പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Thursday, December 30, 2010

തസ്‌ബീഹ്‌ നമസ്‌കാരവും സ്‌ത്രീപള്ളിപ്രവേശവും

എ അബ്‌ദുസ്സലാം സുല്ലമി

“റമളാന്‍ മാസത്തില്‍ പുരുഷ ഇമാമിന്റെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ തസ്‌ബീഹ്‌ നിസ്‌കാരം നിര്‍വഹിക്കുന്ന സമ്പ്രദായം കണ്ടുവരുന്നു. ഇതു നല്ല ഒരാചാരമാണ്‌. പുരുഷന്റെ പിന്നില്‍ തുടര്‍ന്ന്‌ നിസ്‌കരിക്കുന്ന സ്‌ത്രീകള്‍ മൂന്നു മുഴത്തിലേറെ പിന്നില്‍ നില്‍ക്കലാണ്‌ സുന്നത്ത്‌.'' 
“നാലു റക്‌അത്തുള്ള തസ്‌ബീഹ്‌ നിസ്‌കാരത്തില്‍ മുന്നൂറ്‌ തവണ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി, വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്നു ചൊല്ലേണ്ടതാണ്‌. ഖിറാഅത്തിനു ശേഷം പതിനഞ്ച്‌ പ്രാവശ്യവും റുകൂഅ്‌, ഇഅ്‌തിദാല്‍, രണ്ടു സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ സുന്നത്തായ ദിക്‌റുകള്‍ക്കു ശേഷം പത്തു പ്രാവശ്യം വീതവും ഇസ്‌തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്തുപ്രാവശ്യമായും ഓരോ റക്‌അത്തിലും എഴുപത്തിയഞ്ചു തവണയും...'' (സുന്നി അഫ്‌കാര്‍ -2007 സപ്‌തംബര്‍, പേജ്‌ 22,23).
അഞ്ച്‌ നേരത്തെ ഫര്‍ദ്‌ നമസ്‌കാരങ്ങളിലും ജുമുഅ നമസ്‌കാരത്തിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഗ്രഹണനമസ്‌കാരങ്ങളിലും സ്‌ത്രീകള്‍ പുരുഷന്മാരുടെ പിന്നില്‍ ഒരു മറപോലുമില്ലാതെ പങ്കെടുത്ത്‌ നമസ്‌കരിച്ചത്‌ നൂറിലധികം ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നതാണ്‌. പ്രവാചകന്റെ കാലത്തു മാത്രമല്ല, സ്വഹാബിമാരുടെയും ശേഷമുള്ള നൂറ്റാണ്ടുകളിലും ഇങ്ങനെയായിരുന്നു. മുജാഹിദുകള്‍ ഒരു മറയ്‌ക്കു പിന്നിലാണ്‌ സ്‌ത്രീകളെ നമസ്‌കാരത്തില്‍ പങ്കെടുപ്പിക്കാറുള്ളത്‌. എന്നാല്‍ പരപുരുഷ ദര്‍ശനം ഉണ്ടാകുമെന്നും അത്‌ കുഴപ്പത്തിന്‌ വഴിവെക്കുമെന്നും ആരോപിച്ച്‌ സ്‌ത്രീകളുടെ പള്ളിപ്രവേശത്തെ ഹറാമാക്കിയ പുരോഹിതന്മാര്‍ നബിചര്യയുടെ പിന്‍ബലമില്ലാത്ത തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരുടെ കൂടെ ജമാഅത്തായി നമസ്‌കാരിക്കാമെന്നു പറയുന്നു! അതും മൂന്നു മുഴം മാത്രം പിന്തിനിന്നുകൊണ്ട്‌!!
സ്‌ത്രീകള്‍ ജുമുഅക്ക്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിലാണ്‌ ഇവര്‍ക്ക്‌ പരപുരുഷദര്‍ശനത്തിന്റെ പ്രശ്‌നം ഉത്ഭവിക്കാറുള്ളത്‌. എന്നാല്‍ ഗ്രാമപഞ്ചായത്ത്‌/ബ്ലോക്ക്‌ പഞ്ചായത്ത്‌/ജില്ലാ പഞ്ചായത്ത്‌ എന്നിവയിലേക്കോ അല്ലെങ്കില്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും മീറ്റിംഗിലേക്കോ പങ്കെടുക്കാന്‍ സ്‌ത്രീകള്‍ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ തസ്‌ബീഹ്‌ നമസ്‌കാരത്തിന്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ ഇവര്‍ക്ക്‌ പരപുരുഷ ദര്‍ശനത്തിന്റെ പ്രശ്‌നം ഉണ്ടാവാറില്ല!
തസ്‌ബീഹ്‌ നമസ്‌കാരം ബിദ്‌അത്താണ്‌. അതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമില്ല. തസ്‌ബീഹ്‌ നമസ്‌കാരത്തെക്കുറിച്ച ഹദീസുകള്‍ താഴെ ഉദ്ധരിക്കാം:
1). അബൂറാഫിഇ(റ) പറയുന്നു: ``റസൂല്‍(സ) അബ്ബാസി(റ)നോട്‌ പറഞ്ഞു: പിതൃവ്യാ, ഞാന്‍ അങ്ങേക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ ഉപകാരം ചെയ്യുന്നില്ലയോ, ഞാന്‍ ബന്ധം പുലര്‍ത്തുന്നില്ലയോ? അബ്ബാസ്‌(റ)പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. നബി(സ) പറഞ്ഞു: അതിനാല്‍ താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും ഒരു സൂറത്തും ഓതണം. ഓത്ത്‌ കഴിഞ്ഞാല്‍ താങ്കള്‍ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്ന്‌ റുകൂഅ്‌ ചെയ്യുന്നതിന്‌ മുമ്പായി പതിനഞ്ചു പ്രാവശ്യം പറയുക. പിന്നെ റുകൂഅ്‌ ചെയ്യുകയും പത്ത്‌ പ്രാവശ്യം ഇതു ചൊല്ലുകയും ചെയ്യുക. പിന്നെ സുജൂദ്‌ ചെയ്‌തു പത്ത്‌ പ്രാവശ്യം ചൊല്ലുക. താങ്കള്‍ ഖിയാമിലേക്ക്‌ വരുന്നതിന്‌ മുമ്പായി. അങ്ങനെ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ എണ്ണം വീതം. അത്‌ നാല്‌ റക്‌അത്തില്‍ മുന്നൂറ്‌ എണ്ണമായിരിക്കും. അപ്പോള്‍ നിന്റെ പാപങ്ങള്‍ മണല്‍ പോലെയുണ്ടെങ്കിലും അല്ലാഹു നിനക്ക്‌ പൊറുത്തുതരും. അബ്ബാസ്‌(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഓരോ ദിവസവും ഇത്‌ ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ എന്ത്‌ ചെയ്യണം? നബി(സ) പറഞ്ഞു: താങ്കള്‍ വെള്ളിയാഴ്‌ച ദിവസം ചൊല്ലുക. അതിന്‌ താങ്കള്‍ക്ക്‌ സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. കൊല്ലത്തിലൊരിക്കലെങ്കിലും ചൊല്ലുക എന്ന്‌ വരെ നബി(സ) പറഞ്ഞു.'' (തിര്‍മിദി, ഇബ്‌നുമാജ)
2). അനസ്‌(റ) പറയുന്നു: ``ഉമ്മുസുലൈം(റ) നബി(സ)യെ സമീപിച്ചുകൊണ്ട്‌ പറഞ്ഞു: എനിക്ക്‌ നമസ്‌കാരത്തില്‍ പറയാന്‍ ചില കലിമതുകള്‍ പഠിപ്പിച്ചുതന്നാലും. നബി(സ) പറഞ്ഞു: പത്തു പ്രാവശ്യം അല്ലാഹു അക്‌ബര്‍ എന്ന്‌ പറയുക, പത്ത്‌ പ്രാവശ്യം സ്വുബ്‌ഹാനല്ലാഹ്‌ എന്നു പറയുക, പത്ത്‌ പ്രാവശ്യം അല്‍ഹംദുലില്ലാഹ്‌ എന്നു പറയുക. ശേഷം നീ ഉദ്ദേശിച്ചത്‌ ചോദിക്കുക. അവന്‍ നിനക്ക്‌ ഉത്തരം നല്‌കും.'' (തിര്‍മിദി)
3). ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: ``നബി(സ) അബ്ബാസിനോടു പറഞ്ഞു: അബ്ബാസ്‌! പിതൃവ്യാ! ഞാന്‍ താങ്കള്‍ക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ താങ്കള്‍ക്ക്‌ വേണ്ടത്‌ തരുന്നില്ലയോ? ഞാന്‍ താങ്കള്‍ക്ക്‌ ദാനം നല്‌കുന്നില്ലയോ? ഞാന്‍ താങ്കളോട്‌ കുടുംബബന്ധം ചേര്‍ക്കുന്നില്ലയോ? പത്ത്‌ കാര്യങ്ങള്‍ താങ്കള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക്‌ താങ്കളുടെ ദോഷങ്ങള്‍, അതിന്റെ തുടക്കവും ഒടുക്കവും പുതുതായി മനപ്പൂര്‍വം ചെയ്‌തതും പിഴച്ചുപോയതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും എല്ലാം പൊറുത്തു തന്നിരിക്കുന്നു. പത്ത്‌ കാര്യങ്ങള്‍: താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും സൂറത്തും ഓതുക. ആദ്യ റക്‌അത്തില്‍ ഫാതിഹയില്‍ നിന്ന്‌ വിരമിച്ചാല്‍ ഖിയാമില്‍ തന്നെയിരിക്കെ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബര്‍ എന്ന്‌ പതിനഞ്ച്‌ പ്രാവശ്യം ചൊല്ലുക. പിന്നെ റുകൂഅ്‌ ചെയ്യുകയും റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇത്‌ ചൊല്ലുകയും ചെയ്യുക. പിന്നെ റുകൂഇല്‍ നിന്ന്‌ തലയുയര്‍ത്തി പത്ത്‌ പ്രാവശ്യം ചൊല്ലുക. പിന്നെ സുജൂദില്‍ പ്രവേശിക്കുക. സുജൂദില്‍ പത്ത്‌ പ്രാവശ്യം ചൊല്ലുക. അപ്പോള്‍ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ വീതമായി. അങ്ങനെ താങ്കള്‍ നാല്‌ റക്‌അത്തിലും ചൊല്ലുക. എല്ലാ ദിവസവും ഒരു പ്രാവശ്യം താങ്കള്‍ അങ്ങനെ നമസ്‌കരിക്കാനാവുമെങ്കില്‍ ചെയ്‌തുകൊള്ളുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഓരോ വെള്ളിയാഴ്‌ചയും ചെയ്യുക. അതിനു സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ നിന്റെ ആയുഷ്‌കാലത്ത്‌ ഒരിക്കലെങ്കിലും ചെയ്യുക.'' (അബൂദാവൂദ്‌, ഇബ്‌നുമാജ)
4). അബുല്‍ ജാസാഅ്‌(റ) പറയുന്നു: സ്വഹാബിയായ ഒരാള്‍ എന്നോട്‌ പറഞ്ഞു: ഒരു ദിവസം പ്രവാചകന്‍ എന്നോട്‌ പറഞ്ഞു: നാളെ നീ എന്റെയടുക്കല്‍ വരിക. നിനക്ക്‌ ഞാന്‍.... നല്‌കാം. പ്രവാചകന്‍ എനിക്ക്‌ വല്ല ദാനവും നല്‌കുമെന്ന്‌ ഞാന്‍ വിചാരിച്ചു. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: രാത്രിയായാല്‍ നീ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: ശേഷം നീ രണ്ടാം സുജൂദില്‍ നിന്ന്‌ എഴുന്നേറ്റ്‌ ഇരിക്കുക (എഴുന്നേറ്റ്‌ നില്‌ക്കരുത്‌). അങ്ങനെ പത്ത്‌ തവണ വീതം തസ്‌ബീഹും തഹ്‌മീദും തക്‌ബീറും തഹ്‌ലീലും ചൊല്ലുക. അതുപോലെ നാല്‌ റക്‌അത്തിലും തുടരുക. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും വലിയ ദോഷി നീയാണെങ്കിലും ഈ നമസ്‌കാരം കാരണം അതെല്ലാം നിനക്ക്‌ പൊറുക്കപ്പെട്ടു. ഞാന്‍ ചോദിച്ചു: ആ സമയം എനിക്കത്‌ നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കിലോ? നബി(സ) പറഞ്ഞു: എങ്കില്‍ നീ രാത്രിയിലും പകലും അത്‌ നിര്‍വഹിക്കുക. മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം നബി(സ) പറഞ്ഞതു ജഅ്‌ഫറി(റ)നോടാണ്‌.'' (അബൂദാവൂദ്‌)
5). അബ്‌ദുല്ലാഹിബ്‌നുല്‍ മുബാറക്‌ തസ്‌ബീഹ്‌ നമസ്‌കാരത്തെ സംബന്ധിച്ചു പറഞ്ഞു: ``നീ തക്‌ബീര്‍ ചൊല്ലുക. ശേഷം പറയുക: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക തബറാകഇസ്‌മുക. വതആലാജദുക. വലാഇലാഹു ഗൈറുക. ശേഷം പതിനഞ്ച്‌ പ്രാവശ്യം സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്‌ബര്‍. ശേഷം അഊദു ചൊല്ലി ബിസ്‌മി ഓതുക. ശേഷം ഫാതിഹയും ഒരു സൂറത്തും ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. ശേഷം റുകൂഅ്‌ ചെയ്യുക.... അങ്ങനെ 75 പ്രാവശ്യം ഓരോ റക്‌ത്തിലും ചൊല്ലുക. ഓരോ റക്‌അത്തും പതിനഞ്ച്‌ പ്രാവശ്യം ചൊല്ലിക്കൊണ്ട്‌ ആരംഭിക്കുക. ശേഷം ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. രാത്രിയാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ ഓരോ രണ്ട്‌ റക്‌അത്തിലും സലാം വീട്ടുന്നതാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌. പകലില്‍ നമസ്‌കരിക്കുകയാണെങ്കില്‍ ഓരോ രണ്ട്‌ റക്‌അത്തിലും നീ ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടുക. ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടാതിരിക്കുക.'' (തിര്‍മിദി)
ഈ ഹദീസുകളില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ രൂപം വിവരിക്കുന്നതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണാം. ഹദീസുകള്‍ ശ്രദ്ധിച്ച്‌ വായിക്കുന്നവര്‍ക്ക്‌ വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇതു വ്യക്തമാകും. രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്‌. തീര്‍ച്ചയായും അതിന്റെ ഹദീസുകള്‍ ദുര്‍ബലമാണ്‌. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്‌. അതിനാല്‍ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ്‌ നല്ലത്‌. എന്നാല്‍ ഈ നമസ്‌കാരത്തിന്റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉഖൈലി(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്‌നുഅറബിയും മറ്റുള്ളവരും തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്വഹീഹായ ഹദീസും ഹസനായ ഹദീസും വന്നിട്ടില്ലെന്ന്‌ പറയുന്നു.'' (4:54).
ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ``ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്‌നുജൗസി(റ) ഈ ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്റെ ഗണത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. (അല്ലആലി 2:44). ഈ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ ഇമാം ശൗക്കാനി(റ)യും പറയുന്നു (അല്‍ഫവാഇദ്‌, പേജ്‌ 38)
ഇമാം നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. അബൂദാവൂദ്‌ തന്റെ സുനനിലും തിര്‍മിദി തന്റെ ജാമിഇലും ഇബ്‌നുമാജ തന്റെ സുനനിലും ഹാകിം തന്റെ മുസ്‌തദ്‌റകിലും ബൈഹഖി തന്റെ സുനനിലും തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട്‌ ആരും വഞ്ചിതരാകരുത്‌.'' (അല്‍ബാഇസ്‌, പേജ്‌ 47)
അദ്ദേഹം വീണ്ടും എഴുതുന്നു: ``ഹാഫിദ്‌ അബൂജഅ്‌ഫര്‍(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ശൈഖ്‌ അബുല്‍ഫര്‍ജ്‌ നിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന ഗ്രന്ഥത്തില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്‌കാരത്തിന്റെ ഹദീസുകളുടെ പരമ്പരകള്‍ ചിലതു നബിയിലേക്ക്‌ എത്തിയിട്ടില്ല. ചിലതു പരമ്പര മുറിഞ്ഞതാണ്‌. ചിലത്‌ നിവേദകര്‍ ദുര്‍ബലരായവരാണ്‌. ഇത്തരം ന്യൂനതകളില്‍ നിന്ന്‌ ഈ ഹദീസുകള്‍ ഒഴിവാകുന്നില്ല.'' (അല്‍ബാഇസ്‌, പേജ്‌ 47)
ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം ശീറാസി(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഒരു ഹദീസ്‌ പോലും സ്വഹീഹായിട്ടില്ല.'' (സിഫ്‌ദസ്സആദ, പേജ്‌ 144). ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ സര്‍വ പരമ്പരകളും ദുര്‍ബലമായതാണ്‌.'' ഇബ്‌നുതീമിയ്യാ, മുസ്‌നി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു.'' (തല്‍ഖീസ്‌ 4:185) ഹദീസ്‌ നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്ത്‌ നില്‌ക്കുന്ന ഇബ്‌നുജൗസി(റ) മനുഷ്യനിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന അല്‍മൗളൂആത്ത്‌ 2:465ല്‍ ഈ നമസ്‌കാരത്തിന്റെ പരമ്പരകള്‍ ദുര്‍ബലമായതാണെന്ന്‌ സ്ഥാപിക്കുന്നു. ഇബ്‌നുഖുസൈമ(റ) തന്റെ സ്വഹീഹില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ദുര്‍ബലമാണെന്ന്‌ പറയുന്നു. (വാള്യം 1, പേജ്‌ 601, ഹദീസ്‌ നമ്പര്‍ 1216)
ഫര്‍ദ്‌ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്‌ഠിക്കുമെന്നും എന്നാല്‍ സുന്നത്ത്‌ നമസ്‌കാരങ്ങള്‍ യാതൊന്നും ഞാന്‍ നമസ്‌കരിക്കുകയില്ലെന്നും പറഞ്ഞ ഒരു വ്യക്തിയോട്‌ താങ്കള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്‌ നബി(സ) പറഞ്ഞതായി നിവേദനം ചെയ്യുന്ന ഹദീസ്‌ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ധാരാളം സ്ഥലത്ത്‌ ഉദ്ധരിക്കുന്നതു കാണാം. എന്നാല്‍ നബി(സ) നമസ്‌കരിക്കാത്ത ഒരു നമസ്‌കാരം വല്ലവനും നമസ്‌കരിച്ചാല്‍ അവന്‍ നരകത്തിലാണെന്ന്‌ നബി(സ) പറഞ്ഞ ധാരാളം ഹദീസുകള്‍ സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു. സംശയമുള്ളത്‌ ഉപേക്ഷിക്കാനും നബി(സ) നമ്മോട്‌ നിര്‍ദേശിക്കുന്നു.

No comments:

Post a Comment