പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Thursday, December 30, 2010

മനുഷ്യകഴിവിന്‌ അതീതവും സഖാഫികളുടെ അജ്ഞതയും

എ അബ്‌ദുസ്സലാം സുല്ലമി
``ഈസാ(അ) പക്ഷികളെ സൃഷ്‌ടിച്ചതും മരിച്ചവരെ ജീവിപ്പിച്ചതും ആവശ്യങ്ങള്‍ അറിയിച്ചതും ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്‌. അദ്ദേഹവും ഒരു മനുഷ്യനാകയാല്‍ ഇത്രയൊക്കെ ആയാല്‍ മനുഷ്യകഴിവും അപ്പുറമുള്ളത്‌ അതീതവുമെന്ന്‌ തീരുമാനിക്കുന്നതും പ്രായോഗികമല്ല.'' (രിസാല വാരിക -2008 ഒക്‌ടോബര്‍ 31, പേജ്‌ 18 )
പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന ദൃഷ്‌ടാന്തങ്ങള്‍ക്ക്‌ (മുഅ്‌ജിസത്തുകള്‍) അമാനുഷികദൃഷ്‌ടാന്തങ്ങള്‍ എന്നാണ്‌ മുസ്‌ലിംകള്‍ പറയാറുള്ളത്‌. മനുഷ്യകഴിവിന്‌ അപ്പുറമുള്ളത്‌ എന്നാണ്‌ ഈ പദത്തിന്റെ അര്‍ഥം. ഈസാ നബി(അ) പക്ഷികളെ സൃഷ്‌ടിച്ചതിനും മരിച്ചവരെ ജീവിപ്പിച്ചതിനും അദൃശ്യങ്ങള്‍ അറിയിച്ചതിനും മുസ്‌ലിംകള്‍ പറയാറുള്ളത്‌ അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ (മുഅ്‌ജിസത്തുകള്‍) എന്നാണ്‌. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കഴിവില്‍ പെട്ടതാണെങ്കില്‍ സഖാഫി സമ്മതിക്കുന്നതു പോലെ അദ്ദേഹവും ഒരു മനുഷ്യനായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരിക്കലും അമാനുഷികദൃഷ്‌ടാന്തങ്ങള്‍ എന്ന്‌ പറയുകയില്ല. ഈസാനബി(അ) അദ്ദേഹത്തിന്റെ വിരല്‍ ചലിപ്പിച്ചതിനും അദ്ദേഹം നടക്കുകയും ഇരിക്കുകയും ഭക്ഷണം കഴിക്കുകയും കളിമണ്ണുകൊണ്ട്‌ ഒരു പക്ഷിയുടെ രൂപംപോലെ ഉണ്ടാക്കിയതിനും അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ എന്ന്‌ പറയാത്തതു പോലെ.
ഇതിനു ള്ള കാരണം വ്യക്തമാണ്‌: ആദ്യത്തേത്‌ ഈസാനബി(അ)ക്ക്‌ അല്ലാഹു നല്‍കിയ കഴിവുകൊണ്ട്‌ അദ്ദേഹം ചെയ്‌ത അദ്ദേഹത്തിന്റെ പ്രവൃത്തിയല്ല. അവ അല്ലാഹുവിന്റെ പ്രവര്‍ത്തനമാണ്‌. രണ്ടാമത്തേത്‌ ഈസാനബി(അ)ക്ക്‌ പിലാതോസിനും കൈസര്‍ക്കും മുഹമ്മദ്‌ നബി(സ)ക്കും അബൂജഹ്‌ലിനും അല്ലാഹു നല്‍കിയതു പോലുള്ള കഴിവ്‌ കൊണ്ടു പ്രവര്‍ത്തിക്കുന്നതാണ്‌. അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈസാ നബി(അ) ചെയ്‌താലും പിലാതോസ്‌ ചെയ്‌താലും അമാനുഷിക ദൃഷ്‌ടാന്തം എന്ന്‌ പറയുകയില്ല. ഈസാനബി(അ) പക്ഷികളെ സൃഷ്‌ടിച്ചതും മരണപ്പെട്ടവരെ ജീവിപ്പിച്ചതും അദൃശ്യകാര്യങ്ങള്‍ പറഞ്ഞതും അദ്ദേഹത്തിന്റെ വിരലുകള്‍ ചലിപ്പിച്ചതു പോലെ ചെയ്‌തതാണെങ്കില്‍ സഖാഫി സമ്മതിക്കുന്നതു പോലെ അദ്ദഹം ഒരു മനുഷ്യനാവുകയില്ല. ക്രിസ്‌ത്യാനികളില്‍ ഒരുവിഭാഗം പറയുന്നതുപോലെ ദൈവമോ ദൈവപുത്രനോ ആയിരിക്കുന്നതാണ്‌. ക്രിസ്‌ത്യാനികള്‍ ഈസാ നബി(അ) ദൈവമാണെന്നതിന്‌ എടുത്തുകാണിക്കാറുള്ള അവരുടെ പ്രധാന തെളിവുകള്‍ സഖാഫി പറയുന്നവയാണ്‌ എന്നതാണ്‌ ഈ രണ്ട്‌ വിഭാഗത്തിനും തൗഹീദില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്‌ എന്നതിന്‌ വ്യക്തമായ തെളിവ്‌.
ക്രിസ്‌ത്യാനികളുടെ തെളിവ്‌: ഖുര്‍ആനില്‍ യേശുക്രിസ്‌തു മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കുമെന്ന്‌ പറയുന്നു. മരണപ്പെട്ടവരെ ജീവിപ്പിക്കല്‍ ദൈവത്തിന്റെ മാത്രം വിശേഷണമാണെന്നും ഖുര്‍ആനില്‍ തന്നെ പറയുന്നു. അപ്പോള്‍ യേശുക്രിസ്‌തു ദൈവമാണെന്ന്‌ ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു.
മുസ്‌ലിംകളുടെ മറുപടി: യേശുക്രിസ്‌തുവിന്‌ അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈകളും കാലുകളും ചലിപ്പിക്കാനും ഭക്ഷണം കഴിക്കാനും ദൈവം കഴിവ്‌ നല്‍കിയതു പോലെയും അദ്ദേഹത്തിന്റെ കണ്ണിന്‌ കാഴ്‌ചശക്തിയും ചെവിക്ക്‌ കേള്‍വിശക്തിയും നാവിന്‌ സംസാരശേഷിയും നല്‍കിയതു പോലെയും അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവുകള്‍ നല്‍കിയിരുന്നുവെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. കഴിവ്‌ നല്‍കിയിരുന്നുവെന്നത്‌ ക്രിസ്‌ത്യാനികളായ നിങ്ങളില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തിന്റെ വിശ്വാസമാണ്‌. ഇതുപോലെ മുസ്‌ലിംകളായ ഞങ്ങളില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തിന്റെയും വിശ്വാസമാണ്‌. യേശുക്രിസ്‌തുവില്‍ നിന്ന്‌ ഉണ്ടായ സാധാരണ പ്രവൃത്തിയും അസാധാരണ പ്രവൃത്തിയും ഒരുപോലെയാണെന്ന്‌ ഈ വിഭാഗമാണ്‌ ജല്‍പിക്കുന്നത്‌. മരണപ്പെട്ട മനുഷ്യനെ ജീവിപ്പിക്കാന്‍ വേണ്ടി യേശുക്രിസ്‌തു സ്വര്‍ഗലോകത്തേക്ക്‌ നോക്കി ദൈവത്തോട്‌ പ്രാര്‍ഥിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ജീവിപ്പിച്ചത്‌ ദൈവമാണ്‌. ഇതില്‍ യേശുക്രിസ്‌തുവിന്‌ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. എനിക്കും, നിങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തി മാത്രമാണ്‌ ഈ വിഷയത്തില്‍ അദ്ദേഹവും ചെയ്‌തിട്ടുള്ളത്‌. ബൈബിളില്‍ പോലും ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്‌. ഉദാഹരണം:
1). ``യേശു അവരോട്‌ ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും ചാര്‍ച്ചക്കാരുടെ ഇടയിലും സ്വന്തം ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്ന്‌ പറഞ്ഞു. ഏതാനും ചില രോഗികളുടെ മേല്‍ കൈവെച്ച്‌ സൗഖ്യം വരുത്തിയത്‌ അല്ലാതെ അവിടെ വീയ്യ പ്രവൃത്തി ഒന്നും ചെയ്‌വാന്‍ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ട്‌ സഞ്ചരിച്ചുപോന്നു.'' (മാര്‍ക്കോസ്‌ 6:4-6)
2). അവര്‍ കല്ല്‌ നീക്കി. യേശു മേലോട്ടുനോക്കി. പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്‌ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്ന്‌ ഞാന്‍ അറിഞ്ഞിരിക്കുന്നു. എങ്കിലും നീ എന്നെ അയച്ചു എന്ന്‌ ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്ന്‌ പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട്‌ അവന്‍: ലാസറേ, പുറത്തുവരിക എന്ന്‌ ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തുവന്നു.'' (യോഹന്നാന്‍ 11:41-44)
3). ``പിന്നെ അവര്‍ അവരോട്‌: എല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്‌പിച്ചു. അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തേക്കു നോക്കി വാഴ്‌ത്തി. അപ്പം നുറുക്കി. അവര്‍ക്കു വിളമ്പുവാന്‍ തന്റെ ശിഷ്യന്മാര്‍ക്ക്‌ കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്‌തരായി.'' (മാര്‍ക്കോസ്‌ 6:40-42)
4). ``ദെക്കപ്പോലി ദേശത്തിന്റെ നടുവില്‍ കൂടി ഗലീല കടപ്പുറത്തു വന്നു. അവിടെ അവര്‍ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ മേല്‍ കൈ വെക്കേണം എന്നപേക്ഷിച്ചു. അവന്‍ അവനെ പുരുഷാരത്തില്‍ നിന്ന്‌ വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു. സ്വര്‍ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോട്‌: തുറന്നു വരിക എന്ന അര്‍ഥമുള്ള എഫഥാ എന്ന്‌ പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു. നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. ഇത്‌ ആരോടും പറയരുത്‌ എന്ന്‌ അവരോടു കല്‌പിച്ചു.'' (മാര്‍ക്കോസ്‌ 7:31-36)
5). ``യഹൂദന്മാര്‍ അവനെ കൊല്ലാന്‍ അധികമായി ശ്രമിച്ചുപോന്നു. ആകയാല്‍ യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‌വാന്‍ കഴികയില്ല.'' (യോഹന്നാന്‍ 5:18-20)
6). ``എനിക്കു സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുന്നതല്ല, ഞാന്‍ കേള്‍ക്കുന്നതു പോലെ ന്യായം വിധിക്കുന്നു. ഞാന്‍ എന്റെ ഇഷ്‌ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്‌ടമത്രേ ചെയ്‌വാന്‍ ഇച്ഛിക്കുന്നതുകൊണ്ട്‌ എന്റെ വിധി നീതിയുള്ളതാകുന്നു. ഞാന്‍ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു. അവന്‍ എന്നെ കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു.'' (യോഹന്നാന്‍ 5:30-33)
7. ``പിതാവ്‌ എന്നെക്കാള്‍ വലിയവനല്ലോ.'' (യോഹന്നാന്‍ 14:29)
യേശുക്രിസ്‌തുവില്‍ നിന്ന്‌ ഉത്ഭവിച്ച സര്‍വ അത്ഭുതസിദ്ധികളും അദ്ദേഹം പ്രവര്‍ത്തിച്ചതല്ല. അല്ലാഹു ചെയ്‌ത അവന്റെ പ്രവൃത്തി മാത്രമാണ്‌. ഈസാനബി (യേശുക്രിസ്‌തു) രോഗിയുടെ മേല്‍ കൈ വെക്കുക, മേലോട്ടു നോക്കുക, പ്രാര്‍ഥിക്കുക, വാഴ്‌ത്തുക, ഉറക്കെ വിളിക്കുക, അപ്പം നുറുക്കുക, ഒരാളെ വേറിട്ടുകൊണ്ടുപോവുക, ചെവിയില്‍ വിരല്‍ ഇടുക, തുപ്പുക, നാവിനെ തൊടുക, നെടുവീര്‍പ്പിടുക മുതലായ സാധാരണക്കാര്‍ക്ക്‌ ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തി മാത്രമാണ്‌ ചെയ്യുന്നത്‌. ഈ യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും നാം വിവരിച്ചതുപോലെ വ്യക്തമാക്കിയിട്ടും ക്രിസ്‌ത്യാനികള്‍ ഇവയെല്ലാം ഈസാനബി(അ)യുടെ പ്രവൃത്തിയായി ദര്‍ശിച്ച്‌ അദ്ദേഹത്തെ ദൈവമാക്കുന്നു. ഇതുപോലെ സഖാഫികളും ഫൈസികളും മറ്റും ഇലാഹ്‌ എന്ന പദം കൊണ്ട്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നില്ലെങ്കിലും ഇലാഹിന്‌ മാത്രം അവകാശപ്പെട്ട വിശേഷണങ്ങളും പ്രവൃത്തിയും അദ്ദേഹത്തിനുണ്ടെന്ന്‌ ജല്‌പിച്ച്‌ ഫലത്തില്‍ ഇലാഹും ദൈവവുമാക്കുന്നു. അങ്ങനെ അദ്ദേഹം ചെയ്‌ത പ്രവര്‍ത്തികള്‍ എടുത്തുകാണിച്ച്‌ പ്രാര്‍ഥനക്ക്‌ മനുഷ്യകഴിവിന്‌ അതീതം എന്നു പറയാന്‍ പാടില്ലെന്ന്‌ ജല്‌പിക്കുന്നു. എങ്കില്‍ നബിമാരുടെ മുഅ്‌ജിസത്തിന്‌ മലയാളത്തില്‍ അമാനുഷിക ദൃഷ്‌ടാന്തം എന്ന്‌ പറയുന്നത്‌ പിഴവാണെന്ന്‌ ഇവര്‍ പ്രഖ്യാപിക്കേണ്ടി വരും. മുഅ്‌ജിസത്തിന്‌ മലയാളത്തില്‍ പുതിയൊരു പദം കണ്ടെത്തേണ്ടിവരും. ഇതുവരെ ഇവരുടെ ഗ്രന്ഥങ്ങളിലും സാഹിത്യങ്ങളിലും പരിഭാഷകളിലും അമാനുഷിക ദൃഷ്‌ടാന്തം എന്ന്‌ എഴുതിയത്‌ തെറ്റാണെന്ന്‌ പ്രഖ്യാപിക്കേണ്ടി വരും.

തസ്‌ബീഹ്‌ നമസ്‌കാരവും സ്‌ത്രീപള്ളിപ്രവേശവും

എ അബ്‌ദുസ്സലാം സുല്ലമി

“റമളാന്‍ മാസത്തില്‍ പുരുഷ ഇമാമിന്റെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ തസ്‌ബീഹ്‌ നിസ്‌കാരം നിര്‍വഹിക്കുന്ന സമ്പ്രദായം കണ്ടുവരുന്നു. ഇതു നല്ല ഒരാചാരമാണ്‌. പുരുഷന്റെ പിന്നില്‍ തുടര്‍ന്ന്‌ നിസ്‌കരിക്കുന്ന സ്‌ത്രീകള്‍ മൂന്നു മുഴത്തിലേറെ പിന്നില്‍ നില്‍ക്കലാണ്‌ സുന്നത്ത്‌.'' 
“നാലു റക്‌അത്തുള്ള തസ്‌ബീഹ്‌ നിസ്‌കാരത്തില്‍ മുന്നൂറ്‌ തവണ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി, വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്നു ചൊല്ലേണ്ടതാണ്‌. ഖിറാഅത്തിനു ശേഷം പതിനഞ്ച്‌ പ്രാവശ്യവും റുകൂഅ്‌, ഇഅ്‌തിദാല്‍, രണ്ടു സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ സുന്നത്തായ ദിക്‌റുകള്‍ക്കു ശേഷം പത്തു പ്രാവശ്യം വീതവും ഇസ്‌തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്തുപ്രാവശ്യമായും ഓരോ റക്‌അത്തിലും എഴുപത്തിയഞ്ചു തവണയും...'' (സുന്നി അഫ്‌കാര്‍ -2007 സപ്‌തംബര്‍, പേജ്‌ 22,23).
അഞ്ച്‌ നേരത്തെ ഫര്‍ദ്‌ നമസ്‌കാരങ്ങളിലും ജുമുഅ നമസ്‌കാരത്തിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഗ്രഹണനമസ്‌കാരങ്ങളിലും സ്‌ത്രീകള്‍ പുരുഷന്മാരുടെ പിന്നില്‍ ഒരു മറപോലുമില്ലാതെ പങ്കെടുത്ത്‌ നമസ്‌കരിച്ചത്‌ നൂറിലധികം ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നതാണ്‌. പ്രവാചകന്റെ കാലത്തു മാത്രമല്ല, സ്വഹാബിമാരുടെയും ശേഷമുള്ള നൂറ്റാണ്ടുകളിലും ഇങ്ങനെയായിരുന്നു. മുജാഹിദുകള്‍ ഒരു മറയ്‌ക്കു പിന്നിലാണ്‌ സ്‌ത്രീകളെ നമസ്‌കാരത്തില്‍ പങ്കെടുപ്പിക്കാറുള്ളത്‌. എന്നാല്‍ പരപുരുഷ ദര്‍ശനം ഉണ്ടാകുമെന്നും അത്‌ കുഴപ്പത്തിന്‌ വഴിവെക്കുമെന്നും ആരോപിച്ച്‌ സ്‌ത്രീകളുടെ പള്ളിപ്രവേശത്തെ ഹറാമാക്കിയ പുരോഹിതന്മാര്‍ നബിചര്യയുടെ പിന്‍ബലമില്ലാത്ത തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരുടെ കൂടെ ജമാഅത്തായി നമസ്‌കാരിക്കാമെന്നു പറയുന്നു! അതും മൂന്നു മുഴം മാത്രം പിന്തിനിന്നുകൊണ്ട്‌!!
സ്‌ത്രീകള്‍ ജുമുഅക്ക്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിലാണ്‌ ഇവര്‍ക്ക്‌ പരപുരുഷദര്‍ശനത്തിന്റെ പ്രശ്‌നം ഉത്ഭവിക്കാറുള്ളത്‌. എന്നാല്‍ ഗ്രാമപഞ്ചായത്ത്‌/ബ്ലോക്ക്‌ പഞ്ചായത്ത്‌/ജില്ലാ പഞ്ചായത്ത്‌ എന്നിവയിലേക്കോ അല്ലെങ്കില്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും മീറ്റിംഗിലേക്കോ പങ്കെടുക്കാന്‍ സ്‌ത്രീകള്‍ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ തസ്‌ബീഹ്‌ നമസ്‌കാരത്തിന്‌ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ ഇവര്‍ക്ക്‌ പരപുരുഷ ദര്‍ശനത്തിന്റെ പ്രശ്‌നം ഉണ്ടാവാറില്ല!
തസ്‌ബീഹ്‌ നമസ്‌കാരം ബിദ്‌അത്താണ്‌. അതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമില്ല. തസ്‌ബീഹ്‌ നമസ്‌കാരത്തെക്കുറിച്ച ഹദീസുകള്‍ താഴെ ഉദ്ധരിക്കാം:
1). അബൂറാഫിഇ(റ) പറയുന്നു: ``റസൂല്‍(സ) അബ്ബാസി(റ)നോട്‌ പറഞ്ഞു: പിതൃവ്യാ, ഞാന്‍ അങ്ങേക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ ഉപകാരം ചെയ്യുന്നില്ലയോ, ഞാന്‍ ബന്ധം പുലര്‍ത്തുന്നില്ലയോ? അബ്ബാസ്‌(റ)പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. നബി(സ) പറഞ്ഞു: അതിനാല്‍ താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും ഒരു സൂറത്തും ഓതണം. ഓത്ത്‌ കഴിഞ്ഞാല്‍ താങ്കള്‍ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്ന്‌ റുകൂഅ്‌ ചെയ്യുന്നതിന്‌ മുമ്പായി പതിനഞ്ചു പ്രാവശ്യം പറയുക. പിന്നെ റുകൂഅ്‌ ചെയ്യുകയും പത്ത്‌ പ്രാവശ്യം ഇതു ചൊല്ലുകയും ചെയ്യുക. പിന്നെ സുജൂദ്‌ ചെയ്‌തു പത്ത്‌ പ്രാവശ്യം ചൊല്ലുക. താങ്കള്‍ ഖിയാമിലേക്ക്‌ വരുന്നതിന്‌ മുമ്പായി. അങ്ങനെ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ എണ്ണം വീതം. അത്‌ നാല്‌ റക്‌അത്തില്‍ മുന്നൂറ്‌ എണ്ണമായിരിക്കും. അപ്പോള്‍ നിന്റെ പാപങ്ങള്‍ മണല്‍ പോലെയുണ്ടെങ്കിലും അല്ലാഹു നിനക്ക്‌ പൊറുത്തുതരും. അബ്ബാസ്‌(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഓരോ ദിവസവും ഇത്‌ ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ എന്ത്‌ ചെയ്യണം? നബി(സ) പറഞ്ഞു: താങ്കള്‍ വെള്ളിയാഴ്‌ച ദിവസം ചൊല്ലുക. അതിന്‌ താങ്കള്‍ക്ക്‌ സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. കൊല്ലത്തിലൊരിക്കലെങ്കിലും ചൊല്ലുക എന്ന്‌ വരെ നബി(സ) പറഞ്ഞു.'' (തിര്‍മിദി, ഇബ്‌നുമാജ)
2). അനസ്‌(റ) പറയുന്നു: ``ഉമ്മുസുലൈം(റ) നബി(സ)യെ സമീപിച്ചുകൊണ്ട്‌ പറഞ്ഞു: എനിക്ക്‌ നമസ്‌കാരത്തില്‍ പറയാന്‍ ചില കലിമതുകള്‍ പഠിപ്പിച്ചുതന്നാലും. നബി(സ) പറഞ്ഞു: പത്തു പ്രാവശ്യം അല്ലാഹു അക്‌ബര്‍ എന്ന്‌ പറയുക, പത്ത്‌ പ്രാവശ്യം സ്വുബ്‌ഹാനല്ലാഹ്‌ എന്നു പറയുക, പത്ത്‌ പ്രാവശ്യം അല്‍ഹംദുലില്ലാഹ്‌ എന്നു പറയുക. ശേഷം നീ ഉദ്ദേശിച്ചത്‌ ചോദിക്കുക. അവന്‍ നിനക്ക്‌ ഉത്തരം നല്‌കും.'' (തിര്‍മിദി)
3). ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: ``നബി(സ) അബ്ബാസിനോടു പറഞ്ഞു: അബ്ബാസ്‌! പിതൃവ്യാ! ഞാന്‍ താങ്കള്‍ക്ക്‌ നല്‌കുന്നില്ലയോ, ഞാന്‍ താങ്കള്‍ക്ക്‌ വേണ്ടത്‌ തരുന്നില്ലയോ? ഞാന്‍ താങ്കള്‍ക്ക്‌ ദാനം നല്‌കുന്നില്ലയോ? ഞാന്‍ താങ്കളോട്‌ കുടുംബബന്ധം ചേര്‍ക്കുന്നില്ലയോ? പത്ത്‌ കാര്യങ്ങള്‍ താങ്കള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക്‌ താങ്കളുടെ ദോഷങ്ങള്‍, അതിന്റെ തുടക്കവും ഒടുക്കവും പുതുതായി മനപ്പൂര്‍വം ചെയ്‌തതും പിഴച്ചുപോയതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും എല്ലാം പൊറുത്തു തന്നിരിക്കുന്നു. പത്ത്‌ കാര്യങ്ങള്‍: താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും സൂറത്തും ഓതുക. ആദ്യ റക്‌അത്തില്‍ ഫാതിഹയില്‍ നിന്ന്‌ വിരമിച്ചാല്‍ ഖിയാമില്‍ തന്നെയിരിക്കെ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബര്‍ എന്ന്‌ പതിനഞ്ച്‌ പ്രാവശ്യം ചൊല്ലുക. പിന്നെ റുകൂഅ്‌ ചെയ്യുകയും റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇത്‌ ചൊല്ലുകയും ചെയ്യുക. പിന്നെ റുകൂഇല്‍ നിന്ന്‌ തലയുയര്‍ത്തി പത്ത്‌ പ്രാവശ്യം ചൊല്ലുക. പിന്നെ സുജൂദില്‍ പ്രവേശിക്കുക. സുജൂദില്‍ പത്ത്‌ പ്രാവശ്യം ചൊല്ലുക. അപ്പോള്‍ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച്‌ വീതമായി. അങ്ങനെ താങ്കള്‍ നാല്‌ റക്‌അത്തിലും ചൊല്ലുക. എല്ലാ ദിവസവും ഒരു പ്രാവശ്യം താങ്കള്‍ അങ്ങനെ നമസ്‌കരിക്കാനാവുമെങ്കില്‍ ചെയ്‌തുകൊള്ളുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഓരോ വെള്ളിയാഴ്‌ചയും ചെയ്യുക. അതിനു സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ നിന്റെ ആയുഷ്‌കാലത്ത്‌ ഒരിക്കലെങ്കിലും ചെയ്യുക.'' (അബൂദാവൂദ്‌, ഇബ്‌നുമാജ)
4). അബുല്‍ ജാസാഅ്‌(റ) പറയുന്നു: സ്വഹാബിയായ ഒരാള്‍ എന്നോട്‌ പറഞ്ഞു: ഒരു ദിവസം പ്രവാചകന്‍ എന്നോട്‌ പറഞ്ഞു: നാളെ നീ എന്റെയടുക്കല്‍ വരിക. നിനക്ക്‌ ഞാന്‍.... നല്‌കാം. പ്രവാചകന്‍ എനിക്ക്‌ വല്ല ദാനവും നല്‌കുമെന്ന്‌ ഞാന്‍ വിചാരിച്ചു. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: രാത്രിയായാല്‍ നീ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: ശേഷം നീ രണ്ടാം സുജൂദില്‍ നിന്ന്‌ എഴുന്നേറ്റ്‌ ഇരിക്കുക (എഴുന്നേറ്റ്‌ നില്‌ക്കരുത്‌). അങ്ങനെ പത്ത്‌ തവണ വീതം തസ്‌ബീഹും തഹ്‌മീദും തക്‌ബീറും തഹ്‌ലീലും ചൊല്ലുക. അതുപോലെ നാല്‌ റക്‌അത്തിലും തുടരുക. പിന്നീട്‌ പ്രവാചകന്‍ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും വലിയ ദോഷി നീയാണെങ്കിലും ഈ നമസ്‌കാരം കാരണം അതെല്ലാം നിനക്ക്‌ പൊറുക്കപ്പെട്ടു. ഞാന്‍ ചോദിച്ചു: ആ സമയം എനിക്കത്‌ നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കിലോ? നബി(സ) പറഞ്ഞു: എങ്കില്‍ നീ രാത്രിയിലും പകലും അത്‌ നിര്‍വഹിക്കുക. മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം നബി(സ) പറഞ്ഞതു ജഅ്‌ഫറി(റ)നോടാണ്‌.'' (അബൂദാവൂദ്‌)
5). അബ്‌ദുല്ലാഹിബ്‌നുല്‍ മുബാറക്‌ തസ്‌ബീഹ്‌ നമസ്‌കാരത്തെ സംബന്ധിച്ചു പറഞ്ഞു: ``നീ തക്‌ബീര്‍ ചൊല്ലുക. ശേഷം പറയുക: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക തബറാകഇസ്‌മുക. വതആലാജദുക. വലാഇലാഹു ഗൈറുക. ശേഷം പതിനഞ്ച്‌ പ്രാവശ്യം സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്‌ബര്‍. ശേഷം അഊദു ചൊല്ലി ബിസ്‌മി ഓതുക. ശേഷം ഫാതിഹയും ഒരു സൂറത്തും ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. ശേഷം റുകൂഅ്‌ ചെയ്യുക.... അങ്ങനെ 75 പ്രാവശ്യം ഓരോ റക്‌ത്തിലും ചൊല്ലുക. ഓരോ റക്‌അത്തും പതിനഞ്ച്‌ പ്രാവശ്യം ചൊല്ലിക്കൊണ്ട്‌ ആരംഭിക്കുക. ശേഷം ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. രാത്രിയാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ ഓരോ രണ്ട്‌ റക്‌അത്തിലും സലാം വീട്ടുന്നതാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌. പകലില്‍ നമസ്‌കരിക്കുകയാണെങ്കില്‍ ഓരോ രണ്ട്‌ റക്‌അത്തിലും നീ ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടുക. ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടാതിരിക്കുക.'' (തിര്‍മിദി)
ഈ ഹദീസുകളില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ രൂപം വിവരിക്കുന്നതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണാം. ഹദീസുകള്‍ ശ്രദ്ധിച്ച്‌ വായിക്കുന്നവര്‍ക്ക്‌ വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇതു വ്യക്തമാകും. രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്‌. തീര്‍ച്ചയായും അതിന്റെ ഹദീസുകള്‍ ദുര്‍ബലമാണ്‌. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്‌. അതിനാല്‍ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ്‌ നല്ലത്‌. എന്നാല്‍ ഈ നമസ്‌കാരത്തിന്റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉഖൈലി(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്‌നുഅറബിയും മറ്റുള്ളവരും തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്വഹീഹായ ഹദീസും ഹസനായ ഹദീസും വന്നിട്ടില്ലെന്ന്‌ പറയുന്നു.'' (4:54).
ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ``ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്‌നുജൗസി(റ) ഈ ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്റെ ഗണത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. (അല്ലആലി 2:44). ഈ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ ഇമാം ശൗക്കാനി(റ)യും പറയുന്നു (അല്‍ഫവാഇദ്‌, പേജ്‌ 38)
ഇമാം നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. അബൂദാവൂദ്‌ തന്റെ സുനനിലും തിര്‍മിദി തന്റെ ജാമിഇലും ഇബ്‌നുമാജ തന്റെ സുനനിലും ഹാകിം തന്റെ മുസ്‌തദ്‌റകിലും ബൈഹഖി തന്റെ സുനനിലും തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട്‌ ആരും വഞ്ചിതരാകരുത്‌.'' (അല്‍ബാഇസ്‌, പേജ്‌ 47)
അദ്ദേഹം വീണ്ടും എഴുതുന്നു: ``ഹാഫിദ്‌ അബൂജഅ്‌ഫര്‍(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ശൈഖ്‌ അബുല്‍ഫര്‍ജ്‌ നിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന ഗ്രന്ഥത്തില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്‌കാരത്തിന്റെ ഹദീസുകളുടെ പരമ്പരകള്‍ ചിലതു നബിയിലേക്ക്‌ എത്തിയിട്ടില്ല. ചിലതു പരമ്പര മുറിഞ്ഞതാണ്‌. ചിലത്‌ നിവേദകര്‍ ദുര്‍ബലരായവരാണ്‌. ഇത്തരം ന്യൂനതകളില്‍ നിന്ന്‌ ഈ ഹദീസുകള്‍ ഒഴിവാകുന്നില്ല.'' (അല്‍ബാഇസ്‌, പേജ്‌ 47)
ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം ശീറാസി(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഒരു ഹദീസ്‌ പോലും സ്വഹീഹായിട്ടില്ല.'' (സിഫ്‌ദസ്സആദ, പേജ്‌ 144). ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ സര്‍വ പരമ്പരകളും ദുര്‍ബലമായതാണ്‌.'' ഇബ്‌നുതീമിയ്യാ, മുസ്‌നി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു.'' (തല്‍ഖീസ്‌ 4:185) ഹദീസ്‌ നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്ത്‌ നില്‌ക്കുന്ന ഇബ്‌നുജൗസി(റ) മനുഷ്യനിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന അല്‍മൗളൂആത്ത്‌ 2:465ല്‍ ഈ നമസ്‌കാരത്തിന്റെ പരമ്പരകള്‍ ദുര്‍ബലമായതാണെന്ന്‌ സ്ഥാപിക്കുന്നു. ഇബ്‌നുഖുസൈമ(റ) തന്റെ സ്വഹീഹില്‍ തസ്‌ബീഹ്‌ നമസ്‌കാരത്തിന്റെ ഹദീസുകള്‍ ദുര്‍ബലമാണെന്ന്‌ പറയുന്നു. (വാള്യം 1, പേജ്‌ 601, ഹദീസ്‌ നമ്പര്‍ 1216)
ഫര്‍ദ്‌ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്‌ഠിക്കുമെന്നും എന്നാല്‍ സുന്നത്ത്‌ നമസ്‌കാരങ്ങള്‍ യാതൊന്നും ഞാന്‍ നമസ്‌കരിക്കുകയില്ലെന്നും പറഞ്ഞ ഒരു വ്യക്തിയോട്‌ താങ്കള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്‌ നബി(സ) പറഞ്ഞതായി നിവേദനം ചെയ്യുന്ന ഹദീസ്‌ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ധാരാളം സ്ഥലത്ത്‌ ഉദ്ധരിക്കുന്നതു കാണാം. എന്നാല്‍ നബി(സ) നമസ്‌കരിക്കാത്ത ഒരു നമസ്‌കാരം വല്ലവനും നമസ്‌കരിച്ചാല്‍ അവന്‍ നരകത്തിലാണെന്ന്‌ നബി(സ) പറഞ്ഞ ധാരാളം ഹദീസുകള്‍ സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു. സംശയമുള്ളത്‌ ഉപേക്ഷിക്കാനും നബി(സ) നമ്മോട്‌ നിര്‍ദേശിക്കുന്നു.

ഈസാനബി(അ)യുടെ വെല്ലുവിളിയും ഡോക്‌ടറുടെ പരസ്യപ്പെടുത്തലും

എ അബ്‌ദുസ്സലാം സുല്ലമി

``എത്ര വലിയ രോഗങ്ങളും സുഖപ്പെടുത്തും എന്ന്‌ ഒരു ഡോക്‌ടര്‍ പരസ്യപ്പെടുത്തിയാല്‍ എന്തു സംഭവിക്കും? രോഗികളും ബന്ധുക്കളുമായി അദ്ദേഹത്തിന്റെ സമീപത്ത്‌ ജനസമുദ്രം സൃഷ്‌ടിക്കപ്പെടാന്‍ അധിക കാലമെടുക്കില്ല. വാക്ക്‌ പാലിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ലെങ്കിലോ? അദ്ദേഹത്തിന്റെ ശിഷ്‌ടജീവിതം ക്ലേശപൂര്‍ണമാവുകയും ഫലം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നശിക്കുകയും ജോലി നഷ്‌ടപ്പെടുക പോലുമുണ്ടാകും. ഇത്തരമൊരു പരസ്യം ഈസാ പ്രവാചകന്‍(അ) നടത്തിയത്‌ വിശുദ്ധഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്‌. അന്നത്തെ ഏറ്റവും വലിയ രോഗങ്ങളായ വെള്ളപ്പാണ്ഡും കുഷ്‌ഠവും സുഖപ്പെടുത്തുക മാത്രമല്ല മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ വരെ അദ്ദേഹം സന്നദ്ധനായി (ആലുഇംറാന്‍ 49) തന്നിമിത്തം ജനങ്ങള്‍ ഈസാനബി(അ)യില്‍ നിന്ന്‌ തദ്‌ ആവശ്യങ്ങള്‍ക്കായി സഹായംതേടിയത്‌ ഇമാം റാസി ഉദ്ധരിച്ചിട്ടുണ്ട്‌ (8:56). മുഅ്‌ജിസത്ത്‌ പ്രകടിപ്പിക്കുന്നതില്‍ യാതൊരു സ്വാധീനമോ അറിവോ ഇല്ലാതെ കേവലം കൊടുങ്കാറ്റിലെ കരിയിലയായിരുന്നു ഈസാനബിയെങ്കില്‍ ഈ വെല്ലുവിളിയുടെ പ്രസക്തിയെന്ത്‌? ജനങ്ങള്‍ സമീപിക്കുമ്പോള്‍ എനിക്കു കഴിയില്ല, എപ്പോഴെങ്കിലും പ്രകടമാവുന്ന മുഅ്‌ജിസത്തിന്‌ കാത്തുനില്‌ക്കുക, സമയംപോലും പറയാന്‍ എനിക്കറിയില്ല, വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടെങ്കിലായി എന്നിത്യാദി മറുപടികളായിരുന്നു അവിടുന്ന്‌ നല്‌കയിരുന്നതെങ്കില്‍ തന്നെ വിശ്വസിക്കാനോ നബിയായി അംഗീകരിക്കാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലുമില്ല. വിശ്വാസികള്‍ പോലും വിട്ടുനില്‌ക്കാന്‍ അതു കാരണമാവുകയും ചെയ്യും.'' (സുന്നിവോയ്‌സ്‌ -2008 ഒക്‌ടോബര്‍ 16-31, മുഅ്‌ജിസത്ത്‌, കറാമത്ത്‌, പേജ്‌ 16)
`എത്ര വലിയ രോഗങ്ങളും സുഖപ്പെടുത്തും' എന്ന്‌ ഒരു ഡോക്‌ടര്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത്‌ താഴെ പറയുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 
1). ഒരു ഡോക്‌ടര്‍ ഇപ്രകാരം പരസ്യപ്പെടുത്തുമ്പോള്‍ താന്‍ നേടിയ യോഗ്യതകള്‍ കൂടി കാണിച്ചിരിക്കും. ഇതിന്റെ അര്‍ഥം തന്റെ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും പഠനത്തിലൂടെയും ഇതിനുള്ള യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്‌ എന്നതാണ്‌. 
2). നിരീശ്വര നിര്‍മത വാദികളായ ഡോക്‌ടര്‍മാരും ഇപ്രകാരം പരസ്യപ്പെടുത്താറുണ്ട്‌. ചിലപ്പോള്‍ മതവിശ്വാസികളായ ഡോക്‌ടര്‍മാരെക്കാള്‍ രോഗികളെ സുഖപ്പെടുത്താന്‍ കഴിവുണ്ടായിരിക്കുക നിരീശ്വരവാദികളായ ഡോക്‌ടര്‍മാര്‍ക്കായിരിക്കാം. ഭൗതികമായ അറിവുകള്‍ കരസ്ഥമാക്കുന്നതിലുള്ള മാനദണ്ഡം മനുഷ്യന്റെ പരിശീലനവും പരിശ്രമവുമാണ്‌. വിശ്വാസവും അവിശ്വാസവുമല്ല. മുഹമ്മദ്‌ നബി(സ)യെ ചികിത്സിക്കാന്‍ ഒരു അമുസ്‌ലിം ഡോക്‌ടര്‍ തന്നെ ഉണ്ടായിരുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഭൗതിക കാര്യങ്ങളില്‍ എന്നെക്കാള്‍ അറിവുള്ളവര്‍ നിങ്ങളാണ്‌.'' (മുസ്‌ലിം) ഇനി മുസ്‌ലിയാര്‍ എഴുതിയ ശിര്‍ക്കിന്റെ ആഴം പരിശോധിക്കാം:
ഒന്ന്‌), ``വെള്ളപ്പാണ്ഡും കുഷ്‌ഠവും ഞാന്‍ സുഖപ്പെടുത്തും'' എന്ന്‌ ഈസാ നബി(അ) ഒരു പരസ്യപ്പലക തന്റെ വീട്ടിന്റെ മുമ്പില്‍ വെച്ചു എന്ന്‌ സങ്കല്‌പിക്കുക. അങ്ങനെയെങ്കില്‍ മുകളില്‍ വിവരിച്ച ഡോക്‌ടര്‍മാരുടെ ഉദ്ദേശ്യം തന്നെയാണ്‌ അദ്ദേഹത്തിനുമുണ്ടായിരിക്കുക. അല്ലെങ്കില്‍ ഈസാനബി(അ)ക്ക്‌ ഈ രോഗികളുടെ ശരീരത്തില്‍ തടവാനും സ്‌പര്‍ശിക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതിലുപരി ഈ രോഗങ്ങള്‍ സുഖപ്പെടുത്താന്‍ തന്നെ കഴിവ്‌ നല്‌കിയിട്ടുണ്ടെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കും കാഫിറുമാണ്‌.
രണ്ട്‌), ``മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കും. അതിനാല്‍ മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ എന്നെ സമീപിക്കുക'' എന്നൊരു പരസ്യം ഈസാനബി(അ) നല്‌കിയിരുന്നുവെന്ന്‌ മുസ്‌ലിയാര്‍ പറയുന്നതായി സങ്കല്‌പിക്കുക. അപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത്‌ മതവിശ്വാസിയായ ഡ്രൈവിംഗ്‌ അറിയാത്തവരെ ഞാന്‍ ഡ്രൈവിംഗ്‌ പഠിപ്പിക്കും, അല്ലെങ്കില്‍ ഇംഗ്ലീഷ്‌ സംസാരിക്കാന്‍ സാധിക്കാത്തവരെ ഞാന്‍ ഇംഗ്ലീഷ്‌ സംസാരിപ്പിക്കാന്‍ കഴിവ്‌ നല്‌കും എന്നെല്ലാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നതു പോലെയുള്ള ഉദ്ദേശ്യം തന്നെയായിരുന്നു ഈസാനബി(അ)ക്കും ഉണ്ടായിരുന്നത്‌ എന്നോ ഈസാനബി(അ)ക്ക്‌ മരണപ്പെട്ട മനുഷ്യനെ സമീപിച്ച്‌ ശരീരത്തില്‍ സ്‌പര്‍ശിക്കുവാന്‍ സാധിക്കുന്നതു പോലെയും അയാളെ മയ്യിത്ത്‌ കുളിപ്പിക്കാനും ഖബ്‌റടക്കം ചെയ്യാനും കഴിവ്‌ നല്‌കിയതുപോലെയും അയാളെ മരണശേഷം ജീവിപ്പിക്കാനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കുകളായി.
മൂന്ന്‌), ``കളിമണ്ണുകൊണ്ട്‌ ഞാന്‍ പക്ഷിയുടെ രൂപമുണ്ടാക്കി ആകാശത്തിലൂടെ പറപ്പിക്കുന്നത്‌ കാണാന്‍ ആഗ്രഹമുള്ളവര്‍ വരിക'' എന്നൊരു പരസ്യപ്പലക ഈസാനബി(അ)തന്റെ വീട്ടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്നുവെന്ന്‌ സങ്കല്‌പിക്കുക. പ്രാവിനെ വളര്‍ത്തുന്ന ഒരു മനുഷ്യന്‌ തന്റെ കൂട്ടിലുള്ള പ്രാവുകളെ ആകാശത്തിലൂടെ പറപ്പിക്കാന്‍ അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഈസാനബി(അ) അസാധാരണ മനുഷ്യനായതിനാല്‍ അദ്ദേഹത്തിന്‌ കളിമണ്ണുകൊണ്ടു പക്ഷികളുടെ രൂപമുണ്ടാക്കി അതിനെ ജീവന്‍ നല്‌കി പറപ്പിക്കാനുള്ള കഴിവ്‌ നല്‌കപ്പെട്ടിരിക്കുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കുകളായി.
നാല്‌), ഈസാനബി(അ) പരസ്യപ്പെടുത്തിയത്‌ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക: ``നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്ന്‌ നിശ്ചയം നിങ്ങള്‍ക്ക്‌ ഞാന്‍ ഒരു ദൃഷ്‌ടാന്തം കൊണ്ടുവന്നിരിക്കുന്നു. കളിമണ്ണില്‍ നിന്ന്‌ പക്ഷിയുടെ രൂപം പോലുള്ളതിനെ ഞാന്‍ സൃഷ്‌ടിക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്റെ (പ്രത്യേക) അനുമതിയോടു കൂടി അത്‌ പക്ഷിയായിത്തീരുന്നു. കുഷ്‌ഠരോഗിയെയും ജന്മനാ അന്ധന്മാരെയും ഞാന്‍ സുഖപ്പടുത്തുന്നു. മരണപ്പെട്ടവരെ അല്ലാഹുവിന്റെ അനുമതിയോടു കൂടി ഞാന്‍ ജീവിപ്പിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍ 49) ഈ പരസ്യപ്പലകയെ മുസ്‌ലിം പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നതു കാണുക:
ഇമാം റാസി(റ) എഴുതുന്നു: ``ഈസാനബി(അ) ഊതിയപ്പോള്‍ അദ്ദേഹത്തിന്റെ മുഅ്‌ജിസത്ത്‌ വെളിവാക്കാനായി അല്ലാഹു അവന്റെ കഴിവു കൊണ്ടു ആ ശരീരത്തില്‍ ജീവനുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. ഈ അഭിപ്രായമാണ്‌ ശരി. കാരണം അല്ലാഹു പറയുന്നു: അവനാണ്‌ മരണത്തെയും ജീവനെയും സൃഷ്‌ടിക്കുന്നത്‌. ഇബ്‌റാഹീം നബി(അ) രാജാവുമായി തര്‍ക്കിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: നിശ്ചയം എന്റെ രക്ഷിതാവ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്‌. ജീവിപ്പിക്കാനുള്ള കഴിവ്‌ അല്ലാഹു അല്ലാത്ത മറ്റാര്‍ക്കെങ്കിലും ഉണ്ടായിരുന്നാല്‍ ഈ തെളിവ്‌ പിടിക്കല്‍ നിരര്‍ഥകമാവുന്നതാണ്‌.'' (റാസി 12:52). അല്ലാഹുവിന്റെ അനുമതിയോടു കൂടി എന്ന്‌ ഈസാനബി(അ) പരസ്യത്തില്‍ കാണിച്ചതിന്റെ ഉദ്ദേശ്യം ഇമാം റാസി(റ) വിവരിക്കുന്നതു ശ്രദ്ധിക്കുക: ``അല്ലാഹുവിന്റെ കഴിവുകൊണ്ടും സൃഷ്‌ടിപ്പുകൊണ്ടുമാണ്‌ ജീവനുണ്ടായതെന്നും ഈസാനബി(അ)യുടെ കഴിവിന്റെയോ സൃഷ്‌ടിപ്പിന്റെയോ അടിസ്ഥാനത്തിലല്ലെന്നുമുള്ള തത്വത്തെ ശക്തിപ്പെടുത്തുകയാണ്‌ ഇതുകൊണ്ട്‌ ചെയ്യുന്നത്‌.'' (റാസി 12:126)
തഫ്‌സീര്‍ ബൈദാവിയില്‍ എഴുതുന്നു: ``ഈസാനബി(അ)യില്‍ ഉലൂഹിയ്യത്ത്‌ ഉണ്ടെന്ന ധാരണ നീക്കാന്‍ വേണ്ടിയാണ്‌ അല്ലാഹുവിന്റെ അനുവാദപ്രകാരം എന്ന്‌ പ്രത്യേകമായി അദ്ദേഹം പറഞ്ഞത്‌. നിശ്ചയം ജീവിപ്പിക്കല്‍ മനുഷ്യപ്രവര്‍ത്തനങ്ങളില്‍പ്പെട്ടതല്ല.'' (2:139).
തഫ്‌സീര്‍ ഖാസിനില്‍ എഴുതുന്നു: ``അല്ലാഹുവിന്റെ അനുമതി എന്നതു കൊണ്ട്‌ വിവക്ഷ അവന്റെ സൃഷ്‌ടിപ്പാണ്‌. അപ്പോള്‍ ആയത്തിന്റെ അര്‍ഥം ഈ രൂപപ്പെടുത്തല്‍ എന്റെ പ്രവൃത്തിയാണ്‌. എന്നാല്‍ ഇതിന്‌ ജീവന്‍ നല്‌കുന്ന പ്രവൃത്തി അല്ലാഹുവിന്റേതാണ്‌.'' (1:350)
ഭൂമിയില്‍ നിന്ന്‌ ഒരു ഉറവ്‌ പൊട്ടിക്കുക, ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടാക്കുക, സ്വര്‍ണത്തിന്റെ ഒരു ഭവനം ഉണ്ടാക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുക, കളിമണ്ണുകൊണ്ട്‌ പക്ഷിയെ ഉണ്ടാക്കി അതിനു ജീവന്‍ നല്‌കുക മുതലായ പ്രവൃത്തികളെക്കാള്‍ പ്രയാസം കുറഞ്ഞതാണ്‌. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ മുഹമ്മദ്‌ നബി(സ)യോട്‌ ശത്രുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ നബിയുടെ വീട്ടിന്റെ മുന്നില്‍ സ്ഥാപിക്കാന്‍ അല്ലാഹു നിര്‍ദേശിച്ച പരസ്യത്തിന്റെ പലകയിലെ പ്രസ്‌താവന വിശുദ്ധ ഖുര്‍ആന്‍ വിവരിക്കന്നത്‌ കാണുക: ``എന്റെ രക്ഷിതാവ്‌ പരിശുദ്ധനാണ്‌. ഞാന്‍ മനുഷ്യനായ ഒരു ദൂതന്‍ മാത്രമാണ്‌.'' (അല്‍ഇസ്‌റാഅ്‌ 90-93) മുസ്‌ലിം പണ്ഡിതന്മാര്‍ ഈ പരസ്യത്തെ വ്യാഖ്യാനിക്കുന്നത്‌ കാണുക.
``അതായത്‌ ഞാന്‍ മറ്റുള്ള പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകനാണ്‌. അവരെപ്പോലെ ഒരു മനുഷ്യനുമാണ്‌. അല്ലാഹു അവര്‍ മുഖേന പ്രകടിപ്പിക്കുന്ന മുഅ്‌ജിസത്തുകള്‍ അല്ലാതെ പ്രവാചകന്മാര്‍ അവര്‍ക്ക്‌ തോന്നുന്ന സന്ദര്‍ഭത്തില്‍ സ്വാഭിഷ്‌ടപ്രകാരം മുഅ്‌ജിസത്തുകള്‍ പ്രകടമാക്കാറില്ല. കാരണം മുഅ്‌ജിസത്തുകളുടെ പ്രശ്‌നം എന്റേതല്ല. അതു അല്ലാഹുവിന്റേതാണ്‌. അപ്പോള്‍ എന്റെ ഉദ്ദേശമനുസരിച്ച്‌ അതു കൊണ്ടുവരാന്‍ നിങ്ങള്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ അവസ്ഥ വിചിത്രം തന്നെ!'' (തഫ്‌സീറുല്‍ മദാരിക്ക്‌ 2:327).
ഇമാം റാസി(റ) എഴുതുന്നു: ``ഈ സംഗതികള്‍ കൊണ്ടുവരികയെന്നത്‌ ഒരു മനുഷ്യന്റെ കഴിവില്‍ പെടുന്നതല്ല. നിശ്ചയം, ഞാന്‍ ഒരു മനുഷ്യനാണ്‌.'' (21:59) ഇപ്രകാരം തഫ്‌സീര്‍ ഖുര്‍ത്വുബി 5:47ലും എഴുതുന്നു. ഇബ്‌നുകസീര്‍(റ) എഴുതുന്നു: ``ഉദ്ദേശിക്കുന്നതെല്ലാം ചെയ്യുന്നവന്‍ അല്ലാഹുവാണ്‌. നിങ്ങള്‍ ആവശ്യപ്പെടുന്നതിന്‌ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം മറുപടി നല്‌കും. അവന്‍ ഉദ്ദേശിക്കാത്ത പക്ഷം നിങ്ങള്‍ക്ക്‌ മറുപടി തരികയുമില്ല. ഞാന്‍ അവന്റെ ദൂതന്‍ മാത്രമാണ്‌. നിങ്ങള്‍ ചോദിച്ച പ്രശ്‌നം അല്ലാഹുവില്‍ മാത്രം നിക്ഷിപ്‌തമാണ്‌. (ഇബ്‌നുകസീര്‍ 3:64).
ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``ഞാന്‍ ആദം സന്തതികളില്‍ പെട്ട അല്ലാഹുവിന്റെ ഒരു ദാസനാണ്‌. അപ്പോള്‍ നിങ്ങള്‍ എന്നോട്‌ ആവശ്യപ്പെട്ട ഈ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു എങ്ങനെയാണ്‌ സാധിക്കുക?! അവ ചെയ്യാന്‍ എന്റെയും നിങ്ങളുടെയും സ്രഷ്‌ടാവായ അല്ലാഹുവിന്‌ മാത്രമേ സാധിക്കുകയുള്ളൂ. ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്‌. എന്റെയും നിങ്ങളുടെയും യജമാനനായ അല്ലാഹു എന്നെ ഏതൊരു ദൗത്യവുമായാണോ നിയോഗിച്ചത്‌, അത്‌ ഞാന്‍ നിര്‍വഹിക്കുന്നു. നിങ്ങള്‍ എന്നോടു ആവശ്യപ്പെട്ട സംഗതികള്‍ അല്ലാഹുവിന്‌ അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധ്യമല്ല.'' (ഇബ്‌നുജരീര്‍ 7:110). തഫ്‌സീര്‍ ഖാസിനിലും ജമലിലും എഴുതുന്നു: ``ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്‌. നിങ്ങള്‍ ആവശ്യപ്പെടുന്നത്‌ ഒരു മനുഷ്യന്റെ കഴിവില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ ആവശ്യപ്പെട്ടത്‌ അവന്‍ ചെയ്യും.'' (ഖാസിന്‍ 4:185, ജമല്‍ 4:648).
മുഹമ്മദ്‌ നബി(സ) ഇപ്രകാരം പരസ്യപ്പെടുത്തിയതുകൊണ്ട്‌ അദ്ദേഹത്തിന്‌ അനുയായികള്‍ ദിവസവും വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. മുസ്‌ലിയാര്‍ എഴുതിയതുപോലെ നബി(സ) പരസ്യം ചെയ്‌തിരുന്നുവെന്ന്‌ സങ്കല്‌പിക്കുക. എങ്കില്‍ നബിക്ക്‌ അനുയായികള്‍ വര്‍ധിച്ചാലും ക്രിസ്‌ത്യാനികളും ഖുബൂരികളും ലോകത്ത്‌ വര്‍ധിച്ചതിന്‌ മാത്രമേ അത്‌ സമമാവുകയുള്ളൂ. ഏകദൈവ വിശ്വാസികള്‍ കുറയുകയാണ്‌ ചെയ്യുക. കാരണം, അപ്രകാരമുള്ള വിശ്വാസം ശിര്‍ക്കിന്റെ ഗണത്തില്‍ പെടുന്നു.

അല്ലാഹു കഴിവ് നല്കലും പുരോഹിതന്മാരുടെ അജ്ഞതയും

എ അബ്‌ദുസ്സലാം സുല്ലമി


``സാധാരണവും അസാധാരണവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കഴിവ്‌ നല്‌കുന്നവന്‍ അല്ലാഹുവാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ അതു നല്‌കാന്‍ അല്ലാഹുവിന്‌ കഴിയില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്‌?'' (സുന്നിവോയ്‌സ്‌ -2008 ഒക്‌ടോബര്‍ 16-31, പേജ്‌ 16)

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ശിര്‍ക്കും കുഫ്‌റും കലര്‍ന്ന ഒരു വാദമാണ്‌ യാഥാസ്ഥിതികര്‍ ഇവിടെ അവതരിപ്പിക്കുന്നത്‌. അവ താഴെ വിവരിക്കുന്നു.

1). സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനം ഒരുപോലെ കണ്ടത്‌: സാധാരണ മനുഷ്യനും അസാധാരണ മനുഷ്യനും ദൈവവിശ്വാസിക്കും ദൈവനിഷേധിക്കും പരലോക വിശ്വാസിക്കും പരലോക നിഷേധിക്കും അബൂലഹബ്‌, അബൂജഹ്‌ല്‍, ഉമയ്യ, ഉത്‌ബത്ത്‌, ശൈബ, വലീദ്‌, ഫിര്‍ഔന്‍, ഖാറൂന്‍, ഹാമാന്‍, നംറൂദ്‌ മുതലായവര്‍ക്കും മുഹമ്മദ്‌ നബി(സ), അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, അലി(റ), മൂസാനബി(അ), ഇബ്‌റാഹീം നബി(അ) മുതലായവര്‍ക്കും അവരുടെ കണ്ണിന്‌ കാഴ്‌ചശക്തിയും ചെവിക്ക്‌ കേള്‍വിശക്തിയും നാവിന്‌ സംസാരശേഷിയും കാലുകള്‍ക്ക്‌ നടക്കാനുള്ള കഴിവും വിരലുകള്‍ക്ക്‌ ചലിപ്പിക്കാനുള്ള കഴിവും അല്ലാഹു നല്‌കിയിട്ടുണ്ട്‌. സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവുകളും അല്ലാഹു ഇവര്‍ക്കെല്ലാം നല്‌കിയിട്ടുണ്ട്‌. അപ്പപ്പോള്‍ സന്ദര്‍ഭോചിതം അല്ലാഹു മാത്രം ഉദ്ദേശിക്കുമ്പോള്‍ നല്‌കുകയല്ല. ഇത്‌ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോയ പിഴച്ച കക്ഷിയായ ജബ്‌രിയാക്കളുടെ ജല്‌പനമാണ്‌. ജീവിച്ചിരിക്കുന്നവരെ വിളിച്ച്‌ സഹായംതേടുന്നതും മരണപ്പെട്ടവരെ വിളിച്ച്‌ സഹായംതേടുന്നതും ഒരുപോലെയാണെന്ന തങ്ങളുടെ മറ്റൊരു തനിച്ച ശിര്‍ക്കും കുഫ്‌റും വിഡ്‌ഢിത്തവും നിറഞ്ഞ വാദത്തെ സ്ഥാപിക്കാനാണ്‌ ജബ്‌രിയാക്കളുടെ ഈ വാദത്തെ സുന്നത്ത്‌ ജമാഅത്തിന്റെ വാദമായി അട്ടിമറി നടത്തിക്കൊണ്ട്‌ ഇവര്‍ അവതരിപ്പിക്കുന്നത്‌.

``അദ്ദേഹം അവരെ വിട്ടുമാറുകയും യൂസുഫിനെ കുറിച്ചുള്ള എന്റെ ദു:ഖമേ എന്നു പറഞ്ഞു കരയുകയും ചെയ്‌തു. അങ്ങനെ ദു:ഖം മൂലം (കരഞ്ഞുകരഞ്ഞ്‌) കണ്ണുകള്‍ വെളുത്തു. അദ്ദേഹം നിറഞ്ഞ ദു:ഖിതനായിരുന്നു'' (യൂസുഫ്‌ 84). കെ വി കൂറ്റനാട്‌ മുസ്‌ലിയാരുടെ പരിഭാഷയില്‍ എഴുതുന്നു: ``കരച്ചിലിന്റെയും മനോവ്യഥയുടെയും കാഠിന്യത്താല്‍ ആ മഹാന്റെ കണ്ണുകള്‍ വെളുത്തു അന്ധത തന്നെ ബാധിക്കുകയുണ്ടായി.'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ്‌ 94). അല്ലാഹു പറയുന്നു: ``അങ്ങനെ ശുഭവാര്‍ത്താ വാഹകന്‍ വന്നപ്പോള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത്‌ വെച്ചു തല്‍സമയം കാഴ്‌ചയുള്ള ആളായിത്തീര്‍ന്നു.'' (യൂസുഫ്‌ 96). കെ വി കൂറ്റനാട്‌ മുസ്‌ലിയാര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ എഴുതുന്നു: ``കുപ്പായം വന്ദ്യപിതാവിന്റെ മുഖത്ത്‌ വെച്ചുകൊടുത്തു. എന്തൊരത്ഭുതം. കരഞ്ഞുകരഞ്ഞ്‌ കണ്ണു കലങ്ങി കാഴ്‌ച നഷ്‌ടപ്പെട്ട അദ്ദേഹത്തിന്നതാ കാഴ്‌ച തിരിച്ചുകിട്ടിയിരിക്കുന്നു'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ്‌ 104). യഅ്‌ഖൂബ്‌ നബി(അ)യുടെ കണ്ണിന്‌ അല്ലാഹു കാഴ്‌ചശക്തി നല്‌കിയിരുന്നില്ല. അപ്പപ്പോള്‍ നല്‌കുകയാണ്‌ ചെയ്‌തിരുന്നതെങ്കില്‍ അദ്ദേഹം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ കലങ്ങിയത്‌ കാരണം കാഴ്‌ചശക്തി നഷടപ്പെട്ടുവെന്നും കുപ്പായം മുഖത്ത്‌ വെച്ചപ്പോള്‍ നഷ്‌ടപ്പെട്ട കാഴ്‌ചശക്തി തിരിച്ചുകിട്ടിയെന്നും എങ്ങനെയാണ്‌ പുരോഹിതന്മാരേ പറയുക? മഹാനും അസാധാരണക്കാരനുമായ അദ്ദേഹത്തിന്റെ കാഴ്‌ചശക്തി നഷ്‌ടപ്പെട്ട്‌, കാണാന്‍ സാധിക്കാതെ അദ്ദേഹം ജീവിക്കുന്ന സന്ദര്‍ഭത്തില്‍ അന്ന്‌ നാടു ഭരിച്ചിരുന്ന ഫിര്‍ഔനിന്റെയും അതുപോലെ പല മുശ്‌രിക്കുകളുടെയും കാഴ്‌ചശക്തി നഷ്‌ടപ്പെട്ടിരുന്നില്ല. ഈ പ്രവാചകനെക്കാള്‍ കാണാനുള്ള കഴിവ്‌ അല്ലാഹു അവര്‍ക്ക്‌ നല്‌കിയിരുന്നു. അദൃശ്യകാര്യം അറിയാനുള്ള കഴിവ്‌ അല്ലാഹു അദ്ദേഹത്തിന്‌ നല്‌കിയിരുന്നുവെങ്കില്‍ കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടാലും കണ്ണ്‌ എന്ന അവയവം ഇല്ലെങ്കില്‍ പോലും അദ്ദേഹത്തിന്‌ കാണാന്‍ സാധിച്ചേനെ. യൂസുഫിനെക്കുറിച്ച്‌ ദു:ഖിക്കുകയുമില്ല. ഏകദേശം നാല്‌പത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ യൂസുഫിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിവ്‌ ലഭിക്കുന്നത്‌. ഈ കാലം വരെ ആ പ്രവാചകന്‌ തന്റെ മകനെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹവും ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന്‌ മുശ്‌രിക്കുകളല്ലാതെ മറ്റാരും ജല്‌പിക്കുകയില്ല.

2). അസാധാരണ വ്യക്തികള്‍ക്ക്‌ അസാധാരണ കഴിവുകള്‍ അല്ലാഹു നല്‌കുമെന്ന വാദം: അസാധാരണ വ്യക്തികളില്‍ നിന്ന്‌ ഉണ്ടാകുന്ന സാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്ക്‌ നല്‌കിയ കഴിവുകൊണ്ട്‌ അവര്‍ ചെയ്യുന്നതാണ്‌. എന്നാല്‍ അസാധാരണ വ്യക്തികളില്‍ നിന്ന്‌ ഉണ്ടാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്കു നല്‌കിയ കഴിവുകള്‍ കൊണ്ട്‌ ഉണ്ടാകുന്നതല്ല. അവ അല്ലാഹു നേരിട്ടു ചെയ്യുന്ന അവന്റെ പ്രവര്‍ത്തനം മാത്രമാണ്‌. ഇതാണ്‌ അഹ്‌ലുസുന്നത്തിന്റെയും ഏകദൈവവിശ്വാസികളുടെയും വിശ്വാസം. ശുദ്ധാത്മാക്കളുടെ അന്നമെന്ന്‌ മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ വിശേഷിപ്പിച്ച `ജൗഹറത്തി'ല്‍ എഴുതുന്നു: ``പ്രവാചകത്വ വാദവുമായി രംഗത്തുവന്നയാളോട്‌ എതിരാളികള്‍ മത്സരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ അവരെ അശക്തരാക്കിത്തീര്‍ക്കും വിധം ആ പ്രവാചകന്റെ കൈയാല്‍ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണവും അത്ഭുതകരവുമായ ഒരു മഹത്‌കൃത്യത്തിനാണ്‌ മുഅ്‌ജിസത്ത്‌ എന്നു പറയുന്നത്‌. ഇതില്‍ മനുഷ്യരില്‍ നിന്നാര്‍ക്കും തന്നെ യാതൊരു പങ്കും പ്രവൃത്തിയുമില്ല. തന്റെ പ്രവാചകന്മാരെ ശക്തിപ്പെടുത്താനായി അവരുടെ കൈയാല്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ വെളിപ്പെടുത്തുന്നതു മാത്രമാണവ. അവരുടെ പ്രവൃത്തികൊണ്ടോ അധ്വാനം കൊണ്ടോ ഒന്നുമല്ല. മൂസാ(അ)ന്റെ വടി ഓടുന്ന പാമ്പായി രൂപാന്തരപ്പെട്ടപ്പോള്‍ അദ്ദേഹം ഭയപ്പെട്ട്‌ തിരിഞ്ഞുനോക്കാതെ ഓടി. താങ്കള്‍ ഭയപ്പെടേണ്ടതില്ല. അതിനെ പൂര്‍വാവസ്ഥയിലേക്ക്‌ നാം മടക്കുന്നതാണ്‌ എന്ന്‌ അല്ലാഹു സമാശ്വസിപ്പിച്ചപ്പോള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഭയം വിട്ടുമാറിയത്‌ എന്നാണ്‌ പരിശുദ്ധ ഖുര്‍ആന്‍ തറിപ്പിച്ചു പറഞ്ഞിട്ടുള്ളത്‌. ഇതില്‍ അവര്‍ക്ക്‌ യാതൊരു പങ്കുമില്ലെന്നു വ്യക്തമാകുന്നു (ജൗഹറത്തു തൗഹീദ്‌, സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചെമ്മാട്‌, പേജ്‌ 176). ചില ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം.

1). അസാധാരണ വ്യക്തിയായ സ്വാലിഹ്‌ നബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു വലിയൊരു ഒട്ടകം സൃഷ്‌ടിക്കപ്പെട്ടത്‌. സ്വാലിഹ്‌ നബി(അ)ക്ക്‌ താന്‍ ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കാനും സംസാരിക്കാനും കളിമണ്ണുകൊണ്ട്‌ ഒരു ഒട്ടകത്തിന്റെ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഒട്ടകത്തെ സൃഷ്‌ടിക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതുകൊണ്ട്‌ അദ്ദേഹം സൃഷ്‌ടിച്ചതല്ല ഈ ഒട്ടകം. വല്ലവരും അപ്രകാരം വിശ്വസിച്ചാല്‍ അത്‌ ശിര്‍ക്കായിരിക്കും. അല്ലാഹു സ്വാലിഹ്‌ നബി(അ)യെ ഒരു കുട്ടിദൈവമാക്കി സൃഷ്‌ടിച്ചുവെന്നും അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അവന്‍ സ്വാലിഹ്‌ നബിയെ പങ്കാളിയാക്കി എന്നും പറയുന്നതിന്‌ തുല്യമാണിത്‌.

2). അസാധാരണ വ്യക്തിയായ ഈസാനബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു മരണപ്പെട്ട ചില മനുഷ്യന്മാരെ ജീവിപ്പിച്ചതും കളിമണ്ണുകൊണ്ട്‌ പക്ഷികളുടെ രൂപം ഉണ്ടാക്കി ശേഷം അവയ്‌ക്ക്‌ ജീവന്‍ നല്‌കി ആകാശത്തിലൂടെ പറപ്പിച്ചതും. ഈസാനബി(അ)ക്കു അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ നിലത്ത്‌ മരിച്ചുകിടക്കുന്ന ഒരു മനുഷ്യനെ താങ്ങിപ്പിടിച്ച്‌ ഇരുത്താനും കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ ഏകദേശ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഈ അസാധാരണമായ പ്രവര്‍ത്തനത്തിനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിച്ചാല്‍ അത്‌ ശിര്‍ക്കായിരിക്കും.

3പ്രവാചകരും വലിയ്യുകളും ആഗ്രഹിക്കുന്ന സമയത്ത്‌ അസാധാരണ സംഭവങ്ങള്‍ പ്രകടിപ്പിക്കാന്‍ അല്ലാഹു കഴിവ്‌ നല്‌കുമെന്നാണ്‌ ഇവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു ബഹുദൈവ വിശ്വാസം. മുഹമ്മദ്‌ നബി(സ)യുടെ നാവില്‍ നിന്ന്‌ പുറത്തുവന്ന അസാധാരണ വചനങ്ങളായിരുന്നു വിശുദ്ധ ഖുര്‍ആന്‍. നബി(സ) ഉദ്ദേശിക്കുമ്പോള്‍ തന്റെ ഭാര്യയോടും കുട്ടികളോടും ജനങ്ങളോടും സംസാരിക്കാന്‍ അല്ലാഹു അദ്ദേഹത്തിന്‌ കഴിവ്‌ നല്‌കിയതു പോലെ ഖുര്‍ആന്‍ ജനങ്ങള്‍ക്ക്‌ ഓതിക്കൊടുക്കാനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുവെങ്കില്‍ അത്‌ ശിര്‍ക്കാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിവ്‌ നല്‌കാന്‍ അല്ലാഹുവിന്‌ കഴിവില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്‌ എന്നാണ്‌ യാഥാസ്ഥിതികരുടെ ചോദ്യം. കഴിവില്ലെന്ന്‌ ഒരു പുത്തന്‍വാദിയും വിശ്വസിക്കുന്നില്ല. മക്കാമുശ്‌രിക്കുകള്‍ക്ക്‌ പോലും ഇപ്രകാരം വിശ്വാസമുണ്ടായിരുന്നില്ല. കഴിവ്‌ നല്‌കുമോ ഇല്ലയോ എന്നതിലായിരുന്നു തര്‍ക്കം. കഴിവ്‌ നല്‌കുകയില്ലെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിച്ചു. നല്‌കുമെന്ന്‌ മുശ്‌രിക്കുകളും വിശ്വസിച്ചു. അങ്ങനെ മരണപ്പെട്ടുപോയ ഇബ്‌റാഹീം നബി(അ)യെയും ഇസ്‌മാഈല്‍ നബി(സ)യെയും വിളിച്ച്‌ സഹായംതേടിയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കോളങ്ങള്‍ അവര്‍ നിറച്ചു. ``ചിലപ്പോള്‍ വലിയ്യിന്റെ ഭാഗത്തുനിന്ന്‌ പ്രാര്‍ഥനയും അഭിലാഷവും ഉണ്ടെങ്കിലും കറാമത്ത്‌ ഉണ്ടായില്ല എന്നും വരും.'' (ജൗഹറതുത്തൗഹീദ്‌, പേജ്‌ 215)