പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Monday, February 2, 2009

ജിന്നുകള്‍ ഭൗതികലോകത്തോ?!

“ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട്‌ സഹായം തേടല്‍ ശിര്‍ക്കാകില്ല എന്ന പുതിയ സമീപനത്തിന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഒരു തെളിവ്‌ ഉദ്ധരിക്കുമോ? മറുപടി: ജിന്നുകളും മലക്കുകളും അഭൗതികജീവികളാണെന്ന്‌ പറഞ്ഞത്‌ ഫൈസിയുടെ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിച്ചതാണ്‌. മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ... ഏത്‌ സൃഷ്‌ടിയോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്‌. തെളിവ്‌ ആവശ്യമെങ്കില്‍ പിന്നീട്‌ ഉദ്ധരിക്കാം (ഇന്‍ശാഅല്ലാഹ്‌). ഫൈസീ, എന്തെല്ലാം കുതന്ത്രങ്ങള്‍ ഒപ്പിച്ചാലും ഫൈസിയും കൂട്ടരും ചെയ്‌തുകൊണ്ടിരിക്കുന്ന മരിച്ചവരോടുള്ള സഹായതേട്ടം (പ്രാര്‍ഥന) ശിര്‍ക്കല്ലെന്ന്‌ സ്ഥാപിക്കാന്‍ ഒരിക്കലും ഖുബൂരി മൊല്ലമാര്‍ക്ക്‌ സാധിക്കുകയില്ല. അതിന്‌ മടവൂരികളെയല്ല സാക്ഷാല്‍ ജിന്ന്‌ പിശാചുക്കളെത്തന്നെ കൂട്ടുപിടിച്ചാലും കാര്യമില്ല.'' (കെ കെ സകരിയ്യാ സ്വലാഹി, ഇസ്വ്‌ലാഹ്‌ മാസിക - 2008 ഒക്‌ടോബര്‍, പേജ്‌ 29)

ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട്‌ സഹായം തേടല്‍ ശിര്‍ക്കാകില്ല എന്ന പുതിയ സമീപനത്തിന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഒരു തെളിവ്‌ ഉദ്ധരിക്കുമോ എന്ന്‌ ഫൈസി ചോദിച്ചതിന്‌ ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട്‌ സഹായംതേടല്‍ ശിര്‍ക്ക്‌ തന്നെയാണ്‌ എന്നതിന്‌ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം തെളിവുകളുള്ളത്‌ വിശദീകരിക്കാന്‍ ഇവര്‍ക്കു കഴിയാതെ പോയത്‌ ഇവര്‍ തൗഹീദില്‍ നിന്ന്‌ വ്യതിചലിച്ചതുകൊണ്ടാണ്‌. പുതിയ സമീപനം തെറ്റാണെന്നോ അത്‌ തിരുത്തിയിട്ടുണ്ടെന്നോ കഴിഞ്ഞ മാസത്തെ മാസികയില്‍ പോലും ഇവര്‍ എഴുതുന്നില്ല. മലക്ക്‌, ജിന്ന്‌, പിശാച്‌ തുടങ്ങിയ സൃഷ്‌ടികള്‍ ദൃശ്യവും ഭൗതികവുമായ ലോകത്തെ സൃഷ്‌ടികളാണെന്നും, ഇവര്‍ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളാണെന്ന്‌ പറയുന്നത്‌ ഒരാളുടെ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിക്കലാണെന്നും എഴുതി ഇവര്‍ ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. വിശ്വാസരംഗത്ത്‌ ഇവര്‍ക്ക്‌ ശിര്‍ക്കും കുഫ്‌റും സംഭവിച്ചിട്ടുണ്ടെന്നതിന്‌ കഴിഞ്ഞ ലക്കത്തെ ഇസ്വ്‌ലാഹ്‌ മാസിക വരെ വ്യക്തമായ തെളിവാണെന്ന്‌ വായനക്കാര്‍ ശരിക്കും ഗ്രഹിച്ചു. ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ സൃഷ്‌ടികളെ വിളിച്ച്‌ സഹായം തേടല്‍ പ്രാര്‍ഥനയും ശിര്‍ക്കുമാണെന്നതിലേക്ക്‌ വിശുദ്ധ ഖുര്‍ആനിലെ ഏതാനും തെളിവുകള്‍ ഫൈസിക്ക്‌ വേണ്ടി ആദ്യമായി ഉദ്ധരിക്കാം.


``അവരെ നിങ്ങള്‍ വിളിച്ച്‌ സഹായംതേടിയാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. (അഥവാ) അവര്‍ കേള്‍ക്കുന്നപക്ഷം അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യുകയില്ല. അന്ത്യദിനത്തില്‍ നിങ്ങളുടെ പങ്കുചേര്‍ക്കലിനെ അവര്‍ നിഷേധിക്കുകയും ചെയ്യും'' (ഫാത്വിര്‍ 14). ദുആഅ്‌ എന്ന പദത്തിന്‌ സഹായം തേടുക എന്നാണ്‌ ഇമാം ഖുര്‍ത്വുബി ഇവിടെ നല്‌കുന്ന അര്‍ഥം (അയ്യ്‌ ഇന്‍ തസ്‌തഗീസൂബിഹിം ഫിന്നവാഇബി) (ഖുര്‍ത്വുബി 14:293). ശേഷം ഖുര്‍ത്വുബി എഴുതുന്നു: ``മലക്കുകള്‍, ജിന്ന്‌, നബിമാര്‍, പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക്‌ ഈ ആയത്ത്‌ മടക്കപ്പെടല്‍ അനുവദനീയമാണ്‌'' (14:293). റൂഹുല്‍ ബയാനില്‍ എഴുതുന്നു: ``ഇവിടെ അല്ലാഹുവിന്‌ പുറമെ ഇബാദത്തെടുക്കപ്പെടുന്ന ജിന്ന്‌, മനുഷ്യര്‍, വിഗ്രഹങ്ങള്‍ മുതലായ എല്ലാം ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്‌'' (7:338). തഫ്‌സീര്‍ ജമലില്‍ ഉദ്ധരിക്കുന്നു: ``മലക്കുകള്‍, ജിന്ന്‌, നബിമാര്‍, പിശാച്‌ പോലെ ആരാധിക്കപ്പെട്ടവരെ ഇവിടെ ഉദ്ദേശിക്കല്‍ അനുവദനീയമാണെന്ന്‌ ഖുര്‍ത്വുബിയിലുണ്ട്‌'' (3:490). ഇബ്‌നുജരീര്‍(റ) ഇവിടെ ദുആഅ്‌ എന്ന പദത്തിന്‌ ഇബാദത്ത്‌ (ആരാധന) എന്നാണ്‌ അര്‍ഥം നല്‌കുന്നത്‌ (22:130). മുജാഹിദുകളെ സംബന്ധിച്ച്‌ ഈ രണ്ട്‌ അര്‍ഥവും സ്വീകാര്യമാണ്‌. കാരണം മരണപ്പെട്ടവരെയും ജിന്ന്‌, മലക്ക്‌, പിശാച്‌ മുതലായ സൃഷ്‌ടികളെയും വിളിച്ച്‌ ഇമാം ഖുര്‍തുബി പറഞ്ഞതുപോലെ ഇസ്‌തിഗാസ (സഹായ തേട്ടം) നടത്തല്‍ അവരെ ആരാധിക്കലും അവരോടു പ്രാര്‍ഥിക്കലുമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുപോലെ ശിര്‍ക്കും കുഫ്‌റുമാണ്‌. ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും മലക്കുകളോടും ജിന്നുകളോടും പിശാചിനോടും അവരുടെ കഴിവില്‍ പെട്ടത്‌ ചോദിക്കല്‍ ആയത്തിന്റെ പരിധിയില്‍ വരികയില്ലെന്ന്‌ എഴുതിയിട്ടില്ല. ജീവിച്ചിരിക്കുന്ന മനുഷ്യരോട്‌ ദൃശ്യമായ നിലക്ക്‌ അവരുടെ കഴിവില്‍ പെട്ടത്‌ ചോദിക്കലും ഉദ്ദേശിക്കപ്പെടുമെന്നും എഴുതിയിട്ടില്ല. ഈ സഹായതേട്ടം അനുവദനീയമായി കാണുന്നതുകൊണ്ടാണ്‌ മലക്കുകള്‍, ജിന്നുകള്‍, പിശാചുക്കള്‍, മരണപ്പെട്ടവര്‍ മുതലായവര്‍ ഉദ്ദേശിക്കപ്പെടുമെന്ന്‌ എഴുതിയിട്ടും ജീവിച്ചിരിക്കുന്ന മനുഷ്യരെ ആയത്തിന്റെ പരിധിയില്‍ പ്രവേശിപ്പിക്കാതിരുന്നത്‌.

``അല്ലാഹുവിന്‌ പുറമെ, ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‌കാത്തവരെ വിളിച്ചുപ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.'' (അഹ്‌ഖാഫ്‌ 5,6)

മലക്കുകളും ജിന്നുകളും ഇവിടെ ഉദ്ദേശിക്കപ്പെടുന്നതാണ്‌ (തഫ്‌സീര്‍ അബുസ്സുഊദ്‌ 5:571, തഫ്‌സീര്‍ റാസി 27:6, തഫ്‌സീര്‍ റുഹൂല്‍ബയാന്‍ 8:465). ആയത്തിലെ ദുആഅ്‌ എന്ന പദത്തിന്‌ ഇബ്‌നു ജരീര്‍(റ) സഹായതേട്ടം (ഇസ്‌തിഗാസ) എന്നര്‍ഥം നല്‌കുന്നു (26:4). ഇബ്‌നുകസീര്‍(റ), ഇമാം സുയൂഥി (റ) മുതലായവര്‍ ആരാധന (ഇബാദത്ത്‌) എന്നര്‍ഥവും നല്‌കുന്നു. മുജാഹിദുകളെ സംബന്ധിച്ച്‌ ഇവിടെ രണ്ടര്‍ഥവും സ്വീകാര്യമാണ്‌. കാരണം മലക്കുകളോടും ജിന്നുകളോടും പിശാചിനോടും സഹായംതേടല്‍ ആരാധനയാണെന്ന്‌ ഈ ആയത്തുകളില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്‌. മലക്കുകളും ജിന്നുകളും പിശാചുക്കളും ആയത്തിന്റെ പരിധിയില്‍ വരുമെന്ന്‌ പറയുന്ന ഒരൊറ്റ മുസ്‌ലിംപണ്ഡിതനും മലക്കുകളുടെയും ജിന്നുകളുടെയും പിശാചിന്റെയും കഴിവുകളില്‍ പെട്ടത്‌ ചോദിച്ചാല്‍ ആയത്തിന്റെ പരിധിയില്‍ വരികയില്ലെന്ന്‌ ഒഴിവാക്കിക്കൊണ്ട്‌ പറയുന്നില്ല.

``(നബിയേ), പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന്‌ ഉപദ്രവം നീക്കാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റംവരുത്താനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.'' (ഇസ്‌റാഅ്‌ 56) ജിന്നുകളെ വിളിച്ചുതേടുന്നവര്‍ ഈ സൂക്തത്തിന്റെ പരിധിയില്‍ വരുമെന്ന്‌ ഇബ്‌നുമസ്‌ഊദ്‌(റ) പോലെയുള്ള സ്വഹാബിമാര്‍ പറയുന്നുണ്ട്‌ (ബുഖാരി). മലക്കുകള്‍ ഇവിടെ ഉദ്ദേശിക്കപ്പെടുന്നതാണ്‌ (ജലാലൈനി, ബൈദ്വാവി, റാസി). മലക്കുകളോടും ജിന്നുകളോടും വിളിച്ച്‌ സഹായം തേടാന്‍ അംഗീകാരം നല്‌കുകയല്ല ഈ ആയത്തില്‍ ചെയ്യുന്നത്‌. പ്രത്യുത അവരെ വിളിച്ച്‌ സഹായം തേടിയാല്‍ യാതൊരു ഉപകാരവും ചെയ്യുകയില്ലെന്നും മുശ്രിക്കുകളെ ഉണര്‍ത്തുകയാണ്‌.

(എ) ``ഗ്വയ്‌ബില്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോകം... ആദിയായ ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ ആന്തരേന്ദ്രിയങ്ങള്‍ വഴിയോ അല്ലെങ്കില്‍ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രസ്‌താവനകള്‍ കൊണ്ട്‌ മാത്രം അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു.'' (അമാനി മൗലവി 1:124)

(ബി) ``പക്ഷേ യുക്തിവാദികള്‍ക്കും ഭൗതികവാദികള്‍ക്കും അതൊന്നും ബാധകമല്ലാത്തതുകൊണ്ട്‌ കേവലം അദൃശ്യങ്ങളായ ജിന്ന്‌, ശൈത്വാന്‍ മുതലായ പലതിനെയും അവര്‍ നിഷേധിക്കുന്നതില്‍ അത്ഭുതമില്ല. ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ട്‌ ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങളും യുക്തികൊണ്ടോ ശാസ്‌ത്രം കൊണ്ടോ മനസ്സിലാക്കാനും സ്ഥാപിക്കാനും സാധ്യമല്ല. ദൈവികവും വൈദികവുമായ മാര്‍ഗദര്‍ശനങ്ങള്‍ മുഖേന മാത്രമേ അതിന്‌ സാധിക്കുകയുള്ളൂ. അതുകൊണ്ട്‌ സ്വര്‍ഗം, നരകം, പരലോകം, ആത്മാവ്‌, ജിന്ന്‌, മലക്ക്‌ ആദിയായവയെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അല്ലാഹുവിന്റെ വചനങ്ങളും അവന്റെ റസൂല്‍ മുഖേന ലഭിക്കുന്ന അറിവുകളും മാത്രമാണ്‌ അവലംബം.'' (അമാനി മൗലവി 2:167, വ്യാഖ്യാനക്കുറിപ്പ്‌ -ജിന്നും ശൈത്വാനും). അമാനി മൗലവി, മൂസാമൗലവി, അലവി മൗലവി, കെ പി മുഹമ്മദ്‌ മൗലവി മുതലായവര്‍ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിരിക്കുന്നവരായിരുന്നോ? മലക്കും ജിന്നും പിശാചും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളല്ല, ദൃശ്യവും ഭൗതികവുമായ ലോകത്ത്‌ ജീവിക്കുന്നവരാണെന്ന്‌ നവയാഥാസ്ഥിതികരല്ലാതെ, മുസ്ലിംലോകത്ത്‌ ജനിച്ച ഒരൊറ്റ പണ്ഡിതനും ഇതുവരെ പ്രസ്‌താവിച്ചിട്ടില്ല.

(സി) ``അദൃശ്യലോകത്തില്‍ പെട്ട പിശാചുക്കളുടെയും ജിന്നുകളുടെയും സഹായം തേടുകയും...'' (കെ ഉമര്‍ മൗലവി, ഫാതിഹായുടെ തീരത്ത്‌, പേജ്‌ 125). ഉമര്‍ മൗലവി ജഹാലത്തും പൊട്ടത്തരങ്ങളും ആവര്‍ത്തിക്കുന്നയാളായിരുന്നോ?

(ഡി) ``മലക്കുകളില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുക എന്നതുകൊണ്ടു ഉദ്ദേശിക്കപ്പെടുമെന്ന്‌ അബൂആലിയ്യ(റ) പറഞ്ഞത്‌ സ്വഹീഹായ അഭിപ്രായമാണ്‌.'' (ഇബ്‌നുകസീര്‍ 1:58)

``മലക്കുകളില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുന്നതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു'' (ഇബ്‌നുജരീര്‍ 1:166). സൂര്യന്‍, ചന്ദ്രന്‍, ബാക്‌ടീരിയ, രോഗാണുക്കള്‍, അഗ്നി, വെള്ളം ഇവയുടെ അസ്‌തിത്വത്തില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുക എന്നതിന്റെ പരിധിയില്‍ പ്രവേശിക്കുമോ? ``മനുഷ്യനാകട്ടെ, ജിന്നാകട്ടെ മലക്കാകട്ടെ... ഏത്‌ സൃഷ്‌ടിയോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്‌'' എന്ന്‌ കെ കെ സകരിയ്യ സ്വലാഹി എഴുതുന്നു. ഇപ്രകാരം എഴുതാനും പ്രസംഗിക്കാനും ഖുബൂരികളും ചിലപ്പോള്‍ ഈമാന്‍ പ്രകടിപ്പിക്കാറുണ്ട്‌. ജിന്നുകളോടും മലക്കുകളോടും സഹായംതേടല്‍ ശിര്‍ക്കാണോ അല്ലേ എന്നാണ്‌ ഇവിടെ അടിസ്ഥാനപ്രശ്‌നം. സഹായംതേടല്‍ എന്നത്‌ ഒഴിവാക്കി പ്രാര്‍ഥന എന്ന പദം പ്രയോഗിച്ച്‌ മലക്കുകളോടും ജിന്നുകളോടും പിശാചുക്കളോടും സഹായം തേടാമെന്ന നവയാഥാസ്ഥിതികരുടെ ശിര്‍ക്കും കുഫ്‌റും നിറഞ്ഞ ജല്‌പനത്തെ ഇവര്‍ വീണ്ടും സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌. മലക്കുകളോടും ജിന്നുകളോടും പിശാചുക്കളോടും പ്രാര്‍ഥിച്ചു എന്ന്‌ പറയാന്‍ ഇവരുടെ കഴിവുകളില്‍ പെടാത്തത്‌ ചോദിക്കണമെന്ന്‌ ഇവര്‍ വിശദീകരിക്കുകയും ചെയ്യുന്നു.
“ജിന്ന്‌, പിശാച്‌ വിഷയത്തില്‍ പുതിയത്‌, പഴയത്‌ എന്നിങ്ങനെ രണ്ട്‌ നിലപാടില്ലെന്ന്‌ ആദ്യമേ പറഞ്ഞല്ലോ. അതെല്ലാം മടവൂരികള്‍ സ്വന്തം അണികളെ പിടിച്ചുനിര്‍ത്താന്‍ പടച്ചുവിട്ട പുകമറകള്‍ മാത്രമാണ്‌'' (കെ കെ സകരിയ്യ സ്വലാഹി, ഇസ്വ്‌ലാഹ്‌ മാസിക -2008 ഒക്‌ടോബര്‍, പേജ്‌ 30). എങ്കില്‍ എന്തിനാണ്‌ തിരുത്തല്‍? ജിന്നുകളെയും പിശാചുക്കളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കല്ലെന്ന്‌ മുമ്പുള്ള മുജാഹിദ്‌ പണ്ഡിതന്മാരില്‍ ആരെല്ലാമാണ്‌ പറഞ്ഞിരിക്കുന്നത്‌? അവരുടെ കഴിവുകളില്‍ പെടാത്തത്‌ ചോദിച്ചാല്‍ മാത്രമാണ്‌ അവരോടു പ്രാര്‍ഥിച്ചുവെന്ന്‌ പറയുക എന്ന്‌ ആരാണ്‌ പറഞ്ഞുതന്നത്‌? ഏതെല്ലാം മുജാഹിദ്‌ പണ്ഡിതന്മാരായിരുന്നു ജിന്നുകളെ ശരീരത്തില്‍ നിന്ന്‌ ഇറക്കാന്‍ വേണ്ടി സ്‌ത്രീകളെ വരെ അടിച്ചിരുന്നത്‌? ജിന്നുകളോട്‌ സഹായം തേടിയാല്‍ ജര്‍മനിയിലെ മരുന്നും വാച്ചും നിമിഷനേരം കൊണ്ട്‌ ജിന്ന്‌ കൊണ്ടുവന്നു തരുമെന്ന്‌ പറഞ്ഞിരുന്ന മുജാഹിദ്‌ പണ്ഡിതന്‍ ആരായിരുന്നു? ഈ സഹായതേട്ടം ശിര്‍ക്കല്ലെന്ന്‌ ജല്‌പിച്ചിരുന്ന മുജാഹിദ്‌ പണ്ഡിതര്‍ എവിടെയാണ്‌ ജീവിച്ചിരുന്നത്‌? ഈ ലോകത്തോ പാതാളത്തിലോ!

1 comment:

  1. മുസ്ലിയാർ പറഞ്ഞതാണ് ഖുർതുബി ഉദേശിച്ചത്‌ എങ്കിൽ നബിമാർ എന്ന് കൂടി അതിൽ ഉണ്ടല്ലോ.. മുഹമ്മദ്‌ നബിക്കല്ലേ ഈ ആയത്ത് അവതരിച്ചത്.
    എത്രയോ സഹാബികൾ നബിയോട് ജീവിതം കാലത്ത് പലതും ചോദിച്ചതാണല്ലോ. അപ്പോൾ വിഷയം കൃത്യമാണ്. ഇത് ജിന്നായാലും മലക്കുകൾ ആയാലും മനുഷ്യരായാലും വേറെ ഏത് സൃഷ്ടി ആയാലും ആ ആയത്തിലും ഖുർതുബിയുടെ തഫ്സീർലും പറഞ്ഞ വിഷയം പ്രാർത്ഥനയാണ് ഇസ്തിഗാസ യാണ്... ഭൗതികമായ തേട്ടമല്ല.
    ഒരേ ഉദ്ധരണിയിൽ ജിന്നും മലക്കും അമ്പിയാക്കളും ഒക്കെ പറഞ്ഞു..

    ReplyDelete