത്വ്‌നി, ഹാകിം, ത്വബ്‌റാനി) ഈ ഹദീസ്‌ ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി ശത്രുക്കള്‍ നിര്‍മിച്ചുണ്ടാക്കിയതാണ്‌. നരകത്തില്‍ നിന്ന്‌ മനുഷ്യനെ രക്ഷപ്പെടുത്തുക ഒരാളുടെ വിശ്വാസവും സല്‍കര്‍മവുമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ശതക്കണക്കിന്‌ സൂക്തങ്ങളിലൂടെ ഈ തത്വം മനുഷ്യരെ പഠിപ്പിക്കുന്നു. നബി(സ) ഫാത്വിമ(റ)യെ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ മൂത്രം കുടിപ്പിക്കുകയുണ്ടായില്ല. ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യമല്ലാത്തവരാണുള്ളത്‌. അവരെ വിവരിക്കാം:

1). അബൂമാലികിന്നഖ്‌ഈ: ഇയാളുടെ ശരിയായ നാമം അബ്‌ദുല്‍ മലിക്‌ബ്‌നു ഹുസൈന്‍ എന്നാണ്‌. ഹദീസ്‌ പണ്ഡിതന്മാര്‍ ഇയാളെക്കുറിച്ച്‌ പറയുന്നത്‌ കാണുക: ഇബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' ഇബ്‌നു അലിയ്യ്‌(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്‌. ഇയാള്‍ അയോഗ്യനാണ്‌.'' അബൂസുര്‍അ(റ)യും അബൂഹാതിമും(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്‌.'' ഇമാം നസാഈ(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ഉപേക്ഷിക്കപ്പെടേണ്ടവയാണ്‌.'' ഹാകിം(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' അബൂദാവൂദ്‌(റ) പറയുന്നു: ``ദുര്‍ബലനാണ്‌.'' ബുഖാരി(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' ദാറഖുത്വ്‌നി(റ) പറയുന്നു: ``ഇയാള്‍ ദുര്‍ബലനാണ്‌.'' (തഹ്‌ദീബ്‌ 12:240, മീസാന്‍ 1:504)

2). നാഫിഅ്‌ബ്‌നു അത്വാഅ്‌: ഇയാള്‍ അപ്രശസ്‌തനാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തഹ്‌ദീബ്‌ 10:370)

3). വലീദ്‌ബ്‌നു അബ്‌ദിര്‍റഹ്‌മാന്‍: യഹ്‌യ്‌ബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' (മീസാന്‍ 4:312)

ഉമ്മുഅയ്‌മന്‍(റ) നബി(അ)യുടെ മൂത്രം കുടിച്ചതായി പറയുന്ന മറ്റൊരു ഹദീസ്‌: ഈ ഹദീസില്‍ ഈ വിവരം പറഞ്ഞപ്പോള്‍ നബി(സ)യുടെ പല്ലുകള്‍ പുറത്തുകാണുന്ന വിധം നബി(സ) ചിരിച്ചുവെന്നും പറയുന്നു. ശേഷം നിന്റെ വയറ്റില്‍ തീ പ്രവേശിക്കുകയില്ലെന്ന്‌ നബി(സ) പറഞ്ഞു. (അബൂനുഐമ്‌, ദാറഖുത്വ്‌നി, ഹാകിം). ഇതിന്റെ പരമ്പരയിലും നാം മുകളില്‍ വിവരിച്ച അബൂമാലിക്‌ എന്നയാളുണ്ട്‌. നബീഅ്‌ എന്ന മനുഷ്യനാണ്‌ ഉമ്മുഅയ്‌മനില്‍(റ) നിന്ന്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. ഇയാള്‍ ഇവരെ കണ്ടിട്ടില്ല. ഇബ്‌നു ഹജര്‍(റ) പറയുന്നു: ``അബൂമാലിക്‌ ദുര്‍ബലനാണ്‌. നബീഹ്‌ ഉമ്മു അയ്‌മനെ കണ്ടുമുട്ടിയിട്ടില്ല.'' (തല്‍ഖീസ്‌ 1:182)

ബര്‍കതുല്‍ അബ്‌ശി(റ) എന്ന സ്‌ത്രീ നബി(സ)യുടെ മൂത്രം കുടിച്ചപ്പോള്‍ നിനക്ക്‌ ഒരിക്കലും ഇനി രോഗം ബാധിക്കുകയില്ലെന്ന്‌ പറയുന്ന ഹദീസ്‌ (അബ്‌ദുര്‍റസ്സാഖ്‌): ഈ ഹദീസാണ്‌ മുഗ്‌നിയില്‍ തെളിവായി ഉദ്ധരിക്കുന്നത്‌. ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയതാണിത്‌. എങ്കില്‍ നബി(സ)ക്ക്‌ രോഗം വരാതിരിക്കാന്‍ തന്റെ മൂത്രം കുടിച്ചാല്‍ മതിയായിരുന്നു. ധനം ചെലവുചെയ്‌തു ചികിത്സിക്കേണ്ടിയിരുന്നില്ല. ഇതു പരമ്പരമുറിഞ്ഞ ഹദീസാണ്‌.

അബൂത്വയ്യിബ്‌ എന്ന അടിമ നബി(സ)യെ കൊമ്പ്‌ വെച്ച ശേഷം ആ രക്തം കുടിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ``എന്റെ രക്തം വല്ലവന്റെയും രക്തവുമായി കലര്‍ന്നാല്‍ അവനെ നരകം സ്‌പര്‍ശിക്കുകയില്ല'' (മുഗ്‌നി 1:113). ഇസ്‌ലാമിനെ അപമാനിക്കാന്‍ വേണ്ടി ചിലര്‍ നിര്‍മിച്ചുണ്ടാക്കിയ ഹദീസാണിത്‌. ഇവര്‍ നബി(സ)യുടെ കാലത്താണ്‌ ജീവിച്ചിരുന്നതെങ്കില്‍ നബി(സ)യെ വധിച്ച്‌ രക്തംകുടിച്ച്‌ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ചേനെ! ഇമാം നവവി(റ) പ്രസ്‌താവിക്കുന്നതു കാണുക: ``അബൂത്വയ്യിബ്‌ രക്തം കുടിച്ചതായി പറയുന്ന ഹദീസ്‌ ദുര്‍ബലമായതാണ്‌.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:234) ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:179)

ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``ഒരിക്കല്‍ നബി(സ)യെ ഖുറൈശികളില്‍ പെട്ട ഒരു അടിമ കൊമ്പ്‌ വെച്ചു. ശേഷം അടിമ രക്തം പാത്രത്തിലാക്കി ഒരു മതിലിന്റെ പിന്‍ഭാഗത്തേക്കു പോയി. അവന്‍ ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും നോക്കുകയും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‌ ഉറപ്പായ സന്ദര്‍ഭത്തില്‍ രക്തം മുഴുവന്‍ കുടിക്കുകയും ചെയ്‌തു. നബി(സ)യുടെ അടുത്തു വന്നപ്പോള്‍ നബി(സ) അവന്റെ മുഖത്തേക്ക്‌ നോക്കി. ശേഷം പറഞ്ഞു: നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന്‌ സംരക്ഷിച്ചു'' (ഇബ്‌നുഹിബ്ബാന്‍) വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തിന്‌ വിരുദ്ധമാണിത്‌. ഇബ്‌നുഹിബ്ബാന്‍(റ) തന്നെ ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നു. ഇബ്‌നുഹജര്‍(റ) ഈ ഹദീസ്‌ വ്യാജമാണെന്നു വ്യക്തമാക്കുന്നു (തല്‍ഖീസ്‌ 1:179). ഇതിന്റെ പരമ്പരയില്‍ അലിയ്യ്‌ബ്‌നു മുജാഹിദുല്‍ കാബൂലി എന്നയാളുണ്ട്‌. ഇയാള്‍ ഹദീസ്‌ സ്വയം നിര്‍മിക്കുന്നവനാണ്‌. ഇബ്‌നു മഈന്‍ പറയുന്നു: ``ഇയാള്‍ ഹദീസ്‌ നിര്‍മിക്കുന്നവനാണ്‌.'' (തഹ്‌ദീബ്‌ 7:330, മീസാന്‍ 3:149).

ഉമറുബ്‌നു സഫീന തന്റെ പിതാമഹനില്‍ നിന്ന്‌ നിവേദനം. നബി(സ) ഒരിക്കല്‍ കൊമ്പ്‌ വെക്കുകയുണ്ടായി. എന്നിട്ട്‌ പ്രസ്‌തുത രക്തം മൃഗങ്ങളില്‍ നിന്നും അകലെ പക്ഷികളില്‍ നിന്നും മനുഷ്യരില്‍ നിന്നും കുഴിച്ചുമൂടാന്‍ നബി(സ) കല്‌പിച്ചു. ഞാന്‍ ഒളിഞ്ഞുനിന്ന്‌ അത്‌ കുടിച്ചു. തുടര്‍ന്ന്‌ രക്തം എന്ത്‌ ചെയ്‌തുവെന്ന്‌ നബി(സ) എന്നോട്‌ ചോദിച്ചു. ഞാന്‍ കുടിച്ചുവെന്ന്‌ പറഞ്ഞപ്പോള്‍ നബി(സ) ചിരിച്ചു. (ബസ്സാര്‍, ബൈഹഖി) ``ഇതു നിര്‍മിതമായ ഹദീസാണ്‌. അജ്ഞാതരായ പല വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ബരിയ്യ എന്നയാള്‍ വളരെയധികം ദുര്‍ബലനാണ്‌. യാതൊരു അവസ്ഥയിലും ഇയാളുടെ ഹദീസുകള്‍ തെളിവിന്‌ യോഗ്യമല്ല.'' (തഹ്‌ദീബ്‌ 1:380)

അബൂബക്കറിന്റെ പുത്രി അസ്‌മാഅ്‌(റ) പറയുന്നു: ``ഞാന്‍ നബി(സ)യുടെ രക്തം കുടിച്ചു. നബി(സ) പറഞ്ഞു: നിന്റെ ശരീരത്തെ ഇതു കാരണം നരകം സ്‌പര്‍ശിക്കുകയില്ല.'' (ദാറഖുത്വ്‌നി, ത്വബ്‌റാനി). ഖുര്‍ആനെ പരിഹസിക്കുന്ന ഹദീസാണിത്‌. വിശ്വാസയോഗ്യനല്ലാത്ത അലിയ്യുബ്‌നു മുജാഹിദ്‌ എന്നയാള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:181)

ഹുകൈമത്ത്‌ എന്ന സ്‌ത്രീ അവരുടെ മാതാവ്‌ ഉമൈമത്ത്‌ നബി(സ)യുടെ മൂത്രം കുടിച്ചതായി പറയുന്ന ഹദീസ്‌ (ബൈഹഖി 13406): ``ഈ സ്‌ത്രീ തന്നെ ഏതാണെന്ന്‌ അറിയുകയില്ല'' (മീസാന്‍ 1:574). അജ്ഞാതരായ ധാരാളം വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഹജ്ജാജ്‌ എന്ന വ്യക്തിയും അയോഗ്യനാണ്‌.

ഈ വിഷയത്തില്‍ വന്ന പ്രധാന ഹദീസുകളുടെ അവസ്ഥയാണ്‌ നാം ഇത്രയും വിവരിച്ചത്‌. ഒരൊറ്റ ഹദീസും ഈ വിഷയത്തില്‍ സ്വഹീഹായി വന്നിട്ടില്ല. യാഥാസ്ഥിതികര്‍ എഴുതുന്നു: ``കഴുകി എന്നത്‌ അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃത്‌ തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകിക്കുന്നവരാണ്‌. സംസ്‌കാര സമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണംകഴിച്ചാല്‍ വായ കഴുകാറുണ്ട്‌'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). നബി(സ)യും സ്വഹാബിമാരും ഒരു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അത്‌ അശുദ്ധമല്ലെന്ന്‌ വ്യക്തമാണ്‌. പല സന്ദര്‍ഭത്തിലും അവര്‍ ഭക്ഷണം കഴിച്ച ശേഷം വായ കഴുകാതെ നമസ്‌കാരത്തിന്‌ വരെ പുറപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു.

നാം പഴവര്‍ഗങ്ങളും മറ്റും ഭക്ഷിക്കുമ്പോള്‍ വായ കഴുകാറില്ല. എന്നാല്‍ മൂത്രവും മലവും അശുദ്ധമാണെന്ന്‌ നബി(സ) ധാരാളം സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ചപ്പോള്‍ എന്റേതു അശുദ്ധമല്ലെന്ന്‌ പറയുകയുണ്ടായില്ല. രക്തം അശുദ്ധമാണെന്ന്‌ ഖുര്‍ആന്‍ തന്നെ പറഞ്ഞപ്പോള്‍ നബി(സ)യെ അതിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുകയുണ്ടായില്ല. പ്രവാചകന്റെ ജീവിതത്തില്‍ ഒരൊറ്റ പ്രാവശ്യം പോലും മലമൂത്ര വിസര്‍ജനം ചെയ്‌തപ്പോള്‍ ശുദ്ധിയാക്കാതിരുന്നിട്ടില്ല. വെള്ളമില്ലെങ്കില്‍ കല്ലുകള്‍ കൊണ്ട്‌ അവിടുന്നു ശുദ്ധിയാക്കും. നമ്മുടെ മലവും മൂത്രവും കല്ലുകള്‍ കൊണ്ട്‌ ശുദ്ധിയാകുമെന്നതിന്‌ ഈ ഹദീസുകളും തെളിവാക്കപ്പെടുന്നു. തന്റെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ സമുദായത്തെ പഠിപ്പിക്കാന്‍ നബി(സ) ഒരൊറ്റ പ്രാവശ്യം പോലും ശുദ്ധിയാക്കാതിരുന്നിട്ടില്ല. നബി(സ)യുടെ മലവും ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഇവര്‍ കോടികളുടെ പള്ളികള്‍ അപ്പേരില്‍ നിര്‍മിക്കുമോ?

പ്രവാചകകേശം

ഈ വിഷയത്തില്‍ താഴെ പറയുന്ന അഭിപ്രായങ്ങള്‍ ശാഫിഈ മദ്‌ഹബില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്‌.

1). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശുദ്ധിയുള്ളതാണ്‌. അവ നജസ്‌ അല്ല.

2). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശരീരത്തില്‍ നിന്ന്‌ വേര്‍പെട്ടുകഴിഞ്ഞാല്‍ അശുദ്ധമാണ്‌. അവ ശുദ്ധിയുള്ളതല്ല. 
 
സ്വഹീഹുല്‍ ബുഖാരിയില്‍ `മനുഷ്യന്റെ മുടി കഴുകപ്പെട്ട വെള്ളത്തിന്റെ വിധി' എന്നൊരു അധ്യായം കാണാം. തുടര്‍ന്ന്‌ മുടികള്‍ കൊണ്ടു നൂലുകളും കയറുകളും ഉണ്ടാക്കുന്നതിനു വിരോധമില്ലെന്ന്‌ ഇമാം അത്വാഅ്‌(റ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു. അതിന്‌ ശേഷം ഉദ്ധരിക്കുന്നത്‌ പ്രവാചകന്റെ ഒരു മുടി എന്റെ അടുത്തു ഉണ്ടാകുന്നതിനെ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും ഞാന്‍ ഇഷ്‌ടപ്പെടുന്നു എന്ന്‌ അനസ്‌(റ) പറഞ്ഞ ഹദീസാണ്‌. ശേഷം നബി(സ) തല മുണ്ഡനം ചെയ്‌തപ്പോള്‍ അബൂത്വല്‍ഹയാണ്‌ നബി(സ)യുടെ മുടിയില്‍ നിന്ന്‌ ആദ്യമായി എടുത്തത്‌ എന്ന്‌ പറയുന്ന ഹദീസാണ്‌. ഈ ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം നവവി(റ)യും ഇബ്‌നുഹജറും(റ) പറയുന്നത്‌ ഇതില്‍ നിന്നും നബി(സ)യുടെ മുടി ശുദ്ധിയുള്ളതാണെന്ന്‌ തെളിയുന്നു എന്നല്ല. ബുഖാരി നല്‌കിയ അധ്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ട്‌ അവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌:

``ഈ ഹദീസുകളില്‍ മനുഷ്യന്റെ മുടി ശുദ്ധമാണെന്നു വരുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്‌. നമുക്കും ശരിയായി തോന്നുന്നത്‌ ഇതാണ്‌.'' (ഫത്‌ഹുല്‍ബാരി 1:511). ഇമാം നവവി(റ) ഉദ്ധരിക്കുന്നു: ``മാവര്‍ദിയുടെയും മറ്റുള്ളവരുടെയും അഭിപ്രായം നബി(സ)യുടെ മുടി അശുദ്ധമാണെന്നാണ്‌'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:223). ശാഫിഈ മദ്‌ഹബിലെ കര്‍മശാസ്‌ത്ര പണ്ഡിതനും ഹദീസ്‌ പണ്ഡിതനും ചരിത്രപണ്ഡിതനുമാണ്‌ ഇമാം മാവര്‍ദി. ഇമാം നവവി(റ) എഴുതുന്നു: ``മറ്റുള്ളവരുടെ മുടി അശുദ്ധമാണെന്ന്‌ നാം പറഞ്ഞാല്‍ നബി(സ)യുടെ മുടിയെ സംബന്ധിച്ച്‌ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. അവയില്‍ ഒന്ന്‌: തീര്‍ച്ചയായും നബിയുടെ മുടിയും അശുദ്ധം തന്നെയാണ്‌. കാരണം മറ്റുള്ള മനുഷ്യരുടേത്‌ അശുദ്ധമായത്‌ നബി(സ)യെ സംബന്ധിച്ചും അശുദ്ധമാണ്‌. രക്തം പോലെ തന്നെ.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:231)

(തുടരും)
കടപ്പാട്: ശബാബ് വാരിക, ഓൺലൈൻ എഡിഷൻ.
(http://shababweekly.net/index.php?option=com_content&view=article&id=717:2011-03-25-08-22-21&catid=48:lead3)