പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Wednesday, June 1, 2016

അല്ലാഹുവിന്റെ വിധിയും കണ്ണേറും | എ അബ്ദുസ്സലാം സുല്ലമിഅല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ. നാവ്, കണ്ണ്, കറുത്തപൂച്ച, നായ, കൂമന്‍ മുതലായവയെല്ലാം ദൃശ്യവും ഭൗതികവുമായ  സൃഷ്ടികളാണ്. ദൃശ്യവും ഭൗതികവുമായ ജീവികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ദൃശ്യവും ഭൗതികവുമായ നിലയ്ക്ക് മാത്രമേ നന്മയും തിന്മയും വരികയുള്ളൂ. ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതിനാല്‍ അവര്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നാം ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നമുക്ക് ന്മയും തിന്മയും ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് നന്മയും തിന്മയും ചെയ്യാന്‍ സാധിക്കുന്നതുപോലെ.

ഇത്രയും വിവരിച്ചത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ പ്രധാന ആശയമാണ്. അദൃശ്യവും അഭൗതികവുമായ (ഗൈബ്) നിലയ്ക്ക് അല്ലാഹുവിനെ മാത്രമേ ഭയപ്പെടാന്‍ പാടുള്ളൂ എന്നത് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയതാണ്. ഒരാളുടെ കണ്ണിനെയും നാവിനെയും അഭൗതികവും അദൃശ്യവുമായ നിലയ്ക്ക് ഭയപ്പടല്‍ ശിര്‍ക്കാണ്. ഇവ ഫലിക്കുമെങ്കില്‍ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് ഇവയെ ഭയപ്പെടല്‍ അനിവാര്യമാകുന്നതാണ്. അദൃശ്യവും അഭൗതികവുമായ ഭയം ശിര്‍ക്കായതുകൊണ്ടാണ് ശകുനം ശിര്‍ക്കായി വിശുദ്ധ ഖുര്‍ആനും സുന്നത്തും ദര്‍ശിക്കുന്നത്. അദൃശ്യമായ ഭയത്തിനാണ് ശകുനം, നഹ്‌സ് എന്നെല്ലാം പറയുന്നത്. ശകുനത്തിന്റെ ഒരു ഇനം തന്നെയാണ് നാക്കേറും കണ്ണേറും. നാവിന്റെ പരദൂഷണവും ഏഷണിയും കളവുംഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ ഭയമല്ല. ഇവ കാരണം ദൃശ്യവും ഭൗതികവുമായ നിലയ്ക്കാണ് നന്മയും തിന്മയും ഉണ്ടാവുക. ഇതുപോലെ കണ്ണിന്റെ വശ്യത മൂലം ഉണ്ടാകുന്ന നന്മയും തിന്മയും ദൃശ്യവും ഭൗതികവുമാണ്.

പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായതിനാണ് അദൃശ്യം. എന്നാല്‍ ശാസ്ത്രീയമായ ഉപകരണങ്ങളിലൂടെ മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്നവക്ക് സാങ്കേതികമായി അദൃശ്യം, അഭൗതികം എന്ന് പറയുകയില്ല. ഒരു കാലത്ത് അദൃശ്യവും അഭൗതികവുമായത് പില്‍ക്കാലത്ത് ദൃശ്യവും ഭൗതികവുമാകുന്നില്ല. അതേസമയം ഒരു കാലത്ത് അജ്ഞാതമായതും പില്‍ക്കാലത്ത് കണ്ടുപിടിച്ചതുമായ വസ്തുക്കള്‍ അജ്ഞാതമായ കാലത്തും അദൃശ്യവും അഭൗതികവുമായ വസ്തുക്കളായിരുന്നില്ല. ശൂന്യതയില്‍ നിന്ന് ഒരു വസ്തുവിന് അസ്തിത്വം നല്‍കുന്നതിനാണ് സാങ്കേതികമായി സൃഷ്ടിപ്പ് എന്ന് പറയുക. പരിവര്‍ത്തനം ചെയ്യുന്നതിന് പറയുകയില്ല. എന്നാല്‍ ഭാഷാപരമായി പരിവര്‍ത്തനം ചെയ്യുന്നതിനും നാം സൃഷ്ടിപ്പ് എന്ന് പറയാറുണ്ട്.

ഭാഷാപരമായ അര്‍ഥവും സാങ്കേതികമായ അര്‍ഥവും രണ്ടാണ്. കണ്ണേറ് ഫലിക്കുമോ, ഇല്ലയോ എന്നത് വിശ്വാസപരമായ കാര്യമാണ്. തൗഹീദുമായി ബന്ധപ്പെടുന്നതാണ്. ഇത്തരം വിഷയങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ പേരാ. ഹദീസ് സ്വഹീഹാകാന്‍ ആശയത്തിനും പരമ്പരയ്ക്കും ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ച നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയായാലും ഖബറുല്‍ വാഹിദ് കൊണ്ട് വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുകയില്ല എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് ഇമാം ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മുസ്‌ലിം ലോകവും അഭിപ്രായപ്പെടുന്നത് ഖബറുല്‍ വാഹിദ് കൊണ്ട് ഇല്‍മ് ലഭിക്കുമെന്ന് പറയുന്നവരും ദൃഢമായ അറിവ് ലഭിക്കുമെന്നും അതിനാല്‍ ബാഹ്യമായ തെളിവുകള്‍ ഇല്ലാതെതന്നെ വിശ്വാസകാര്യത്തിന് പറ്റുമെന്നും പറയുന്നില്ല.

എന്നാല്‍ ജിന്നുവാദികള്‍ കണ്ണേറ് സ്ഥാപിക്കാന്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാറുണ്ട്. ജിന്നുവാദികളുടെ നേതാവ് എഴുതുന്നു: അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ! ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്യിച്ചോളൂ). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു (തിര്‍മിദി 2059, ഇബ്‌നുമാജ 3510). തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുള്ളത് ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് പെട്ടെന്ന് ഫലിക്കുകയാണ് എന്നാണ്.'' (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുഖിയ, ശറഇയ്യ: ഒരു പ്രാമാണിക പഠനം, കെ കെ സകരിയ്യാ സ്വലാഹി, പേ. 108)

ആശയവും പരമ്പരയും ദുര്‍ബലമായ ഹദീസാണിത്. ആശയത്തിന്റെ ദുര്‍ബലത നാം വിവരിച്ചു. ഒരാള്‍ക്ക് കണ്ണേറ് മൂലം ഉണ്ടായ ഉപദ്രവവും അല്ലാതെ ഉണ്ടായ ഉപദ്രവവും എങ്ങനെയാണ് വേര്‍തിരിച്ച് മനസ്സിലാക്കുക? രണ്ടും ഒരേ ചികിത്സയാണോ? അതിനാല്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതില്ല എന്നാണോ മറുപടി. എല്ലാ മനുഷ്യന്റെ കണ്ണേറും ഫലിക്കുമോ? അതല്ല പ്രത്യേകം ചിലരുടെ കണ്ണേറ് മാത്രമാണോ ഫലിക്കുക? കേരളത്തില്‍ അപ്രകാരം അറിയപ്പെട്ട ആരെങ്കിലുമുണ്ടോ? കണ്ണേറ് ഫലിക്കുമെങ്കില്‍ സെക്യൂരിറ്റി കൊണ്ട് എന്ത് ഫലമാണ് ലഭിക്കുക? തീവ്രവാദികള്‍ക്ക് കണ്ണേറുകാരെ വാടകക്ക് എടുത്താല്‍പോരേ? കണ്ണേറ്‌കൊണ്ട് ഉപദ്രവിച്ചതാണ് എന്ന് പറഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കുമോ? കണ്ണേറുപോലെ സുരക്ഷിതമാര്‍ഗം ഉണ്ടാകുമ്പോള്‍ എന്തിനാണ് കേസില്‍ കുടുങ്ങുന്ന ബോംബ് പോലെയുള്ള മാര്‍ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കുന്നത്?

എന്റെ കണ്ണേറ് ഫലിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന വല്ലവരും ഉണ്ടോ? കണ്ണേറ് ഫലിപ്പിക്കാന്‍ അവനെ വെല്ലുവിളിച്ചാല്‍ വെല്ലുവിളി അവന്‍ സ്വീകരിക്കുമോ? നിന്റെ കണ്ണേറാണ് എനിക്ക് പറ്റിയത് എന്ന് പറഞ്ഞാല്‍ അയാള്‍ അത് അംഗീകരിക്കുമോ? കണ്ണേറുകൊണ്ട് എന്തെല്ലാം ഉപദ്രവങ്ങള്‍ ഒരാളെ ഏല്‍പിക്കാന്‍ സാധിക്കും? വധിക്കാന്‍ സാധിക്കുമോ? വധിച്ചാല്‍ കൊലക്കുറ്റത്തിന് അയാളെ ശിക്ഷിക്കാന്‍ മതം അനുവദിക്കുമോ? വസ്തു നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കാന്‍ അവകാശമുണ്ടോ? കെട്ടിടം തകര്‍ത്താല്‍ എന്താണ് ശിക്ഷ? പാലം പൊളിക്കാനും വിമാനം വീഴ്ത്താനും ആളെ വീഴ്ത്താനും കണ്ണേറുകൊണ്ട് സാധിക്കുമോ? കണ്ണ് മാറ്റിവെച്ചാല്‍ ഈ സിദ്ധി നഷ്ടപ്പെടുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ.

കണ്ണേറ് ഫലിക്കുമെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. തിര്‍മിദിയുടെയും ഇബ്‌നുമാജയുടെയും പരമ്പരയില്‍ അംറുബ്‌നു ദീനാര്‍ എന്നയാളുണ്ട്. ഇയാളെക്കുറിച്ച് ഒരാളും വിശ്വ സ്തനാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇയാളുടെ കണ്ണേറിന്റെ ഹദീസ് ഉദ്ധരിച്ച തിര്‍മിദി തന്നെ ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ബുഖാരിയും മുസ്‌ലിമും ഇയാളെ വര്‍ജിച്ചിരിക്കുന്നു. ഇബ്‌നുഇല്ലിയ്യ(റ) പറയുന്നു: ഇയാള്‍ക്ക് ഹദീസുകള്‍ മനപ്പാഠമില്ല. ഇമാം അഹ്മദ്(റ) പറയുന്നു: ദുര്‍ബലനാണ്. ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. ഹദീസുകള്‍ എല്ലാം അവഗണിക്കേണ്ടതാണ്. അംറുബ്‌നു അലി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇമാം അബൂഹാതിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ വ്യക്തിയാണ്.

ഇദ്ദേഹത്തെപ്പറ്റി മുഹദ്ദിസുകള്‍ പറയുന്നു: ''അബൂസൂര്‍അ: ഇയാളുടെ ഹദീസുകള്‍ വളരെ ദുര്‍ബലമാണ്. ഇമാം ബുഖാരി(റ): വിമര്‍ശിക്കപ്പെട്ടവനാണ്. ഇമാം അബൂദാവൂദ്(റ): യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. തിര്‍മിദി(റ): ഇയാള്‍ പ്രബലനല്ല. ഇമാം നസാഈ(റ): ഇയാള്‍ വിശ്വസ്തനല്ല. മുറ(റ): ദുര്‍ബലനാണ്. ഇമാം ജൗസിജാനി(റ): ദുര്‍ബലനാണ്. ഇമാം ദാറഖുത്‌നി(റ): ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുഹിബ്ബാന്‍(റ): ഇയാളുടെ ഹദീസുകള്‍ അനുവദനീയമല്ല. നിര്‍മിതമായ ഹദീസുകള്‍ ഇയാള്‍ ഉദ്ധരിക്കാറുണ്ട്. ഇമാം ഹാകിം(റ): പ്രബലനല്ല. ഇമാം സാജി(റ): ഇയാള്‍ ദുര്‍ബലനാണ്.'' (തഹ്ദീബ്, മീസാന്‍)

ഇയാളുടെ വാചകങ്ങളാണ് നബി(സ) പറയുന്നു എന്ന് പറഞ്ഞ് ജിന്നുവാദികള്‍ ഉദ്ധരിക്കുന്നത്. ഹദീസിനെ അല്ലാഹു സംരക്ഷിക്കും എന്ന് ഇവര്‍ പറഞ്ഞതിന്റെ ശരിയായ ഉദ്ദേശമാണ് നാം മുകളില്‍ കണ്ടത്. ജിന്നുവാദികള്‍ വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്.

നബി(സ)യുടെ ഹദീസിനെ കള്ള ഹദീസുകളില്‍ നിന്ന് മോചിപ്പിക്കലാണ്. ഹദീസ് നിഷേധം എന്നതിന്റെ മുന്നില്‍ ഒരു പദംകൂടി ചേര്‍ത്തിയാല്‍ മതി. കള്ള ഹദീസ് നിഷേധം.

1 comment:

  1. Casino 1xbet Bonus Code - Air Jordan 3
    2Xbet Bonus Code · Deposit: best air jordan 18 retro 100% bonus up to $200 where can i buy air jordan 18 retro yellow suede · Sports: Football, Basketball, Basketball where to order air jordan 18 retro yellow suede · Minimum Deposit: $10 · air jordan 18 retro free shipping Players: 토토 축구중계 부띠끄 1,

    ReplyDelete