പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Wednesday, December 24, 2014

നബിദിനവും ഖുര്‍ആനും



നബിദിനം എന്ന അനാചാരത്തെ ഇസ്‌ലാമിലെ പുണ്യകര്‍മമാക്കുവാന്‍വേണ്ടി പുരോഹിതന്‍ 53 ആയത്തുകളാണ്  ഉദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ആയത്തിലെങ്കിലും നബിദിനം ആഘോഷിക്കല്‍ പുണ്യകര്‍മമാണെന്നതിന് ഒരു സൂചനയെങ്കിലും കണ്ടെത്തുവാന്‍ സാധ്യമല്ല. സാധിക്കുമെങ്കില്‍ നബി(സ)ക്കും സ്വഹാബിവര്യന്മാര്‍ക്കും നാലാംനൂറ്റാണ്ട് വരെ ജീവിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും അത് അജ്ഞാതമാവുകയില്ല. മുസ്‌ലിയാര്‍ ഉദ്ധരിച്ച ആയത്തുകളുടെ പൊതുവായ സ്വഭാവം വിവരിക്കാം.

1. ''അനുഗ്രഹത്തെ സ്മരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ്: 172). ഇതില്‍ ആര്‍ക്കും അഭിപ്രായ ഭിന്നതയില്ല. അനുഗ്രഹത്തെ ഓര്‍മിച്ച് അനാചാരങ്ങള്‍ ചെയ്യുകയല്ല പ്രത്യുത, അവയെ വര്‍ജിച്ച് നബിചര്യ സ്വീകരിക്കുകയാണ് വേണ്ടത്. പെരുന്നാളുകള്‍ ആഘോഷിക്കുവാന്‍ ഇസ്‌ലാം കല്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്യപാനത്തില്‍ ഏര്‍പെടുന്നതിനെയും സിനിമാ നടന്‍മാരെയും നടിമാരെയും ക്ഷണിച്ച് വരുത്തി നൃത്തംചവിട്ടിക്കുന്നതിനെയും അംഗീകരിക്കുവാന്‍ സാധ്യമല്ല. അനുഗ്രഹത്തെ ഓര്‍മിക്കുവാന്‍ പറഞ്ഞതില്‍ നബിദിനത്തിന് തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് നബിക്കും സ്വഹാബിവര്യന്മാര്‍ക്കും അത് മനസ്സിലായില്ല?

''അനുഗ്രഹം എടുത്തുപറയുവാന്‍ കല്‍പിക്കുന്ന സൂക്തങ്ങള്‍'' (പേജ്: 173). ഇതിനും വിരോധം പറയുന്നില്ല. നബി(സ)യുടെ ജന്മദിനം ആഘോഷിക്കുവാന്‍ ഇതില്‍ തെളിവില്ല. ഗവേഷണത്തിലൂടെ പുണ്യകര്‍മം സ്ഥിരപ്പെടുകയില്ല. സ്ഥിരപ്പെടുമെങ്കില്‍ പതിനായിരക്കണക്കിന് പുണ്യകര്‍മങ്ങള്‍ ഇനിയും ഉണ്ടാക്കുവാന്‍ സാധിക്കുന്നതാണ്.

''പ്രവാചകന്മാരുടെ മദ്ഹ് ഖുര്‍ആനില്‍ പറഞ്ഞ സൂക്തങ്ങള്‍'' (പേജ് 173). എന്നിട്ടും ഈ നബിമാരുടെ ജന്മദിനം ആഘോഷിക്കുവാന്‍ മുഹമ്മദ് നബി(സ) നിര്‍ദേശിച്ചില്ല. സുന്നികള്‍ ഇബ്‌റാഹീം നബി(അ), മൂസാനബി(അ), ഈസാനബി(അ) എന്നിവരുടെ ജന്മദിനം പോലും ആഘോഷിക്കുന്നില്ലല്ലോ. ക്രിസ്തുമസ് എന്തുകൊണ്ട് ഇവര്‍ ആഘോഷിക്കുന്നില്ല? പ്രവാചകന്‍മാരുടെ മദ്ഹ് മാത്രമല്ല സ്വഹാബിവര്യന്മാരുടെ മദ്ഹും ഖുര്‍ആനില്‍ പറയുന്നുണ്ട്. എന്നിട്ടും ഒരു സ്വഹാബിവര്യന്റെ ജന്മദിനംപോലും ഇവര്‍ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല?

എല്ലാ പക്ഷികളും മൃഗങ്ങളും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നുണ്ടെന്നും  എങ്ങനെ  നമസ്‌കരിക്കണമെന്ന് അവ ഗ്രഹിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ വിവരിച്ച് തന്നു. അവയുടെ മദ്ഹും പറയുന്നുണ്ട്. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മദ്ഹും വിവരിക്കുന്നതു കാണാം.

''അല്ലാഹുവിന്റെ ചിഹ്‌നങ്ങളെ ആദരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (പേജ്: 175). ഈ സൂക്തങ്ങള്‍ ഇവര്‍ക്ക് എതിരാണ്. ഇവര്‍ നബിചര്യയെ അല്ല, പ്രത്യുത അനാചാരങ്ങളെയാണ് ആദരിക്കുന്നത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നവര്‍ ഇസ്‌ലാമില്‍ പുതിയ പുണ്യകര്‍മങ്ങള്‍ ഉണ്ടാക്കുകയില്ല. നബി(സ) ഉപേക്ഷിച്ചത് ഉപേക്ഷിക്കലും സുന്നത്താണ്. (അല്‍ ഉമ്മ്)

''മുഹമ്മദ് നബി(സ)യെ ആദരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (പേജ് 176). ഈ വര്‍ഗത്തിന് മൗലിദിന്റെ പൈസയും ചോറും കണ്ട് ബുദ്ധിഭ്രമം സംഭവിച്ചിരിക്കുകയാണ്. മതത്തില്‍ പുതിയതായി ഉണ്ടാക്കുന്നതെല്ലാം അനാചാരമാണെന്നും അവയെല്ലാം വര്‍ജിക്കണമെന്നും നബി(സ) പ്രഖ്യാപിച്ചതിനെ അവഗണിച്ചുകൊണ്ടാണ് ഇവര്‍ നബിയുടെ ജന്മദിനം ആഘോഷിക്കുന്നതുതന്നെ.

''പൂര്‍വിക നബിമാരെ പിന്‍പറ്റുവാന്‍ മുഹമ്മദ് നബി(സ)യോട് കല്പിച്ച സൂക്തങ്ങള്‍'' (പേജ്: 178). ഇതുകൊണ്ട് തന്നെയാണ് നബി(സ) പൂര്‍വിക നബിമാരുടെ ജന്മദിനം ആഘോഷിക്കാതിരുന്നത്; നബി(സ) തന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കല്പിക്കാതിരുന്നതും.

''സത്യവിശ്വാസികളുടെ മദ്ഹ് പറയുന്ന സൂക്തങ്ങള്‍'' (പേജ്: 179). എന്നിട്ട് എന്തുകൊണ്ട് ഇവര്‍ സ്വഹാബിവര്യന്മാരുടെ ജന്മദിനംപോലും ആഘോഷിക്കുന്നില്ല, ഇവരുടെ ഉസ്താദുമാരുടെ ജന്മദിനം ആഘോഷിക്കുന്നില്ല?

''മുഹമ്മദ് നബി(സ)യുടെ ശ്രേഷ്ഠത വിവരിക്കുന്ന സൂക്തങ്ങള്‍''(പേജ്: 181). ഇതില്‍ തന്റെ ജന്മദിനം ആഘോഷിക്കാന്‍ തെളിവുള്ളതായി നബി(സ)ക്കുപോലും മനസ്സിലായില്ല. നബി(സ) ജനിച്ച ദിവസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മാസത്തിന്റെ കാര്യത്തില്‍പോലും പൂര്‍വിക പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഇന്ന മാസത്തിലാണ് ജനിച്ചത്, ഇന്ന തിയ്യതിയിലാണ് ജനിച്ചത് എന്ന് നബി(സ) വിവരിച്ചു തരികയുണ്ടായില്ല. മുഹമ്മദ് നബി(സ)യിലൂടെ ദീന്‍ പൂര്‍ത്തിയാക്കി തന്നതും അനുഗ്രഹമാണ്. ആ ദീനില്‍ ജന്മദിനം ആഘോഷിക്കുക എന്ന സമ്പ്രദായമില്ല. ജനനദിനത്തിനും മാസത്തിനും വര്‍ഷത്തിനും പുണ്യം കല്‍പിക്കുന്ന സമ്പ്രദായവും ഇസ്‌ലാമില്‍ ഇല്ല. ഇതുകൊണ്ടാണ് പ്രഗത്ഭരായ പല സ്വഹാബിവര്യന്മാരുടെയും സ്വഹാബി വനിതകളുടെയും മഹാന്‍മാരായ ഇമാമുകളുടെയും ഔലിയാഇന്റെയും ജന്മദിനവും മാസവും വര്‍ഷവും സംബന്ധിച്ച് തര്‍ക്കം ഉണ്ടായത്. ചിലരുടേത് പൂര്‍ണമായി അജ്ഞാതവുമാണ്.

''നബി(സ) ലോകത്തിന് അനുഗ്രഹമാണെന്നു പറഞ്ഞ സൂക്തം'' (പേജ്: 183). എന്നിട്ടും ഈ വര്‍ഗം സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍വേണ്ടി നബി(സ) കാണിച്ചുതരാത്ത ജന്മദിനം ആഘോഷിക്കുകയാണ്.

''നബി(സ) സാധാരണ മനുഷ്യനല്ലെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം'' (പേജ്: 184, 185). നബി(സ) അസാധാരണ മനുഷ്യനായിട്ടും തന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കല്പിച്ചില്ല. അവിടുന്ന് ആഘോഷിച്ചതുമില്ല.

അല്ലാഹുവിന്റെ ദിവസങ്ങള്‍

''പ്രവാചകന്‍ ജനിച്ചദിവസത്തില്‍ മദ്ഹ് പറയുന്നതിന് വല്ല പ്രത്യേകതയുമുണ്ടോ? ഉണ്ടെന്നാണ് ഖുര്‍ആനില്‍നിന്ന് വ്യക്തമാകുന്നത്. (അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളെക്കുറിച്ച് നബിയേ, തങ്ങള്‍ അവരെ അനുസ്മരിപ്പിക്കുക. എല്ലാ നന്ദിയുള്ള ക്ഷമാശീലര്‍ക്കും ഇതില്‍ ദൃഷ്ടാന്തമുണ്ട്). ഇബ്‌റാഹീം:5'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ് 189)

എങ്കില്‍ എന്തുകൊണ്ട് പ്രവാചകന്‍ ജനിച്ചദിവസവും മാസവും സംബന്ധിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി? നബി(സ) എന്തുകൊണ്ട് താന്‍ ജനിച്ചമാസമെങ്കിലും വ്യക്തമാക്കിതന്നില്ല?

ഖുര്‍ആനിന്റെ നിര്‍ദേശം പാലിക്കുവാന്‍ കൂടുതല്‍ ബാധ്യതയുള്ള നബി(സ)യും സ്വഹാബിവര്യന്മാരും എന്തുകൊണ്ട് ഈ മാസത്തിലും ദിവസത്തിലും മദ്ഹ് പ്രത്യേകമായി ചൊല്ലിയില്ല. മദ്ഹബിന്റെ ഇമാമുകളില്‍ ആരെങ്കിലും നബി(സ) ജനിച്ച മാസത്തിലോ ദിവസത്തിലോ നബി(സ)യുടെ മദ്ഹ് പറയുവാന്‍ നിര്‍ദേശിച്ചതായി തെളിയിക്കുവാന്‍ സാധിക്കുമോ? ഇമാം ശാഫിഈ(റ)ക്ക് ധാരാളം കിതാബുകള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും ഒരു കിതാബിലെങ്കിലും നബി(സ)യുടെ ജന്മദിനത്തില്‍ മദ്ഹ് വര്‍ധിപ്പിക്കുവാന്‍ പറഞ്ഞത് കാണിച്ചുതരുമോ? നബിദിനം ആഘോഷിക്കുവാന്‍ അദ്ദേഹം നിര്‍ദേശിച്ചതു ഉദ്ധരിക്കാമോ?

മുസ്‌ലിയാര്‍ ആയത്തിന്റെ ആദ്യഭാഗം വെട്ടിമാറ്റിയാണ് വളരെ നീചമായ ദുര്‍വ്യാഖ്യാനത്തിനു കളമൊരുക്കിയത്. ആയത്തിന്റെ പൂര്‍ണരൂപവും അതിന് സുന്നികളുടെ തന്നെ പരിഭാഷയില്‍ നല്കിയ അര്‍ഥവും കാണുക: ''സത്യമായും മൂസയെ നാം നമ്മുടെ (ഒമ്പത്) ദൃഷ്ടാന്തങ്ങളുമായി നിയോഗിച്ചു. (അദ്ദേഹത്തോടു നാം പറഞ്ഞു:) താങ്കളുടെ ജനതയെ (ഇസ്‌റാഈല്‍ സന്തതികള്‍) അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുക. അല്ലാഹുവിന്റെ ദിനങ്ങളെ (അവന്റെ അനുഗ്രഹം) കുറിച്ച് അവരെ അനുസ്മരിപ്പിക്കുകയും ചെയ്യുക. എല്ലാ കൃതജ്ഞരായ ക്ഷമാശീലര്‍ക്കും നിശ്ചയം ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്''(ഇബ്‌റാഹീം 5). (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 258) മൂസാനബി(അ)യോട്, അല്ലാഹു ബനൂ ഇസ്‌റാഈല്യര്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹം അവരെ ഓര്‍മിപ്പിച്ച് തൗറാത്ത് അനുസരിച്ച് ജീവിക്കുവാന്‍ അവരോടു കല്പിക്കുവാന്‍ അല്ലാഹു നിര്‍ദേശിക്കുകയാണ്. അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളില്‍ അനുസ്മരിപ്പിക്കുവാനല്ല, പ്രത്യുത ആ ദിവസങ്ങളെ സംബന്ധിച്ച് അനുസ്മരിപ്പിക്കുവാനാണ് കല്പന. അനുഗ്രഹം ലഭിച്ച ദിവസങ്ങളില്‍ അനുസ്മരിക്കുവാനാണ് കല്പിക്കുന്നതെന്ന് അര്‍ഥം നല്‍കി നബി(സ) ജനിച്ച ദിവസത്തില്‍ ആ അനുഗ്രഹം എടുത്തുപറയല്‍ പ്രത്യേക പുണ്യകര്‍മമാണെന്ന് ഈ പുരോഹിതന്‍ ജല്‍പിക്കുകയാണ്. 'അല്ലാഹുവിന്റെ ദിവസങ്ങളെക്കുറിച്ച്' (ബി അയ്യാമില്ലാഹി) എന്നത് 'അല്ലാഹുവിന്റെ ദിവസങ്ങളില്‍' (ഫീ അയ്യാമില്ലാഹി) എന്നാക്കി അട്ടിമറിക്കുകയാണ് ഇവര്‍ ചെയ്തത്.

'അതുകൊണ്ട് അവര്‍ സന്തോഷിക്കട്ടെ'

''റബീഉല്‍ അവ്വല്‍ 12 മുസ്‌ലിംകള്‍ ആഘോഷിക്കുന്നത് പ്രവാചകനായ മുഹമ്മദ് നബി ജന്മംകൊണ്ടു എന്ന അനുഗ്രഹം ആ ദിവസത്തിനുള്ളതുകൊണ്ടാണ്. ഇതിന് ഖുര്‍ആന്‍ സാക്ഷിയാണ്. (ജനങ്ങളേ നിങ്ങളുടെ നാഥനില്‍നിന്ന് സദുപദേശവും ഹൃദയങ്ങളിലുള്ളവയ്ക്ക് (രോഗങ്ങള്‍ക്ക്) ചികിത്സയും വന്നിരിക്കുന്നു. നേര്‍വഴിയും സത്യവിശ്വാസികള്‍ക്കുള്ള അനുഗ്രഹവുമത്രെ അത്. പറയുക, അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവുംകൊണ്ട് അവര്‍ സന്തോഷിക്കട്ടെ! അത് അവര്‍ സംഭരിക്കുന്നതില്‍ ഏറ്റവും ഉത്തമമാണ്) (യൂനുസ്: 57,58)'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ്: 191) അത് എന്നാണ് മുസ്‌ലിയാര്‍പോലും നല്‍കുന്ന അര്‍ഥം. അപ്പോള്‍ ഖുര്‍ആനിന്റെ ശ്രേഷ്ഠതയാണ് ആയത്തില്‍ വിവരിക്കുന്നത്. ഖുര്‍ആന്‍ റമദാന്‍ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന രാത്രിയിലാണ് അവതരിക്കപ്പെട്ടത്. റബീഉല്‍ അവ്വല്‍ 12ന് അല്ല. നബി(സ)യെ സംബന്ധിച്ച് 'അത്' എന്ന് പറയാന്‍ ന്യായമില്ലല്ലോ. ഈ വര്‍ഗം തന്നെ ജന്മദിനം ആഘോഷിക്കാറുള്ളത് റബീഉല്‍ അവ്വല്‍ 12ന് മാത്രമല്ല. ആ മാസത്തിലെ പലദിവസങ്ങളിലും അവര്‍ ഈ അനാചാരം നടത്തുന്നുണ്ടല്ലോ.

''പറയുക, അല്ലാഹുവിന്റെ ഔദാര്യവും (ഇസ്‌ലാം) അവന്റെ കാരുണ്യവും (ഖുര്‍ആന്‍) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ'' (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 218) ബ്രാക്കറ്റുകള്‍ മുസ്‌ലിയാരുടേതു തന്നെ.
കൂറ്റനാട് മുസ്‌ലിയാരുടെ പരിഭാഷയില്‍ പറയുന്നത് ഖുര്‍ആനിന്റെ അവതരണം അല്ലാഹുവിന്റെ കാരുണ്യം മൂലമാണെന്നാണ്. അതുകൊണ്ട്, ഖുര്‍ആന്‍ ലഭിച്ചതുകാരണം അവര്‍ സന്തോഷിക്കട്ടെ എന്നാണ് (ഫത്ഹുര്‍റഹ്മാന്‍, 2:524)

''റഹ്മത്ത് എന്നതിന്റെ വിവക്ഷ ഖുര്‍ആനാണ്'' (ജലാലൈനി). ഖുര്‍ആനിന്റെ അവതരണമാണ് ഇവിടെ ഉദ്ദേശ്യം. (റൂഹുല്‍ബയാന്‍ 4:54) ''ഖുര്‍ആന്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടത് അല്ലാഹു നിങ്ങളുടെ മേല്‍ പ്രകടിപ്പിച്ച റഹ്മത്തുകൊണ്ടാണ്.''(ഖാസിന്‍, 3:195)

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''ഖുര്‍ആനും ഇസ്‌ലാമുമാണ് വിവക്ഷ'' (സഈദുബ്‌നു മന്‍സൂര്‍, ഇബ്‌നു മുന്‍ദിര്‍, ബൈഹഖി) (തഫ്‌സീര്‍ ഇബ്‌നുഅബ്ബാസ്, പേജ് 176). റഹ്മത്ത് എന്നതുകൊണ്ട് മുഹമ്മദ് നബിയാണ് ഉദ്ദേശ്യം എന്ന് വന്നാലും നബിദിനം ആഘോഷിക്കുവാന്‍ അതില്‍ യാതൊരു തെളിവുമില്ല. നബിചര്യ ജീവിതത്തില്‍ അനുഷ്ഠിച്ചുകൊണ്ടാണ് പ്രവാചകത്വത്തില്‍ നാം സന്തോഷിക്കേണ്ടത്; മതത്തില്‍ പുതിയ പുണ്യകര്‍മങ്ങള്‍ നിര്‍മിച്ചുകൊണ്ടല്ല.

ഇബ്‌നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: ''തീര്‍ച്ചയായും മൗലിദിന്റെ അടിസ്ഥാനം (അസ്വ്‌ല്) തന്നെ ബിദ്അത്താണ്. ഇത് മൂന്നാം നൂറ്റാണ്ട് വരെയുള്ള നല്ലവരായ സലഫുകളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.'' (അല്‍ ഹാവി 1:260) ഇമാം ഫാകിഹാനി(റ) പറയുന്നു: ''ഈ മൗലിദിന് ഖുര്‍ആനിലും സുന്നത്തിലും യാതൊരു രേഖയുമില്ല. മതത്തില്‍ മാതൃകയായ പൂര്‍വികരുടെ ചര്യയെ അനുഗമിക്കുന്ന ഒരു പണ്ഡിതനില്‍നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ ഇത് മറ്റൊരു പണിയുമില്ലാത്തവരുണ്ടാക്കിയ അനാചാരമാണ്. ശാപ്പാടു രാമന്മാര്‍ മനുഷ്യന്റെ ദേഹേച്ഛയെ മുതലെടുത്തതുമാണ്.'' (അല്‍ഹാവി, 1: 255)           

എ അബ്ദുസ്സലാം സുല്ലമി