എ അബ്‌ദുസ്സലാം സുല്ലമി
``ജിന്നുകളെയും മലക്കുകളെയും അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത് പ്രാര്‍ഥന അല്ല എന്ന് ഗവേഷണം ചെയ്യപ്പെട്ടതോടെ പ്രാര്‍ഥിക്കാനുള്ള അത്തരം സന്ദര്‍ഭം പോലും നഷ്‌ടമായി. ഇനി ബസ്സിന്റെ ബ്രേക്ക് പൊട്ടുമ്പോള്‍ മലക്കിനെയും ഇഫ്‌രീത്തിനെയും വിളിക്കാം. കാരണം കാര്യകാരണ ബന്ധം മുറിയുന്നില്ല. പ്രാര്‍ഥനയോ ശിര്‍ക്കോ ആകുന്നുമില്ല.'' (സുന്നിവോയ്‌സ് -2010 ഏപ്രില്‍ 1-15 പേജ് 25)
ഈ വിമര്‍ശനം എ പി വിഭാഗം മുജാഹിദുകളെ ഉദ്ദേശിച്ചുള്ളതാണ്. കാരണം, പ്രാര്‍ഥനക്ക് മുജാഹിദുകള്‍ നല്‌കിയിരുന്ന വിശദീകരണം വരെ ഇടക്കാലത്ത് തിരുത്തിയവരാണിവര്‍! അടിസ്ഥാന പ്രമാണത്തെ പോലും ഇവര്‍ അട്ടിമറിച്ചു. ഇവരുടെ പുതിയ നിര്‍വചനപ്രകാരം ഭൗതിക കാര്യങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് മാത്രം സഹായംതേടുകയും മറ്റുള്ളവരോട് സഹായം തേടിയാല്‍ ശിര്‍ക്ക് വന്നുപോകുകയും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നും അത് ശിര്‍ക്കാവുകയില്ലെന്നും വരുന്നു. മനുഷ്യന് ചെയ്യാന്‍ സാധിക്കുന്ന സംഗതികള്‍ മലക്കുകളോടും ജിന്നുകളോടും ചോദിക്കുന്നതിന് വിരോധമില്ലെന്നും ഇവര്‍ എഴുതുന്നു. ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:
1). ബസ്സിന്റെ ബ്രേക്ക് പൊട്ടി മനുഷ്യനിയന്ത്രണം വിടുന്ന അപകടങ്ങളില്‍ പെടുക. മനുഷ്യകഴിവിന് അതീതമായ ഇത്തരം സന്ദര്‍ഭങ്ങളിലായിരുന്നു അല്ലാഹുവിനോടു മാത്രം സഹായം തേടാന്‍ പാടുള്ള രംഗമായി നാം വിവരിച്ചിരുന്നത്. നമ്മുടെ മദ്‌റസ പാഠപുസ്‌തകങ്ങളില്‍ വരെ ഇതു ഉദാഹരണമായി എടുത്തുകാണിച്ചതു കാണാം. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മലക്കുകളോടും ജിന്നുകളോടും സഹായംതേടിയാല്‍ അത് പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല എന്നാണ്. ഇതിന് രേഖയായി അവര്‍ ഉദ്ധരിക്കുന്നത് ഹാജറബീവി മലക്കിനോട് ദാഹജലത്തിനു വേണ്ടി മരുഭൂമിയില്‍ വെച്ച് സഹായംതേടിയ സംഭവമാണ്. അപ്പോള്‍ മനുഷ്യകഴിവിന് അതീതമായ അപകടങ്ങളില്‍ മനുഷ്യര്‍ അകപ്പെടുമ്പോള്‍ മലക്കിനെ വിളിച്ച് സഹായംതേടല്‍ അനുവദനീയവും അനിവാര്യവുമായി.
നിങ്ങള്‍ മരുഭൂമിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്റെ ദാസന്മാരെ നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ എന്ന് നബി(സ) നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമെന്നുമാണ് മറ്റൊരു തെളിവായി ഇവര്‍ പറയുന്നത്. അപ്പോള്‍ മലക്കിനെയും ജിന്നുകളെയും വിളിച്ചുതേടല്‍ അനുവദനീയമോ സുന്നത്തോ നിര്‍ബന്ധമോ ആയി. ഹറാംചെയ്യാനും വിഡ്‌ഢിത്തം ചെയ്യാനും നബി(സ) നിര്‍ദേശിക്കുകയില്ലല്ലോ.
2). ഒരാള്‍ ഒഴുക്കില്‍ പെട്ട സന്ദര്‍ഭത്തില്‍ അദൃശ്യമായ നിലക്കു അല്ലാഹുവിനെ മാത്രമേ വിളിച്ച് തേടാന്‍ പാടുള്ളൂ. നമ്മുടെ പുസ്‌തകങ്ങളില്‍ ഇത് ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു. നവയാഥാസ്ഥിതികര്‍ പറയുന്നത് മലക്കുകളെയും ജിന്നുകളെയും ഈ അവസരങ്ങളിലും വിളിച്ച് സഹായം തേടാം എന്നാണ്. സഹായംതേടിയാല്‍ അത് കാര്യകാരണബന്ധത്തിന് അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല. കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ വരുന്നതും ദൃശ്യവും ഭൗതികവുമായ മാര്‍ഗമാണെന്നുമാണ് ഇവര്‍ പറയുന്നത്. അപ്പോള്‍ ഈ സന്ദര്‍ഭങ്ങളില്‍ മലക്കിനെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച് സഹായംതേടല്‍ അനിവാര്യമായി.
ഒരാള്‍ക്കു സന്താനം ലഭിക്കാന്‍ വിവാഹംചെയ്‌തു ദാമ്പത്യബന്ധം സ്ഥാപിക്കല്‍ നിര്‍ബന്ധമായതു പോലെ. കാര്യകാരണ ബന്ധങ്ങള്‍ക്ക് അധീനമായ കാര്യങ്ങളില്‍ കാര്യകാരണബന്ധം പ്രവര്‍ത്തിച്ചുകൊണ്ടായിരിക്കണം നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടത്.
3). വരള്‍ച്ചയും ക്ഷാമവും ബാധിക്കുന്ന രംഗങ്ങളില്‍ അല്ലാഹുവിനോട് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലക്ക് പ്രാര്‍ഥിക്കാന്‍ പാടുള്ളൂ. മനുഷ്യകഴിവില്‍ പെട്ട സംഗതികള്‍ നീക്കാന്‍ വേണ്ടി നമുക്ക് ഗവണ്‍മെന്റിനോട് സഹായം ആവശ്യപ്പെടാം. എന്നാല്‍ ജിന്നുകളോടും മലക്കുകളോടും സഹായം തേടാന്‍ പാടില്ല. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത് ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടല്‍ കാര്യകാരണബന്ധത്തിന് അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല എന്നാണ്. അപ്പോള്‍ വരള്‍ച്ചയും ക്ഷാമവും കൃഷിനാഷവും മറ്റും സംഭവിക്കുമ്പോള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായംതേടല്‍ അനുവദനീയവും നിര്‍ബന്ധവുമായി.
4). ഭൂചലനങ്ങളും ഭൂമികുലുക്കവും നിയന്ത്രിക്കാന്‍ മനുഷ്യ കഴിവില്‍ പെട്ട സംഗതികള്‍ മനുഷ്യനോടു ചോദിക്കാം. എന്നാല്‍ മനുഷ്യ കഴിവിന് അതീതമായ കാര്യത്തില്‍ അല്ലാഹുവിനോടു മാത്രമേ സഹായംചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും സഹായംചോദിക്കല്‍ പ്രാര്‍ഥനയും ശിര്‍ക്കും കുഫ്‌റുമാണ്.
എന്നാല്‍ ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമല്ലെന്നും കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും നവയാഥാസ്ഥിതികര്‍ പറയുന്നു. അദൃശ്യവും അഭൗതികവുമായ മാര്‍ഗമല്ലെന്നും പ്രഖ്യാപിക്കുന്നു. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കല്ലെന്ന് ജല്‌പിക്കുന്നു. അപ്പോള്‍ ഇത്തരം രംഗങ്ങളിലും മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടല്‍ അനുവദനീയവും അനിവാര്യവുമായി.
5). ശാരീരികമായ രോഗങ്ങളും ന്യൂനതകളും ഉള്ള ദമ്പതിമാര്‍ സന്താനലബ്‌ധിക്കു വേണ്ടി മനുഷ്യകഴിവില്‍ പെട്ട സഹായത്തിനുവേണ്ടി ഒരു ഡോക്‌ടറെ സമീപിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്ത തടസ്സങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ. ജിന്നുകളോടും മലക്കുകളോടും പിശാചുക്കളോടും സഹായംചോദിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്. കാരണം ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതവും അഭൗതികവും അദൃശ്യവും മറഞ്ഞ വഴിയുമാണ്.
എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത് ഈ സഹായ തേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതവും അദൃശ്യവും അഭൗതികവുമല്ല എന്നാണ്. ജിന്നുകളെയും മലക്കുകളെയും കാര്യകാരണ ബന്ധത്തിന്റെയും അദൃശ്യത്തിന്റെയും അഭൗതികത്തിന്റെയും പ്രശ്‌നം തീരുമാനിക്കുമ്പോള്‍ പരിഗണിക്കണം. അവരെ ഒഴിവാക്കിക്കൊണ്ടായിരിക്കണം കാര്യകാരണ ബന്ധത്തിന് അതീതം, അദൃശ്യം, അഭൗതികം എന്നെല്ലാം പറയേണ്ടത്. അതിനാല്‍ സന്താനലബ്‌ധിക്കു വേണ്ടി-ശാരീരികദുര്‍ബലതകള്‍ ഉള്ളവര്‍-ഡോക്‌ടറെ സമീപിക്കുന്നതുപോലെ തന്നെ മലക്കുകളോടും ജിന്നുകളോടും സഹായം ചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.
6). രോഗം ബാധിച്ചവര്‍ ഡോക്‌ടറെ സമീപിച്ച് രോഗശമനത്തിനുവേണ്ടി സഹായം ആവശ്യപ്പെടല്‍ അനുവദനീയമാണ്. മനുഷ്യകഴിവിന് അതീതമായ നിലക്ക് രോഗശമനത്തിനു വേണ്ടി അല്ലാഹുവിനോടു മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും രോഗശമനം ആവശ്യപ്പെട്ടാല്‍ ശിര്‍ക്കും പ്രാര്‍ഥനയുമാണത്. ഇതു കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതവും അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗമാണ്. അല്ലെന്ന് നവയാഥാസ്ഥിതികര്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ രോഗശമനത്തിനു വേണ്ടി ഡോക്‌ടറെ സമീപിക്കുന്നതു പോലെ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.
7). മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളില്‍ മക്കാ മുശ്‌രിക്കുകള്‍ വരെ അല്ലാഹുവിനോട് മാത്രമാണ് സഹായംതേടിയിരുന്നത്. മറ്റുള്ളവരോടു സഹായംതേടല്‍ ഏകദൈവ വിശ്വാസത്തിന് എതിരാണെന്ന് അവര്‍ പോലും ഗ്രഹിച്ചിരുന്നു. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷ ലഭിക്കാന്‍ ഏകദൈവ വിശ്വാസത്തെ അവര്‍ നിഷ്‌കളങ്കമാക്കും. അങ്ങനെ മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം ചോദിക്കാതെ അല്ലാഹുവിനെ മാത്രം വിളിച്ച് സഹായം ചോദിക്കും.
മനുഷ്യകഴിവിന് അതീതമായ അപകടങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ച് സഹായം തേടുവാന്‍ പാടുള്ളൂവെന്ന് മക്കയിലെ വിഗ്രഹാരാധകന്മാർ അംഗീകരിച്ചിരുന്നു. മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടല്‍ ശിർക്കാണെന്നും സമ്മതിച്ചിരുന്നു. നവയാഥാസ്ഥിതികർ ഇത് സമ്മതിക്കുന്നില്ല. സമ്മതിക്കുമെങ്കിൽ ഇത് ശിർക്കാണെന്ന് അവർ എഴുതുമോ?
No comments:
Post a Comment