പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Thursday, December 30, 2010

ഈസാനബി(അ)യുടെ വെല്ലുവിളിയും ഡോക്‌ടറുടെ പരസ്യപ്പെടുത്തലും

എ അബ്‌ദുസ്സലാം സുല്ലമി

``എത്ര വലിയ രോഗങ്ങളും സുഖപ്പെടുത്തും എന്ന്‌ ഒരു ഡോക്‌ടര്‍ പരസ്യപ്പെടുത്തിയാല്‍ എന്തു സംഭവിക്കും? രോഗികളും ബന്ധുക്കളുമായി അദ്ദേഹത്തിന്റെ സമീപത്ത്‌ ജനസമുദ്രം സൃഷ്‌ടിക്കപ്പെടാന്‍ അധിക കാലമെടുക്കില്ല. വാക്ക്‌ പാലിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ലെങ്കിലോ? അദ്ദേഹത്തിന്റെ ശിഷ്‌ടജീവിതം ക്ലേശപൂര്‍ണമാവുകയും ഫലം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നശിക്കുകയും ജോലി നഷ്‌ടപ്പെടുക പോലുമുണ്ടാകും. ഇത്തരമൊരു പരസ്യം ഈസാ പ്രവാചകന്‍(അ) നടത്തിയത്‌ വിശുദ്ധഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്‌. അന്നത്തെ ഏറ്റവും വലിയ രോഗങ്ങളായ വെള്ളപ്പാണ്ഡും കുഷ്‌ഠവും സുഖപ്പെടുത്തുക മാത്രമല്ല മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ വരെ അദ്ദേഹം സന്നദ്ധനായി (ആലുഇംറാന്‍ 49) തന്നിമിത്തം ജനങ്ങള്‍ ഈസാനബി(അ)യില്‍ നിന്ന്‌ തദ്‌ ആവശ്യങ്ങള്‍ക്കായി സഹായംതേടിയത്‌ ഇമാം റാസി ഉദ്ധരിച്ചിട്ടുണ്ട്‌ (8:56). മുഅ്‌ജിസത്ത്‌ പ്രകടിപ്പിക്കുന്നതില്‍ യാതൊരു സ്വാധീനമോ അറിവോ ഇല്ലാതെ കേവലം കൊടുങ്കാറ്റിലെ കരിയിലയായിരുന്നു ഈസാനബിയെങ്കില്‍ ഈ വെല്ലുവിളിയുടെ പ്രസക്തിയെന്ത്‌? ജനങ്ങള്‍ സമീപിക്കുമ്പോള്‍ എനിക്കു കഴിയില്ല, എപ്പോഴെങ്കിലും പ്രകടമാവുന്ന മുഅ്‌ജിസത്തിന്‌ കാത്തുനില്‌ക്കുക, സമയംപോലും പറയാന്‍ എനിക്കറിയില്ല, വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടെങ്കിലായി എന്നിത്യാദി മറുപടികളായിരുന്നു അവിടുന്ന്‌ നല്‌കയിരുന്നതെങ്കില്‍ തന്നെ വിശ്വസിക്കാനോ നബിയായി അംഗീകരിക്കാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലുമില്ല. വിശ്വാസികള്‍ പോലും വിട്ടുനില്‌ക്കാന്‍ അതു കാരണമാവുകയും ചെയ്യും.'' (സുന്നിവോയ്‌സ്‌ -2008 ഒക്‌ടോബര്‍ 16-31, മുഅ്‌ജിസത്ത്‌, കറാമത്ത്‌, പേജ്‌ 16)
`എത്ര വലിയ രോഗങ്ങളും സുഖപ്പെടുത്തും' എന്ന്‌ ഒരു ഡോക്‌ടര്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത്‌ താഴെ പറയുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 
1). ഒരു ഡോക്‌ടര്‍ ഇപ്രകാരം പരസ്യപ്പെടുത്തുമ്പോള്‍ താന്‍ നേടിയ യോഗ്യതകള്‍ കൂടി കാണിച്ചിരിക്കും. ഇതിന്റെ അര്‍ഥം തന്റെ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും പഠനത്തിലൂടെയും ഇതിനുള്ള യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്‌ എന്നതാണ്‌. 
2). നിരീശ്വര നിര്‍മത വാദികളായ ഡോക്‌ടര്‍മാരും ഇപ്രകാരം പരസ്യപ്പെടുത്താറുണ്ട്‌. ചിലപ്പോള്‍ മതവിശ്വാസികളായ ഡോക്‌ടര്‍മാരെക്കാള്‍ രോഗികളെ സുഖപ്പെടുത്താന്‍ കഴിവുണ്ടായിരിക്കുക നിരീശ്വരവാദികളായ ഡോക്‌ടര്‍മാര്‍ക്കായിരിക്കാം. ഭൗതികമായ അറിവുകള്‍ കരസ്ഥമാക്കുന്നതിലുള്ള മാനദണ്ഡം മനുഷ്യന്റെ പരിശീലനവും പരിശ്രമവുമാണ്‌. വിശ്വാസവും അവിശ്വാസവുമല്ല. മുഹമ്മദ്‌ നബി(സ)യെ ചികിത്സിക്കാന്‍ ഒരു അമുസ്‌ലിം ഡോക്‌ടര്‍ തന്നെ ഉണ്ടായിരുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഭൗതിക കാര്യങ്ങളില്‍ എന്നെക്കാള്‍ അറിവുള്ളവര്‍ നിങ്ങളാണ്‌.'' (മുസ്‌ലിം) ഇനി മുസ്‌ലിയാര്‍ എഴുതിയ ശിര്‍ക്കിന്റെ ആഴം പരിശോധിക്കാം:
ഒന്ന്‌), ``വെള്ളപ്പാണ്ഡും കുഷ്‌ഠവും ഞാന്‍ സുഖപ്പെടുത്തും'' എന്ന്‌ ഈസാ നബി(അ) ഒരു പരസ്യപ്പലക തന്റെ വീട്ടിന്റെ മുമ്പില്‍ വെച്ചു എന്ന്‌ സങ്കല്‌പിക്കുക. അങ്ങനെയെങ്കില്‍ മുകളില്‍ വിവരിച്ച ഡോക്‌ടര്‍മാരുടെ ഉദ്ദേശ്യം തന്നെയാണ്‌ അദ്ദേഹത്തിനുമുണ്ടായിരിക്കുക. അല്ലെങ്കില്‍ ഈസാനബി(അ)ക്ക്‌ ഈ രോഗികളുടെ ശരീരത്തില്‍ തടവാനും സ്‌പര്‍ശിക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതിലുപരി ഈ രോഗങ്ങള്‍ സുഖപ്പെടുത്താന്‍ തന്നെ കഴിവ്‌ നല്‌കിയിട്ടുണ്ടെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കും കാഫിറുമാണ്‌.
രണ്ട്‌), ``മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കും. അതിനാല്‍ മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ എന്നെ സമീപിക്കുക'' എന്നൊരു പരസ്യം ഈസാനബി(അ) നല്‌കിയിരുന്നുവെന്ന്‌ മുസ്‌ലിയാര്‍ പറയുന്നതായി സങ്കല്‌പിക്കുക. അപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത്‌ മതവിശ്വാസിയായ ഡ്രൈവിംഗ്‌ അറിയാത്തവരെ ഞാന്‍ ഡ്രൈവിംഗ്‌ പഠിപ്പിക്കും, അല്ലെങ്കില്‍ ഇംഗ്ലീഷ്‌ സംസാരിക്കാന്‍ സാധിക്കാത്തവരെ ഞാന്‍ ഇംഗ്ലീഷ്‌ സംസാരിപ്പിക്കാന്‍ കഴിവ്‌ നല്‌കും എന്നെല്ലാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നതു പോലെയുള്ള ഉദ്ദേശ്യം തന്നെയായിരുന്നു ഈസാനബി(അ)ക്കും ഉണ്ടായിരുന്നത്‌ എന്നോ ഈസാനബി(അ)ക്ക്‌ മരണപ്പെട്ട മനുഷ്യനെ സമീപിച്ച്‌ ശരീരത്തില്‍ സ്‌പര്‍ശിക്കുവാന്‍ സാധിക്കുന്നതു പോലെയും അയാളെ മയ്യിത്ത്‌ കുളിപ്പിക്കാനും ഖബ്‌റടക്കം ചെയ്യാനും കഴിവ്‌ നല്‌കിയതുപോലെയും അയാളെ മരണശേഷം ജീവിപ്പിക്കാനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കുകളായി.
മൂന്ന്‌), ``കളിമണ്ണുകൊണ്ട്‌ ഞാന്‍ പക്ഷിയുടെ രൂപമുണ്ടാക്കി ആകാശത്തിലൂടെ പറപ്പിക്കുന്നത്‌ കാണാന്‍ ആഗ്രഹമുള്ളവര്‍ വരിക'' എന്നൊരു പരസ്യപ്പലക ഈസാനബി(അ)തന്റെ വീട്ടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്നുവെന്ന്‌ സങ്കല്‌പിക്കുക. പ്രാവിനെ വളര്‍ത്തുന്ന ഒരു മനുഷ്യന്‌ തന്റെ കൂട്ടിലുള്ള പ്രാവുകളെ ആകാശത്തിലൂടെ പറപ്പിക്കാന്‍ അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഈസാനബി(അ) അസാധാരണ മനുഷ്യനായതിനാല്‍ അദ്ദേഹത്തിന്‌ കളിമണ്ണുകൊണ്ടു പക്ഷികളുടെ രൂപമുണ്ടാക്കി അതിനെ ജീവന്‍ നല്‌കി പറപ്പിക്കാനുള്ള കഴിവ്‌ നല്‌കപ്പെട്ടിരിക്കുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കുകളായി.
നാല്‌), ഈസാനബി(അ) പരസ്യപ്പെടുത്തിയത്‌ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക: ``നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്ന്‌ നിശ്ചയം നിങ്ങള്‍ക്ക്‌ ഞാന്‍ ഒരു ദൃഷ്‌ടാന്തം കൊണ്ടുവന്നിരിക്കുന്നു. കളിമണ്ണില്‍ നിന്ന്‌ പക്ഷിയുടെ രൂപം പോലുള്ളതിനെ ഞാന്‍ സൃഷ്‌ടിക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്റെ (പ്രത്യേക) അനുമതിയോടു കൂടി അത്‌ പക്ഷിയായിത്തീരുന്നു. കുഷ്‌ഠരോഗിയെയും ജന്മനാ അന്ധന്മാരെയും ഞാന്‍ സുഖപ്പടുത്തുന്നു. മരണപ്പെട്ടവരെ അല്ലാഹുവിന്റെ അനുമതിയോടു കൂടി ഞാന്‍ ജീവിപ്പിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍ 49) ഈ പരസ്യപ്പലകയെ മുസ്‌ലിം പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നതു കാണുക:
ഇമാം റാസി(റ) എഴുതുന്നു: ``ഈസാനബി(അ) ഊതിയപ്പോള്‍ അദ്ദേഹത്തിന്റെ മുഅ്‌ജിസത്ത്‌ വെളിവാക്കാനായി അല്ലാഹു അവന്റെ കഴിവു കൊണ്ടു ആ ശരീരത്തില്‍ ജീവനുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. ഈ അഭിപ്രായമാണ്‌ ശരി. കാരണം അല്ലാഹു പറയുന്നു: അവനാണ്‌ മരണത്തെയും ജീവനെയും സൃഷ്‌ടിക്കുന്നത്‌. ഇബ്‌റാഹീം നബി(അ) രാജാവുമായി തര്‍ക്കിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: നിശ്ചയം എന്റെ രക്ഷിതാവ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്‌. ജീവിപ്പിക്കാനുള്ള കഴിവ്‌ അല്ലാഹു അല്ലാത്ത മറ്റാര്‍ക്കെങ്കിലും ഉണ്ടായിരുന്നാല്‍ ഈ തെളിവ്‌ പിടിക്കല്‍ നിരര്‍ഥകമാവുന്നതാണ്‌.'' (റാസി 12:52). അല്ലാഹുവിന്റെ അനുമതിയോടു കൂടി എന്ന്‌ ഈസാനബി(അ) പരസ്യത്തില്‍ കാണിച്ചതിന്റെ ഉദ്ദേശ്യം ഇമാം റാസി(റ) വിവരിക്കുന്നതു ശ്രദ്ധിക്കുക: ``അല്ലാഹുവിന്റെ കഴിവുകൊണ്ടും സൃഷ്‌ടിപ്പുകൊണ്ടുമാണ്‌ ജീവനുണ്ടായതെന്നും ഈസാനബി(അ)യുടെ കഴിവിന്റെയോ സൃഷ്‌ടിപ്പിന്റെയോ അടിസ്ഥാനത്തിലല്ലെന്നുമുള്ള തത്വത്തെ ശക്തിപ്പെടുത്തുകയാണ്‌ ഇതുകൊണ്ട്‌ ചെയ്യുന്നത്‌.'' (റാസി 12:126)
തഫ്‌സീര്‍ ബൈദാവിയില്‍ എഴുതുന്നു: ``ഈസാനബി(അ)യില്‍ ഉലൂഹിയ്യത്ത്‌ ഉണ്ടെന്ന ധാരണ നീക്കാന്‍ വേണ്ടിയാണ്‌ അല്ലാഹുവിന്റെ അനുവാദപ്രകാരം എന്ന്‌ പ്രത്യേകമായി അദ്ദേഹം പറഞ്ഞത്‌. നിശ്ചയം ജീവിപ്പിക്കല്‍ മനുഷ്യപ്രവര്‍ത്തനങ്ങളില്‍പ്പെട്ടതല്ല.'' (2:139).
തഫ്‌സീര്‍ ഖാസിനില്‍ എഴുതുന്നു: ``അല്ലാഹുവിന്റെ അനുമതി എന്നതു കൊണ്ട്‌ വിവക്ഷ അവന്റെ സൃഷ്‌ടിപ്പാണ്‌. അപ്പോള്‍ ആയത്തിന്റെ അര്‍ഥം ഈ രൂപപ്പെടുത്തല്‍ എന്റെ പ്രവൃത്തിയാണ്‌. എന്നാല്‍ ഇതിന്‌ ജീവന്‍ നല്‌കുന്ന പ്രവൃത്തി അല്ലാഹുവിന്റേതാണ്‌.'' (1:350)
ഭൂമിയില്‍ നിന്ന്‌ ഒരു ഉറവ്‌ പൊട്ടിക്കുക, ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടാക്കുക, സ്വര്‍ണത്തിന്റെ ഒരു ഭവനം ഉണ്ടാക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുക, കളിമണ്ണുകൊണ്ട്‌ പക്ഷിയെ ഉണ്ടാക്കി അതിനു ജീവന്‍ നല്‌കുക മുതലായ പ്രവൃത്തികളെക്കാള്‍ പ്രയാസം കുറഞ്ഞതാണ്‌. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ മുഹമ്മദ്‌ നബി(സ)യോട്‌ ശത്രുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ നബിയുടെ വീട്ടിന്റെ മുന്നില്‍ സ്ഥാപിക്കാന്‍ അല്ലാഹു നിര്‍ദേശിച്ച പരസ്യത്തിന്റെ പലകയിലെ പ്രസ്‌താവന വിശുദ്ധ ഖുര്‍ആന്‍ വിവരിക്കന്നത്‌ കാണുക: ``എന്റെ രക്ഷിതാവ്‌ പരിശുദ്ധനാണ്‌. ഞാന്‍ മനുഷ്യനായ ഒരു ദൂതന്‍ മാത്രമാണ്‌.'' (അല്‍ഇസ്‌റാഅ്‌ 90-93) മുസ്‌ലിം പണ്ഡിതന്മാര്‍ ഈ പരസ്യത്തെ വ്യാഖ്യാനിക്കുന്നത്‌ കാണുക.
``അതായത്‌ ഞാന്‍ മറ്റുള്ള പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകനാണ്‌. അവരെപ്പോലെ ഒരു മനുഷ്യനുമാണ്‌. അല്ലാഹു അവര്‍ മുഖേന പ്രകടിപ്പിക്കുന്ന മുഅ്‌ജിസത്തുകള്‍ അല്ലാതെ പ്രവാചകന്മാര്‍ അവര്‍ക്ക്‌ തോന്നുന്ന സന്ദര്‍ഭത്തില്‍ സ്വാഭിഷ്‌ടപ്രകാരം മുഅ്‌ജിസത്തുകള്‍ പ്രകടമാക്കാറില്ല. കാരണം മുഅ്‌ജിസത്തുകളുടെ പ്രശ്‌നം എന്റേതല്ല. അതു അല്ലാഹുവിന്റേതാണ്‌. അപ്പോള്‍ എന്റെ ഉദ്ദേശമനുസരിച്ച്‌ അതു കൊണ്ടുവരാന്‍ നിങ്ങള്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ അവസ്ഥ വിചിത്രം തന്നെ!'' (തഫ്‌സീറുല്‍ മദാരിക്ക്‌ 2:327).
ഇമാം റാസി(റ) എഴുതുന്നു: ``ഈ സംഗതികള്‍ കൊണ്ടുവരികയെന്നത്‌ ഒരു മനുഷ്യന്റെ കഴിവില്‍ പെടുന്നതല്ല. നിശ്ചയം, ഞാന്‍ ഒരു മനുഷ്യനാണ്‌.'' (21:59) ഇപ്രകാരം തഫ്‌സീര്‍ ഖുര്‍ത്വുബി 5:47ലും എഴുതുന്നു. ഇബ്‌നുകസീര്‍(റ) എഴുതുന്നു: ``ഉദ്ദേശിക്കുന്നതെല്ലാം ചെയ്യുന്നവന്‍ അല്ലാഹുവാണ്‌. നിങ്ങള്‍ ആവശ്യപ്പെടുന്നതിന്‌ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം മറുപടി നല്‌കും. അവന്‍ ഉദ്ദേശിക്കാത്ത പക്ഷം നിങ്ങള്‍ക്ക്‌ മറുപടി തരികയുമില്ല. ഞാന്‍ അവന്റെ ദൂതന്‍ മാത്രമാണ്‌. നിങ്ങള്‍ ചോദിച്ച പ്രശ്‌നം അല്ലാഹുവില്‍ മാത്രം നിക്ഷിപ്‌തമാണ്‌. (ഇബ്‌നുകസീര്‍ 3:64).
ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``ഞാന്‍ ആദം സന്തതികളില്‍ പെട്ട അല്ലാഹുവിന്റെ ഒരു ദാസനാണ്‌. അപ്പോള്‍ നിങ്ങള്‍ എന്നോട്‌ ആവശ്യപ്പെട്ട ഈ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു എങ്ങനെയാണ്‌ സാധിക്കുക?! അവ ചെയ്യാന്‍ എന്റെയും നിങ്ങളുടെയും സ്രഷ്‌ടാവായ അല്ലാഹുവിന്‌ മാത്രമേ സാധിക്കുകയുള്ളൂ. ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്‌. എന്റെയും നിങ്ങളുടെയും യജമാനനായ അല്ലാഹു എന്നെ ഏതൊരു ദൗത്യവുമായാണോ നിയോഗിച്ചത്‌, അത്‌ ഞാന്‍ നിര്‍വഹിക്കുന്നു. നിങ്ങള്‍ എന്നോടു ആവശ്യപ്പെട്ട സംഗതികള്‍ അല്ലാഹുവിന്‌ അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധ്യമല്ല.'' (ഇബ്‌നുജരീര്‍ 7:110). തഫ്‌സീര്‍ ഖാസിനിലും ജമലിലും എഴുതുന്നു: ``ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്‌. നിങ്ങള്‍ ആവശ്യപ്പെടുന്നത്‌ ഒരു മനുഷ്യന്റെ കഴിവില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ ആവശ്യപ്പെട്ടത്‌ അവന്‍ ചെയ്യും.'' (ഖാസിന്‍ 4:185, ജമല്‍ 4:648).
മുഹമ്മദ്‌ നബി(സ) ഇപ്രകാരം പരസ്യപ്പെടുത്തിയതുകൊണ്ട്‌ അദ്ദേഹത്തിന്‌ അനുയായികള്‍ ദിവസവും വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. മുസ്‌ലിയാര്‍ എഴുതിയതുപോലെ നബി(സ) പരസ്യം ചെയ്‌തിരുന്നുവെന്ന്‌ സങ്കല്‌പിക്കുക. എങ്കില്‍ നബിക്ക്‌ അനുയായികള്‍ വര്‍ധിച്ചാലും ക്രിസ്‌ത്യാനികളും ഖുബൂരികളും ലോകത്ത്‌ വര്‍ധിച്ചതിന്‌ മാത്രമേ അത്‌ സമമാവുകയുള്ളൂ. ഏകദൈവ വിശ്വാസികള്‍ കുറയുകയാണ്‌ ചെയ്യുക. കാരണം, അപ്രകാരമുള്ള വിശ്വാസം ശിര്‍ക്കിന്റെ ഗണത്തില്‍ പെടുന്നു.

1 comment: