എ അബ്‌ദുസ്സലാം സുല്ലമി
``ഈസാ(അ) പക്ഷികളെ സൃഷ്‌ടിച്ചതും മരിച്ചവരെ ജീവിപ്പിച്ചതും ആവശ്യങ്ങള്‍ അറിയിച്ചതും ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. അദ്ദേഹവും ഒരു മനുഷ്യനാകയാല്‍ ഇത്രയൊക്കെ ആയാല്‍ മനുഷ്യകഴിവും അപ്പുറമുള്ളത് അതീതവുമെന്ന് തീരുമാനിക്കുന്നതും പ്രായോഗികമല്ല.'' (രിസാല വാരിക -2008 ഒക്‌ടോബര്‍ 31, പേജ് 18 )
പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന ദൃഷ്‌ടാന്തങ്ങള്‍ക്ക് (മുഅ്‌ജിസത്തുകള്‍) അമാനുഷികദൃഷ്‌ടാന്തങ്ങള്‍ എന്നാണ് മുസ്‌ലിംകള്‍ പറയാറുള്ളത്. മനുഷ്യകഴിവിന് അപ്പുറമുള്ളത് എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ഈസാ നബി(അ) പക്ഷികളെ സൃഷ്‌ടിച്ചതിനും മരിച്ചവരെ ജീവിപ്പിച്ചതിനും അദൃശ്യങ്ങള്‍ അറിയിച്ചതിനും മുസ്‌ലിംകള്‍ പറയാറുള്ളത് അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ (മുഅ്‌ജിസത്തുകള്‍) എന്നാണ്. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കഴിവില്‍ പെട്ടതാണെങ്കില്‍ സഖാഫി സമ്മതിക്കുന്നതു പോലെ അദ്ദേഹവും ഒരു മനുഷ്യനായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും അമാനുഷികദൃഷ്‌ടാന്തങ്ങള്‍ എന്ന് പറയുകയില്ല. ഈസാനബി(അ) അദ്ദേഹത്തിന്റെ വിരല്‍ ചലിപ്പിച്ചതിനും അദ്ദേഹം നടക്കുകയും ഇരിക്കുകയും ഭക്ഷണം കഴിക്കുകയും കളിമണ്ണുകൊണ്ട് ഒരു പക്ഷിയുടെ രൂപംപോലെ ഉണ്ടാക്കിയതിനും അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ എന്ന് പറയാത്തതു പോലെ.
ഇതിനു ള്ള കാരണം വ്യക്തമാണ്: ആദ്യത്തേത് ഈസാനബി(അ)ക്ക് അല്ലാഹു നല്‍കിയ കഴിവുകൊണ്ട് അദ്ദേഹം ചെയ്‌ത അദ്ദേഹത്തിന്റെ പ്രവൃത്തിയല്ല. അവ അല്ലാഹുവിന്റെ പ്രവര്‍ത്തനമാണ്. രണ്ടാമത്തേത് ഈസാനബി(അ)ക്ക് പിലാതോസിനും കൈസര്‍ക്കും മുഹമ്മദ് നബി(സ)ക്കും അബൂജഹ്‌ലിനും അല്ലാഹു നല്‍കിയതു പോലുള്ള കഴിവ് കൊണ്ടു പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഈസാ നബി(അ) ചെയ്‌താലും പിലാതോസ് ചെയ്‌താലും അമാനുഷിക ദൃഷ്‌ടാന്തം എന്ന് പറയുകയില്ല. ഈസാനബി(അ) പക്ഷികളെ സൃഷ്‌ടിച്ചതും മരണപ്പെട്ടവരെ ജീവിപ്പിച്ചതും അദൃശ്യകാര്യങ്ങള്‍ പറഞ്ഞതും അദ്ദേഹത്തിന്റെ വിരലുകള്‍ ചലിപ്പിച്ചതു പോലെ ചെയ്‌തതാണെങ്കില്‍ സഖാഫി സമ്മതിക്കുന്നതു പോലെ അദ്ദഹം ഒരു മനുഷ്യനാവുകയില്ല. ക്രിസ്‌ത്യാനികളില്‍ ഒരുവിഭാഗം പറയുന്നതുപോലെ ദൈവമോ ദൈവപുത്രനോ ആയിരിക്കുന്നതാണ്. ക്രിസ്‌ത്യാനികള്‍ ഈസാ നബി(അ) ദൈവമാണെന്നതിന് എടുത്തുകാണിക്കാറുള്ള അവരുടെ പ്രധാന തെളിവുകള്‍ സഖാഫി പറയുന്നവയാണ് എന്നതാണ് ഈ രണ്ട് വിഭാഗത്തിനും തൗഹീദില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവ്.
ക്രിസ്‌ത്യാനികളുടെ തെളിവ്: ഖുര്‍ആനില്‍ യേശുക്രിസ്‌തു മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കുമെന്ന് പറയുന്നു. മരണപ്പെട്ടവരെ ജീവിപ്പിക്കല്‍ ദൈവത്തിന്റെ മാത്രം വിശേഷണമാണെന്നും ഖുര്‍ആനില്‍ തന്നെ പറയുന്നു. അപ്പോള്‍ യേശുക്രിസ്‌തു ദൈവമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു.
മുസ്‌ലിംകളുടെ മറുപടി: യേശുക്രിസ്‌തുവിന് അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈകളും കാലുകളും ചലിപ്പിക്കാനും ഭക്ഷണം കഴിക്കാനും ദൈവം കഴിവ് നല്‍കിയതു പോലെയും അദ്ദേഹത്തിന്റെ കണ്ണിന് കാഴ്‌ചശക്തിയും ചെവിക്ക് കേള്‍വിശക്തിയും നാവിന് സംസാരശേഷിയും നല്‍കിയതു പോലെയും അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവുകള്‍ നല്‍കിയിരുന്നുവെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. കഴിവ് നല്‍കിയിരുന്നുവെന്നത് ക്രിസ്‌ത്യാനികളായ നിങ്ങളില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തിന്റെ വിശ്വാസമാണ്. ഇതുപോലെ മുസ്‌ലിംകളായ ഞങ്ങളില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തിന്റെയും വിശ്വാസമാണ്. യേശുക്രിസ്‌തുവില്‍ നിന്ന് ഉണ്ടായ സാധാരണ പ്രവൃത്തിയും അസാധാരണ പ്രവൃത്തിയും ഒരുപോലെയാണെന്ന് ഈ വിഭാഗമാണ് ജല്‍പിക്കുന്നത്. മരണപ്പെട്ട മനുഷ്യനെ ജീവിപ്പിക്കാന്‍ വേണ്ടി യേശുക്രിസ്‌തു സ്വര്‍ഗലോകത്തേക്ക് നോക്കി ദൈവത്തോട് പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്‌തത്. ജീവിപ്പിച്ചത് ദൈവമാണ്. ഇതില്‍ യേശുക്രിസ്‌തുവിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. എനിക്കും, നിങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തി മാത്രമാണ് ഈ വിഷയത്തില്‍ അദ്ദേഹവും ചെയ്‌തിട്ടുള്ളത്. ബൈബിളില്‍ പോലും ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്. ഉദാഹരണം:
1). ``യേശു അവരോട് ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും ചാര്‍ച്ചക്കാരുടെ ഇടയിലും സ്വന്തം ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്ന് പറഞ്ഞു. ഏതാനും ചില രോഗികളുടെ മേല്‍ കൈവെച്ച് സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീയ്യ പ്രവൃത്തി ഒന്നും ചെയ്‌വാന്‍ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.'' (മാര്‍ക്കോസ് 6:4-6)
2). അവര്‍ കല്ല് നീക്കി. യേശു മേലോട്ടുനോക്കി. പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്‌ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നു. എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്ന് പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവന്‍: ലാസറേ, പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തുവന്നു.'' (യോഹന്നാന്‍ 11:41-44)
3). ``പിന്നെ അവര്‍ അവരോട്: എല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്‌പിച്ചു. അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തേക്കു നോക്കി വാഴ്‌ത്തി. അപ്പം നുറുക്കി. അവര്‍ക്കു വിളമ്പുവാന്‍ തന്റെ ശിഷ്യന്മാര്‍ക്ക് കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്‌തരായി.'' (മാര്‍ക്കോസ് 6:40-42)
4). ``ദെക്കപ്പോലി ദേശത്തിന്റെ നടുവില്‍ കൂടി ഗലീല കടപ്പുറത്തു വന്നു. അവിടെ അവര്‍ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ മേല്‍ കൈ വെക്കേണം എന്നപേക്ഷിച്ചു. അവന്‍ അവനെ പുരുഷാരത്തില്‍ നിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു. സ്വര്‍ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോട്: തുറന്നു വരിക എന്ന അര്‍ഥമുള്ള എഫഥാ എന്ന് പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു. നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. ഇത് ആരോടും പറയരുത് എന്ന് അവരോടു കല്‌പിച്ചു.'' (മാര്‍ക്കോസ് 7:31-36)
5). ``യഹൂദന്മാര്‍ അവനെ കൊല്ലാന്‍ അധികമായി ശ്രമിച്ചുപോന്നു. ആകയാല്‍ യേശു അവരോട് ഇങ്ങനെ പറഞ്ഞു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‌വാന്‍ കഴികയില്ല.'' (യോഹന്നാന്‍ 5:18-20)
6). ``എനിക്കു സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുന്നതല്ല, ഞാന്‍ കേള്‍ക്കുന്നതു പോലെ ന്യായം വിധിക്കുന്നു. ഞാന്‍ എന്റെ ഇഷ്‌ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്‌ടമത്രേ ചെയ്‌വാന്‍ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളതാകുന്നു. ഞാന്‍ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു. അവന്‍ എന്നെ കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു.'' (യോഹന്നാന്‍ 5:30-33)
7. ``പിതാവ് എന്നെക്കാള്‍ വലിയവനല്ലോ.'' (യോഹന്നാന്‍ 14:29)
യേശുക്രിസ്‌തുവില്‍ നിന്ന് ഉത്ഭവിച്ച സര്‍വ അത്ഭുതസിദ്ധികളും അദ്ദേഹം പ്രവര്‍ത്തിച്ചതല്ല. അല്ലാഹു ചെയ്‌ത അവന്റെ പ്രവൃത്തി മാത്രമാണ്. ഈസാനബി (യേശുക്രിസ്‌തു) രോഗിയുടെ മേല്‍ കൈ വെക്കുക, മേലോട്ടു നോക്കുക, പ്രാര്‍ഥിക്കുക, വാഴ്‌ത്തുക, ഉറക്കെ വിളിക്കുക, അപ്പം നുറുക്കുക, ഒരാളെ വേറിട്ടുകൊണ്ടുപോവുക, ചെവിയില്‍ വിരല്‍ ഇടുക, തുപ്പുക, നാവിനെ തൊടുക, നെടുവീര്‍പ്പിടുക മുതലായ സാധാരണക്കാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തി മാത്രമാണ് ചെയ്യുന്നത്. ഈ യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും നാം വിവരിച്ചതുപോലെ വ്യക്തമാക്കിയിട്ടും ക്രിസ്‌ത്യാനികള്‍ ഇവയെല്ലാം ഈസാനബി(അ)യുടെ പ്രവൃത്തിയായി ദര്‍ശിച്ച് അദ്ദേഹത്തെ ദൈവമാക്കുന്നു. ഇതുപോലെ സഖാഫികളും ഫൈസികളും മറ്റും ഇലാഹ് എന്ന പദം കൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നില്ലെങ്കിലും ഇലാഹിന് മാത്രം അവകാശപ്പെട്ട വിശേഷണങ്ങളും പ്രവൃത്തിയും അദ്ദേഹത്തിനുണ്ടെന്ന് ജല്‌പിച്ച് ഫലത്തില്‍ ഇലാഹും ദൈവവുമാക്കുന്നു. അങ്ങനെ അദ്ദേഹം ചെയ്‌ത പ്രവര്‍ത്തികള്‍ എടുത്തുകാണിച്ച് പ്രാര്‍ഥനക്ക് മനുഷ്യകഴിവിന് അതീതം എന്നു പറയാന്‍ പാടില്ലെന്ന് ജല്‌പിക്കുന്നു. എങ്കില്‍ നബിമാരുടെ മുഅ്‌ജിസത്തിന് മലയാളത്തില്‍ അമാനുഷിക ദൃഷ്‌ടാന്തം എന്ന് പറയുന്നത് പിഴവാണെന്ന് ഇവര്‍ പ്രഖ്യാപിക്കേണ്ടി വരും. മുഅ്‌ജിസത്തിന് മലയാളത്തില്‍ പുതിയൊരു പദം കണ്ടെത്തേണ്ടിവരും. ഇതുവരെ ഇവരുടെ ഗ്രന്ഥങ്ങളിലും സാഹിത്യങ്ങളിലും പരിഭാഷകളിലും അമാനുഷിക ദൃഷ്‌ടാന്തം എന്ന് എഴുതിയത് തെറ്റാണെന്ന് പ്രഖ്യാപിക്കേണ്ടി വരും.