പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Sunday, October 25, 2009

പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളോ?


എ അബ്‌ദുസ്സലാം സുല്ലമി  /“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളുണ്ട്‌” (കെ കെ സകരിയ്യ സ്വലാഹി). മുജാഹിദ്‌ പ്രസ്ഥാനം പ്രബോധനം ചെയ്‌തുകൊണ്ടിരിക്കുന്ന തൗഹീദിനെ തകര്‍ക്കാന്‍ നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതവും ഖുര്‍ആന്‍-ഹദീസ്‌ വിരുദ്ധവുമായ ജല്‌പനമാണിത്‌. അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബ്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. നിശ്ചയമായും എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” അല്ലാഹു ഇവിടെ, `എന്നോട്‌ ദുആ ചെയ്യുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍' എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ എന്നാണ്‌ പറയുന്നത്‌. പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നു; രണ്ടാണെന്ന്‌. പര്യായപദം എന്ന നിലക്കാണ്‌ പ്രാര്‍ഥനയും ആരാധനയും അല്ലാഹു ഇവിടെ ദര്‍ശിക്കുന്നത്‌. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മുഹമ്മദ്‌ നബി(സ) പറയുന്നു: “നുഅ്‌മാന്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു: നിശ്ചയം പ്രാര്‍ഥനയാണ്‌ ആരാധന. ശേഷം നബി(സ) പാരായണം ചെയ്‌തു: നിങ്ങളുടെ നാഥന്‍ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം ചെയ്യുന്നതാണ്‌. നിശ്ചയം എനിക്ക്‌ ആരാധന അര്‍പ്പിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ പിറകെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്‌)


അല്ലാഹുവിന്റെ ദൂതനും ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട്‌ പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ നവയാഥാസ്ഥിതികര്‍ രണ്ടാണെന്ന്‌ ജല്‌പിക്കുക. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുജരീര്‍(റ) പറയുന്നു: നുഅ്‌മാന്‍(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: അനുഗ്രഹം നിറഞ്ഞവനും ഉന്നതനുമായ അല്ലാഹു പറഞ്ഞു: നിശ്ചയം എനിക്കുള്ള ആരാധനയാണ്‌ എനിക്കുള്ള പ്രാര്‍ഥന. ശേഷം നബി(സ) ഈ സൂക്തം ഓതി (നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുവീന്‍...)” (ഇബ്‌നുജരീര്‍ 24:76).

അല്ലാഹുവിനുള്ള ആരാധനകള്‍ എല്ലാം തന്നെ പ്രാര്‍ഥനയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ പ്രഖ്യാപനത്തെയും അവന്റെ ദൂതന്റെ പ്രഖ്യാപനത്തെയും അംഗീകരിക്കാന്‍ നവയാഥാസ്ഥിതികര്‍ തയ്യാറില്ല. എന്റെ ആരാധനയെ തൊട്ട്‌ അഹങ്കരിക്കുന്നവര്‍ എന്നതിന്‌ എന്റെ പ്രാര്‍ഥനയെ തൊട്ട്‌ എന്ന്‌ ഇബ്‌നുജരീര്‍(റ) അര്‍ഥം നല്‌കുകയും ചെയ്യുന്നു. പ്രഗത്ഭ സ്വഹാബിവര്യനായ അനസ്‌(റ) പറയുന്നു: “പ്രാര്‍ഥന മുഴുവനുമാണ്‌ ആരാധന” (ഇബ്‌നുജരീര്‍ 24:76). ഇമാം റാസി(റ) എഴുതുന്നു: “ആരാധന എന്ന അര്‍ഥത്തില്‍ പ്രാര്‍ഥന എന്ന പദം ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌” (റാസി 14:80). ഇമാം ഖുര്‍തുബി(റ) എഴുതുന്നു: “തീര്‍ച്ചയായും പ്രാര്‍ഥന തന്നെയാണ്‌ ആരാധന” (ഖുര്‍തുബി 15:286). ഇബ്‌റാഹീം നബി(അ) പ്രസ്‌താവിച്ചതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നതിനെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട്‌ പ്രാര്‍ഥിക്കുന്നതു മൂലം ഞാന്‍ ഭാഗ്യംകെട്ടവനാകാതിരുന്നേക്കാം. അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോള്‍....” (മര്‍യം 48,49)

അല്ലാഹുവിനു പുറമെ അവര്‍ പ്രാര്‍ഥിച്ചുവരുന്നവയെയും വെടിഞ്ഞു അദ്ദേഹം പോയപ്പോള്‍ എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ അല്ലാഹു ഇവിടെ പ്രയോഗിച്ചത്‌ ആരാധിക്കുന്നവയെയും എന്നാണ്‌. പ്രാര്‍ഥനയും ആരാധനയും പര്യായപദമായിട്ടാണ്‌ അല്ലാഹു ഇവിടെ പ്രയോഗിക്കുന്നത്‌. ഒരേ ആശയത്തിനുവേണ്ടി മതത്തില്‍ പ്രയോഗിക്കുന്ന രണ്ട്‌ പദങ്ങളായിട്ട്‌. അല്ലാഹു പറയുന്നു: “അല്ലാഹുവിന്‌ പുറമെ ഉയിര്‍ത്തെഴുന്നേല്‌പിന്റെ ദിവസം വരെയും തനിക്ക്‌ ഉത്തരം നല്‌കാത്തവരെ വിളിച്ച്‌ പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി അശ്രദ്ധന്മാരുമാണ്‌. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യുന്നതാണ്‌. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.” (അഹ്‌ഖാഫ്‌ 5,6). പ്രാര്‍ഥിച്ചിരുന്നതിനെ അവര്‍ നിഷേധിക്കും എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ ആരാധിച്ചതിനെ എന്ന്‌ പര്യായപദമായ നിലക്കാണ്‌ അല്ലാഹു ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്‌. ആരാധനയെല്ലാം പ്രാര്‍ഥനയല്ല എന്നോ പ്രാര്‍ഥനകളെല്ലാം ആരാധനകളല്ല എന്നോ ഹദീസ്‌ കൊണ്ടോ ഖുര്‍ആന്‍ കൊണ്ടോ തെളിയിക്കാന്‍ നവയാഥാസ്ഥിതികര്‍ക്ക്‌ സാധിക്കുമോ? അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ കൂടെ മറ്റൊരു ആരാധ്യനെ നീ വിളിച്ചുതേടരുത്‌. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല” (ഖസ്വസ്വ്‌ 88, ശുഅറാഅ്‌ 213). പ്രാര്‍ഥന വല്ലവന്നും വേണ്ടി അര്‍പ്പിക്കപ്പെട്ടാല്‍ അവന്‍ ആരാധ്യനായിത്തീരുമെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: “(നബിയേ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന്‌ തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു” (അന്‍ആം 56). ആരാധനയെല്ലാം പ്രാര്‍ഥനയാണെന്ന്‌ അല്ലാഹു ഇവിടെ പ്രസ്‌താവിക്കുന്നു. സൂറതുഗാഫിര്‍ 66-ാം സൂക്തത്തിലും ഇപ്രകാരം പറയുന്നു. അനസ്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: “പ്രാര്‍ഥന ആരാധനയുടെ സത്തയാണ്‌” (തിര്‍മിദി 3371). ഒരു കാര്യം ആരാധനയാകണമെങ്കില്‍ അതില്‍ പ്രാര്‍ഥനയുണ്ടായിരിക്കണം. പ്രാര്‍ഥനയില്ലാത്ത ആരാധനയില്ല. ഇതാണ്‌ നബി(സ) പറയുന്നത്‌. ഈ ഹദീസിന്റെ പരമ്പരക്ക്‌ അല്‌പം ദുര്‍ബലതയുണ്ട്‌. എങ്കിലും ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ മറ്റു ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്‌. അതിനാല്‍ പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഈ ഹദീസ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതുന്നു: “തിരുമേനി പറഞ്ഞു: ദുആ ഇബാദത്തിന്റെ മജ്ജയാണ്‌ (തി.)” (വാള്യം 4, പേജ്‌ 2887). ഇമാം ശൗകാനി(റ) എഴുതുന്നു: “തീര്‍ച്ചയായും പ്രാര്‍ഥനയുടെ ശരിയായ അര്‍ഥപ്രകാരം അതുതന്നെയാണ്‌ ആരാധന. അത്രയുമല്ല അത്‌ ആരാധനയുടെ മജ്ജയാണ്‌. സ്വഹീഹായ ഹദീസില്‍ വന്നതുപോലെ.” (ഫതുഹുല്‍ഖദീര്‍ 4:617)

ഇമാം റാസി(റ) എഴുതുന്നു: “നബി(സ) പറഞ്ഞു: ആരാധനയുടെ മജ്ജ പ്രാര്‍ഥനയാണ്‌ (വാള്യം 5, പേജ്‌ 99). ഹാഫിള്‌ ഇബ്‌നു അറബി(റ) പറയുന്നു: “പ്രാര്‍ഥന ആരാധനയുടെ ആത്മാവാണ്‌.” (തുഹ്‌ഫതുല്‍അഹ്വദി 3:223). നെല്ലിക്കുത്ത്‌ മുസ്‌ലിയാര്‍ വരെ ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ ജുമുഅ ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ എഴുതുന്നതു കാണാം. പരമ്പര ദുര്‍ബലമാണെന്ന്‌ പറഞ്ഞ പണ്ഡിതന്മാര്‍ തന്നെ ആശയം സ്ഥിരപ്പെട്ടതാണെന്ന്‌ പറയുന്നു. ഇമാം സുയൂഥി(റ) തന്റെ ജാമിഉസ്സ്വഗീര്‍ എന്ന ഗ്രന്ഥത്തിലും ഈ ഹദീസ്‌ ഉദ്ധരിക്കുന്നു. (ഹ.നമ്പര്‍ 4256)

മലക്കുകളും മുസ്‌ലിംജിന്നുകളും പിശാചുക്കളും അദൃശ്യലോകത്ത്‌ ജീവിക്കുന്നവരാണ്‌. അതിനാല്‍ ഇവരെ വിളിച്ച്‌ സഹായംതേടല്‍ ആരാധനയും പ്രാര്‍ഥനയുമാണ്‌. ഇവരുടെ കഴിവിന്റെ പരിധിയില്‍ വരുന്നത്‌, കഴിവിന്റെ പരിധിയില്‍ വരാത്തത്‌ എന്ന വേര്‍തിരിവും വ്യത്യാസവും വിഭജനവും ഇസ്‌ലാം ഇവിടെ പരിഗണിക്കുന്നില്ല. നവയാഥാസ്ഥിതികര്‍ മാത്രമാണ്‌ ഇപ്രകാരം വ്യത്യാസവും വിഭജനവും ആദ്യമായി നല്‌കുന്നത്‌.
3 comments:

  1. പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളോ?

    ReplyDelete
  2. അത് പണ്ട് സുന്നികളും ഇപ്പോള്‍ കുറച്ചു നവ യാഥാസ്ടിതികാരും പറയുന്നതാണ് ചെങ്ങാതി....

    ReplyDelete
  3. ഇതുവരെ ഇബാടെത്തെന്നാല്‍ ആരാധനാ എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ ആരാധനയിലും വസ് വാസ് ആയി തുടങ്ങി അല്ലെ?

    ReplyDelete