പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Wednesday, March 23, 2016

ഖുര്‍ആന്‍ ഒന്നാം പ്രമാണമാണ് എന്നതിന്റെ ഉദ്ദേശ്യം | എ അബ്ദുസ്സലാം സുല്ലമി



മുസ്‌ലിം ലോകം അഭിപ്രായ വ്യത്യാസമില്ലാതെ ഐക്യരൂപത്തില്‍ അംഗീകരിച്ചുവരുന്ന മൗലികവും അടിസ്ഥാനപരവുമായ തത്വമാണ് വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമാണെന്നത്. ഇമാം ഗസ്സാലി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ മുസ്തസ്വ്ഫയില്‍ ഇപ്രകാരമാണ് ഖുര്‍ആന്‍ നിര്‍വചനം പറയുന്നത്. ജിന്നുവാദികള്‍ മാത്രമാണ് ഈ തത്വത്തെ എതിര്‍ക്കുന്നത്.

ഖുര്‍ആന്‍ ഒന്നാം പ്രമാണമാണെന്ന് പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യമാണ് നാം ശരിക്കും ഗ്രഹിക്കേണ്ടത്. ഈ ലേഖനത്തിന്റെ ലക്ഷ്യം ഇതു വിവരിക്കലുമാണ്. അതായത് പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതിന്റെ മതവിധി വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ആദ്യം നോക്കണം. വിശുദ്ധ ഖുര്‍ആനില്‍ കാണാത്ത പക്ഷം ഹദീസ് ഗ്രന്ഥങ്ങളിലേക്ക് നോക്കുക. അതില്‍ കണ്ടാല്‍ അവിടെ നില്ക്കുക. ഗവേഷണത്തിന്ന് (ഇജ്തിഹാദിന്ന്) തിരിയരുത്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അപ്പോള്‍ വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം ഭിന്നിച്ചാല്‍ അതിനെ അല്ലാഹുവിലേക്കും ദൂതനിലേക്കും മടക്കുവിന്‍ (സൂറ: അന്നിസാഅ് 59). ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാമായ ഇബ്‌നു ജരീര്‍(റ) വ്യാഖ്യാനിക്കുന്നു. നിങ്ങള്‍ തര്‍ക്കവിഷയം ആദ്യം ഖുര്‍ആനിലേക്ക് മടക്കുക. അതില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വന്നാല്‍ ഹദീസിലേക്ക് മടക്കുക (ഇബ്‌നു ജരീര്‍). വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു (സൂറ: ഇസ്‌റാഅ് 9).

''അല്ലാഹു ഏറ്റവും നല്ലതായ ഹദീസിനെ ഇറക്കി. സാദൃശ്യമായ ഒരു വേദഗ്രന്ഥമായി. (സൂറ: സുമര്‍ 23)

നിങ്ങളുടെ റബ്ബില്‍ നിന്ന് നിങ്ങളിലേക്ക് ഇറക്കപ്പെട്ട ഏറ്റവും നല്ലതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. (സുമര്‍ 55)

നബി(സ) അരുളി: ഖുര്‍ആന്‍ നിനക്ക് അനുകൂല തെളിവാണ്. എതിരായ തെളിവുമാണ്. (മുസ്‌ലിം)

നബി(സ) മുആദി(റ)നെ യമനിലേക്ക് നിയോഗിച്ചപ്പോള്‍ ചോദിച്ചു: നീ എന്തുകൊണ്ട് തീരുമാനം കല്പിക്കും. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ വേദഗ്രന്ഥം കൊണ്ട്. നബി(സ) ചോദിച്ചു: അതില്‍ നീ കണ്ടില്ലെങ്കില്‍? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ ചര്യകൊണ്ട് (തിര്‍മിദി, നസാഈ, അബൂദാവൂദ്). ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും എന്നല്ല ഇവിടെ പറയുന്നത്. പ്രത്യുത ഖുര്‍ആന്‍ കൊണ്ട് എന്നാണ്. അതില്‍ ഇല്ലെങ്കിലാണ് ഹദീസിലേക്ക് പ്രവേശിക്കുവാന്‍ നബി(സ) തന്നെ പറയുന്നത്. ഖുര്‍ആന്‍ നിഷേധികള്‍ക്ക് ഈ ഹദീസ് വലിയ തലവേദനയുണ്ടാക്കും. അതിനാല്‍ അവര്‍ ഈ ഹദീസിനെ ദുര്‍ബലമാക്കും. അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ ഈ ഹദീസ് ഉദ്ധരിച്ച് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. ഇബ്‌നു ഖയ്യിം(റ) ഈ ഹദീസിന് എതിരായി ഉദ്ധരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് എല്ലാം തന്നെ സുവ്യക്ത മറുപടി പറയുന്നുണ്ട്.അഅ്‌ലാമുല്‍ മുവഖിഈന്‍ എന്ന തന്റെ പ്രസിദ്ധ ഗ്രന്ഥത്തില്‍.
ഖലീഫമാരായ അബൂബക്കര്‍(റ)  ഉമര്‍(റ) പോലെയുള്ളവര്‍ ഇപ്രകാരം വിധി കല്പിക്കുവാന്‍ ഗവര്‍ണര്‍മാര്‍ക്ക് കത്തെഴുതുകയുണ്ടായി. ഖുര്‍ആനില്‍ കണ്ടിട്ടില്ലെങ്കില്‍ മാത്രം ഹദീസിലേക്ക് മടങ്ങുവാന്‍ നിര്‍ദേശിച്ചുകൊണ്ട്. ഇവയുടെ സനദ് സ്വഹീഹാണെന്ന് ഫത്ഹുല്‍ ബാരിയിലും തഫ്‌സീര്‍ അല്‍മനാറിലും പറയുന്നു. ഇബ്‌നുമസ്ഊദും(റ) ഇപ്രകാരം കല്പിച്ചതു സ്വഹീഹായി ഉദ്ധരിക്കുന്നു. ഖുര്‍ആന്‍ നിഷേധികള്‍ ഇതൊന്നും കാണുകയില്ല. അവരെ സംബന്ധിച്ച് ഹദീസാണ് ഒന്നാം പ്രമാണം.

ഖലീഫ ഉമര്‍(റ) ഹദീസ് ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കുവാന്‍ ഉദ്ദേശിച്ചു. ശേഷം അദ്ദേഹം അതില്‍ നിന്ന് പിന്‍മാറി. പിന്‍മാറുവാനുള്ള കാരണം കടലാസും മഷിയും ഇല്ലാത്തതുകൊണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ കാരണം  ഇന്ന് ശരിക്കും പുലര്‍ന്നിരിക്കുകയാണ്. ചില മനുഷ്യര്‍ക്ക് ഒന്നാം സ്ഥാനം ഹദീസാണ്! ഒരു ഉദാഹരണം പറയാം: ഖുര്‍ആനില്‍ വ്യക്തമായി സിഹ്‌റിന്ന് യാഥാര്‍ഥ്യമില്ലെന്ന് പറയുന്നു. നബിമാര്‍ക്ക് സിഹ്‌റ് ബാധിച്ചു എന്നു പറയുന്നവര്‍ അക്രമിയും ദുര്‍മാര്‍ഗിയുമാണെന്നും പറയുന്നു. ഖുര്‍ആന്‍ ഓതിക്കൊടുത്തു, ഈ കാര്യം ഉണര്‍ത്തുമ്പോള്‍ ഇവര്‍ ചോദിക്കുന്നു: നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് ഹദീസില്‍ ഉണ്ടല്ലോ എന്ന്!? ബുഖാരിക്ക് ഖുര്‍ആന്‍ തിരിഞ്ഞില്ലേ എന്നൊക്കെ! മരണപ്പെട്ടവരെ വിളിച്ച് സഹായം തേടല്‍ ശിര്‍ക്കാണെന്ന് ഖുര്‍ആന്‍ ഓതിപ്പറയുമ്പോള്‍ ഖുബൂരികള്‍ ചോദിക്കുന്ന ചോദ്യവും ഇതു തന്നെയാണ്. ഇമാം സുബ്കിക്കും റംലിക്കും ദഹ്‌ലാനും ഖുര്‍ആന്‍ തിരിഞ്ഞില്ലേ, ഇബ്‌നു അബീശൈബക്കും ത്വബ്‌റാനിക്കും ഖുര്‍ആന്‍ മനസ്സിലായില്ലേ എന്നൊക്കെ.

അതുപോലെ തന്നെ മരണപ്പെട്ടവരെ വിളിച്ച് സഹായം തേടല്‍ ശിര്‍ക്കാണെന്ന് ഖുര്‍ആന്‍ സുവ്യക്തമായി പറയുന്നു. അതിനാല്‍ ഹദീസിലേക്ക് പ്രവേശിക്കേണ്ടതില്ല. അദൃശ്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ എന്ന് ഖുര്‍ആന്‍ സുവ്യക്തമായി പറയുന്നു. അതിനാല്‍ ഹദീസിലേക്ക് മടങ്ങേണ്ടതില്ല. നമസ്‌കാരങ്ങളുടെ റക്അത്തിന്റെ എണ്ണം ഖുര്‍ആനില്‍ പറയുന്നില്ല. രൂപം ഖുര്‍ആനില്‍ പറയുന്നില്ല. സകാത്തിന്റെ ശതമാനം പറയുന്നില്ല. അതിനാല്‍ ഈ വിഷയം ഖുര്‍ആനില്‍ നോക്കിയശേഷം ഹദീസിലേക്ക് നോക്കണം. അത് അനിവാര്യമാണ്. ഗവേഷണത്തിന്ന് ഇവിടെ പ്രസക്തിയില്ല. ഖുര്‍ആനിന്നും ഹദീസിലും സ്ഥിരപ്പെടാത്ത വിഷയത്തിലാണ് ഗവേഷണത്തിന് (ഇജ്തിഹാദിന്) പ്രവേശനമുള്ളത്. നസ്വ് വന്നതില്‍ ഇജ്തിഹാദിന് സ്ഥാനമില്ല.

No comments:

Post a Comment