പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Wednesday, June 1, 2016

വിശുദ്ധ ഖുര്‍ആനും മുജാഹിദ് പ്രസ്ഥാനവും | എ അബ്ദുസ്സലാം സുല്ലമി


മുജാഹിദ് പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിക്കാന്‍ കാരണമായത് അരീക്കോട് സ്വദേശിയായ എന്‍ വി അബ്ദുസ്സലാം മൗലവിയുടെ ഇമാം റാസി(റ)യെ അടിസ്ഥാനമാക്കിയുള്ള ഖുര്‍ആന്‍ ക്ലാസുകളായിരുന്നു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയായ മര്‍ഹൂം മമ്മു ഹാജി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ്സാണ് മുജാഹിദ് പ്രസ്ഥാനത്തിന് ജീവന്‍ നല്കിയത് എന്ന് പലപ്പോഴും പറയാറുണ്ട്. ഇദ്ദേഹം മൗലവിയുടെ ഖുര്‍ആന്‍ ക്ലാസിലെ പഠിതാവായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന് പ്രചുരപ്രചാരം ഉണ്ടാക്കിയത് എ അലവി മൗലവിയുടെ വാദപ്രതിവാദമായിരുന്നു.

പൂനൂരില്‍ നടന്ന വാദപ്രതിവാദത്തില്‍ പതി അബ്ദുല്‍ ഖാദിര്‍ മൗലവിയോട് അലവി മൗലവി ഒരു ചോദ്യം ഉന്നയിച്ചു: ബദ്‌രീങ്ങളേ കാക്കണേ, മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരണപ്പെട്ടുപോയവരോട് സഹായം തേടല്‍ അനുവദനീയമാണെന്ന് വിശുദ്ധ ഖുര്‍ആന്റെ വല്ല ആയത്തു കൊണ്ടും തെളിയിക്കാമോ? പതി ഇതിന്ന് പറഞ്ഞ മറുപടി ആദ്യം ചോദിക്കേണ്ടതു നിങ്ങളല്ല എന്നായിരുന്നു. വ്യവസ്ഥയില്‍ ആരാണ് ചോദിക്കേണ്ടത് എന്ന് എഴുതിയിട്ടില്ല എന്ന് വ്യവസ്ഥ കാണിച്ച് പറയുമ്പോള്‍ പതി പറയും: മുഹമ്മദുന്‍ റസൂലുല്ലാഹി കൊണ്ട് ഞാന്‍ തെളിയിക്കാമെന്ന്. അതായത് ഹദീസ് കൊണ്ട് തെളിയിക്കാം. ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതുകൊണ്ട് തെളിയിക്കാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത് എന്ന് പറയുമ്പോള്‍ പതി വീണ്ടും ഹദീസ് കൊണ്ട് തെളിയിക്കാം എന്നു പറയും.

വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത്. ഖുര്‍ആന്‍ കൊണ്ട് ഈ സഹായതേട്ടം ശിര്‍ക്കാണെന്ന് ഞാന്‍ തെളിയിക്കാം എന്ന് പറഞ്ഞു അലവി മൗലവി മുജാഹിദ് പ്രസ്ഥാനം ഈ സഹായതേട്ടം ശിര്‍ക്കാണെന്നതിന് അടിസ്ഥാനമാക്കുന്ന ആയത്തുകള്‍ ഓതി വിവരിക്കും. ഇത് പ്രസംഗിക്കാനുള്ള അവസരമല്ല, ആയത്ത് ഇവിടെ ഉദ്ധരിക്കേണ്ടതുമില്ല. നിങ്ങളല്ല ആദ്യം ചോദിക്കേണ്ടത് എന്ന് പതി മറുപടി പറയും.

അലവി മൗലവി വീണ്ടും ഖുര്‍ആന്‍ ഓതി ഈ സഹായതേട്ടം ശിര്‍ക്കാണെന്ന് സ്ഥാപിക്കും. പതി വീണ്ടും പഴയ വാദം ഉന്നയിക്കും. അങ്ങനെ സുബ്ഹ് നമസ്‌കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടു. വാദപ്രതിവാദം അവസാനിച്ചു. ഈ സംഭവം കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിവാരമുണ്ടാകാനും ജനങ്ങള്‍ക്കിടയില്‍ ഈ പ്രസ്ഥാനം അറിയപ്പെടാനും വിശുദ്ധ ഖുര്‍ആന്റെ സ്വാധീനം ജനങ്ങളില്‍ ചെലുത്തുവാനും കാരണമായി.

വിശുദ്ധ ഖുര്‍ആനെ ഒന്നാം പ്രമാണമാക്കി അതിന്റെ വിവക്ഷയെ അംഗീകരിച്ചുകൊണ്ടുള്ള മുജാഹിദുകളുടെ വാദപ്രതിവാദം ധാരാളമായി കേരളത്തില്‍ നടന്നു. പതിയായിരുന്നു ശിര്‍ക്ക് സ്ഥാപിക്കുവാന്‍ വേണ്ടി ഹദീസും ഒന്നാം പ്രമാണമാണെന്ന നിലക്ക് വാദപ്രതിവാദം മാറ്റി മറിക്കാന്‍ ശ്രമിച്ചത്. ആ വാദത്തെ എം സി സിയും അലവി മൗലവിയും ചെറുത്തു തോല്‍പിച്ചു. ഈ വാദം തന്നെയാണ് മുജാഹിദുകള്‍ക്കിടയില്‍ വിശ്വാസരംഗത്ത് ശിര്‍ക്കും അന്ധവിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കാന്‍ ജിന്നുവാദികളും പ്രചരിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം അണയ്ക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഖുര്‍ആനിനു വിരുദ്ധമായ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട്. ബുഖാരിക്ക് ഹദീസ് തിരിഞ്ഞില്ലേ എന്നാണ് ഇവരുടെ ചോദ്യം. ഈ ചോദ്യം ഉന്നയിക്കേണ്ടത് ഹദീസ് പണ്ഡിതന്മാരുടെ ഇമാമായ ഇബ്‌നു ജൗസിയോടും ഇബ്‌നു ഖയ്യിമിനോടും മാലിക്കിനോടും ഇമാം ഖത്വാബിയോടും ഇമാം ഖുര്‍ത്വുബിയോടും മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അബൂബക്കര്‍ റാസിയോടും ഇമാം ഗസ്സാലിയോടും ഇമാം ഹറമൈനിയോടും ഇബ്‌നുഹസമിനോടും (റ) ആണ്.

ആദം നബി(അ) തെറ്റ് ചെയ്യുമ്പോള്‍ മുഹമ്മദ് നബി(സ)യുടെ ഹക്ക് കൊണ്ട് പ്രാര്‍ഥിച്ചു എന്ന് പറയുന്ന ഹദീസ് (ഇമാം ഹാകിം ഉദ്ധരിച്ചത്) പരമ്പര സ്വഹീഹാണെന്ന് പറയുന്നു. എന്നിട്ടും മര്‍ഹൂം കെ പി മുഹമ്മദ് മൗലവിയുടെ തവസ്സുല്‍ എന്ന പുസ്തകത്തില്‍ ഈ ഹദീസ് വിശുദ്ധ ഖുര്‍ആനിന്ന് എതിരാണെന്ന് പറയുന്നു. ഹാക്കിമിന്ന് ഖുര്‍ആന്‍ തിരിഞ്ഞില്ലേ എന്ന് ഇവര്‍ക്ക് ചോദിക്കാം.
മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിത്വം ഉണ്ടാക്കിയ മറ്റൊന്ന് കൂട്ടായി അബ്ദുല്ലഹാജിയുടെ ഏഴ് ദിവസത്തെ ഖുര്‍ആന്‍ തൗഹീദ് പ്രസംഗമായിരുന്നു. അദ്ദേഹം ഹദീസുകള്‍ തന്നെ ഉദ്ധരിക്കാറില്ല. അലവീ, നിന്റെ ഹദീസുമായി പോയിക്കോ എന്ന് അലവി മൗലവിയോട് അദ്ദേഹം പറയാറുണ്ടായിരുന്നു. രണ്ടത്താണി സെയ്ദ് മൗലവിയുടെ മൂന്ന് ദിവസത്തെ ഖുര്‍ആന്‍ ഹദീസ് പ്രസംഗവും മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിത്വം ഉണ്ടാക്കി.

കേരളത്തില്‍ ഹദീസ് നിഷേധം ചില മൗലവിമാര്‍ ഉന്നയിക്കുവാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതി മാറി, പ്രമാണങ്ങളുടെ കാര്യത്തില്‍ അട്ടിമറി സംഭവിക്കുവാന്‍ തുടങ്ങി. ഖുര്‍ആനെ പിന്‍തള്ളി ഹദീസിനായി അമിത പ്രാധാന്യം. എങ്കിലും വിശുദ്ധ ഖുര്‍ആനും ഹദീസും ഒന്നാം പ്രമാണമാണ്. ഖുര്‍ആനിന്നും ഹദീസിന്നും മതവിധികള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ ഒരേ പരിഗണനയും ആദരവുമാണ് എന്ന് ഒരാളും പറഞ്ഞിരുന്നില്ല. ജിന്നുവാദികള്‍ ഇപ്രകാരം ജല്പിക്കുവാനും തുടങ്ങിയിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടതായ ഗ്രന്ഥമാണ്. ഖുര്‍ആന്‍ സമ്പൂര്‍ണ ഹുദയാണെന്ന തത്വം വ്യാഖ്യാനത്തിന് ഒരിക്കലും എതിരല്ല. നമുക്ക് ഖുര്‍ആനെ വ്യാഖ്യാനിക്കാം. മുഹമ്മദ് നബി(സ)ക്ക് അവകാശമില്ലെന്ന് പറയുന്നത് ഖുര്‍ആന്‍ നിഷേധം തന്നെയാണ്.

നബി(സ)യുടെ വ്യാഖ്യാനം അല്ലാഹുവിന്റെ അംഗീകാരത്തോടുകൂടിയുള്ളതാണ്. ഹദീസിനെ ഒഴിവാക്കി ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ആരാധനാകര്‍മങ്ങള്‍ തന്നെ നമുക്ക് അനുഷ്ഠിക്കുവാന്‍ സാധ്യമല്ല. മുഹമ്മദ് നബി(സ)ക്ക് മതപരമായ വിഷയത്തില്‍ തന്നെ ഖുര്‍ആനിന്ന് പുറമെ ധാരാളം വഹ്‌യ് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളെ അനുസരിക്കുവാന്‍ ഖുര്‍ആന്‍ പറയുന്നു. കല്പിക്കുവാന്‍ അവകാശമുള്ളവരെയും ആ രംഗത്തു അനുസരിക്കുവാന്‍ പറയുന്നു. അവര്‍ പറയുന്നത് ഖുര്‍ആനില്‍ തന്നെ കാണണം എന്നില്ല. ഖുര്‍ആനിന്ന് എതിരാകുവാന്‍ പാടില്ല എന്ന് മാത്രം. എന്നാല്‍ മുഹമ്മദ് നബി(സ)യെ അനുസരിക്കണമെങ്കില്‍ അദ്ദേഹം പറയുന്നതെല്ലാം ഖുര്‍ആനില്‍ തന്നെ കാണണമെന്ന് പറയുന്നപക്ഷം അനുസരണത്തിന്റെ വിഷയത്തില്‍ മാതാപിതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഉള്ള സ്ഥാനം മുഹമ്മദ് നബി(സ)ക്ക് ഇല്ലെന്ന് പറയേണ്ടിവരും. ഇത് തനിച്ച ഖുര്‍ആന്‍ നിഷേധം തന്നെയാണ്. കൂടുതല്‍ വ്യവസ്ഥയുള്ളത് നബി(സ)യെ അനുസരിക്കുവാനാണെന്ന് പറയേണ്ടിവരും. ഖുര്‍ആന്‍ സമ്പൂര്‍ണ ഹിദായത്താണെന്നു പറയുമ്പോള്‍ ആ ഹിദായത്തില്‍ പെട്ടതാണ് നബി(സ) കൊണ്ടുവന്നതാണെന്ന് ഉറപ്പായാല്‍ ആ സംഗതി അംഗീകരിക്കുക എന്നത് ഖുര്‍ആനില്‍ കണ്ടിട്ടില്ലെങ്കിലും മുകളില്‍ നാം വിവരിച്ച കാരണങ്ങളാല്‍ തന്നെ ഹദീസിന്റെ പ്രാമാണികത മുജാഹിദുകളെ ആരും പഠിപ്പിക്കേണ്ടതില്ല. ആ ഹദീസ് സ്വഹീഹാകുവാന്‍ ഇസ്‌ലാം അതിന്റെ സനദിന്നും മത്‌നിന്നും ചില വ്യവസ്ഥകള്‍ പറയുന്നുണ്ട്. ഇവ പരിപൂര്‍ണമാവാത്ത ഹദീസുകള്‍ സ്വഹീഹാണെന്ന് പറഞ്ഞു ഉദ്ധരിക്കുക. ഖുര്‍ആനിന്ന് എതിരായ ഹദീസുകള്‍ ഹദീസ് ഖുര്‍ആന്റെ വ്യാഖ്യാനമാണെന്ന് പറഞ്ഞ് ഉദ്ധരിക്കുക. ഇത്തരം പ്രവണതയെ ആണ് മുജാഹിദുകള്‍ എതിര്‍ക്കുന്നത്. ഇത് ഹദീസ് നിഷേധമല്ല. ഹദീസില്‍ തെറ്റും ശരിയും വേര്‍തിരിക്കലാണ്. ഇതിനുള്ള അവസരം അവസാനിച്ചിട്ടില്ല. അവസാനിക്കുകയുമില്ല.           

No comments:

Post a Comment