പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Wednesday, January 14, 2009

ഭാര്യ ഒരു വാടക വീടോ?

______________ എ അബ്‌ദുസ്സലാം സുല്ലമി
ഭാര്യക്ക്‌ രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ വിവാഹബന്ധം ഫസ്‌ഖ്‌ ചെയ്യല്‍ അനുവദനീയമല്ല. രോഗം ബാധിച്ചാല്‍ മരുന്ന്‌ വാങ്ങിക്കൊടുക്കലും ചികിത്സിക്കുന്ന വൈദ്യനു പ്രതിഫലം കൊടുക്കലും ഭര്‍ത്താവിനു നിര്‍ബന്ധമില്ല... ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാതിരുന്നതില്‍ പല തത്ത്വങ്ങളുമുണ്ട്‌. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ ഇല്ലാത്ത രോഗങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ ഭര്‍ത്താവിനെ ശല്യം ചെയ്യാനും ഒരുവേള അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താനും ചില ഭാര്യമാരെങ്കിലും ഒരുങ്ങിയേക്കും.'' (കുടുംബം മാസിക -നവംബര്‍ 2008, പേജ്‌ 28)




``ഭാര്യയുടെ അസുഖത്തിന്‌ ചികിത്സിക്കല്‍ ഭര്‍ത്താവിന്‌ നിര്‍ബന്ധമുണ്ടോ?

നിര്‍ബന്ധമില്ല. സുഖമില്ലെങ്കിലും അന്നത്തെ ചെലവ്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌. അത്‌ അവള്‍ക്ക്‌ ചികിത്സക്ക്‌ ഉപയോഗപ്പെടുത്താം. (ഫത്‌ഹുല്‍മുഈന്‍ 418).'' (അതേപുസ്‌തകം, ചോദ്യോത്തരവേള, പേജ്‌ 35)
അമുസ്‌ലിംകള്‍ ഇസ്‌ലാമിലേക്ക്‌ പ്രവേശിക്കുന്നതിന്‌ തടസ്സമാകുന്ന നിലയ്‌ക്ക്‌ ഇസ്‌ലാമിലെ ഏകദൈവവിശ്വാസം ഉള്‍പ്പെടെ സര്‍വ വിഷയങ്ങളും തീവ്രയാഥാസ്ഥിതികര്‍ വികലവും വികൃതവുമാക്കിയിരിക്കുകയാണ്‌. ദാമ്പത്യബന്ധങ്ങളെ ഇസ്‌ലാം ദര്‍ശിക്കുന്നത്‌ വളരെ പവിത്രമായിട്ടാണ്‌. എന്നാല്‍ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ യാഥാസ്ഥിതിക മുസ്‌ലിയാക്കന്മാര്‍ ദാമ്പത്യബന്ധത്തെ ദര്‍ശിക്കുന്നത്‌ വാടകവീടും അതില്‍ താമസിക്കുന്ന വാടകക്കാരനും തമ്മിലുള്ള ബന്ധം പോലെയാണ്‌. ഇവര്‍ ആദരിക്കുന്ന ഗ്രന്ഥങ്ങളില്‍ ഇപ്രകാരമാണ്‌ ദാമ്പത്യബന്ധത്തെ വിശേഷിപ്പിക്കുന്നത്‌. ഭാര്യക്ക്‌ രോഗം ബാധിച്ചാല്‍ മരുന്നുവാങ്ങിക്കൊടുക്കലും ചികിത്സിക്കുന്ന വൈദ്യനു പ്രതിഫലം കൊടുക്കലും ഭര്‍ത്താവിന്‌ നിര്‍ബന്ധമില്ലെന്ന്‌ ഇസ്‌ലാമിന്റെ പേരില്‍ `ഫത്വ' നല്‌കിയശേഷം ഇവര്‍ എഴുതുന്നത്‌, ഇപ്രകാരം നിര്‍ബന്ധമാക്കാതിരുന്നതില്‍ പല തത്ത്വങ്ങളുമുണ്ട്‌ എന്നാണ്‌. അങ്ങനെ നിര്‍ബന്ധമാക്കിയിരുന്നുവെങ്കില്‍ ഇല്ലാത്ത രോഗങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ ഭാര്യ ഭര്‍ത്താവിനെ ശല്യംചെയ്യുമെന്നാണ്‌ ഒരു തത്ത്വമായി ഇവര്‍ വിവരിക്കുന്നത്‌. അപ്പോള്‍ ഭാര്യക്ക്‌ ജീവിതചെലവ്‌ നല്‍കലും ഭര്‍ത്താവിന്റെ മേല്‍ നിര്‍ബന്ധമില്ലെന്നും ഇവര്‍ ഇവരുടെ ഈ മഹത്തായ തത്വത്തെ അടിസ്ഥാനമാക്കി അടുത്തുതന്നെ പ്രഖ്യാപിച്ചേക്കും! ഇല്ലാത്ത വിശപ്പ്‌ ഉണ്ടെന്ന്‌ പറഞ്ഞ്‌ ഭാര്യ ഭര്‍ത്താവി നെ ശല്യം ചെയ്‌താലോ! ഇല്ലാത്തരോഗം ഉണ്ടെന്ന്‌ ഭാര്യ പറഞ്ഞാല്‍ ഒരു ഡോക്‌ടറെ സമീപിച്ച്‌ സത്യാവസ്ഥ ഗ്രഹിക്കാന്‍ സാധിക്കും. എ ന്നാല്‍ ഇല്ലാത്ത വിശപ്പുണ്ടെന്ന്‌ പറഞ്ഞാല്‍ അതിന്റെ സത്യാവസ്ഥ മ നസ്സിലാക്കാനാണ്‌ പ്രയാസപ്പെടുക.

രണ്ടാമത്തെ തത്ത്വമായി ഇവര്‍ പറയുന്നത്‌ ഒരുവേള അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്തുവാന്‍ ചില ഭാര്യമാരെങ്കിലും ഒരുങ്ങിയേക്കും എന്നാണ്‌! ജീവിതച്ചെലവ്‌ നല്‍കല്‍ നിര്‍ബന്ധമാക്കിയാലും ഇപ്രകാരം ചില സ്‌ത്രീകളെങ്കിലും ഒരുവേള അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താന്‍ ഒരുങ്ങിയേക്കും. യഥാര്‍ഥത്തില്‍ ഭാര്യക്ക്‌ രോഗം ബാധിച്ചാല്‍ മരുന്നുവാങ്ങിക്കൊടുക്കലും ചികിത്സിക്കുന്ന വൈദ്യന്‌ പ്രതിഫലം കൊടുക്കലും ഭര്‍ത്താവിന്‌ നിര്‍ബന്ധമില്ലെന്ന്‌, വിശുദ്ധ ഖുര്‍ആനിനെക്കാളും പ്രവാചകന്റെ ഹദീസുകളെക്കാളും ഇവര്‍ ബഹുമാനിക്കുന്ന മദ്‌ഹബിന്റെ കിതാബുകളില്‍ പറയുന്ന തത്ത്വം എടുത്തുദ്ധരിക്കാന്‍ അല്‌പം ചില ലജ്ജ അവശേഷിക്കുന്നതിനാല്‍ മറ്റു ചില തത്ത്വങ്ങള്‍ ഇവര്‍ സ്വയം നിര്‍മിച്ചുണ്ടാക്കിയതാണ്‌. ഫത്‌ഹുല്‍ മുഈനിന്റെ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥമായ ഇആനതുത്ത്വാലിബീനില്‍ എഴുതുന്നു: ``ഭാര്യ രോഗിയായാല്‍ അവള്‍ക്ക്‌ ഭര്‍ത്താവ്‌ മരുന്നുവാങ്ങിക്കൊടുക്കേണ്ടതില്ല. ഡോക്‌ടര്‍ക്കുള്ള പ്രതിഫലവും നല്‍കേണ്ടതില്ല. കാരണം ചികിത്സിക്കുക എന്നത്‌ അടിത്തറയെ സംരക്ഷിക്കലാണ്‌. അടിത്തറയെ സംരക്ഷിക്കല്‍ ഭര്‍ത്താവിന്‌ ബാധ്യതയില്ല. ഭാര്യ വാടക വീട്‌ പോലെയാണ്‌. വാടകവീടിന്‌ ന്യൂനതകള്‍ സംഭവിച്ചാല്‍ അതിനെ നല്ലതാക്കുക എന്നത്‌ വാടകക്ക്‌ എടുത്തവന്‌ നിര്‍ബന്ധമില്ല.'' (4:72)

ഭാര്യക്ക്‌ രോഗം ബാധിച്ചാല്‍ മരുന്നുവാങ്ങിക്കൊടുക്കലും ചികിത്സിക്കുന്ന വൈദ്യന്‌ പ്രതിഫലം കൊടുക്കലും അവളെ ശുശ്രൂഷിക്കലും ഭര്‍ത്താവിന്‌ നിര്‍ബന്ധമാണെന്നും ഇവ അവള്‍ക്ക്‌ ഭര്‍ത്താവില്‍ നിന്ന്‌ ലഭിക്കേണ്ടതായ അവളുടെ മൗലികാവകാശവുമാണെന്ന്‌ ഭാര്യമാരെ പഠിപ്പിക്കുകയും അവളെ ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്‌ ഇസ്‌ലാം. അത്രയുമല്ല, സാമ്പത്തികശേഷിയില്ലാത്ത അന്യ സ്‌ത്രീ-പുരുഷന്മാര്‍ രോഗികളായാല്‍ അവരെക്കൂടി ചികിത്സിക്കലും മരുന്നുവാങ്ങിക്കൊടുക്കലും മുസ്‌ലിമിന്റെ ബാധ്യതയാണ്‌. വി ശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``പുരുഷന്മാര്‍ സ്‌ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറുവിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‌കിയതുകൊണ്ടും (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌.'' (നിസാഅ്‌ 34)

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ കൂടുതല്‍ അവകാശമുള്ള മുഹമ്മദ്‌ നബി(സ) തന്റെ വചനം കൊണ്ടോ പ്രവൃത്തികൊണ്ടോ അംഗീകാരം കൊണ്ടോ ഒരാള്‍ തന്റെ ഭാര്യ രോഗിയായാല്‍ അവളെ ചികിത്സിക്കുവാന്‍ വേണ്ടി തന്റെ ധനം ചെലവഴിക്കേണ്ടതില്ലെന്ന്‌ ഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ടോ അല്ലാതെയോ വിവരിച്ചുതന്നിട്ടില്ല. ജാബിര്‍(റ) പറയുന്നു: ``നബി(സ)യുടെ പത്‌നി ഉമ്മുസലമ(റ)ക്ക്‌ രോഗമായപ്പോള്‍ നബി(സ) അബൂത്വയ്‌ബ എന്ന അടിമയോട്‌ ഉമ്മുസലമ(റ)ക്ക്‌ കൊമ്പ്‌ വെക്കാന്‍ കല്‌പിച്ചു'' (മുസ്‌ലിം 2206). പ്രവാചകന്‍ തന്റെ ഭാര്യമാര്‍ക്ക്‌ രോഗമായപ്പോള്‍ ചികിത്സിച്ചതായി ഹദീസുകളില്‍ പ്രത്യേകം പ്രസ്‌താവിക്കുന്നില്ലെന്ന്‌ നാം സങ്കല്‌പിച്ചാല്‍പോലും ഭാര്യക്ക്‌ രോഗമായാല്‍ ഭര്‍ത്താവ്‌ ചികിത്സ നടത്തേണ്ടതില്ലെന്ന്‌ പറയാന്‍ ഇത്‌ ഒരിക്കലും തെളിവല്ല. വിശുദ്ധ ഖുര്‍ആന്റെ പൊതുവായ നിര്‍ദേശത്തിന്റെ പരിധിയില്‍ ഭാര്യക്ക്‌ രോഗമായാല്‍ ചികിത്സചെയ്യലും അതിന്‌ ധനം ചെലവഴിക്കലും ഉള്‍പ്പെടുന്നു.

അല്ലാഹു പറയുന്നു: ``സ്‌ത്രീകള്‍ക്ക്‌ ബാധ്യതകളുള്ളതുപോലെ തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്‌'' (ബഖറ 228). കാട്ടാളന്മാര്‍ പോലും തങ്ങളുടെ ഭാര്യമാര്‍ക്ക്‌ രോഗമായാല്‍ അവരെ ചികിത്സിക്കലും അതിനായി തങ്ങളുടെ സ്വത്ത്‌ വില്‍ക്കലും ഭാര്യമാര്‍ക്ക്‌ തങ്ങളില്‍ നിന്ന്‌ ലഭിക്കാനുള്ള ന്യായമായ അവകാശമായി കണക്കാക്കുന്നതാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ ഭാര്യമാരോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുക'' (നിസാഅ്‌ 19). ഭാര്യക്ക്‌ രോഗമായാല്‍ അവളെ ചികിത്സിക്കാതിരിക്കുകയും അവള്‍ക്ക്‌ മരുന്നു വാങ്ങിക്കൊടുക്കാതിരിക്കുകയും ചെയ്യുന്നത്‌ ഭാര്യയോട്‌ നല്ലനിലയില്‍ വര്‍ത്തിക്കലാണെന്ന്‌ തലപ്പാവ്‌ ധരിച്ച പുരോഹിതവര്‍ഗം മാത്രമേ ജല്‌പിക്കുകയുള്ളൂ. ഇവരോട്‌ ഇവരുടെ സന്താനങ്ങള്‍ ഇപ്രകാരം ചെയ്‌താല്‍ സന്താനങ്ങള്‍ മാതാപിതാക്കളോട്‌ നല്ല നിലയ്‌ക്ക്‌ വര്‍ത്തിക്കണമെന്ന്‌ ഖുര്‍ആന്‍ പറഞ്ഞ നിര്‍ദേശത്തിന്‌ എതിരാവുകയില്ലെന്ന്‌ സമ്മതിക്കുമോ? മാതാപിതാക്കള്‍ക്ക്‌ രോഗമായാല്‍ അവരെ ചികിത്സിക്കാനും അവര്‍ക്ക്‌ മരുന്നുവാങ്ങിക്കൊടുക്കാനും ചികിത്സിക്കുന്നവന്‌ ചെലവ്‌ നല്‍കാനും ഖുര്‍ആനിലും സുന്നത്തിലും പ്രത്യേകമായി എവിടെയും കല്‌പിക്കുന്നില്ല.

നബി(സ) പറഞ്ഞു: ``മാന്യന്മാരാണ്‌ സ്‌ത്രീകളെ ആദരിക്കുക. നീചന്‍മാരാണ്‌ അവരെ അനാദരിക്കുക'' (ഇബ്‌നുമാജ). ഒരു മുസ്‌ലിയാര്‍ക്ക്‌ രോഗമായാല്‍ സന്താനങ്ങള്‍ അദ്ദേഹത്തെ ചികിത്സിക്കാതിരിക്കല്‍ അദ്ദേഹത്തെ അനാദരിക്കലായി കാണാതിരിക്കുമോ? വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``സ്‌ത്രീകളെ (ഭാര്യമാരെ) നിങ്ങള്‍ വിഷമിപ്പിക്കുകയും ചെയ്യരുത്‌'' (നിസാഅ്‌ 19). ``സ്‌ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യങ്ങള്‍ മതത്തിന്റെ ചിഹ്നം എന്ന നിലക്ക്‌ നിങ്ങള്‍ നല്‍കുവീന്‍'' (നിസാഅ്‌ 4). ഇപ്രകാരം ഇസ്‌ലാം വിവാഹസന്ദര്‍ഭങ്ങളില്‍ മഹ്രര്‍ നല്‍കാന്‍ കല്‌പിച്ചത്‌ ഭാര്യക്ക്‌ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ ഭര്‍ത്താവ്‌ തയ്യാറാണെന്ന്‌ വിവാഹസന്ദര്‍ഭത്തില്‍തന്നെ ഒരു സംഖ്യ അവര്‍ക്ക്‌ നല്‍കിക്കൊണ്ട്‌ സമ്മതിപ്പിക്കുക എന്നതാണ്‌. ``എന്റെ മകളെ നിങ്ങ ള്‍ക്ക്‌ ഞാന്‍ വിവാഹം ചെയ്‌തുതന്നു'' എന്ന്‌ രക്ഷാധികാരി പറയുകയും ``ഞാന്‍ അത്‌ സ്വീകരിച്ചു''എന്ന്‌ വരന്‍ പറയുകയും ചെയ്‌ താല്‍ ആ നിമിഷം മുതല്‍ ആ സ്‌ത്രീയുടെ സര്‍വ ബാധ്യതകളും അവന്‍ ഏറ്റെടുക്കുകയാണ്‌ ചെയ്യുന്നത്‌. അടുത്ത ദിവസംതന്നെ അവള്‍ക്ക്‌ രോഗമായി. വലിയ തുക ചികിത്സയ്‌ക്ക്‌ ആവശ്യമാണ്‌. തന്റെ ഭൂമിവിറ്റാല്‍ മാത്രമേ ധനം തികയുകയുള്ളൂ. എന്നാല്‍ ഭൂമി വിറ്റ്‌ ഭാര്യയെ ചികിത്സിക്കല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധ ബാധ്യതയാണ്‌. ഇതാണ്‌ വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. സ്‌ത്രീകളെ പുരുഷന്റെ കാമവികാരം ശമിപ്പിക്കാനുള്ള ഒരു `ചരക്കാ'യിട്ടു മാത്രമാണ്‌ ശാഫിഈ മദ്‌ഹബ്‌ ദര്‍ശിക്കുന്നത്‌. ഖുര്‍ആനും നബിചര്യയും കൈവിട്ട്‌ ഈ മദ്‌ഹബിനെ പ്രമാണമായി അംഗീകരിച്ചതുകൊണ്ടാണ്‌ ഭാര്യക്ക്‌ രോഗമായാല്‍ ചികിത്സിക്കല്‍ ഭര്‍ത്താവിന്‌ ബാധ്യതയില്ലെന്ന്‌ ഇവര്‍ മതവിധി പുറപ്പെടുവിച്ചത്‌.

``ഭാര്യയുടെ സംയോഗ സാധ്യതയ്‌ക്കുള്ള ഊനം പ്രായക്കുറവുമൂലമുള്ളതാണെങ്കില്‍ അവള്‍ക്ക്‌ ചെലവ്‌ കൊടുപ്പാന്‍ അവന്‍ നിര്‍ബന്ധിതനല്ല. ഭാര്യ കുട്ടിപ്രായം വിടാത്തവളാണെന്നിരിക്കെ ഭര്‍ത്താവിന്റെ അടുക്കലേക്ക്‌ അവളുടെ വലിക്കാരന്‍ അവളെ വിട്ടുകൊടുത്താല്‍ തന്നെയും അവള്‍ക്ക്‌ ചെലവുകൊടുപ്പാന്‍ അവന്‍ നിര്‍ബന്ധിതനല്ല. പിണങ്ങിനില്‍ക്കുന്ന ഭാര്യയുമായിട്ടെന്ന പോലെ ആ കൂട്ടിയുമായി സുഖമനുഭവിക്കുന്നതിന്‌ അവനു സാധ്യതയില്ലെന്നുള്ളതാണിതിന്നു കാരണം. നേരെ മറിച്ച്‌, അവളുമായി സുഖമനുഭവിപ്പാന്‍ സാധ്യതയുള്ള പക്ഷം അവള്‍ക്ക്‌ ചെലവ്‌ കൊടുപ്പാന്‍ അവന്‍ നിര്‍ബന്ധിതമാകുന്നു'' (ഫത്‌ഹുല്‍മുഈന്‍, പി കെ കുഞ്ഞുബാവ മുസ്‌ലിയാര്‍, പരിഭാഷ ഭാഗം 4, പേ 22)

``എന്നാല്‍ സംയോഗത്തിന്‌ പ്രാപ്‌തിയില്ലാത്ത ബാലിക തന്റെ ദേഹത്തെ ഭര്‍തൃഹിതത്തിന്‌ അധീനപ്പെടുത്തിക്കൊടുത്തുവെന്നാലും അവള്‍ക്ക്‌ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമാവുകയില്ല'' (ഉംദ, ഇബ്‌റാഹീം പുത്തൂര്‍ഫൈസിയുടെ പരിഭാഷ പേ. 422) ഇവരാണ്‌ പോലും മുസ്‌ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നടക്കുന്നവര്‍!

No comments:

Post a Comment