പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Thursday, December 30, 2010

അല്ലാഹു കഴിവ് നല്കലും പുരോഹിതന്മാരുടെ അജ്ഞതയും

എ അബ്‌ദുസ്സലാം സുല്ലമി


``സാധാരണവും അസാധാരണവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കഴിവ്‌ നല്‌കുന്നവന്‍ അല്ലാഹുവാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ അതു നല്‌കാന്‍ അല്ലാഹുവിന്‌ കഴിയില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്‌?'' (സുന്നിവോയ്‌സ്‌ -2008 ഒക്‌ടോബര്‍ 16-31, പേജ്‌ 16)

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ശിര്‍ക്കും കുഫ്‌റും കലര്‍ന്ന ഒരു വാദമാണ്‌ യാഥാസ്ഥിതികര്‍ ഇവിടെ അവതരിപ്പിക്കുന്നത്‌. അവ താഴെ വിവരിക്കുന്നു.

1). സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനം ഒരുപോലെ കണ്ടത്‌: സാധാരണ മനുഷ്യനും അസാധാരണ മനുഷ്യനും ദൈവവിശ്വാസിക്കും ദൈവനിഷേധിക്കും പരലോക വിശ്വാസിക്കും പരലോക നിഷേധിക്കും അബൂലഹബ്‌, അബൂജഹ്‌ല്‍, ഉമയ്യ, ഉത്‌ബത്ത്‌, ശൈബ, വലീദ്‌, ഫിര്‍ഔന്‍, ഖാറൂന്‍, ഹാമാന്‍, നംറൂദ്‌ മുതലായവര്‍ക്കും മുഹമ്മദ്‌ നബി(സ), അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, അലി(റ), മൂസാനബി(അ), ഇബ്‌റാഹീം നബി(അ) മുതലായവര്‍ക്കും അവരുടെ കണ്ണിന്‌ കാഴ്‌ചശക്തിയും ചെവിക്ക്‌ കേള്‍വിശക്തിയും നാവിന്‌ സംസാരശേഷിയും കാലുകള്‍ക്ക്‌ നടക്കാനുള്ള കഴിവും വിരലുകള്‍ക്ക്‌ ചലിപ്പിക്കാനുള്ള കഴിവും അല്ലാഹു നല്‌കിയിട്ടുണ്ട്‌. സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവുകളും അല്ലാഹു ഇവര്‍ക്കെല്ലാം നല്‌കിയിട്ടുണ്ട്‌. അപ്പപ്പോള്‍ സന്ദര്‍ഭോചിതം അല്ലാഹു മാത്രം ഉദ്ദേശിക്കുമ്പോള്‍ നല്‌കുകയല്ല. ഇത്‌ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോയ പിഴച്ച കക്ഷിയായ ജബ്‌രിയാക്കളുടെ ജല്‌പനമാണ്‌. ജീവിച്ചിരിക്കുന്നവരെ വിളിച്ച്‌ സഹായംതേടുന്നതും മരണപ്പെട്ടവരെ വിളിച്ച്‌ സഹായംതേടുന്നതും ഒരുപോലെയാണെന്ന തങ്ങളുടെ മറ്റൊരു തനിച്ച ശിര്‍ക്കും കുഫ്‌റും വിഡ്‌ഢിത്തവും നിറഞ്ഞ വാദത്തെ സ്ഥാപിക്കാനാണ്‌ ജബ്‌രിയാക്കളുടെ ഈ വാദത്തെ സുന്നത്ത്‌ ജമാഅത്തിന്റെ വാദമായി അട്ടിമറി നടത്തിക്കൊണ്ട്‌ ഇവര്‍ അവതരിപ്പിക്കുന്നത്‌.

``അദ്ദേഹം അവരെ വിട്ടുമാറുകയും യൂസുഫിനെ കുറിച്ചുള്ള എന്റെ ദു:ഖമേ എന്നു പറഞ്ഞു കരയുകയും ചെയ്‌തു. അങ്ങനെ ദു:ഖം മൂലം (കരഞ്ഞുകരഞ്ഞ്‌) കണ്ണുകള്‍ വെളുത്തു. അദ്ദേഹം നിറഞ്ഞ ദു:ഖിതനായിരുന്നു'' (യൂസുഫ്‌ 84). കെ വി കൂറ്റനാട്‌ മുസ്‌ലിയാരുടെ പരിഭാഷയില്‍ എഴുതുന്നു: ``കരച്ചിലിന്റെയും മനോവ്യഥയുടെയും കാഠിന്യത്താല്‍ ആ മഹാന്റെ കണ്ണുകള്‍ വെളുത്തു അന്ധത തന്നെ ബാധിക്കുകയുണ്ടായി.'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ്‌ 94). അല്ലാഹു പറയുന്നു: ``അങ്ങനെ ശുഭവാര്‍ത്താ വാഹകന്‍ വന്നപ്പോള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത്‌ വെച്ചു തല്‍സമയം കാഴ്‌ചയുള്ള ആളായിത്തീര്‍ന്നു.'' (യൂസുഫ്‌ 96). കെ വി കൂറ്റനാട്‌ മുസ്‌ലിയാര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ എഴുതുന്നു: ``കുപ്പായം വന്ദ്യപിതാവിന്റെ മുഖത്ത്‌ വെച്ചുകൊടുത്തു. എന്തൊരത്ഭുതം. കരഞ്ഞുകരഞ്ഞ്‌ കണ്ണു കലങ്ങി കാഴ്‌ച നഷ്‌ടപ്പെട്ട അദ്ദേഹത്തിന്നതാ കാഴ്‌ച തിരിച്ചുകിട്ടിയിരിക്കുന്നു'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ്‌ 104). യഅ്‌ഖൂബ്‌ നബി(അ)യുടെ കണ്ണിന്‌ അല്ലാഹു കാഴ്‌ചശക്തി നല്‌കിയിരുന്നില്ല. അപ്പപ്പോള്‍ നല്‌കുകയാണ്‌ ചെയ്‌തിരുന്നതെങ്കില്‍ അദ്ദേഹം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ കലങ്ങിയത്‌ കാരണം കാഴ്‌ചശക്തി നഷടപ്പെട്ടുവെന്നും കുപ്പായം മുഖത്ത്‌ വെച്ചപ്പോള്‍ നഷ്‌ടപ്പെട്ട കാഴ്‌ചശക്തി തിരിച്ചുകിട്ടിയെന്നും എങ്ങനെയാണ്‌ പുരോഹിതന്മാരേ പറയുക? മഹാനും അസാധാരണക്കാരനുമായ അദ്ദേഹത്തിന്റെ കാഴ്‌ചശക്തി നഷ്‌ടപ്പെട്ട്‌, കാണാന്‍ സാധിക്കാതെ അദ്ദേഹം ജീവിക്കുന്ന സന്ദര്‍ഭത്തില്‍ അന്ന്‌ നാടു ഭരിച്ചിരുന്ന ഫിര്‍ഔനിന്റെയും അതുപോലെ പല മുശ്‌രിക്കുകളുടെയും കാഴ്‌ചശക്തി നഷ്‌ടപ്പെട്ടിരുന്നില്ല. ഈ പ്രവാചകനെക്കാള്‍ കാണാനുള്ള കഴിവ്‌ അല്ലാഹു അവര്‍ക്ക്‌ നല്‌കിയിരുന്നു. അദൃശ്യകാര്യം അറിയാനുള്ള കഴിവ്‌ അല്ലാഹു അദ്ദേഹത്തിന്‌ നല്‌കിയിരുന്നുവെങ്കില്‍ കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടാലും കണ്ണ്‌ എന്ന അവയവം ഇല്ലെങ്കില്‍ പോലും അദ്ദേഹത്തിന്‌ കാണാന്‍ സാധിച്ചേനെ. യൂസുഫിനെക്കുറിച്ച്‌ ദു:ഖിക്കുകയുമില്ല. ഏകദേശം നാല്‌പത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ യൂസുഫിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിവ്‌ ലഭിക്കുന്നത്‌. ഈ കാലം വരെ ആ പ്രവാചകന്‌ തന്റെ മകനെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹവും ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന്‌ മുശ്‌രിക്കുകളല്ലാതെ മറ്റാരും ജല്‌പിക്കുകയില്ല.

2). അസാധാരണ വ്യക്തികള്‍ക്ക്‌ അസാധാരണ കഴിവുകള്‍ അല്ലാഹു നല്‌കുമെന്ന വാദം: അസാധാരണ വ്യക്തികളില്‍ നിന്ന്‌ ഉണ്ടാകുന്ന സാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്ക്‌ നല്‌കിയ കഴിവുകൊണ്ട്‌ അവര്‍ ചെയ്യുന്നതാണ്‌. എന്നാല്‍ അസാധാരണ വ്യക്തികളില്‍ നിന്ന്‌ ഉണ്ടാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്കു നല്‌കിയ കഴിവുകള്‍ കൊണ്ട്‌ ഉണ്ടാകുന്നതല്ല. അവ അല്ലാഹു നേരിട്ടു ചെയ്യുന്ന അവന്റെ പ്രവര്‍ത്തനം മാത്രമാണ്‌. ഇതാണ്‌ അഹ്‌ലുസുന്നത്തിന്റെയും ഏകദൈവവിശ്വാസികളുടെയും വിശ്വാസം. ശുദ്ധാത്മാക്കളുടെ അന്നമെന്ന്‌ മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ വിശേഷിപ്പിച്ച `ജൗഹറത്തി'ല്‍ എഴുതുന്നു: ``പ്രവാചകത്വ വാദവുമായി രംഗത്തുവന്നയാളോട്‌ എതിരാളികള്‍ മത്സരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ അവരെ അശക്തരാക്കിത്തീര്‍ക്കും വിധം ആ പ്രവാചകന്റെ കൈയാല്‍ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണവും അത്ഭുതകരവുമായ ഒരു മഹത്‌കൃത്യത്തിനാണ്‌ മുഅ്‌ജിസത്ത്‌ എന്നു പറയുന്നത്‌. ഇതില്‍ മനുഷ്യരില്‍ നിന്നാര്‍ക്കും തന്നെ യാതൊരു പങ്കും പ്രവൃത്തിയുമില്ല. തന്റെ പ്രവാചകന്മാരെ ശക്തിപ്പെടുത്താനായി അവരുടെ കൈയാല്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ വെളിപ്പെടുത്തുന്നതു മാത്രമാണവ. അവരുടെ പ്രവൃത്തികൊണ്ടോ അധ്വാനം കൊണ്ടോ ഒന്നുമല്ല. മൂസാ(അ)ന്റെ വടി ഓടുന്ന പാമ്പായി രൂപാന്തരപ്പെട്ടപ്പോള്‍ അദ്ദേഹം ഭയപ്പെട്ട്‌ തിരിഞ്ഞുനോക്കാതെ ഓടി. താങ്കള്‍ ഭയപ്പെടേണ്ടതില്ല. അതിനെ പൂര്‍വാവസ്ഥയിലേക്ക്‌ നാം മടക്കുന്നതാണ്‌ എന്ന്‌ അല്ലാഹു സമാശ്വസിപ്പിച്ചപ്പോള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഭയം വിട്ടുമാറിയത്‌ എന്നാണ്‌ പരിശുദ്ധ ഖുര്‍ആന്‍ തറിപ്പിച്ചു പറഞ്ഞിട്ടുള്ളത്‌. ഇതില്‍ അവര്‍ക്ക്‌ യാതൊരു പങ്കുമില്ലെന്നു വ്യക്തമാകുന്നു (ജൗഹറത്തു തൗഹീദ്‌, സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചെമ്മാട്‌, പേജ്‌ 176). ചില ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം.

1). അസാധാരണ വ്യക്തിയായ സ്വാലിഹ്‌ നബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു വലിയൊരു ഒട്ടകം സൃഷ്‌ടിക്കപ്പെട്ടത്‌. സ്വാലിഹ്‌ നബി(അ)ക്ക്‌ താന്‍ ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കാനും സംസാരിക്കാനും കളിമണ്ണുകൊണ്ട്‌ ഒരു ഒട്ടകത്തിന്റെ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഒട്ടകത്തെ സൃഷ്‌ടിക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതുകൊണ്ട്‌ അദ്ദേഹം സൃഷ്‌ടിച്ചതല്ല ഈ ഒട്ടകം. വല്ലവരും അപ്രകാരം വിശ്വസിച്ചാല്‍ അത്‌ ശിര്‍ക്കായിരിക്കും. അല്ലാഹു സ്വാലിഹ്‌ നബി(അ)യെ ഒരു കുട്ടിദൈവമാക്കി സൃഷ്‌ടിച്ചുവെന്നും അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അവന്‍ സ്വാലിഹ്‌ നബിയെ പങ്കാളിയാക്കി എന്നും പറയുന്നതിന്‌ തുല്യമാണിത്‌.

2). അസാധാരണ വ്യക്തിയായ ഈസാനബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു മരണപ്പെട്ട ചില മനുഷ്യന്മാരെ ജീവിപ്പിച്ചതും കളിമണ്ണുകൊണ്ട്‌ പക്ഷികളുടെ രൂപം ഉണ്ടാക്കി ശേഷം അവയ്‌ക്ക്‌ ജീവന്‍ നല്‌കി ആകാശത്തിലൂടെ പറപ്പിച്ചതും. ഈസാനബി(അ)ക്കു അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ നിലത്ത്‌ മരിച്ചുകിടക്കുന്ന ഒരു മനുഷ്യനെ താങ്ങിപ്പിടിച്ച്‌ ഇരുത്താനും കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ ഏകദേശ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഈ അസാധാരണമായ പ്രവര്‍ത്തനത്തിനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിച്ചാല്‍ അത്‌ ശിര്‍ക്കായിരിക്കും.

3പ്രവാചകരും വലിയ്യുകളും ആഗ്രഹിക്കുന്ന സമയത്ത്‌ അസാധാരണ സംഭവങ്ങള്‍ പ്രകടിപ്പിക്കാന്‍ അല്ലാഹു കഴിവ്‌ നല്‌കുമെന്നാണ്‌ ഇവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു ബഹുദൈവ വിശ്വാസം. മുഹമ്മദ്‌ നബി(സ)യുടെ നാവില്‍ നിന്ന്‌ പുറത്തുവന്ന അസാധാരണ വചനങ്ങളായിരുന്നു വിശുദ്ധ ഖുര്‍ആന്‍. നബി(സ) ഉദ്ദേശിക്കുമ്പോള്‍ തന്റെ ഭാര്യയോടും കുട്ടികളോടും ജനങ്ങളോടും സംസാരിക്കാന്‍ അല്ലാഹു അദ്ദേഹത്തിന്‌ കഴിവ്‌ നല്‌കിയതു പോലെ ഖുര്‍ആന്‍ ജനങ്ങള്‍ക്ക്‌ ഓതിക്കൊടുക്കാനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുവെങ്കില്‍ അത്‌ ശിര്‍ക്കാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിവ്‌ നല്‌കാന്‍ അല്ലാഹുവിന്‌ കഴിവില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്‌ എന്നാണ്‌ യാഥാസ്ഥിതികരുടെ ചോദ്യം. കഴിവില്ലെന്ന്‌ ഒരു പുത്തന്‍വാദിയും വിശ്വസിക്കുന്നില്ല. മക്കാമുശ്‌രിക്കുകള്‍ക്ക്‌ പോലും ഇപ്രകാരം വിശ്വാസമുണ്ടായിരുന്നില്ല. കഴിവ്‌ നല്‌കുമോ ഇല്ലയോ എന്നതിലായിരുന്നു തര്‍ക്കം. കഴിവ്‌ നല്‌കുകയില്ലെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിച്ചു. നല്‌കുമെന്ന്‌ മുശ്‌രിക്കുകളും വിശ്വസിച്ചു. അങ്ങനെ മരണപ്പെട്ടുപോയ ഇബ്‌റാഹീം നബി(അ)യെയും ഇസ്‌മാഈല്‍ നബി(സ)യെയും വിളിച്ച്‌ സഹായംതേടിയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കോളങ്ങള്‍ അവര്‍ നിറച്ചു. ``ചിലപ്പോള്‍ വലിയ്യിന്റെ ഭാഗത്തുനിന്ന്‌ പ്രാര്‍ഥനയും അഭിലാഷവും ഉണ്ടെങ്കിലും കറാമത്ത്‌ ഉണ്ടായില്ല എന്നും വരും.'' (ജൗഹറതുത്തൗഹീദ്‌, പേജ്‌ 215)

No comments:

Post a Comment