ശനി, ഏപ്രില്‍ 05, 2025
Monday, February 23, 2009
മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ഖുര്‍ആനില്‍ തെളിവോ?
“മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധിനിവേശത്തിന്നിരയായ മതനവീകരണവാദികള്‍ ചില ഖുര്‍ആനിക വചനങ്ങളുടെ കഷ്ണങ്ങളെടുത്ത് തെറ്റിദ്ധരിപ്പിക്കുകയാണ് വാസ്തവത്തില്‍. ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആനിക വചനം ഇങ്ങനെ വായിക്കാം: മരണപ്പെട്ടവരെ താങ്കള്‍ കേള്‍പിക്കുകയില്ല, ബധിരന്മാര് പുറംതിരിഞ്ഞു മാറിപ്പോയാല്‍ അവരെയും താങ്കള്‍ വിളി കേള്‍പിക്കുകയില്ല” (ഖുര്‍ആന്‍ 27:80, 30:52).
മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. മറിച്ച് ഹൃദയങ്ങള്‍ ചത്തുപോകുകയും മനസ്സിനു ബധിരത ബാധിക്കുകയും ചെയ്ത അവിശ്വാസികള്‍ക്ക് ഇസ്ലാമിക സന്ദേശം എത്തിക്കാന്‍ സാധിക്കുകയില്ല എന്നാണ്.” (സത്യധാര -2008 ജൂണ്‍ 16-30, പേജ് 23)
ഈ സൂക്തങ്ങളെ പ്രമുഖ മുഫസ്സിറുകള്‍ വ്യാഖ്യാനിക്കുന്നത് കാണുക:
“അല്ലാഹു കേള്‍വിശക്തി ഊരിയെടുത്ത മരണപ്പെട്ടവരെ നിനക്ക് കേള്പിക്കാന് സാധിക്കാത്തതുപോലെ സത്യനിഷേധികള്‍ക്ക് കേള്‍വിയുണ്ടാക്കാന്‍ നിനക്ക് സാധ്യമല്ല.” (ഇബ്നുജരീര്‍ 20:36)
ഖതാദ(റ) പറയുന്നു: “ഇവിടെ അല്ലാഹു സത്യനിഷേധികള്‍ക്ക് ഒരു ഉപമ പറയുകയാണ്. അതായത് മരിച്ചവര്‍ വിളി കേള്‍ക്കാത്തതു പോലെ സത്യനിഷേധി കേള്‍ക്കുകയില്ല.” (ഇബ്നുജരീര്‍ 20:36)
ഖുര്‍ത്വുബി(റ) എഴുതുന്നു: “സത്യനിഷേധം മൂലം മനസ്സ് മരിപ്പിച്ച സത്യനിഷേധികളാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതായത് മരിച്ചവരെ നീ കേള്‍പിക്കാത്തതുപോലെ മനസ്സ് മരിച്ചവരെയും നീ കേള്‍പിക്കുകയില്ല'' (തഫ്സീര്‍ ഖുര്‍തുബി 14:340).
അദ്ദേഹം തന്നെ എഴുതുന്നു: “മരിച്ചവര്‍ക്ക് പഞ്ചേന്ദ്രിയ ജ്ഞാനമോ ബുദ്ധിശക്തിയോ ഇല്ല. അതിനാല്‍ ചിന്തിക്കാത്ത സത്യനിഷേധികളെ മരിച്ചവരോട് ഉപമിച്ചതാണ്.'' (ഖുര്‍ത്വുബി 13:232)
“ആയത്തിന്റെ അര്‍ഥം, നിശ്ചയം സത്യനിഷേധികള്‍ അവരെ ക്ഷണിക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞുകളയുന്നതില്‍ കാഠിന്യം കാണിക്കുന്നതിനാല്‍ അവര്‍ മരിച്ചവര്‍ക്ക് തുല്യമാണ്. മരിച്ചവരെ കേള്പിക്കാന് യാതൊരു മാര്‍ഗവുമില്ല. അതുപോലെ കേള്‍ക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ബധിരനെപ്പോലെയുമാണവര്‍.'' (ഖാസിന് 5:156)
“സത്യനിഷേധികളെ എന്തിലേക്ക് ക്ഷണിക്കുന്നുവോ അതില്‍ നിന്ന് പിന്തിരിഞ്ഞു കളയുന്നതില്‍ അവര്‍ അതിര് കവിയുന്നതിനാല്‍ കേള്പിക്കാന് യാതൊരു വഴിയുമില്ലാത്ത മരിച്ചവരെപ്പോലെയാണവര്‍. അതുപോലെ കേള്‍ക്കാത്ത ബധിരനെപ്പോലെയും.'' (തഫ്സീര്‍ ബഗ്വി 5:156)
“കേള്പിക്കാന് യാതൊരു മാര്‍ഗവുമില്ലാത്ത മരിച്ചവരെപ്പോലെയാണ് സത്യനിഷേധികള്‍ എന്നാണ് ഈ ആയത്തിന്റെ വിവക്ഷ.'' (തഫ്സീര്‍ ജമല് 3:326)
അല്ലാഹു പറയുന്നു: “അവരെ നിങ്ങള്‍ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. (അഥവാ) അവര്‍ കേള്‍ക്കുമെന്ന് (സങ്കല്പിച്ചാല്) അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യുന്നതുമല്ല.'' (ഫാത്വിര് 14)
ഇമാം ഖുര്‍തുബി(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കാണുക: “മലക്കുകള്‍, ജിന്ന്, നബിമാര്‍, പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക് ഈ ആയത്ത് മടക്കപ്പെടും'' (തഫ്സീര്‍ ഖുര്‍തുബി 14:336).
തഫ്സീര്‍ ജമലിലും ഇപ്രകാരം എഴുതുന്നു (3:490). ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന ജിന്ന്, മനുഷ്യര്‍, വിഗ്രഹങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെടുന്നു. (റൂഹുല്‍ബയാന്‍ 7:338)
അല്ലാഹു പറയുന്നു: “അന്ത്യദിനം വരെ അല്ലാഹുവിനെ കൂടാതെ ഉത്തരം ചെയ്യാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവരെക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്? അവരാകട്ടെ അവരുടെ വിളിയെക്കുറിച്ച് അശ്രദ്ധരുമാണ്'' (അഹ്ഖാഫ് 5).
“നിശ്ചയം അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്ന മലക്കുകളും ജിന്നും മനുഷ്യരും മറ്റുള്ളവരും ഇവിടെ ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്'' (തഫ്സീര്‍ അബുസ്സുഊദ് 5:571).
“ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന മലക്കുകള്‍, ഈസാനബി, ഉസൈര്‍ നബി(അ), വിഗ്രഹങ്ങള്‍ മുതലായവരെല്ലാം ഉദ്ദേശിക്കപ്പെടുന്നതാണ്.'' (റാസി 27:6)
ഈസാനബി പറയുന്നതായി അല്ലാഹു വിവരിക്കുന്നു:
“(അല്ലാഹുവേ,) നീ എന്നോട് കല്പിച്ചതല്ലാതെ, അതായത് എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന് നിങ്ങള്‍ ഇബാദത്ത് ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. അവരോട് കൂടെ ഉണ്ടായിരുന്നപ്പോഴെല്ലാം ഞാനവരുടെ മേല്‍നോട്ടം ചെയ്യുന്നവനായിരുന്നു. അങ്ങനെ നീ എന്നെ പിടിച്ചെടുത്തപ്പോള്‍ അവരുടെ മേല്നോട്ടക്കാരന് നീ തന്നെയായിത്തീര്‍ന്നു. നീ എല്ലാ കാര്യത്തിനും സാക്ഷിയാണല്ലോ'' (മാഇദ 117). ഈ ആയത്തിന് കെ വി കൂറ്റനാട് മുസ്ലിയാര് നല്കിയ പരിഭാഷയാണിത്. ശേഷം അദ്ദേഹം വ്യാഖ്യാനിക്കുന്നതു കാണുക: “ഞാന്‍ പഠിപ്പിച്ച ഈ ഏകദൈവത്വാശയം മാത്രമേ അവര്‍ എന്റെ ഭൂലോകവാസക്കാലത്ത് വെച്ച് പുലര്‍ത്തിയിട്ടുള്ളൂവെന്ന് എനിക്ക് തീര്‍ത്തുപറയാന്‍ കഴിയും. എന്നാല്‍ നീ എന്നെ വാനലോകത്തേക്കുയര്‍ത്തിയ ശേഷമാകട്ടെ നീ അവരുടെ മേലുള്ള നിരീക്ഷകനായിരുന്നു. അവര്‍ എന്തൊക്കെ പ്രവര്‍ത്തിച്ചു, വിശ്വാസങ്ങള്‍ എങ്ങനെയൊക്കെ വികലമാക്കി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നീ തന്നെ സാക്ഷിയാണ് എന്നാണ് ഈസാനബി(അ) ബോധിപ്പിക്കുന്നത്.'' (ഫത്ഹുര്റഹ്മാന് 2:124)
ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രസിദ്ധനായ ഇബ്നുജരീര്‍(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നതു കാണുക: “നീയാണ് അവരെ സൂക്ഷ്മമായി അറിയുന്നവന്. ഞാന്‍ അല്ല തന്നെ. ഞാന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ അവര്‍ പ്രവര്‍ത്തിച്ചതിന് മാത്രമാണ് സാക്ഷി. നീ എല്ലാ കാര്യത്തിനും സാക്ഷിയാണ്. എന്നാല്‍ ഞാന്‍ ചില കാര്യങ്ങള്‍ക്കു മാത്രമാണ് സാക്ഷി. അതുതന്നെ ഞാന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ കണ്ടതിന് മാത്രം.'' (ഇബ്നുജരീര്‍ 8:149,150)
അല്ലാഹു പറയുന്നു: “അല്ലാഹു ദൂതന്മാരെ ഒരുമിച്ചുകൂട്ടുകയും എന്നിട്ട് അവരോട് നിങ്ങള്‍ക്കെന്തു മറുപടിയാണ് ലഭിച്ചത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസത്തെ (ഓര്‍ക്കുവിന്‍). അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. അദൃശ്യകാര്യങ്ങള്‍ അറിയുന്നവന് നീ തന്നെയാണ്'' (മാഇദ 109).
തഫ്സീര്‍ ഖാസിനില്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു: “തീര്‍ച്ചയായും ഞങ്ങളുടെ ജീവിത കാലത്ത് അവര്‍ പ്രവര്‍ത്തിച്ചത് ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ മരണശേഷം ഞങ്ങളുടെ ജനത പ്രവര്‍ത്തിച്ചത് ഞങ്ങള്‍ അറിയുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് ശേഷം പുതിയതായി നിര്‍മിച്ചവയും ഞങ്ങള്‍ക്കറിയുകയില്ല'' (2:107).
നബിമാര്‍ പരിഭ്രമം കാരണം ഇപ്രകാരം പറഞ്ഞതാണെന്ന വ്യാഖ്യാനം “എന്റെ അടുത്ത് ദുര്‍ബലമാണെന്ന്'' ഇമാം റാസി(റ) പറയുന്നു. (റാസി 12:123)
അല്ലാഹു പറയുന്നു:
“അല്ലെങ്കില്‍ ഒരു പട്ടണത്തില്‍ കൂടി നടന്നുപോയ ഒരാളെപ്പോലെ. അത് മേല്‍ത്തട്ടോടുകൂടി വീണുകിടക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ഈ പട്ടണത്തെ ഇതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം അല്ലാഹു എങ്ങനെയാണ് ജീവിപ്പിക്കുക? അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ നൂറുകൊല്ലക്കാലം മരിപ്പിച്ചു. അനന്തരം അവനദ്ദേഹത്തെ പുനര്ജീവിപ്പിച്ചു. എന്നിട്ടു ചോദിച്ചു: നീ എത്ര കാലം മരിച്ചുകിടന്നു? അദ്ദേഹം പ്രതിവചിച്ചു: ഒരു ദിവസമോ ഒരു ദിവസത്തിന്റെ ഏതാനും ഭാഗമോ മരിച്ചുകിടന്നു. നിന്റെ ഭക്ഷണപാനീയങ്ങള്‍ നോക്കൂ. അവയ്ക്ക് യാതൊരു പകര്‍ച്ചയും വന്നിട്ടില്ല. നിന്റെ കഴുതയെ നീ നോക്കൂ... എല്ലുകളിലേക്ക് നീ നോക്കുക. അവയെ നാം ഒന്നിനു മീതെ മറ്റൊന്നായി ഉയര്‍ത്തുകയും പിന്നീട് അതിന്മേല് മാംസം പൊതിയുന്നതും എങ്ങനെയാണെന്ന്'' (അല്‍ബഖറ 259).
ഈ വ്യക്തി ഉസൈര്‍(അ) ആണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നു.
നൂറ് വര്‍ഷം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു. യാഥാസ്ഥിതികരടക്കമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം തന്നെ യഥാര്‍ഥ മരണം തന്നെയാണ് ഇവിടെ വിവക്ഷയെന്ന് വ്യാഖ്യാനിക്കുന്നു. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ ജീവിപ്പിച്ചു. ലോകത്ത് പല സംഭവങ്ങള്‍ നടന്നു. ബാബിലോണിയക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബാബിലോണിയക്കാര്‍ പരാജയപ്പെട്ടു. അതിനെ തുടര്‍ന്ന് ഇസ്റാഈലുകള്‍ വിമോചിതരായി. അവര്‍ ബൈതുല്‍മുഖദ്ദസില്‍ തിരിച്ചുവന്നു. പട്ടണം മനോഹരമായി പുതുക്കിപ്പണിതു. ഈ സംഗതിയൊന്നും അവിടെ മരിച്ചുകിടക്കുന്ന ഉസൈര്‍ നബി അറിഞ്ഞില്ല. തന്റെ അടുത്തു ബന്ധിപ്പിക്കപ്പെട്ട കഴുത ചത്ത് അസ്ഥിയായതും അറിഞ്ഞില്ല. ഈ നൂറ് വര്‍ഷത്തിന്റെ ഇടയില്‍ ജീവിച്ചിരുന്ന ഒരു മുശ്രിക്ക് (ബഹുദൈവവിശ്വാസി) ആ പ്രവാചകനെ വിളിച്ച് സഹായം തേടിയിരുന്നുവെങ്കില്‍ അദ്ദേഹം അത് അറിയുകയോ കേള്‍ക്കുകയോ കാണുകയോ ചെയ്യുമായിരുന്നില്ലെന്ന് ഖുര്‍ആന്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
മരിച്ചവര്‍ കേള്‍ക്കുകയും കാണുകയും ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കൂടുതല്‍ അവകാശം മുസ്ലിയാക്കളെക്കാളും പണ്ഡിതന്മാരെക്കാളും മരിച്ചശേഷം ഈ ഭൂമിയില്‍ ആരെങ്കിലും പുനര്‍ജീവിപ്പിക്കപ്പെട്ടു വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കാണ്. ഖുര്‍ആന്‍ അത്തരക്കാരുടെ ചില സംഭവങ്ങള്‍ നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരുടെ മരണശേഷം ലോകത്ത് പല മഹത്തായ സംഭവങ്ങള്‍ നടന്നിട്ടും ഒന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്ന് വിശദീകരിച്ചുതരുന്നു. യാഥാസ്ഥിതികര്‍ അംഗീകരിക്കുന്ന ജലാലൈനിയുടെ പരിഭാഷയില്‍ എഴുതുന്നു:
“രാവിലെ നിദ്രയില്‍ ഏര്‍പ്പെട്ടപ്പോള്‍ ആത്മാവ് പിടിക്കപ്പെടുകയും അസ്തമയ സമയം ജീവന് തിരിച്ചുകിട്ടുകയും ചെയ്തതിനാല്‍ അതേ ദിവസമാണെന്ന് ധരിച്ചാണ് അദ്ദേഹം അത് പറഞ്ഞത്.'' (തഫ്സീറുല്‍ ഖുര്‍ആന്‍, പേജ് 146)
ആത്മാവ് ശരീരത്തില്‍ നിന്ന് മോചിതമായാലാണ് സര്‍വ സംഗതികളും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുക എന്ന ഖുബൂരികളുടെ ദുര്‍വ്യാഖ്യാനത്തെ ഖുബൂരികളുടെ പരിഭാഷ തന്നെ ഇവിടെ ഖബറടക്കം ചെയ്യുന്നു. അല്ലാഹു പറയുന്നു: “പിന്നെ അതില്‍വെച്ച് അവന് മരിക്കുകയില്ല. അവന് ജീവിക്കുകയുമില്ല.'' (അല്‍അഅ്ലാ 13).
ജലാലൈനിയില്‍ എഴുതുന്നു: “മരിച്ചാല്‍ അവര്‍ക്ക് നരകശിക്ഷയില്‍ നിന്ന് വിശ്രമം ലഭിക്കുമായിരുന്നു. എന്നാല്‍ അവര്‍ മരിക്കുകയില്ല.'' മരിച്ചാലാണ് കൂടുതല്‍ അറിയുക എന്ന് ഖുബൂരികള്‍ പറയുന്നു. അല്ലാഹുവിന് ഈ അറിവില്ലാത്തതുകൊണ്ടാണോ ശിക്ഷ അറിയാതിരിക്കാന്‍ അവര്‍ മരിക്കുകയില്ല എന്ന് പറയുന്നത്!
“നീ മരിച്ചവരെ കേള്‍പിക്കുകയില്ല,” “നീ ഖബ്റാളികളെ കേള്‍പിക്കുകയില്ല” എന്നെല്ലാം അല്ലാഹു പറയുന്നതിന്റെ ഉദ്ദേശം മരണപ്പെട്ടവര്‍ തന്നെയാണെന്നും ഇതൊരു ഉപമയല്ലെന്നും ആഇശ(റ)യും ഭൂരിപക്ഷവും ഖുര്‍ആനിനെ വ്യാഖ്യാനിക്കുന്നുവെന്ന് ഇബ്നുഹജര്‍(റ) പറയുന്നു (ഫത്ഹുല്‍ബാരി 7:304).
ഉപമയാണെന്ന് വ്യാഖ്യാനിക്കുന്ന ന്യൂനപക്ഷത്തിന്റെ വ്യാഖ്യാനപ്രകാരവും മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ലെന്ന് കൂടുതല്‍ സ്ഥിരപ്പെടുന്നു.
Subscribe to:
Post Comments (Atom)
Labels
അജ്ഞത
അനാചാരം
അന്ധവിശ്വാസം
അബ്ദുസ്സലാം സുല്ലമി
ആരാധന
ആലുവ സംവാദം
ഈസാനബി (അ)
കണ്ണേറ്
കാന്തപുരം
കെ കെ സകരിയ്യ
കൊട്ടപ്പുറം
ഖുത്ബ
ഖുർആൻ നിഷേധം
ജിന്ന്
ജുമുഅ ഖുത്ബ
തിരുമുടി
തൌഹീദ്
ദാമ്പത്യം ഇസ്ലാമില്‍
നബിദിനം
നവയാഥാസ്ഥിതികർ
പരിഭാഷ
പ്രാര്‍ഥന
ബിദ്അത്ത്
ഭാര്യ
ഭിന്നതകള്‍
മദ്ഹബുകള്‍
മലക്ക്
രിസാല
വിധി
വിശ്വാസം
സഖാഫി
സത്യധാര
സലാഹി
സംവാദം
സഹായതേട്ടം
സിഹ്റ്
സിറാജ്
സുന്നി-മുജാഹിദ്
സുന്നിഅഫ്കാര്‍
സുന്നിവോയ്സ്
No comments:
Post a Comment