പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Wednesday, January 14, 2009

മദ്‌ഹബുകളിലെ ഭിന്നതയും സ്വഹാബികളുടെ വിധികളും

_________ എ അബ്‌ദുസ്സലാം സുല്ലമി

ഥാര്‍ഥത്തില്‍ മദ്‌ഹബിന്റെ ഇമാമുകളെ പന്തുടര്‍ന്ന്‌ വിധി പ്രഖ്യാപിക്കുന്നതിന്റെ അര്‍ഥം അവരിലൂടെ സ്വഹാബികളുടെ വിധി പ്രഖ്യാപിക്കുന്നുവെന്നാണ്‌. സ്വഹാബികള്‍ക്കാണല്ലോ ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും വിധിക്കാനും അല്ലാഹുവും റസൂലും അധികാരം നല്‍കിയത്‌. മദ്‌ഹബിനെ അവഗണിക്കുന്നുവെന്നതിന്റെ അര്‍ഥം സ്വഹാബികളെ അവഗണിക്കുന്നുവെന്നതാണ്‌. മദ്‌ഹബുകള്‍ക്കെതിരില്‍ പുത്തന്‍വാദികള്‍ നടത്തിയ വിധികളെല്ലാം സ്വഹാബികളെ അവഗണിച്ചുകൊണ്ടാണെന്ന്‌ പറയേണ്ടതില്ല.'' (സുന്നിവോയ്‌സ്‌ -2008 നവംബര്‍ 16-30, പേജ്‌ 17)``തല തടവണമെന്നതില്‍ രണ്ടഭിപ്രായമില്ല. അതിന്റെ അളവിലും പ്രായോഗികതലത്തില്‍ സാധാരണ വിശ്വാസികളെ ബാധിക്കുന്ന അഭിപ്രായവ്യത്യാസമില്ല. തല മുഴുവനും തടവുകയാണ്‌ വേണ്ടതെന്ന്‌ എല്ലാ സ്വഹാബികളും എല്ലാ ഇമാമുകളും പഠിപ്പിക്കുന്നു. എന്നാല്‍ മുഴുവനും തടവുന്നതിന്‌ നിര്‍ബന്ധമെന്നാണോ സുന്നത്താണെന്നോ വിധിക്കേണ്ടതെന്നതില്‍ വൈവിധ്യമുണ്ട്‌. ഈ വൈവിധ്യവും പ്രസ്‌തുത ഖുര്‍ആന്‍വാക്യം സ്വഹാബത്ത്‌ വ്യാഖ്യാനിച്ചതിലെ വ്യത്യാസങ്ങളില്‍ നിന്നും ഉത്ഭവിച്ചതാകാം.'' (അതേ പുസ്‌തകം, പേജ്‌ 17)

``ഇസ്‌ലാമിലെ അംഗീകൃത മദ്‌ഹബിലെ ഏത്‌ വിഷയം പരിശോധിച്ചാലും സ്വഹാബികളുടെ വ്യാഖ്യാന വൈവിധ്യത്തിലേക്കാണ്‌ ചെന്നെത്തുക. എന്നാല്‍ ഈ വ്യാഖ്യാനങ്ങള്‍ ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിച്ച വിഷയങ്ങളില്‍ ഒരിക്കലും സംഭവിച്ചില്ലെന്നതും സംഭവിക്കാന്‍ ന്യായമില്ലെന്നതും വസ്‌തുതയാണ്‌.'' (അതേപുസ്‌തകം, പേ 16)

യഥാര്‍ഥത്തില്‍ മദ്‌ഹബിന്റെ ഇമാമുകളെ പിന്തുടര്‍ന്ന്‌ വിധി പ്രഖ്യാപിക്കുന്നതിന്റെ അര്‍ഥം പരിശുദ്ധ ഖുര്‍ആനിനെയും നബിചര്യയെയും സ്വഹാബിമാരെയും അവഗണിക്കലാണ്‌. സ്വഹാബിമാരില്‍ ഒരാളില്‍നിന്നുപോലും സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെടാത്ത അഭിപ്രായങ്ങള്‍ മദ്‌ഹബുകളില്‍ കാണാന്‍ സാധിക്കുന്നതാണ്‌. ചില അഭിപ്രായങ്ങള്‍ക്ക്‌ പിന്‍ബലമായി ദുര്‍ബലമായ പരമ്പരയിലൂടെ സ്വഹാബിമാരില്‍നിന്ന്‌ വന്ന തെളിവുകള്‍പോ ലും ഉണ്ടായിരിക്കുകയില്ല. നബി(സ)യില്‍നിന്ന്‌ ഹദീസ്‌ ഗ്രഹിച്ചശേഷവും ഏതെങ്കിലും വ്യക്തിയുടെ അഭിപ്രായം അംഗീകരിക്കാന്‍ വേണ്ടി എതിരഭിപ്രായം പ്രകടിപ്പിച്ചതിനാല്‍ സ്വഹാബിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉണ്ടായിട്ടില്ല. മദ്‌ഹബുകള്‍ക്കിടയിലുള്ള ഭിന്നത ശാശ്വതമായ നിലക്ക്‌ തുടര്‍ന്നുപോകുന്നത്‌ ഈ ദുഷിച്ച പ്രവണതകൊണ്ടുമാണ്‌.
ചില ഉദാഹരണങ്ങളിലൂടെ ഇത്‌ വിശദീകരിക്കാം.

1. മുസ്‌ലിയാര്‍ ഉദ്ധരിച്ച തല തടവുന്ന പ്രശ്‌നം തന്നെ നമുക്ക്‌ തെളിവാക്കാം. ഒരു പ്രാവശ്യം മാത്രം തല തടവുന്നതാണ്‌ സുന്നത്ത്‌. മൂന്ന്‌ പ്രാവശ്യം തടവല്‍ സുന്നത്തില്ല. ഇപ്രകാരമാണ്‌ ഹനഫി, മാലികീ, ഹന്‍ബലീ മദ്‌ഹബുകള്‍ പറയുന്നത്‌. ശാഫിഈ മദ്‌ഹബ്‌ മാത്രമാണ്‌ മൂന്ന്‌ പ്രാവശ്യം തലതടവല്‍ സുന്നത്താണെന്ന്‌ പറയുന്നത്‌. ഇത്‌ സാധാരണ വിശ്വാസികളെ ബാധിക്കുന്ന അഭിപ്രായവ്യത്യാസമല്ലെന്ന്‌ ഇവര്‍ ജല്‌പിക്കുമോ? മുഹമ്മദ്‌ നബി(സ) തല മൂന്ന്‌ പ്രാവശ്യം തടവല്‍ സുന്നത്താണെന്നും സുന്നത്തില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ടോ? തല ഒരു പ്രാവശ്യം മാത്രം തടവലാണ്‌ സുന്നത്തെന്ന്‌ മൂന്ന്‌ മദ്‌ഹബുകള്‍ പറഞ്ഞ അഭിപ്രായം ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നതാണെങ്കില്‍, അല്ലെങ്കില്‍ സ്വഹാബിമാരുടെ അഭിപ്രായത്തിലേക്ക്‌ മടങ്ങുന്നതാണെങ്കില്‍ എന്തുകൊണ്ട്‌ ശാഫിഈയാക്കള്‍ കൊല്ലത്തില്‍ ഒരു ദിവസമെങ്കിലും ഒരു പ്രാവശ്യം മാത്രം തലതടവി മതിയാക്കുന്നില്ല? തല മൂന്ന്‌ പ്രാവശ്യം തടവലാണ്‌ സുന്നത്ത്‌ എന്ന്‌ പറയുന്ന ശാഫിഈ മദ്‌ഹബിന്റെ അഭിപ്രായവും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും സ്വഹാബിമാരുടെ ചര്യയിലേക്കും മടങ്ങുന്നതാണെങ്കില്‍ കൊല്ലത്തില്‍ ഒരു ദിവസമെങ്കിലും എന്തുകൊണ്ട്‌ മൂന്ന്‌ മദ്‌ഹബുകാര്‍ തല മൂന്ന്‌ പ്രാവശ്യം തടവുന്നില്ല? തല മുഴുവനും തടവുകയാണ്‌ വേണ്ടതെന്ന്‌ എല്ലാ സ്വഹാബികളും എല്ലാ ഇമാമുകളും പഠിപ്പിക്കുന്നു എന്ന്‌ സുന്നിവോയ്‌സ്‌ തന്നെ എഴുതുന്നു. എന്നിട്ടും സുന്നികള്‍ എന്ന്‌ അവകാശവാദം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട്‌ തല അല്‌പം തടവി നിര്‍ത്തുന്നു? നിര്‍ബന്ധമാണോ സുന്നത്താണോ എന്ന തര്‍ക്കം സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന്‌ ഇവര്‍ എഴുതിയത്‌ ശുദ്ധകളവാണ്‌.

2. മലമൂത്രവിസര്‍ജനം ചെയ്‌താല്‍ ശുദ്ധിയാക്കല്‍ നിര്‍ബന്ധമില്ലെന്ന്‌ ഹനഫീ മദ്‌ഹബില്‍ പറയുന്നു (റാസി 11:168, ശറഹുല്‍ മുഹദ്ദബ്‌ 2:95). സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ തയ്യാറാക്കിയ മദ്‌റസാ പാഠപുസ്‌തകത്തിലും മലമൂത്ര വിസര്‍ജനം ചെയ്‌താല്‍ ശുദ്ധിയാക്കല്‍ കേവലം സുന്നത്താണെന്നും നിര്‍ബന്ധമില്ലെന്നുമാണ്‌ ഹനഫീ മദ്‌ഹബ്‌ വാദം എന്നും എഴുതുന്നു. ഏത്‌ സ്വഹാബിയാണ്‌ മലമൂത്രവിസര്‍ജനം ചെയ്‌താല്‍ ശുദ്ധിയാക്കല്‍ നിര്‍ബന്ധമില്ലെന്ന്‌ അഭിപ്രായപ്പെട്ടത്‌? നിര്‍ബന്ധമല്ലെന്നും നിര്‍ബന്ധമാണെന്നും നബി(സ) അഭിപ്രായപ്പെട്ടിട്ടുണ്ടോ? ഖുര്‍ആനിലേക്ക്‌ മടങ്ങു ന്ന വ്യാഖ്യാനം ഏത്‌ മദ്‌ഹബിന്റെ അഭിപ്രായമാണ്‌?

3. മാലികീ മദ്‌ഹബും ഹനഫീ മദ്‌ഹബും മനിയ്യ്‌ (ഇന്ദ്രിയം) അശുദ്ധമാണെന്ന്‌ പറയുന്നു. ശാഫിഈ മദ്‌ഹബും ഹന്‍ബലീ മദ്‌ഹബും ശുദ്ധമാണെന്നും അശുദ്ധമല്ലെന്നും പറയുന്നു (ശര്‍ഹുല്‍ മുഹദ്ദബ്‌ 2:563, ഫത്‌ഹുല്‍ബാരി 1:338). ഏത്‌ മദ്‌ഹബാണ്‌ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നത്‌. അല്ലാഹുവും അവന്റെ ദൂതനും മനിയ്യ്‌ അശുദ്ധമാണെന്നും അശുദ്ധമല്ലെന്നും പ്രസ്‌താവിച്ചിട്ടുണ്ടോ? രണ്ടും ശരിയാണോ? ഏത്‌ സ്വഹാബിയാണ്‌ അശുദ്ധമാണെന്ന്‌ പറഞ്ഞത്‌?

4. മണ്ണ്‌ മാത്രമേ തയമ്മുമിന്‌ പാടുള്ളൂവെന്ന്‌ ശാഫിഈ മദ്‌ഹബ്‌ പറയുന്നു. മാലികീ മദ്‌ഹബിലും ഹന്‍ബലീ മദ്‌ഹബിലും മണ്ണ്‌ അല്ലാത്തതും തയമ്മുമിന്‌ ഉപയോഗിക്കാമെന്ന്‌ പറയുന്നു. ഇവിടെ രണ്ട്‌ മദ്‌ഹബും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നതാണെങ്കില്‍ വൈരുധ്യംനിറഞ്ഞ മതമാണ്‌ ഇസ്‌ലാമെന്ന്‌ വരില്ലേ? എന്തുകൊണ്ട്‌ ശാഫിഈയാക്കള്‍ കുറച്ചുകാലമെങ്കിലും ഇവിടെ മറ്റുള്ള മദ്‌ഹബുകള്‍ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കുന്നില്ല?

5. തയമ്മും ചെയ്യുമ്പോള്‍ രണ്ട്‌ അടി നിര്‍ബന്ധമാണെന്ന്‌ ശാഫിഈ, ഹനഫീ, മാലികീ മദ്‌ഹബുകള്‍ പറയുന്നു. ഒരു അടി മാത്രമാണ്‌ നബിചര്യയെന്ന്‌ ഹന്‍ബലീ മദ്‌ഹബും പറയുന്നു. നബി(സ) തയമ്മും ചെയ്യുമ്പോള്‍ രണ്ട്‌ അടി നിര്‍ബന്ധമാണെന്നും നിര്‍ബന്ധമല്ലെന്നും പറഞ്ഞുവോ? ഏത്‌ സ്വഹാബിയാണ്‌ തയമ്മും മണ്ണുകൊണ്ട്‌ മാത്രമേ പാടുള്ളൂവെന്നും തയമ്മും ചെയ്യാന്‍ രണ്ടടി നിര്‍ബന്ധമാണെന്നും പറഞ്ഞത്‌? കൊല്ലത്തില്‍ ഒരു ദിവസമെങ്കിലും ഹന്‍ബലീ മദ്‌ഹബ്‌ അനുസരിച്ച്‌ ശാഫിഈയാക്കള്‍ എന്തുകൊണ്ട്‌ തയമ്മും ചെയ്യുന്നില്ല? നിര്‍ബന്ധാവസ്ഥയില്‍ മാത്രമാണോ ഖുര്‍ആനും സുന്നത്തും നാം അനുഷ്‌ഠിക്കേണ്ടത്‌?

6. തയമ്മും ചെയ്യുമ്പോള്‍ കൈപ്പടം മാത്രം തടവിയാല്‍ മതിയെന്ന്‌ ഖുര്‍ആന്‍ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇബ്‌നുഅബ്ബാസ്‌(റ) പ്രഖ്യാപിക്കുന്നു (തിര്‍മിദി). ഹന്‍ബലീ മദ്‌ഹബും ഇതുതന്നെയാണ്‌. ശാഫിഈ മദ്‌ഹബില്‍ മുട്ടുവരെ തടവല്‍ നിര്‍ബന്ധമാണെന്ന്‌ പറയുന്നു. ഏത്‌ സ്വഹാബിയാണ്‌ ഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ട്‌ മുട്ടുവരെ തടവല്‍ സുന്നത്താണെന്ന്‌ പറഞ്ഞത്‌? നബി(സ) രണ്ടും ശരിയാണെന്ന്‌ പറഞ്ഞുവോ?

7. കൈകെട്ടല്‍ സുന്നത്തില്ലെന്ന്‌ മാലികീ മദ്‌ഹബില്‍ പറയുന്നു. ഏത്‌ സ്വഹാബിയാണ്‌ ഇപ്രകാരം പ്രസ്‌താവിച്ചിട്ടുള്ളത്‌?

8. ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ അലി(റ) നെഞ്ചിന്മേല്‍ കൈകെട്ടണമെന്ന്‌ പറയുന്നു (ഇബ്‌നുജരീര്‍). ഏത്‌ സ്വഹാബിയാണ്‌ ഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ട്‌ പുരുഷന്മാര്‍ പൊക്കിളിന്‌ താഴെയും സ്‌ത്രീകള്‍ നെഞ്ചിന്മേലും കൈ കെട്ടണമെന്ന്‌ ഹനഫീ മദ്‌ഹബുകാര്‍ പറയുന്നതുപോലെ പറയുന്നത്‌?

9. റുകൂഇലേക്ക്‌ പോകുന്ന സന്ദര്‍ഭത്തിലും റുകൂഇല്‍ നിന്ന്‌ എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും കൈകള്‍ ഉയര്‍ത്തല്‍ സുന്നത്താണെന്ന്‌ ശാഫിഈ മദ്‌ഹബിലും ഹന്‍ബലീ മദ്‌ഹബിലും പറയുന്നു. സുന്നത്തില്ലെന്ന്‌ ഹനഫീ മദ്‌ഹബിലും മാലികീ മദ്‌ഹബിലും പറയുന്നു. രണ്ടും നബി(സ) പറഞ്ഞത്‌ തന്നെയാണോ?

10. ഖുര്‍ആന്‍ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം ശാഫിഈ(റ) നമസ്‌കാരത്തില്‍ `വജ്ജഹ്‌തു....' ഓതല്‍ സുന്നത്താണെന്ന്‌ പറയുന്നു. മാലികീ മദ്‌ഹബില്‍ അത്‌ വെറുക്കപ്പെട്ടതാണെന്നും പറയുന്നു. ഈ മദ്‌ഹബിന്റെ അഭിപ്രായവും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നതാണോ? ഏത്‌ സ്വഹാബിയാണ്‌ ഇപ്രകാരം പറഞ്ഞത്‌?

11. ഫാതിഹ പാരായണം ചെയ്യാത്തപക്ഷം നമസ്‌കാരം സ്വഹീഹാവുകയില്ലെന്ന്‌ ശാഫിഈ മദ്‌ഹബ്‌ പറയുന്നു. ഖുര്‍ആന്‍ വ്യാഖ്യാനിച്ചുകൊണ്ട്‌ സ്വഹീഹാവുമെന്ന്‌ ഹനഫീ മദ്‌ഹബുകാരും പറയുന്നു. നബി(സ) രണ്ടും പറഞ്ഞുവോ? ഏതെല്ലാം സ്വഹാബിമാരാണ്‌ ഇപ്രകാരം പറഞ്ഞത്‌? അബൂഹനീഫയുടെ കാര്യം അത്ഭുതം എന്ന്‌ ഇമാം റാസി(റ) എന്തിന്‌ പറഞ്ഞു? (റാസി 1:189)

12. ആമീന്‍ ഉറക്കെ പറയുന്നത്‌ സുന്നത്തില്ലെന്ന്‌ ഹനഫീ മദ്‌ഹബുകാര്‍ പറയുന്നു. സുന്നത്താണെന്നും സുന്നത്തില്ലെന്നും നബി(സ) പറഞ്ഞിട്ടുണ്ടോ? ഏത്‌ സ്വഹാബിയാണ്‌ ഇപ്രകാരം പറഞ്ഞിട്ടുള്ളത്‌?

13. ഹനഫീ മദ്‌ഹബില്‍ പുരുഷന്മാര്‍ രണ്ട്‌ അത്തഹിയ്യാത്തിലും ഇഫ്‌തിറാശിന്റെ ഇരുത്തവും സ്‌ത്രീകള്‍ രണ്ട്‌ അത്തഹിയ്യാത്തിലും തവര്‌റുക്കിന്റെ ഇരുത്തവും ഇരിക്കണമെന്ന്‌ പറയുന്നു. മാലികീ മദ്‌ഹബില്‍ രണ്ട്‌ അത്തഹിയ്യാത്തിലും തവര്‌റുക്കിന്റെ ഇരുത്തം സ്‌ത്രീകളും പുരുഷന്മാരും ഇരിക്കണമെന്ന്‌ പറയുന്നു. ആദ്യത്തെ അത്തഹിയ്യാത്തില്‍ ഇഫ്‌തിറാശിന്റെ ഇരുത്തവും രണ്ടാമത്തെ അത്തഹിയ്യാത്തില്‍ തവര്‌റുക്കിന്റെ ഇരുത്തവും സ്‌ത്രീ പുരുഷവ്യത്യാസമില്ലാതെ ഇരിക്കണമെന്ന്‌ ശാഫിഈയാക്കള്‍ പറയുന്നു. ഇതെല്ലാം നബി(സ) പറഞ്ഞതാണോ? വൈരുധ്യങ്ങള്‍ നിറഞ്ഞതാണോ ഇസ്‌ലാംമതം? ഏത്‌ സ്വഹാബിമാരാണ്‌ ഹനഫീ മദ്‌ഹബിന്റെയും മാലികീ മദ്‌ഹബിന്റെയും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ളത്‌?

14. സലാംവീട്ടല്‍ നമസ്‌കാരത്തില്‍ ഉള്‍പ്പെട്ടതല്ലെന്നും അതിനാല്‍ സലാംവീട്ടുന്നതിന്റെ മുമ്പ്‌ വുദു മറിയുന്ന പ്രവൃത്തി ചെയ്യുകയോ നമസ്‌കാരം മുറിക്കുന്ന പ്രവൃത്തി ചെയ്യുകയോ ചെയ്‌താ ലും നമസ്‌കാരം സ്വഹീഹാകുമെന്ന്‌ ഹനഫീ മദ്‌ഹബില്‍ പറയുന്നു. ഇ ത്‌ നബി(സ) പറഞ്ഞതാണോ? ഏത്‌ സ്വഹാബിയാണ്‌ ഇപ്രകാരം പറഞ്ഞത്‌?

15. മഴയ്‌ക്കുവേണ്ടി നമസ്‌കരിക്കല്‍ സുന്നത്തില്ലെന്നും ബിദ്‌അത്താണെന്നും ഇമാം അബൂഹനീഫ(റ) പറയുന്നു. ഇത്‌ നബി(സ) പറഞ്ഞതാണോ? ഏത്‌ സ്വഹാബിയാണ്‌ ഇപ്രകാരം പറഞ്ഞിട്ടുള്ളത്‌?
16. യാത്രയില്‍ ജംആക്കി നമസ്‌കരിക്കാന്‍ പാടില്ലെന്ന്‌ ഹനഫീ മദ്‌ഹബില്‍ പറയുന്നു. ഇത്‌ നബി(സ) പറഞ്ഞതാണോ?

17. നാല്‌ റക്‌അത്തുള്ള നമസ്‌കാരം മറവി കാരണം അഞ്ചായി നമസ്‌കരിച്ചാല്‍ നമസ്‌കാരം ദുര്‍ബലമാകുമെന്ന്‌ ഹനഫീ മദ്‌ഹബില്‍ പറയുന്നു. ശാഫിഈ മദ്‌ഹബില്‍ ദുര്‍ബലമാകുകയില്ലെന്ന്‌ പറയുന്നു. രണ്ടും നബി(സ) പറഞ്ഞതാണോ? ഏത്‌ സ്വഹാബിയാണ്‌ ദുര്‍ബലമാകുമെന്ന്‌ പറഞ്ഞത്‌?

18. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ്‌ ഭാര്യയെയും മയ്യിത്ത്‌ കുളിപ്പിക്കല്‍ നിഷിദ്ധമാണെന്ന്‌ ഹനഫീ മദ്‌ഹബില്‍ പറയുന്നു. ഇത്‌ നബി(സ) പറഞ്ഞതാണോ? ഏത്‌ സ്വഹാബിയാണ്‌ ഇപ്രകാരം പറ ഞ്ഞത്‌?

19. പട്ടിയെ തിന്നല്‍ അനുവദനീയമാണെന്നും ഹറാമല്ലെന്നും മാലികീ മദ്‌ഹബില്‍ പറയുന്നു. ഇത്‌ നബി(സ) പറഞ്ഞത്‌ തന്നെയാണോ? ആയിരത്തില്‍പരം ഉദാഹരണങ്ങളില്‍ ഏതാണ്ട്‌ ചില ഉദാഹരണങ്ങളാണ്‌ മുകളില്‍ നാം എടുത്തുകാണിച്ചത്‌. ഇവയിലൊന്നും പ്രായോഗികതലത്തില്‍ സാധാരണ വിശ്വാസിയെ ബാധിക്കുന്നവയല്ലേ? ബാങ്ക്‌ വരെ രണ്ട്‌ സമയങ്ങളിലായിട്ടാണ്‌ മദ്‌ഹബുകാര്‍ വിളിക്കാറുള്ളത്‌. മദ്‌ഹബിന്റെ പേരില്‍ കയ്യേറ്റംവരെ നടക്കാറുമുണ്ട്‌.

No comments:

Post a Comment