കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ ശീതളക്കാറ്റുമായി കടന്നുവന്ന് അവരെ ആത്മീയവും ഭൗതികവുമായി പുരോഗതിയുടെ പടവുകള്‍ ഒന്നൊന്നായി കയറാന്‍ സഹായിച്ച ഇസ്‌ലാഹീ പ്രസ്ഥാനം ഒരു വടവൃക്ഷമായി പന്തലിച്ചു നില്‌ക്കെ അത് ദൗര്‍ഭാഗ്യകരമായ ഒരു പിളര്‍പ്പിലേക്ക് എത്തിച്ചേര്‍ന്നു. ഒന്നര ദശാബ്ദം മുന്‍പ് നടന്ന ആ പിളര്‍പ്പിലേക്ക് നയിച്ച കാരണങ്ങള്‍ മറക്കാതിരിക്കുക. പുതിയ തലമുറയെ തൊട്ടുണര്‍ത്താനും ചില വസ്തുതകള്‍ അനുസ്മരിപ്പിക്കുകയാണ്. ഒരു മഹാ പ്രസ്ഥാനത്തെ കടപുഴക്കിയെറിയാന്‍ ചില തത്പര കക്ഷികളും സ്വാര്‍ഥരായ വ്യക്തികളും മെനക്കെട്ടത് എത്ര നിസ്സാരമായ കാരണങ്ങള്‍ മുന്നില്‍ വച്ചുകൊണ്ടായിരുന്നുവെന്ന് ആലോചിക്കുന്നത് ഭാവിയുടെ നന്മക്കു കൂടി നല്ലതാണ്. വീഴ്ചയില്‍ നിന്ന് പാഠം പഠിക്കുമെങ്കില്‍.
മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ നേതൃത്വം നല്കുകയും പണ്ഡിതചര്‍ച്ചയില്‍ പ്രബന്ധം തയ്യാറാക്കുകയും ചെയ്ത ഇവരുടെ കണ്ണിലെ കൃഷ്ണമണിയായ പണ്ഡിതന്‍ എഴുതിയത് കാണുക: ''തൗഹീദ് പ്രസംഗിക്കാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത ഒരു സ്ഥലത്തേക്ക് ഒരാള്‍ കടന്നുചെന്ന് തൗഹീദ് പ്രസംഗിക്കുകയും ശത്രുക്കള്‍ അയാളെ പിടിച്ച് വധിക്കുകയും ചെയ്താല്‍ അയാള്‍ രക്തസാക്ഷിയല്ല, പ്രത്യുത ആത്മഹത്യ ചെയ്തവനാണ്. നരകത്തില്‍ ശാശ്വതമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ്.'' (പണ്ഡിതധര്‍മമെന്നാല്‍ എന്ന ലഘുലേഖ, പേജ് 3)
മുജാഹിദുകളില്‍ അന്ന് ഐ എസ് എമ്മിന് നേതൃത്വം നല്കുന്നവര്‍ക്ക് ആദര്‍ശവ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രധാനമായും തെളിവായി ഉയര്‍ത്തിപ്പിടിച്ചത് ശബാബില്‍ വന്ന ഒരു മുഖപ്രസംഗമായിരുന്നു. പ്രസ്തുത ലേഖനം എഴുതിയത് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മൗലവിയായിരുന്നു. ലേഖനത്തിലെ വിഷയം, എവിടെയും തൗഹീദ് പ്രസംഗിക്കുന്ന മുമ്പ് ക്ഷേമപ്രവര്‍ത്തനവും സാമൂഹ്യസേവനങ്ങളും ചെയ്യണമെന്നതായിരുന്നില്ല. പ്രത്യുത തൗഹീദ് പ്രസംഗിക്കാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത സ്ഥലങ്ങള്‍ ഉണ്ടായിരിക്കും. അത്തരം സ്ഥലങ്ങള്‍ നാം പരിപൂര്‍ണമായി അവഗണിക്കുകയല്ല വേണ്ടത്. തിരിഞ്ഞുനോക്കാതെയിരിക്കുകയല്ല വേണ്ടത്. ക്ഷേമപ്രവര്‍ത്തനങ്ങളും എതിരാളികള്‍ക്കു കൂടി താല്പര്യമുള്ള പ്രവര്‍ത്തനങ്ങളും ചെയ്ത് അവരുടെ സ്‌നേഹം പിടിച്ചുപറ്റി തൗഹീദ് പ്രബോധനം ചെയ്യാന്‍ സാഹചര്യമൊരുക്കണം എന്നായിരുന്നു. എന്നാല്‍ ഇവര്‍ പറയുന്നത്, ഇത്തരം സ്ഥലങ്ങളില്‍ തൗഹീദ് പറയാന്‍ പാടില്ല എന്നാണ്. തൗഹീദ് പ്രസംഗിച്ച് ശത്രുക്കള്‍ പിടികൂടി വധിക്കുകയാണെങ്കില്‍ അവന് ആത്മഹത്യയുടെ കുറ്റം ലഭിക്കുകയും ചെയ്യും. ഏതു വീക്ഷണമാണ് ശരിയെന്ന് ആലോചിക്കുക!
ഇവരുടെ വീക്ഷണപ്രകാരം സകരിയ്യാ നബി(അ)യും യഹ്‌യാ നബി(അ)യും പോലെയുള്ളവര്‍ ആത്മഹത്യ ചെയ്തവരായിരിക്കും. പല സ്വഹാബിവര്യന്മാരും ആത്മഹത്യ ചെയ്തവരായിരിക്കും. തൗഹീദ് പറയാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത സ്ഥലം പരിപൂര്‍ണമായി ഉപേക്ഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. തൗഹീദ് പറയാനുള്ള സാഹോദര്യം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തു ഉണ്ടാക്കാനും പാടില്ല. ഈ ജല്പനത്തെയാണ് ശബാബിലെ 'പൊതുതാല്പര്യ മേഖല' എന്ന ലേഖനം എതിര്‍ക്കുന്നത്. പ്രസ്തുത ലേഖനത്തില്‍ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. എങ്കിലും തന്റെ ലേഖനം മുഖേന ഭിന്നതയുണ്ടാതിരിക്കാന്‍ വേണ്ടി ലേഖകന്‍ അതിന് വിശദീകരണം നല്കുകയും ചെയ്യുകയുണ്ടായി. ഇപ്രകാരം ലേഖനം എഴുതിയ കാലത്തും തൗഹീദ് പ്രഭാഷണങ്ങള്‍ കൂടുതല്‍ നടത്തിയിരുന്നതും ഐ എസ് എം തന്നെയായിരുന്നു. പ്രസ്തുത ലേഖനം കാരണം തൗഹീദ് പ്രഭാഷണം കുറഞ്ഞതുമില്ല. ലേഖനത്തിലെ 'അപകടം' വായിച്ചവര്‍ ആരും മനസ്സിലാക്കിയിരുന്നില്ല. കെ ജെ യുവും കെ എന്‍ എമ്മും ലേഖനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചുകുട്ടുകയുണ്ടായി. ഒരു വിഭാഗം വളരെ മുമ്പുതന്നെ മുജാഹിദുകളില്‍ ഒരു വിഭാഗത്തിന് മേല്‍ ആദര്‍ശ വ്യതിയാനം ആരോപിച്ച് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ അവസരം നോക്കി നില്ക്കുന്നുണ്ടായിരുന്നു. അവരാണ് പ്രസ്തുത ലേഖനം വിമര്‍ശന വിധേയമാക്കിയത്.
അല്ലാഹുവിന്റെ സിഫാത്തുകളെ മിക്ക ആയത്തിലും അമാനി മൗലവി തന്റെ ഭാഷയില്‍ വ്യാഖ്യാനിക്കുന്നു. എന്നിട്ടും അവയൊന്നും ഇവര്‍ ആദര്‍ശവ്യതിയാനത്തിന് തെളിവായി ഉദ്ധരിച്ചിട്ടില്ല. യുവത പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം ഇതേ കാരണത്താല്‍ ചിലര്‍ വിമര്‍ശന വിധേയമാക്കി. പ്രസ്തുത ലേഖനം എഴുതിയതും പരിശോധിച്ചതും കെ എന്‍ എമ്മിന്റെ ഉത്തരവാദപ്പെട്ടവര്‍ തന്നെയായിരുന്നു. വിമര്‍ശനം ഐ എസ് എമ്മിനും! അപ്പോള്‍ ഇവരുടെ ലക്ഷ്യം മുജാഹിദ് സാഹിത്യത്തില്‍ വന്ന പിഴവുകള്‍ കണ്ടുപിടിച്ച് തിരുത്തുക എന്നതായിരുന്നില്ല, പ്രസ്ഥാനത്തെ പിളര്‍ത്തുക എന്നതായിരുന്നു. അതിനാല്‍ ഒരു വിഭാഗത്തിന്റെ രചനകള്‍ മാത്രമാണ് ഇവര്‍ പരിശോധിച്ചത്. കിട്ടിയതോ പുല്‍ക്കൊടിയും. കൈ തന്നെ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ പരിഹസിക്കുന്ന സുന്നത്താണ് ഇവര്‍ സ്വീകരിച്ചത്.
മനുഷ്യരില്‍ നിന്ന് യാതൊരു ഉപദ്രവവും ഏല്‍ക്കുകയില്ല എന്ന ഉറപ്പ് ലഭിച്ച ശേഷം തൗഹീദ് പ്രസംഗിക്കാന്‍ സാധ്യമല്ല തന്നെ. നബിമാര്‍ തൗഹീദ് പ്രസംഗിച്ചത് ഇപ്രകാരം ഉറപ്പ് ലഭിച്ച ശേഷമായിരുന്നില്ല. ഞങ്ങള്‍ നിങ്ങളെ എറിഞ്ഞുകൊല്ലും എന്ന് അവര്‍ ഭീഷണി മുഴക്കുകയും അപ്രകാരം ചെയ്യുകയുമാണ് ഉണ്ടായത്. മതപ്രബോധനത്തിന്റെ ഉദ്ദേശ്യം ജനങ്ങളെ നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരിക്കണം. അപ്പോള്‍ തന്റെ ഉപദേശം ജനങ്ങള്‍ സ്വീകരിക്കാന്‍ എന്താണ് മാര്‍ഗം എങ്കില്‍ മതം അനുവദിച്ച മാര്‍ഗമെല്ലാം സ്വീകരിക്കാം. നബി(സ) സ്വീകരിച്ചിട്ടുമുണ്ട്. ദഅ്‌വത്ത് ഫലപ്രദമാകാന്‍ ദഅ്‌വത്ത് നടത്തുന്നവര്‍ ശ്രദ്ധിക്കണം. പാലമിടുന്നത് ദഅ്‌വത്ത് നടത്താതിരിക്കാനല്ല. ദഅ്‌വത്ത് നടത്തുന്നതിന്റെ മുമ്പിലുള്ള തടസ്സങ്ങള്‍ നീക്കാനാണ്. വഴിയിലുള്ള മുള്ളും കുഴിയും ഇല്ലാതെയാക്കലാണ്. വഴിയില്‍ മുള്ളും കുഴിയും ഉണ്ടെന്ന് വിചാരിച്ച് വെറുതെയിരിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മുള്ളും കുഴിയും ഇല്ലാതെയാക്കി യാത്ര തുടരണം എന്നാണ് ഐ എസ് എം പറഞ്ഞത്. ഇല്ലാതെയാക്കാന്‍ സാധ്യമല്ലെങ്കിലും യാത്ര ഉപേക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ സൂക്ഷ്മത പുലര്‍ത്തി യാത്ര തുടരുക.
നാം സൂക്ഷ്മത പുലര്‍ത്തിയാലും യാത്ര ചെയ്യുകയാണെങ്കില്‍ അപകടം ഉണ്ടാവാം. അതു സഹിക്കാന്‍ ഇസ്‌ലാഹീ പ്രവര്‍ത്തകന്‍ തയ്യാറാവണം. അപ്പോള്‍ ആത്മഹത്യയുടെ കുറ്റമല്ല, രക്തസാക്ഷിയുടെ പദവിയാണ് ലഭിക്കുക. അപകടത്തില്‍ ഒരു മനുഷ്യനെ നൂറ് ശതമാനവും നമുക്ക് സുരക്ഷിതത്വം ലഭിച്ച ശേഷം രക്ഷപ്പെടുത്താന്‍ സാധ്യമല്ല. ചിലപ്പോള്‍ നാം മരിച്ച് അവന്‍ രക്ഷപ്പെട്ടു എന്നു വരും. ചിലപ്പോള്‍ രണ്ടാളും മരിക്കും. ഇത്തരം സന്ദര്‍ഭത്തില്‍ നമുക്ക് രക്തസാക്ഷിയുടെ പുണ്യം ലഭിക്കും. വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഒരു മനുഷ്യന്‍ രക്ഷക്കു വേണ്ടി കരയുമ്പോള്‍ നീന്തല്‍ അറിയാത്തവന്‍ അവനെ നദിയിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ല. മറ്റു നിലക്ക് ശ്രമിച്ചാല്‍ മതി. എന്നാല്‍ ചിലപ്പോള്‍ മനുഷ്യസ്‌നേഹത്താല്‍ തനിക്ക് തന്നെ നീന്താന്‍ അറിയുകയില്ല എന്ന സത്യം മറന്ന് മനുഷ്യസ്‌നേഹി നദിയില്‍ ചാടി എന്ന് വരും. അവന്‍ മരണപ്പെട്ടാല്‍ രക്തസാക്ഷിയുടെ പുണ്യം അവന് ലഭിക്കും. ജീവിതത്തോട് നിരാശപ്പെട്ട് സ്വയം നശിക്കണമെന്ന് ഉദ്ദേശിച്ച് മരിക്കുന്നതിനാണ് ആത്മഹത്യ എന്ന് സാങ്കേതികമായി പറയുക. ഒരാളെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കല്‍ ആത്മഹത്യയല്ല. യുദ്ധക്കളത്തില്‍ ഒരാളെ രക്ഷപ്പെടുത്തുവാന്‍ മറ്റൊരാള്‍ ജീവന്‍ നല്കുക സ്വാഭാവികമാണ്. ഇത് ആത്മഹത്യയല്ല.
തൗഹീദ് പറയുവാന്‍ സാധിക്കാത്ത സ്ഥലങ്ങള്‍ ഉണ്ടെന്ന് ഇവന്‍മാര്‍ തന്നെ പറയുന്നു. ഇത്തരം സ്ഥലത്ത് എന്തു ചെയ്യണം? പരിപൂര്‍ണമായി അവഗണിക്കണമെന്നാണ് പിളര്‍പ്പന്മാര്‍ പറയുന്നത്. ശബാബ് ലേഖനത്തില്‍ പറയുന്നത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവസരം ഉണ്ടാക്കി തൗഹീദ് പറയണമെന്നാണ്. അല്ലാതെ എവിടെയും തൗഹീദ് പറയുന്നതിന്റെ മുമ്പ് ക്ഷേമ പ്രവര്‍ത്തനം നടത്തണമെന്ന് ആരും പറയുന്നില്ല. പ്രസ്തുത ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് തൗഹീദ് പ്രസ്ഥാനത്തെ പിളര്‍ത്തി അതിനോടു ജനങ്ങള്‍ക്കുള്ള മതിപ്പും ബഹുമാനവും തല്പര കക്ഷികള്‍ നഷ്ടപ്പെടുത്തിയതും. ഈ വസ്തുത മറക്കാതിരിക്കുക. തിരിച്ചറിവിലൂടെ വിവേകത്തിലേക്ക് തിരിച്ചുവരിക.