പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Sunday, September 6, 2009

വിപത്തുകള്‍ ഒഴിവാകാന്‍ നബി(സ)യുടെ ഖബ്‌റിടത്തില്‍ പ്രാര്‍ഥിക്കാമെന്നോ?!


എ അബ്‌ദുസ്സലാം സുല്ലമി“മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക്‌ മാത്രമല്ല മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബറിടത്തില്‍ ചെന്ന്‌ നബി(സ)യുടെ സലാംമടക്കല്‍ ആഗ്രഹിച്ചുകൊണ്ടു സലാംപറയാമെന്നാണല്ലോ സുല്ലമി പറഞ്ഞത്‌.” (സുന്നിഅഫ്‌കാര്‍ വാരിക, -2009 ജൂലൈ 1, പേജ്‌ 25). “സലാംസുല്ലമി ശബാബില്‍ എഴുതിയത്‌ അറിഞ്ഞുകൊണ്ടും മനപ്പൂര്‍വവുമാണെന്നാണ്‌ മനസ്സിലാകുന്നത്‌. അങ്ങനെയെങ്കില്‍ ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ.”(പേജ്‌ 25)
അന്ത്യദിനം ആഗതമാകുമ്പോള്‍ കളവ്‌ പറയുന്നവര്‍ വര്‍ധിക്കുമെന്ന്‌ നബി(സ) പ്രവചിക്കുകയുണ്ടായി. ഈ പ്രവചനം പുലരുന്നുവെന്നതിന്റെ തെളിവാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. ഈ മാസികയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളും ചീഫ്‌ എഡിറ്റര്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുമാണ്‌. അപ്പോള്‍ ഇ കെ സുന്നിവിഭാഗത്തിന്റെതായിരിക്കാം ഈ വാരിക. എ പി വിഭാഗം യാഥാസ്ഥിതികരും എ പി വിഭാഗം നവയാഥാസ്ഥിതികരും തമ്മില്‍ ആലുവയില്‍ വെച്ച്‌ ഒരു സംവാദം നടക്കുകയുണ്ടായി. ഈ സംവാദത്തെ സംബന്ധിച്ച്‌ പരിപൂര്‍ണമായും മൗനംപാലിച്ചവര്‍ ഇപ്പോള്‍ ഇത്തരം നുണപ്രചാരണവുമായിട്ടാണ്‌ രംഗത്തുവന്നിരിക്കുന്നത്‌. യാഥാസ്ഥിതികര്‍ ഉദ്ധരിച്ച തെളിവുകളും അവയ്‌ക്ക്‌ നവയാഥാസ്ഥിതികര്‍ നല്‌കിയ മറുപടിയും എന്തായിരുന്നു എന്നതിനെ സംബന്ധിച്ചും മുജാഹിദുകള്‍ ഇവര്‍ രണ്ടു കൂട്ടര്‍ക്കും നല്‌കിയിരുന്ന മറുപടിയെ സംബന്ധിച്ചും ദീര്‍ഘമായി ശബാബില്‍ എഴുതുകയുണ്ടായി. ഇതിനെ സംബന്ധിച്ചെല്ലാം ഇ കെ വിഭാഗം യാഥാസ്ഥിതികര്‍ 2009 ഏപ്രില്‍ 10ലെ വാരിക മാത്രം വായിച്ച്‌ മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം മറ്റുള്ള പ്രയാസങ്ങള്‍ ഇല്ലാതാകാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ നബി(സ)യുടെ ഖബറിങ്കല്‍ ചെന്ന്‌ നബി(സ)യുടെ സലാംമടക്കല്‍ പ്രതീക്ഷിച്ചുകൊണ്ട്‌ സലാം പറയാമെന്ന്‌ ഞാന്‍ എഴുതിയിട്ടുണ്ടെന്നും ഇതില്‍ സഹായതേട്ടമുണ്ടെന്ന്‌ ഞാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എഴുതിവിടുന്നത്‌! ഈ ലക്കത്തിലെ ആദ്യത്തെ ഭാഗം ഇവര്‍ വെട്ടിമാറ്റിയിരിക്കുകയാണ്‌. ആ ഭാഗം നോക്കൂ: “9). മരണപ്പെട്ടവരോട്‌ സൃഷ്‌ടികളുടെ കഴിവിന്‌ അതീതമായ സംഗതികള്‍ ചോദിച്ചാല്‍ മാത്രമാണ്‌ ശിര്‍ക്കാവുകയെന്ന്‌ പ്രസ്‌താവിച്ച ആദ്യകാല മുജാഹിദ്‌ പണ്ഡിതന്മാര്‍ ആരാണ്‌? മുജാഹിദുകളുടെ മറുപടി: ഒരാളുമില്ല. മരണപ്പെട്ടവരോട്‌ എന്തു ചോദിച്ചാലും ശിര്‍ക്കും കുഫ്‌റുമാണ്‌. നവയാഥാസ്ഥിതികര്‍ക്ക്‌ മാത്രമാണ്‌ ഇങ്ങനെ അഭിപ്രായമുള്ളത്‌.” (ശബാബ്‌, 2009 ഏപ്രില്‍ 10, പേജ്‌ 30)ഈസാനബി(അ) മുഹമ്മദ്‌ നബി(സ)യുടെ ഖബറിന്റെ അടുത്തുവന്ന്‌ മുഹമ്മദേ എന്ന്‌ വിളിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്‌ മറുപടി നല്‌കുക തന്നെ ചെയ്യുമെന്ന്‌ നബി(സ) പ്രസ്‌താവിച്ചതായി അബൂയഅ്‌ലാ ഉദ്ധരിച്ച ഒരു ഹദീസാണ്‌ എ പി വിഭാഗം യാഥാസ്ഥിതികര്‍ എ പി വിഭാഗം നവയാഥാസ്ഥിതികര്‍ക്ക്‌ എതിരായി ഉദ്ധരിച്ചത്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ അല്‍ബാനി പറയുന്നുണ്ട്‌. എന്നാല്‍ അല്‍ബാനി ഈ ഹദീസിന്‌ രണ്ട്‌ ന്യൂനതകള്‍ ഉണ്ടെന്ന്‌ അടിയില്‍ പറയുന്നുണ്ടെന്ന്‌ ഒരു ശുദ്ധകളവ്‌ പറഞ്ഞാണ്‌ സംവാദവേളയില്‍ നവയാഥാസ്ഥിതികര്‍ സ്ഥലംവിട്ടത്‌. എന്നാല്‍ സംവാദത്തെ സംബന്ധിച്ച്‌ ഇസ്വ്‌ലാഹ്‌ മാസികയില്‍ കെ കെ സകരിയ്യ സ്വലാഹി എഴുതിയപ്പോള്‍ അല്‍ബാനി സ്വഹീഹാക്കിയ ഒരു ഹദീസിനെ ദുര്‍ബലമാണെന്ന്‌ പറയാന്‍ പ്രയാസപ്പെട്ടതിനാല്‍ മറ്റൊരു നിലക്ക്‌ മറുപടി എഴുതി അല്‍ബാനിയെയും ഹദീസിനെയും സംരക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ ഹദീസിന്റെ താഴെ അല്‍ബാനി മറ്റൊരു ഹദീസ്‌ ഉദ്ധരിക്കുന്നുണ്ട്‌. “ഈസാനബി(അ) എന്റെ ഖബറിന്റെ അടുത്തു വരിക തന്നെ ചെയ്യും. എനിക്ക്‌ അദ്ദേഹം സലാം പറയുന്നതുവരെ. നിശ്ചയം ഞാന്‍ അദ്ദേഹത്തിന്റെ മേല്‍ സലാം മടക്കുക തന്നെ ചെയ്യും” എന്ന്‌ നബി(സ) പറഞ്ഞതായി ഹാകിം ഉദ്ധരിച്ച ഒരു ഹദീസാണത്‌. ഈ ഹദീസും മനുഷ്യനിര്‍മിതമാണ്‌. അല്‍ബാനി പ്രബലമാണെന്ന്‌ പ്രസ്‌താവിച്ചതിനാല്‍ നവയാഥാസ്ഥിതികര്‍ ഈ ഹദീസിനെ അംഗീകരിച്ചുകൊണ്ട്‌ ആദ്യത്തെ ദുര്‍ബലമായ ഹദീസിനെ വ്യാഖ്യാനിക്കുകയാണ്‌ ചെയ്യുന്നത്‌.“അപ്പോള്‍ മുഹമ്മദ്‌ എന്ന്‌ വിളിക്കുന്നത്‌ റസൂല്‍(സ)യോട്‌ എന്തെങ്കിലും ആവശ്യപ്പെടാനല്ല. സഹായംചോദിക്കാനുമല്ല. പിന്നെയോ? സലാം പറയാന്‍ മാത്രം” (ഇസ്വ്‌ലാഹ്‌ മാസിക -2009 മാര്‍ച്ച്‌, പേജ്‌ 2). ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട്‌ ഞാന്‍ എഴുതിയ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ്‌ മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക്‌ മാത്രമല്ല, മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബിറിടത്തില്‍ ചെന്ന്‌ നബി(സ)യുടെ സലാം മടക്കല്‍ ആഗ്രഹിച്ചുകൊണ്ട്‌ സലാം പറയാമെന്ന്‌ ഞാന്‍ എഴുതിയിട്ടുണ്ടെന്ന്‌ ഇവര്‍ എഴുതുന്നത്‌! ശബാബില്‍ ഞാന്‍ എഴുതിയ ചില ഭാഗങ്ങള്‍ കൂടി ഉദ്ധരിക്കുന്നു: “ഈസാ നബി(അ) മുഹമ്മദ്‌ നബി(സ)യുടെ സലാം മടക്കല്‍ ലഭിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ സലാംപറയുകയും അദ്ദേഹത്തിന്റെ സലാം പറയലിന്‌ മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ രക്ഷ നിങ്ങള്‍ക്ക്‌ ഉണ്ടാവട്ടെ എന്നു പറഞ്ഞു സലാംമടക്കുകയും ചെയ്‌താല്‍ അതില്‍ സഹായംതേടലും സഹായിക്കലുമുണ്ടോ എന്ന്‌ പരിശോധിക്കുന്നതിന്റെ മുമ്പായി യാഥാസ്ഥിതികരും നവയാഥാസ്ഥിതികരും പറയുന്നതുപോലെ ഇപ്രകാരം നബി(സ) പറഞ്ഞിട്ടുണ്ടോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌.” (ശബാബ്‌ -2009 ഏപ്രില്‍ 17). ശേഷം ഈ ഹദീസിന്റെ ദുര്‍ബലതകള്‍ ഞാന്‍ വിശദമായി ശബാബില്‍ വിവരിച്ചിട്ടുണ്ട്‌. ഇമാം മാലിക്‌(റ), ദജ്ജാലുകളുടെ കൂട്ടത്തില്‍ പെട്ട ഒരു ദജ്ജാലാണ്‌ എന്ന്‌ വിശേഷിപ്പിച്ച ഒരു നിവേദകന്‍ വരെ ഇതിന്റെ പരമ്പരയില്‍ വന്നിട്ടുള്ളത്‌ എടുത്തുകാണിച്ചിട്ടുണ്ട്‌.അവസാനമായി ഞാന്‍ എഴുതിയ ഭാഗങ്ങള്‍ കാണുക: “ഇത്തരത്തിലുള്ള ദുര്‍ബലമായ ഒരു ഹദീസാണ്‌ ഈസാനബി(അ) ഇറങ്ങിവന്ന്‌ നബി(സ)യുടെ ഖബറിന്റെ അടുത്തുവന്ന്‌ സലാംപറയുമെന്നും നബി(സ) സലാംമടക്കുമെന്നും വിശ്വസിക്കാനും ഇതില്‍ സഹായം തേടലും സഹായിക്കലുമില്ലെന്ന്‌ ജല്‌പിക്കാനും നവയാഥാസ്ഥിതികര്‍ തെളിവ്‌ പിടിക്കുന്നത്‌. അല്‍ബാനിയോടുള്ള പ്രേമം അവരെ അന്ധരും ബധിരരുമാക്കിയിരിക്കുകയാണ്‌. ഈ വാറോലകളുടെ പരമ്പരയില്‍ വൈരുധ്യങ്ങളുണ്ട്‌. മൂന്നാമത്തെ ന്യൂനതയായി അല്‍ബാനി ഇത്‌ സമ്മതിക്കുന്നു. ഖബറിന്റെ അടുത്തുവന്ന്‌ ഖബറാളിയോട്‌ സൃഷ്‌ടികളുടെ കഴിവുകള്‍ക്ക്‌ അതീതമായത്‌ ചോദിക്കുകയാണെങ്കിലാണ്‌ ശിര്‍ക്കാവുകയെന്ന്‌ വാദിക്കുന്ന നവയാഥാസ്ഥിതികര്‍ക്ക്‌ യാഥാസ്ഥിതികരെ ഖുബൂരികള്‍ എന്ന്‌ വിളിക്കാന്‍ ധാര്‍മികമായ അവകാശമുണ്ടോ? സുന്നിവോയ്‌സ്‌ എഴുതുന്നു: നബിയുടെ മറുപടി സലാം പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈസാനബി സലാം ചൊല്ലുന്നത്‌. തിരുനബിയുടെ സലാമാകുമ്പോള്‍ അത്‌ നബിയുടെ ഭാഗത്തുനിന്ന്‌ നമുക്കുവേണ്ടിയുള്ള പ്രാര്‍ഥനയല്ലേ? തിരുനബിയുടെ പ്രാര്‍ഥന നമുക്ക്‌ കിട്ടുന്ന ഏറ്റവും വലിയ സഹായമല്ലേ? അപ്പോള്‍ ഏറ്റവും വലിയ ആ സഹായം പ്രതീക്ഷിച്ചുകൊണ്ട്‌ വഫാതായ പ്രവാചകന്മാരെ വിളിക്കാമെന്നാണോ? (2008 ഏപ്രില്‍ 1-15, പേജ്‌ 24). ഈസാനബി(അ) മുഹമ്മദ്‌ നബി(സ)യുടെ ഖബറിന്റെ അടുത്ത്‌ വരികയും സലാംപറയുകയും നബി(സ) സലാം മടക്കുകയും ചെയ്യുമെന്ന്‌ സ്വഹീഹായ ഒരൊറ്റ ഹദീസിലും വന്നിട്ടില്ല. അതിനാല്‍ ഈ വാദം മുജാഹിദുകള്‍ക്കില്ല തന്നെ.” (അതേ പുസ്‌തകം, പേജ്‌ 30)ഇമാം റാസി(റ) എഴുതുന്നു: “വിഗ്രഹാരാധനക്ക്‌ തുല്യമായ പ്രവൃത്തിയാണ്‌ ഇക്കാലത്ത്‌ അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ധാരാളം ആളുകള്‍ മഹാന്മാരുടെ ഖബ്‌റിനെ ബഹുമാനിക്കുന്നതില്‍ വ്യാപൃതരായത്‌. ഖബ്‌റിനെ ബഹുമാനിച്ചാല്‍ ആ ഖബ്‌റുകളില്‍ കിടക്കുന്ന മഹാന്മാര്‍ അവര്‍ക്ക്‌ അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുമെന്നാണ്‌ അവരുടെ വിശ്വാസം” (റാസി 17:60). ഇമാംറാസി(റ) വിഗ്രഹാരാധനക്ക്‌ സമമാണെന്ന്‌ എഴുതിയ ശിര്‍ക്കും കുഫ്‌റും ചെയ്യാന്‍ ഞാന്‍ ശബാബില്‍ എഴുതിയിട്ടുണ്ടെന്ന്‌ ജൂതാസുകളല്ലാതെ പറയാന്‍ ധീരതകാണിക്കുകയില്ല. മുഹമ്മദ്‌ നബി(സ) പോലും ഖബ്‌റാളികളെ വിളിച്ചാല്‍ അവര്‍ കേള്‍ക്കുകയില്ലെന്ന്‌ അല്ലാഹു പറയുന്നു. (ഫാത്വിര്‍ 22)ഇത്‌ സ്വഹാബിമാര്‍ മനസ്സിലാക്കിയതുകൊണ്ടാണ്‌ ആയിരക്കണക്കിന്‌ സ്വഹാബികള്‍ വധിക്കപ്പെടാന്‍ കാരണമായ യുദ്ധങ്ങളുണ്ടായിട്ടും നബി(സ)യുടെ ഖബറിന്റെ അടുത്തുവന്ന്‌ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ നബിയോട്‌ അന്വേഷിച്ച്‌ പരിഹാരം കാണാതിരുന്നത്‌. ഖലീഫാ ഉമറിന്റെ(റ) കാലത്ത്‌ മഴ ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെട്ടപ്പോള്‍ അബ്ബാസി(റ)നെ ഇമാമാക്കി മഴക്കു വേണ്ടി പ്രാര്‍ഥിച്ചിരുന്നതും ഇതുകൊണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം). നബി(സ) ജീവിച്ചിരുന്ന കാലത്ത്‌ രോഗം, ദാരിദ്ര്യം, സന്താനം ലഭിക്കാതിരിക്കല്‍ മുതലായ പരീക്ഷണങ്ങള്‍ക്ക്‌ വിധേയരായ സ്വഹാബികള്‍ നബി(സ)യുടെ തിരുസന്നിധിയില്‍ വന്നു ഇവയില്‍ നിന്നുള്ള മോചനത്തിന്‌ വേണ്ടി അല്ലാഹുവിനോടു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു. എന്നാല്‍ നബി(സ)യുടെ മരണശേഷം ഒരൊറ്റ സ്വഹാബിയോടും വിപത്തുകളില്‍ നിന്ന്‌ രക്ഷ ലഭിക്കാന്‍ വേണ്ടി നബി(സ)യോട്‌ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ഒരൊറ്റ സംഭവം പോലും ഉദ്ധരിക്കപ്പെടുന്നില്ല. ഖബറില്‍ കിടക്കുന്ന നബി(സ) വിളിച്ചാല്‍ കേള്‍ക്കുകയില്ലെന്ന്‌ വിശുദ്ധഖുര്‍ആനില്‍ നിന്നും നബി(സ)യുടെ തന്നെ ഉപദേശങ്ങളില്‍ നിന്നും അവര്‍ ശരിക്കും ഗ്രഹിച്ചതാണ്‌ ഇതിന്റെ കാരണം. ഇന്നത്തെ ജൂതന്മാര്‍ മൂസാനബി(അ), ഇസ്‌ഹാഖ്‌ നബി(അ), ഇബ്‌റാഹീം നബി(അ) മുതലായ മരണപ്പെട്ടുപോയ ഒരൊറ്റ പ്രവാചകരെപ്പോലും വിളിച്ച്‌ സഹായം തേടാറില്ല. ഈ ജൂതന്മാരെക്കാളും പുരോഹിതവര്‍ഗം തൗഹീദിന്റെ വിഷയത്തില്‍ അധപ്പതിച്ചിരിക്കുകയാണ്‌. മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും മക്കാ മുശ്രിക്കുകള്‍ അല്ലാഹു അല്ലാത്തവരോട്‌ സഹായംതേടിയിരുന്നില്ല. എന്നാല്‍ മരണപ്പെട്ട പ്രവാചകനോട്‌ ഏതുതരം പ്രയാസങ്ങള്‍ക്കും സഹായംതേടാമെന്ന്‌ ഇവര്‍ ജല്‌പിക്കുന്നു! ഇതു സ്ഥാപിക്കാന്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ ഒടുവില്‍ ഞാന്‍ എഴുതിയിട്ടുണ്ടെന്നാണ്‌ ജല്‌പിക്കുന്നത്‌. ഇവരുടെ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കളവിന്റെയും അളവ്‌ ഇപ്രകാരമെല്ലാം എഴുതാന്‍ ഇവരെ പ്രേരിപ്പിക്കുകയാണ്‌.

2 comments:

  1. വെട്ടി മാറ്റലും ദുർവ്വ്യാഖ്യാനം നടത്തലും യാഥാസ്തികരുടെ സ്ഥിരം പരിപാടിയാണ്‌.പച്ച മലയാളത്തിൽ എഴുതിയ കാര്യങ്ങൾ പോലും വളച്ചൊടിക്കുന്നവർ പടച്ചവനെയും പടപ്പുകളെയും ഒരു പോലെ പറ്റിക്കുകയാണ്‌.അല്ലാഹു ഈ സമൂഹത്തെ കാത്തു രക്ഷിക്കട്ടെ,

    ആമീൻ

    ReplyDelete